നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ മദ്യപിച്ച് ബഹളം; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

മുബൈ: ദുബൈയില്‍ നിന്നുള്ള വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് പ്രവാസികള്‍ അറസ്റ്റിലായി. ദുബൈയില്‍ ജോലി ചെയ്യുന്ന രണ്ട് മുബൈ സ്വദേശികളാണ് ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറയുകയും വിമാനത്തിനകത്ത് ബഹളമുണ്ടാക്കുകയും ചെയ്‍തത്. പല തവണ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇവര്‍ വകവെച്ചില്ലെന്ന് വിമാനക്കമ്പനി അറിയിച്ച.കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇന്റിഗോ എയര്‍ലൈന്‍സിന്റെ 6E 1088 വിമാനത്തിലായിരുന്നു സംഭവം. ദുബൈയില്‍ ജോലി ചെയ്യുന്ന ഇരുവരും ഒരു വര്‍ഷത്തിന് ശേഷം അവധിക്ക് നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം വിമാനത്തില്‍ വെച്ച് കഴിച്ച ശേഷമാണ് ബഹളമുണ്ടാക്കിയത്. സഹയാത്രികര്‍ ചോദ്യം ചെയ്‍തപ്പോള്‍ അവരെ അസഭ്യം പറഞ്ഞു. ഇവരെ അടക്കിയിരുത്താന്‍ ശ്രമിച്ച ജീവനക്കാരെയും അസഭ്യം പറഞ്ഞു. ഒരാള്‍ വിമാനത്തില്‍ അങ്ങോട്ടുമിങ്ങോട്ടും അലക്ഷ്യമായി നടന്നു. പിന്നീട് ജീവനക്കാര്‍ ഇവരുടെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പികള്‍ എടുത്തുമാറ്റുകയായിരുന്നു.ജീവനക്കാര്‍ പലതവണ മുന്നിറിയിപ്പ് നല്‍കിയിട്ടും ഇവര്‍ മദ്യപാനവും അസഭ്യവര്‍ഷവും തുടര്‍ന്നുവെന്ന് ഇന്റിഗോ അറിയിച്ചു. വിമാനം മുംബൈയില്‍ ലാന്റ് ചെയ്‍തപ്പോള്‍ ചട്ടമനുസരിച്ച് രണ്ട് പേരെയും ജീവനക്കാര്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍‍ക്ക് കൈമാറി. ഇന്റിഗോ അധികൃതര്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയത് പ്രകാരം ഇവരെ അറസ്റ്റ് ചെയ്‍തു. ഐപിസി 336 പ്രകാരം മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിനും എയര്‍ക്രാഫ്റ്റ് റൂള്‍സ് 21, 22, 25 വകുപ്പുകള്‍ പ്രകാരവുമാണ് മുംബൈയില്‍ സഹര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തത്.