പൊലീസ് ജീപ്പില്‍ നിന്ന് എടുത്തുചാടി തലയടിച്ച് വീണു; പ്രതി മരിച്ചു

തൃശൂരില്‍ പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി ആണ് മരിച്ചത്. പൊലീസ് ജീപ്പില്‍ നിന്ന് ചാടിയതിനെത്തുടര്‍ന്ന് ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തടവുകാരെ പാര്‍പ്പിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോഴാണ് സനു ജീപ്പില്‍ നിന്ന് ചാടിയത്.വെളിയന്നൂര്‍ പ്രദേശത്ത് ഒരു ബാറില്‍ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നായിരുന്നു സനുവിനെതിരായ പരാതി. കത്തിയുമെടുത്ത് ഇയാള്‍ പ്രദേശത്ത് അല്‍പ സമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ആ വഴി പോയ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പൊലീസെത്തി ഇയാളെ പിടികൂടിയത്.ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നും കരുതല്‍ തടങ്കലിനായി ഇയാളെ തടവുകാരെ പാര്‍പ്പിക്കുന്നിടത്തേക്ക് കൊണ്ടുപോകും വഴിയാണ് സനു ജീപ്പില്‍ നിന്നും എടുത്ത് ചാടിയത്. ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ നിന്ന് ഇയാള്‍ തലയിടിച്ചാണ് ജീപ്പില്‍ നിന്ന് വീണത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.