ഇനി ദിവസങ്ങൾ മാത്രം നോമ്പുകാലത്തെ വരവേല്‍ക്കാന്‍; തയ്യാറെടുപ്പുമായി ഇസ്ലാംമത വിശ്വാസികള്‍

ഒരുമാസത്തെ വ്രതശുദ്ധിയുടെ പുണ്യനാളുകളെ വരവേല്‍ക്കാന്‍ ഒരുങ്ങി ഇസ്ലാം മതവിശ്വാസികള്‍. റമസാനിനെ വരവേല്‍ക്കാന്‍ മനസ്സിനെയും ശരീരത്തെയും ഒരുക്കുന്നതിനൊപ്പം വീടും പരിസരങ്ങളും പള്ളികളും വൃത്തിയാക്കിയും വ്രതത്തെ വരവേല്‍ക്കുകയാണ് ഓരോ മതവിശ്വാസികളും.പാതിരാത്രി വരെ നീണ്ടുനില്‍ക്കുന്ന നമസ്കാരവും ഖുര്‍ആന്‍ പാരായണവും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിക്കുന്ന ഇഫ്താര്‍ സംഗമങ്ങളും മതപ്രഭാഷണങ്ങളും റമസാനിന്റെ പകലിരവുകളെ സജീവമാക്കും. ഓരോ മഹല്ലുകളിലെയും പള്ളികള്‍ അറ്റകുറ്റപ്പണി നടത്തിയും നിലവിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പുതുക്കി പണിതുമെല്ലാം ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.നോമ്പു തുറ വിഭവങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങളും സജീവമാണ്. നോമ്പു തുറക്കാനുള്ള പത്തിരി തയ്യാറാക്കുന്നതിനും രാത്രിയിലെ അത്താഴത്തിനുള്ള ഭക്ഷണത്തിനുള്ള അരി, ഗോതമ്പ്, മുളക്, മല്ലി മുതലായവ ഉണക്കി മില്ലില്‍ കൊണ്ടുപോയി പൊടിച്ച്‌ കൊടുക്കുന്ന തിരക്കിലാണ് ഓരോ വീട്ടുകാരും. മുളകിന്റെയും മല്ലിയുടെയും വില വര്‍ദ്ധനവ് ആളുകളെ പ്രയാസത്തിലാക്കുന്നുണ്ട്.
ഏതാനം മാസങ്ങളായി മലപ്പുറം ജില്ലയിലെ റേഷന്‍ കടകള്‍ വഴി പുഴുക്കലരിക്ക് പകരം പച്ചരിയാണ് വിതരണം ചെയ്യുന്നത് എന്നതിനാല്‍ ഇത്തവണ പച്ചരിക്ക് വലിയ വിലക്കയറ്റമില്ല. രാവിലെ നേരത്തെ തുറന്നാലും രാത്രി വൈകിയും മില്ല് പ്രവര്‍ത്തിപ്പിക്കേണ്ട സ്ഥിതിയിലാണ്.*
ഇത്തവണ നോമ്പ് കാലമെത്തുന്നത് വേനലില്‍ ആണെന്നതിനാല്‍ പഴം വിപണിയില്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. തമിഴ്‌നാട്ടില്‍ നിന്നും വലിയ തോതില്‍ തണ്ണിമത്തന്‍ ജില്ലയില്‍ എത്തുന്നുണ്ട്. വില കിലോയ്ക്ക് 23ന് മുകളിലാണ്. ഈത്തപ്പഴം വിപണി ഇതിനകം തന്നെ സജീവമായിട്ടുണ്ട്.