കള്ളനോട്ട് കേസ്: നാല് പ്രതികൾ കൂടി പിടിയിൽ, മുഖ്യപ്രതിയും കസ്റ്റഡിയിലെന്ന് സൂചന

ആലപ്പുഴ : വനിതാ കൃഷി ഓഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ് സംഘത്തിലെ നാല് പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി അജീഷും കസ്റ്റഡിയിലെന്ന് സൂചന. പാലക്കാട് വാളയാറില് ‍മറ്റൊരു കേസിലാണ് ഇയാളെ പിടികൂടിയത്. കള്ളക്കടത്ത് വസ്തുക്കള്‍ പൊട്ടിച്ച കേസിലായിരുന്നു പിടിച്ചത്. ചോദ്യം ചെയ്യലിലാണ് എടത്വ കേസിലും ഉള്‍പ്പെട്ടെന്ന വിവരം ലഭിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആലപ്പുഴ പൊലീസ്  പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്. 500 രൂപയുടെ ഏഴ് കള്ളനോട്ടുകളിലാണ് എടത്വ കൃഷി ഓഫീസറായ ജിഷ മോൾക്ക് പിഴച്ചത്. ജിഷമോള്‍ നല്‍കിയ 500 രൂപയുടെ കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോളാണ് വൻ തട്ടിപ്പ് പുറത്തറിയുന്നത്. പിന്നാലെ പൊലീസെത്തി ജിഷയെ അറസ്റ്റ് ചെയ്തു. ഇവരെ റിമാൻഡ് ചെയ്തു. ഒടുവിൽ ജോലിയിൽ നിന്ന് ഇവരെ സസ്പെന്റ് ചെയ്തു. കൃഷി ഓഫീസർ ജോലിക്ക് പുറമെ ഫാഷൻ ഷോ, മോഡലിംഗ്, തുടങ്ങി നിരവധി മേഖലകളിൽ ശ്രദ്ധ നേടിയിരുന്നു 39 കാരിയായ ജിഷ മോൾ. നല്‍കിയത് വ്യാജനോട്ടുകളെന്ന് അറിയാമായിരുന്നെന്ന് ജിഷ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. ഇതിനെ തുടര്‍ന്നായിരുന്നു ജിഷയെ അറസ്റ്റ് ചെയ്തതും റിമാന്‍ഡിലാക്കിയതും.