ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് മലയാളി ഡോക്ടറെ നഴ്സ് പീഡിപ്പിച്ചു. മൈസൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് നഴ്സായ മലയാളി യുവാവ് പീഡിപ്പിച്ചത്. പ്രതി നിഷാം ബാബുവിനായി അന്വേഷണം ഊര്‍ജിതമാക്കി കസബ പൊലീസ്. കഴിഞ്ഞ ഡിസംബര്‍ 30 നാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ അതേ ആശുപത്രിയിലെ നഴ്സായ ഇരുപത്തിനാലുകാരനാണ് പീഡിപ്പിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കോയമ്പത്തൂരിലേയ്ക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട്ട് എത്തിച്ച് ഹോട്ടലില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളില്‍ കൊണ്ടുപോയി 5 തവണ പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു.ഒടുവില്‍ കെണിയില്‍ അകപ്പെട്ടെന്ന് മനസിലാക്കിയ യുവതി ഇയാളുടെ ഫോണ്‍നമ്പര്‍ ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പ്രതികാരമായി ഡോക്ടറുടെ നഗ്നചിത്രങ്ങള്‍ പ്രതി നിഷാം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് യുവതി കോഴിക്കോട് കസബ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന.