കൊച്ചി: മുഖ്യമന്ത്രി ദുരിതാശ്വാസ നിധി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വിഷയത്തിൽ കേസെടുത്തത് സംസ്ഥാന സർക്കാർ തന്നെയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. സർക്കാർ തന്നെ കേസെടുത്തതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ സിബിഐ അന്വേഷണ വേണമെന്ന ആവശ്യം അപക്വമെന്നും കോടതി പറഞ്ഞു. ദുരിതാശ്വാസ നിധി തട്ടിപ്പിനെ കുറിച്ച് സിബിഐ അല്ലെങ്കിൽ പ്രത്യേക സംഘം അന്വേഷിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.സംസ്ഥാനത്ത് 2018 ലേയും 2019 ലേയും പ്രളയത്തെ തുടര്‍ന്ന് കൊവിഡ് കാലമാണ്. ദുരിതാശ്വാസ നിധിയിലേക്ക് കോടികളെത്തി. സർക്കാർ പൊതുസ്ഥാപനങ്ങൾ, പെൻഷൻകാര്‍ എന്നിവരിൽ നിന്നും 2,865.4 കോടിയെത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് വഴി കിട്ടിയത് 1,229.89 കോടി രൂപയാണ്. ഉത്സവബത്ത -117.69 കോടി, മദ്യ വിൽപനയിലെ അധികനികുതി വഴി എത്തിയത് 308.68 കോടിയാണ്. സംസ്ഥാന ദുരന്ത നിവാരണ വിഹിതം-107.17 കോടി അടക്കം ആകെ സമാഹരിച്ചത് 4912.45 കോടി രൂപയാണ്. ഇതിൽ നിന്ന് സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് 2,356.46 കോടി രൂപ നൽകി. കുടുംബശ്രീയും പുനര്‍ഗേഹം പദ്ധതിയും കൃഷിയും റോഡും സൗജന്യ കിറ്റും അടക്കം വിവിധ അക്കൗണ്ടുകളിലായി ആകെ 4140.07 കോടിരൂപ ചെലവാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. അതായത് പിരിഞ്ഞു കിട്ടിയതിൽ 772.38 കോടി രൂപ ഇനിയും ബാക്കിയാണ്. കിട്ടിയവരിൽ തന്നെ അനര്‍ഹരുടെ വലിയ നിരയുണ്ടെന്നാണ് വിജിലൻസ് അന്വേഷണ വിവരങ്ങൾ നൽകുന്ന സൂചന. ഫണ്ട് വിനിയോഗത്തിന്റെ വിനിയോഗത്തിൽ മാത്രമല്ല ഉപയോഗിച്ച തുകയുടെ സുതാര്യതയിലും വരെ വിശ്വാസം നഷ്ടപ്പെട്ടതോടെ സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലായിരുന്നു.