സല്‍മാന്‍ ഖാന് വീണ്ടും അധോലോകത്തിന്റെ ഭീഷണി

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും ഭീഷണി. അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാസംഘമാണ് ഇ-മെയിലിലൂടെ നടന് നേരെ ഭീഷണി സന്ദേശം അയച്ചത്. സല്‍മാന്‍ ഖാന്റെ ഓഫീസിലേയ്ക്കാണ് ഹിന്ദിയിലുള്ള ഭീഷണി സന്ദേശം ലഭിച്ചത്.

ലോറന്‍സ് ബിഷ്ണോയിയുടെ കൂട്ടാളിയായ ഗോള്‍ഡി ഭായ് എന്ന ഗോള്‍ഡി ബ്രാറിന് സല്‍മാന്‍ ഖാനെ നേരിട്ട് കണ്ട് സംസാരിക്കണമെന്ന് സന്ദേശത്തില്‍ പറയുന്നു. ലോറന്‍സ് ബിഷ്ണോയി ഈയടുത്ത് നല്‍കിയ അഭിമുഖം ഉറപ്പായും നടന്‍ കണ്ടിരിക്കണമെന്നും സന്ദേശത്തിലുണ്ട്.

രോഹിത് ഗാര്‍ഗ് എന്നയാളുടെ ഐഡിയില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്. സംഭവത്തില്‍ നടന്റെ സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാല്‍ക്കര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പിന്നാലെ ലോറന്‍സ് ബിഷ്ണോയി, ഗോള്‍ഡി ബ്രാര്‍, രോഹിത് ഗാര്‍ഗ് എന്നിവര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇ-മെയില്‍ പോലീസ് പരിശോധിച്ച് വരികയാണ്.