കളിയാക്കിയത് ചോദ്യം ചെയ്തു; പാരലല്‍ കോളജ് പ്രിന്‍സിപ്പലിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം

സമയം ചോദിച്ച് കളിയാക്കിയത് ചോദ്യം ചെയ്ത പാരലല്‍ കോളജ് പ്രിന്‍സിപ്പലിനു പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദനം. മൂക്കില്‍ ഇടിയേറ്റ് രക്തം വാര്‍ന്നൊഴുകിയ ധനുവച്ചപുരം പ്രതിഭാ കോളജ് പ്രിന്‍സിപ്പല്‍ വിക്രമന്‍ (58)നെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് കോളജ് ഒാഫിസിനു മുന്നില്‍ ആണ് സംഭവം. പാരലല്‍ കോളജിലെ മുന്‍ വിദ്യാര്‍ഥികളായ 2 പേര്‍ ഒാഫിസിനു മുന്നില്‍ നില്‍ക്കുകയായിരുന്ന പ്രിന്‍സിപ്പലിനോടു കളിയാക്കുന്ന രീതിയില്‍ സമയം എത്രയാണെന്നു ചോദിച്ചു. പറയാന്‍ താല്‍പര്യമില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചതോടെ പ്രകോപിതനായ ഒരു വിദ്യാര്‍ഥി കൈ ചുരുട്ടി മുഖത്ത് ഇടിക്കുകയായിരുന്നു.അക്രമ ശേഷം കടന്നു കളഞ്ഞ വിദ്യാര്‍ഥികളെ സമീപത്ത് വാര്‍ഷികാഘോഷം നടക്കുന്ന സ്‌കൂളില്‍ നിന്നും പാറശാല പൊലീസ് കണ്ടെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അക്രമം നടത്തിയവര്‍ ധനുവച്ചപുരം ഗവ. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.