ശുചിമുറിയിലിരുന്ന് പുകവലിച്ചു; വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചു; എയർ ഇന്ത്യ യാത്രക്കാരനെതിരെ കേസ്

വിമാനത്തിൻ്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച എയർ ഇന്ത്യ യാത്രക്കാരനെതിരെ കേസ്. 37 വയസുകാരനായ രമാകാന്തിനെതിരെയാണ് സഹർ പൊലീസ് കേസെടുത്തത്. ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൻ്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച ഇയാൾ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയെന്നും വാതിൽ തുറക്കാൻ ശ്രമിച്ചു എന്നും ക്യാബിൻ ക്രൂ പറയുന്നു. യുഎസ് പൗരത്വമുള്ളയാളാണ് രമകാന്ത്.“2023 മാർച്ച് 10 ന് ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ വച്ച് യാത്രക്കാരൻ പുകവലിക്കുകയും യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. മുംബൈയിൽ വിമാനമെത്തിയ ഉടൻ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി.”- വാർത്താ കുറിപ്പിൽ എയർ ഇന്ത്യ വ്യക്തമാക്കി. “ശുചിമുറിയിൽ നിന്ന് അലാറം കേട്ടപ്പോൾ ഞങ്ങൾ ഓടിച്ചെന്നു. ഞങ്ങൾ അദ്ദേഹത്തിൻ്റെ കയ്യിൽ സിഗരറ്റ് കണ്ടു. ഉടൻ ഞങ്ങൾ ആ സിഗരറ്റ് അദ്ദേഹത്തിൻ്റെ കയ്യിൽ നിന്ന് മാറ്റി. തുടർന്ന് രമാകാന്ത് ഞങ്ങളുടെ ക്രൂ അംഗങ്ങളോട് തട്ടിക്കയറി. ഒരു വിധേന അദ്ദേഹത്തെ ഞങ്ങൾ സീറ്റിൽ കൊണ്ടിരുത്തി. എന്നാൽ, അല്പസമയത്തിനു ശേഷം ഇയാൾ വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. ഇത് കണ്ട് ആളുകൾ ഭയന്നു. തുടർന്ന് യാത്രക്കാരൻ്റെ കാലും കയ്യും കെട്ടി സീറ്റിലിരുത്തി. തൻ്റെ ബാഗിൽ ചില മരുന്നുകളുണ്ടെന്ന് രമാകാന്ത് പറഞ്ഞെങ്കിലും പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. എന്നാൽ, ഒരു ഇ- സിഗരറ്റ് കണ്ടെത്തി.”- ക്രൂ അംഗം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ദിവസം വിമാനത്തിൻ്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച 24കാരി അറസ്റ്റിലായിരുന്നു. ഈ മാസം അഞ്ചിന് കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വച്ചാണ് സംഭവം. ശുചിമുറിയിൽ നിന്ന് പുക പുറത്തേക്ക് വരുന്നതുകണ്ട ക്യാബിൻ ക്രൂ ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോൾ യുവതി പുകവലിക്കുന്നതായി കണ്ടെത്തി. ജീവനക്കാരെ കണ്ടതോടെ യുവതി സിഗരറ്റ് വേസ്റ്റ് ബിന്നിലിട്ടു. വിമാന സുരക്ഷ പരിഗണിച്ച് ജീവനക്കാർ ഉടൻ സിഗരറ്റ് കെടുത്തുകയും സംഭവം ക്യാബിൻ ക്രൂ ക്യാപ്റ്റനെ അറിയിക്കുകയും ചെയ്തു. ക്യാപ്റ്റൻ നൽകിയ പരാതിയിലാണ് പിന്നീട് സുരക്ഷാ വിഭാഗം നടപടിയെടുത്തത്.വിമാനം കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഉടൻ പ്രിയങ്ക ചക്രവർത്തി എന്ന യുവതിയെ വിമാനത്താവള സുരക്ഷാ വിഭാഗത്തിന് കൈമാറുകയായിരുന്നു. പിന്നീട് ജാമ്യം നൽകി ഇവരെ വിട്ടയച്ചു.