കാൻസർ രോഗിയാണെന്ന് പറഞ്ഞ് കൂട്ടുകാരേയും നാട്ടുകാരേയും കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിലായി. കരിമണ്ണൂർ മുളപ്പുറം ഐക്കരമുക്കിൽ സി.ബി ബിജുവാണ് (45) തൊടുപുഴ പൊലീസിൻ്റെ പിടിയിലായത്. താൻ ക്യാൻസർ രോഗിയാണെന്ന് പറഞ്ഞ് കോളേജിൽ കൂടെപഠിച്ചവരേയും അവരുടെ സുഹൃത്തുക്കളേയും പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് ബിജു ജനങ്ങളെ പറ്റിച്ച് പണം അടിച്ചെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. തനിക്ക് ക്യാൻസറാണെന്നും തൻ്റെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്നും കാണിച്ച് കോളേജിൽ ഒരുമിച്ച് പഠിച്ചവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ ആദ്യം സന്ദേശമയച്ചത്. കൂടെ പഠിച്ച സുഹൃത്തിൻ്റെ ദയനീയാവസ്ഥയിൽ ഏവരുടെയും മനസ്സലിഞ്ഞു. തുടർന്ന് അമ്മാവനെന്ന് പരിചയപ്പെടുത്തി ഗ്രൂപ്പ് അംഗങ്ങളെ ബിജു തന്നെ ശബ്ദം മാറ്റി വിളിക്കുകയായിരുന്നു. ശബ്ദം മാറ്റുന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇത് ചെയ്തതെന്നും പൊലീസ് പറഞ്ഞു. രോഗിയായ സുഹൃത്തിനു വേണ്ടി സഹപാഠികൾ പത്തര ലക്ഷത്തോളം രൂപയാണ് പിരിച്ചു നൽകിയത്. തന്നെ പഠിപ്പിച്ച അധ്യാപകരേയും ഇയാൾ ബന്ധപ്പെട്ടു. സഹോദരിയെന്ന് പരിചയപ്പെടുത്തി സ്ത്രീ ശബ്ദത്തിൽ ഇയാൾ അദ്ധ്യാപകരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. അവരും ബിജുവിന് ചികിത്സയ്ക്കായി പണം പിരിച്ചു നൽകി. ഇത്തരത്തിൽ 15 ലക്ഷം രൂപയാണ് ബിജു തട്ടിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടെ വിശ്വാസ്യത കൂട്ടാൻ തമിഴ്നാട്ടിലെ ഒരു ആശുപത്രിയിലെ ചികിത്സാ രേഖകളും ഇയാൾ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാജമായി നിർമ്മിച്ചവയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. കുറച്ചു ദിവസം കഴിഞ്ഞതോടെ തുടർ ചികിത്സയ്ക്ക് വേണ്ടിയും ഇയാൾ സഹായം അഭ്യർത്ഥിച്ചു. തുടർന്ന് അമ്മാവനോട് വീഡിയോ കോളിൽ വരാൻ ഗ്രൂപ്പ് അംഗങ്ങൾ അവശ്യപ്പെടുകയായിരുന്നു. രാത്രിയിൽ ബിജു തലയിൽ തോർത്തിട്ട് മൂടി വീഡിയോ കോളിലെത്തി ഗ്രൂപ്പ് അംഗങ്ങളോട് സംസാരിച്ചു. ഇതിനുപിന്നാലെയാണ് ഗ്രൂപ്പ് അംഗങ്ങൾക്ക് സംശയമായത്. തുടർന്ന് അമ്മാവൻ നൽകിയിരുന്ന നമ്പരിൽ ഗ്രൂപ്പ് അംഗങ്ങൾ വിളിച്ചു. അസുഖം മൂർച്ഛിച്ച് ബിജു മരിച്ചുപോയെന്ന മറുപടിയാണ് അമ്മാവൻ നൽകിയത്. ഇതിനിടെ സഹപാഠികളിലൊരാൾ കഴിഞ്ഞ ദിവസം ബിജുവിനെ തൊടുപുഴയിൽ വച്ച് കണ്ടതാണ് സംഭവത്തിൽ വഴിത്തിരിവ് കൊണ്ടുവന്നത്. പുതിയ കാറിലാണ് ബിജു എത്തിയത്. ഇതോടെയാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി ഗ്രൂപ്പ് അംഗങ്ങൾക്ക് മനസ്സിലായത്. തുടർന്ന് അമ്പത് പേർ ചേർന്ന് പരാതിയെഴുതി ഒപ്പിട്ട് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് ഡിവൈഎസ്︋പി എംആർ. മധു ബാബുവിൻ്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ചേർത്തല സ്വദേശിയായ ബിജു വിവാഹ ശേഷമാണ് മുളപ്പുറത്ത് എത്തിയതെന്നാണ് വിവരം. ഇവിടത്തെയും ആലപ്പുഴയിലേയും വിലാസത്തിൽ ഇയാൾക്ക് രണ്ട് ആധാർകാർഡുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആലപ്പുഴയിലെ ആധാർ കാർഡിൽ ബിജു ചെല്ലപ്പനെന്നാണ് പേര് നൽകിയിരിക്കുന്നത്.