മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ് രണ്ടു മുതൽ 11 വരെ നടക്കുന്ന താലൂക്ക് തല അദാലത്തുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് താലൂക്കിൽ സംഘാടക സമിതി രൂപീകരിച്ചു. എം.എൽ.എമാരായ വി.ശശി, ഒ.എസ്. അംബിക എന്നിവരാണ് രക്ഷാധികാരികൾ. മെയ് എട്ടിന് നടക്കുന്ന അദാലത്തിന് ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്‌സ് മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ വേദിയാകും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ എസ്.കുമാരി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ജയശ്രീ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംഘാടക സമിതിയിൽ അംഗങ്ങളായിരിക്കും.
റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ ചെറുപുഷ്പ ജ്യോതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ, അദാലത്തിന്റെ ഗുണഫലങ്ങൾ താഴെക്കിടയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലത്തിൽ ഉപസമിതികൾ രൂപീകരിക്കാനും തീരുമാനമായി. വിവിധ പഞ്ചായത്ത് അധ്യക്ഷന്മാർ, ചിറയിൻകീഴ് തഹസിൽദാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഏപ്രിൽ ഒന്നു മുതൽ 15 വരെയാണ് അദാലത്തുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കുന്നത്. പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസുകൾ അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അപേക്ഷ സ്വീകരിക്കും. 28 വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളിലാണ് അപേക്ഷ സ്വീകരിക്കുന്നത്.