സാംസ്‌കാരികവും ആത്മീയവുമായ കേന്ദ്രങ്ങളിലേക്കായി പ്രത്യേകം യാത്ര പോകുന്ന ഇന്ത്യന്‍ റെയില്‍വേയുടെ പ്രത്യേക ട്രെയിനുകളാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍. രാജ്യത്തെ സിഖ് തീര്‍ഥാടനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ പ്രത്യേക ഭാരത് ഗൗരവ് ട്രെയിനായ ഗുരു കൃപ യാത്ര അവതരിപ്പിച്ചിരിക്കുന്നു. ഏപ്രില്‍ അഞ്ചിനാണ് രാജ്യത്തെ പ്രസിദ്ധമായ സിഖ് തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് ഗുരുകൃപ യാത്ര ആരംഭിക്കുക.11 പകലും 10 രാത്രിയും നീണ്ടു നില്‍ക്കുന്ന ട്രെയിനിലെ സിഖ് തീര്‍ഥാടന യാത്ര ഏപ്രില്‍ 15ന് അവസാനിക്കും. അമൃത്സറിലെ സുവര്‍ണ ക്ഷേത്രം, അനന്ത്പൂര്‍സാഹിബിലെ വിരാസത് ഇ കാല്‍സയും കേസ്ഗ്രഹ് സാഹിബ് ഗുരുദ്വാരയും, കിരാത്പൂര്‍ സാഹിബിലെ ശ്രീ പാതാള്‍പുരി സാഹിബ് ഗുരുദ്വാര, സിര്‍ഗിന്ദിലെ ശ്രീ ഫത്തേഗ്രഹ് സാഹിബ് ഗുരുദ്വാര, ബത്തിന്തയിലെ ശ്രീ ദംദമാ സാഹിബ്, നാന്‍ദേദിലെ തക്ത് സച്ച്കന്ദ് ശ്രീ ഹസുര്‍ സാഹിബ്, ബിദാറിലെ ശ്രീ ഗുരു നാനാക് ജീറ സാഹിബ് ഗുരുദ്വാര, പട്‌നയിലെ ശ്രീ ഹരി മന്ദിര്‍ പട്‌ന സാഹിബ് എന്നീ തീര്‍ഥാടന കേന്ദ്രങ്ങളെല്ലാം ഒരൊറ്റ യാത്രയില്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം.ഉത്തര്‍പ്രദേശിലെ ബറേലി, ലക്‌നൗ, സിതാപൂര്‍, പിലിഭിത്ത് എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും സഞ്ചാരികള്‍ക്ക് ഈ തീര്‍ഥാടക ട്രെയിനിലേക്ക് കയറാനാവും. ഒമ്പത് സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും ഒരു എസി 3 ടയര്‍ കോച്ചും ഒരു എസി 2 ടയര്‍ കോച്ചുമാണ് ഈ ട്രെയിനില്‍ ഉണ്ടാവുക. ആകെ 678 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിക്കുക. എക്കോണമി ക്ലാസില്‍ 576 ടിക്കറ്റുകളും സ്റ്റാന്‍ഡേഡില്‍ 58 ടിക്കറ്റുകളും കംഫര്‍ട്ടില്‍ 44 ടിക്കറ്റുകളുമാണ് ഉള്ളത്.സ്റ്റാന്‍ഡേഡ്, സുപ്പീരിയര്‍, കംഫര്‍ട്ട് എന്നിങ്ങനെ മൂന്ന് തരം ടിക്കറ്റുകളാണ് ഐ.ആര്‍.സി.ടി.സി നല്‍കുക. സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരാളുടെ ടിക്കറ്റിന് 24,127 രൂപയും തേഡ് എസിക്ക് 36,196 രൂപയും സെക്കന്റ് എസിക്ക് 48,275 രൂപയുമാണ് റെയില്‍വേ നിശ്ചയിച്ചിരിക്കുന്നത്. ഇത് രണ്ട് പേര്‍ക്ക് ഒരുമിച്ച് ബുക്കു ചെയ്യുകയാണെങ്കില്‍ ഇക്കോണമി, സ്റ്റാന്‍ഡേഡ്, കംഫര്‍ട്ട് എന്നിവക്ക് യഥാക്രമം 19,999, 29,999, 39,999 എന്നിങ്ങനെയായി കുറയും. അഞ്ച് വയസ് മുതല്‍ 11 വയസു വരെയുള്ള കുട്ടികളുടെ ഇക്കോണമി ടിക്കറ്റിന് 18,882 രൂപയും സ്റ്റാന്‍ഡേഡിന് 28,327 രൂപയും കംഫര്‍ട്ടിന് 37,780 രൂപയുമാണ് ഈടാക്കുക.ടിക്കറ്റില്‍ ട്രെയിന്‍ യാത്രക്ക് പുറമേ ദിവസം മൂന്നു നേരം ഭക്ഷണവും ഹോട്ടല്‍ താമസവും തീര്‍ഥാടക കേന്ദ്രങ്ങളിലേക്ക് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ള ബസ് യാത്രാ സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലക്‌നൗവിലെ പര്യാതന്‍ ഭവന്‍, ഗോമ്തി നഗര്‍ എന്നിവിടങ്ങളിലും യു.പി ഐ.ആര്‍.സി.ടി.സി ഓഫീസിലും യാത്രക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ഓണ്‍ലൈനായി ബുക്കു ചെയ്യാന്‍ www.irctctourism.comലും അവസരമുണ്ട്.