ഇന്നസെൻ്റിൻ്റെ നില അതീവ ഗുരുതരം, ആരോഗ്യസ്ഥിതി വളരെ മോശമെന്ന് മന്ത്രി സജി ചെറിയാൻ

കൊച്ചി : നടനും മുൻ എംപിയുമായ ഇന്നസെൻ്റിൻ്റെ നില അതീവ ഗുരുതരമായി തുടരുന്നു. സ്ഥിതി മോശമെന്നാണ് മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയത്. തിരിച്ച് വരവിനുള്ള സാധ്യത കുറവെന്നും വിലയിരുത്തൽ. മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. മന്ത്രി സജി ചെറിയാന് പുറമെ, മന്ത്രി പി രാജീവ്, മന്ത്രി ആർ ബിന്ദു എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇന്നസെന്റ് ഇപ്പോൾ. ഗുരുതരമായ പല രോഗാവസ്ഥകളും പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യ സൂചകങ്ങൾ അനുകൂലമല്ലെന്നുമാണ് നേരത്തേ പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിനിലൂടെ ഡോക്ടർമാർ അറിയിച്ചത്. ഈല സ്ഥിതിയിൽ മാറ്റമില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എക്മോ പിന്തുണയിലാണ് ഇന്നസെന്‍റിന്‍റെ ചികിത്സ തുടരുന്നത്. കഴിഞ്ഞ മാർച്ച് മൂന്നിനാണ് ഇന്നസെന്‍റിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് തവണ അർബുദത്തെ അതിജീവിച്ച അദ്ദേഹത്തിന് തുടർച്ചയായി കൊവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്നുള്ള ന്യൂമോണിയ ആണ് ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്.