വിദ്യാർഥിയെ കീറിയ നോട്ട് ടിക്കറ്റിനു നൽകിയെന്നു പറഞ്ഞ് വഴിയിലിറക്കി
വിട്ട കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. തിങ്കളാഴ്ച
ചാക്ക ബൈപാസിലുള്ള എംജിഎം സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി പാറ്റൂർ
തേജസിലെ അനിൽകുമാറിന്റെ മകൻ ഹരിശങ്കറിനായിരുന്നു ഇൗ ദുരനുഭവം.
പരീക്ഷ കഴിഞ്ഞ് നട്ടുച്ചയ്ക്കാണ് ബസിൽ കയറിയത്. ബസ് കുറച്ചുദൂരം
മുന്നോട്ടു പോയപ്പോൾ ഹരിശങ്കർ നൽകിയ 20 രൂപ നോട്ട് കീറിയതാണെന്നും
എടുക്കാനാകില്ലെന്നും ഇറങ്ങണമെന്നും വനിതാ കണ്ടക്ടർ ആവശ്യപ്പെട്ടു.
ടൗണിലെത്തിയാൽ വീടിനടുത്ത കടയിൽ നിന്നു പണം വാങ്ങിത്തരാമെന്നു പറഞ്ഞിട്ടും
കേൾക്കാതെ വണ്ടി നിർത്തി ഇറക്കി വിട്ടു.
ബസും ഓട്ടോറിക്ഷയും കിട്ടുന്ന സ്ഥലത്ത് ഇറക്കണമെന്ന ആവശ്യം പോലും
കണ്ടക്ടർ ചെവിക്കൊണ്ടില്ലെന്നാണ് പരാതി. ഇക്കാര്യം ബസിലുണ്ടായിരുന്നയാൾ
സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്ന് കെഎസ്ആർടിസി സിഎംഡി
ബിജുപ്രഭാകർ വിവരം അറിഞ്ഞു. തുടർന്നാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം
അന്വേഷണം തുടങ്ങിയത്.