ട്രിവാൻഡ്രം ഔട്ടർ റിങ് റോഡ് എട്ട് വരി പാതയായി നിർമിക്കണം എന്നാവശ്യം ശക്തം


കേരളത്തിലെ ആദ്യത്തെ മെട്രോ നഗരമായ തിരുവനന്തപുരത്ത് ഏറ്റവുമൊടുവിൽ മൂന്നിലധികം പുതിയ ദേശീയപ്പാതകൾ വരുകയാണ്.  ഇതോടെ ഹൈവേ കണക്ടിവിറ്റിയുടെ കാര്യത്തിൽ തിരുവനന്തപുരം ഏറെ മുന്നിലെത്തും.  ഇതിനോടകം NH866 ആയി ട്രിവാൻഡ്രം ഔട്ടർ റിങ് റോഡ് ഉയർത്തി കഴിഞ്ഞു.

70 മീറ്ററിൽ സ്ഥലമെടുപ്പ് നടത്തിയാണ് ദേശീയപ്പാത അതോറിറ്റിയും കേരള സർക്കാരും ചേർന്ന് നിർമാണം നടത്തേണ്ടത്, ഇതിൽ 45 മീറ്റർ ദേശീയപ്പാത അതോറിറ്റി ഏറ്റെടുക്കുന്നുണ്ട്.   ബാക്കി സ്ഥലമെടുപ്പ് എപ്പോൾ എന്നത് ഇപ്പോഴും ചോദ്യമാണ്.


ഇന്ത്യൻ റോഡ് കോൺഗ്രസ് അനുസരിച്ചു 30 മീറ്ററിൽ രണ്ട് വരി പാത, 45 മീറ്ററിൽ നാല് വരി പാത, 60 മീറ്ററിൽ ആറു വരി പാത, 75 മീറ്ററിൽ എട്ട് വരി പാതയാണ്.

തലസ്ഥാന വികസനത്തിന്റെ ഭാഗമായി സിആർഡിപി 2 ഔട്ടർ റിങ് റോഡ് 2015-16ൽ 100 മീറ്ററിൽ വിഭാവനം ചെയ്തിരുന്നു എങ്കിലും പിന്നീട് അത് 70 മീറ്റർ ആയി ചുരുങ്ങി.  മംഗലപുരം മുതൽ വിഴിഞ്ഞം വരെ ആദ്യം പദ്ധതിയിൽ ഉണ്ടായിരുന്നത് നാവായിക്കുളം വരെ നീളുകയായിരുന്നു.  നെടുമങ്ങാട്, കാട്ടാക്കട മേഖലയിൽ ഉള്ളവർക്ക് വേഗത്തിൽ ടെക്നോപാർക്കിലേക്കും, ആറ്റിങ്ങലിലേക്കും, വിഴിഞ്ഞത്തേയ്ക്കും, കൊല്ലത്തേയ്ക്കും പോകാൻ സാധിക്കുന്നു എന്നതാണ് പ്രത്യേകത.  ഇതോടെ കിഴക്കൻ മേഖലകളിലേക്കും വികസനം കടന്നെത്തും.

400 ചതുരശ്ര കിലോമീറ്ററിൽ നിലവിലെ തിരുവനന്തപുരം നഗരത്തിന്റെ ഇരട്ടി വലുപ്പത്തിൽ ആധുനിക വ്യവസായിക നഗരം ഉയരും, അനന്തപുരി സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് റീജിയൺ എന്നാണ് ഇവിടം അറിയപ്പെടുക. 

എക്സ്പ്രസ്സ് ഹൈവേ ആയിട്ടാണ് ഈ പാത വിഭാവനം ചെയ്യുന്നത്, ഇരു വശത്തും സർവീസ് റോഡും വ്യവസായിക ഹബ്ബുകളും ഉണ്ടാകും.  നിലവിൽ നാല് വരി പാത ആയി നിർമിക്കാൻ ആണ് പദ്ധതി.  എന്നാൽ അതിവേഗം വളരുന്ന നഗരം എന്ന നിലയിൽ ഭാവി ഇപ്പോഴേ മുന്നിൽ കണ്ട് എട്ട് വരി പാതയായി നിർമ്മിക്കാവുന്നതാണ്.  ഇത്തരം ആവശ്യവുമായി ഇതിനോടകം തിരുവനന്തപുരം നഗരത്തിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ട്രിവാൻഡ്രം ഇന്ത്യൻ രംഗത്തുണ്ട്.  വളരെ ന്യായമായ ആവശ്യമെന്ന നിലയിൽ സൗത്ത് ഇന്ത്യയിലെ എട്ട് വരി എക്സ്പ്രസ്സ് ഹൈവേ മനസ്സ് വെച്ചാൽ 70 മീറ്ററിൽ വികസിപ്പിക്കാവുന്നതാണ് കേരളത്തിൽ.  കേരളം മാതൃകയായി മാറാനും ഇതൊരു അവസരമാണ്.