രാഷ്ട്രപതി ദ്രൗപദി മുർമു കൊച്ചിയിലെത്തി;സ്വീകരിച്ച് മുഖ്യമന്ത്രി

കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, റൂറല്‍ എസ്.പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യവിമാന വാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് സന്ദര്‍ശിക്കും. തുടര്‍ന്ന് നാവിക സേനയുടെ പരിശീലനകേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യയിലെ പരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രയാകും.