പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ മിന്നല്‍ പരിശോധനയുമായി വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഓഫീസില്‍ കയറാനുള്ള സമയം മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടിട്ടും പലരും എത്തിയിരുന്നില്ല. എന്നും ഈ രീതിയാണോ എന്നായി മന്ത്രിയുടെ ശാസന.ബയോ മെട്രിക് പഞ്ചിങ് സ്റ്റേറ്റ്‌മെന്റ്, അവധിക്ക് നല്‍കിയ അപേക്ഷകളുടെ രീതി, ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍, ക്യാഷ്വല്‍ ലീവ് രജിസ്റ്റര്‍, മൂവ്‌മെന്റ് രജിസ്റ്റര്‍, സ്റ്റോക്ക് രജിസ്റ്റര്‍ എന്നിവ മന്ത്രി ആദ്യം തന്നെ ഹാജരാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.ബയോമെട്രിക് പഞ്ചിങ് ലിസ്റ്റ് പരിശോധിച്ച മന്ത്രി, എത്ര പേര്‍ ലീവ് തന്നിട്ടുണ്ടെന്നും ഇനി എത്ര പേര്‍ ഓഫീസില്‍ എത്താനുണ്ടെന്നും ചോദിച്ചു. കൃത്യമായ ഉത്തരം ജീവനക്കാര്‍ നല്‍കാതിരുന്നതോടെ മന്ത്രി ക്ഷുഭിതനായി. ആകെ എത്ര സ്റ്റാഫാണ് ഉള്ളതെന്നും ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. മന്ത്രി ആവര്‍ത്തിച്ചുചോദിച്ചപ്പോഴാണ് ഉത്തരം നല്‍കിയത്.പഞ്ചിങ് ലിസ്റ്റില്‍ പേര് കാണാത്തവരുടെ വിവരം ചോദിച്ചപ്പോള്‍ വന്നിട്ടില്ല എന്നായിരുന്നു മറുപടി. 10.15 എന്ന ഓഫീസ് സമയം കഴിഞ്ഞ് 11 മണി ആയിട്ടും എന്താണ് മറ്റ് ജീവനക്കാര്‍ വരാത്തതെന്നായി മന്ത്രിയുടെ ചോദ്യം. സാധാരണ ഇങ്ങനെ ആണോ എന്നും എപ്പഴെങ്കിലും അവരുടെ സൗകര്യത്തിനാണോ എത്തുന്നതെന്നും മന്ത്രി ചോദിച്ചു. പരിശോധനയുടെ വിഡിയോയും മന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.