*ഏഷ്യാനെറ്റ്‌ ന്യൂസിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് എടുത്തു*

"പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത നൽകിയെന്ന പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കോഴിക്കോട് വെള്ളയിൽ പോലീസ് കേസെടുത്തു. എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡൻഡ് എഡിറ്റർ ഷാജഹാൻ, വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, പെൺകുട്ടിയുടെ അമ്മ എന്നിവർക്കെതിരെയാണ് കേസ്. പോക്‌സോ (119,21), വ്യാജരേഖ ചമയ്ക്കൽ (ഐ.പി.സി 465), ക്രിമിനൽ ഗൂഢാലോചന (120 ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പി വി അൻവർ എം.എൽ.എയുടെ പരാതിയിലാണ് നടപടി."
 
"ഏഷ്യാനെറ്റ് ന്യൂസിൽ കഴിഞ്ഞ വർഷം നവംബർ 10 ന് സംപ്രേഷണം ചെയ്ത ' നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്' എന്ന വാർത്താ പരമ്പരയിലെ ഒരു റിപ്പോർട്ടാണ് കേസിനാധാരം. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ 14 വയസുള്ള പെൺകുട്ടിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നും വ്യാജവാർത്ത ചമച്ച് പ്രചരിപ്പിച്ചവർക്കെതിരെ പോക്‌സോ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് നിയമ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. 
വിഷയവുമായി ബന്ധപ്പെട്ട് പി.വി അൻവർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്, കെട്ടിചമച്ച വാർത്തയെന്ന പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. എന്നാൽ വ്യാജവാർത്ത നൽകിയെന്ന പ്രചരണം തെറ്റെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വിശദീകരണം. 

വാർത്തയിൽ പ്രതിഷേധിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് മാർച്ച് നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസിൽ അതിക്രമിച്ചു കയറി ഏഷ്യാനെറ്റിനെതിരെ ബാനർ പതിച്ചിരുന്നു.