കുലശേഖരം പാലത്തിൻറെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

എന്തൊക്കെ തടസങ്ങള്‍ ഉണ്ടായാലും വികസന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിലെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി കാട്ടാക്കട - വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കരമനയാറിന് കുറുകെ നിര്‍മ്മിച്ച കുലശേഖരം പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറു പാലങ്ങള്‍ പൂര്‍ത്തിയാക്കി ഇക്കാര്യത്തില്‍ 'സെഞ്ചുറി'യടിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിച്ചിരുന്നത്. രണ്ട് വര്‍ഷത്തിനിടെ 600 കോടി 75 ലക്ഷം രൂപ ചെലവഴിച്ച് 51 പാലങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കാനായി. ചെറുതും വലുതുമായ 144 പാലങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിനായി 1208 കോടി രൂപ ചെലവഴിച്ചു. 782 കോടി 50 ലക്ഷം രൂപയുടെ 85 പ്രവര്‍ത്തികള്‍ക്കും ഭരണാനുമതി നല്‍കി. കുലശേഖരം - വട്ടിയൂര്‍ക്കാവ് റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നതിന് രണ്ടു കോടി രൂപയും കാട്ടാക്കട - മലയിന്‍കീഴ് - കുഴക്കാട് ടെമ്പിള്‍ റോഡ് നവീകരണത്തിന് ഒരു കോടി 60 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. പുതിയ പാലത്തിലൂടെ സര്‍വീസ് തുടങ്ങിയ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. 

വട്ടിയൂര്‍ക്കാവ് - പേയാട് ഭാഗങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ പ്രദേശത്തിന്റെ സമഗ്രവികസനത്തിനൊപ്പം പേയാട്, കാട്ടാക്കട ഭാഗത്തേക്കുള്ള യാത്രാ ദൂരം 10 കിലോമീറ്ററോളം കുറയ്ക്കാനും സഹായിക്കുന്നതാണ് കുലശേഖരം പാലം. തിരുമല - കുണ്ടമണ്‍കടവ് ഭാഗങ്ങളിലെ വാഹന തിരക്ക് കുറയ്ക്കാനും ഇതിലൂടെ സാധിക്കും. 12.5 കോടി രൂപയാണ് നിര്‍മാണ ചെലവ്. 30 മീറ്റര്‍ വീതം നീളമുള്ള നാല് സ്പാനുകളും, പേയാട് ഭാഗത്ത് 45 മീറ്റര്‍ നീളമുള്ള നാല് ബോക്സ് കള്‍വെര്‍ട്ടും ഉള്‍പ്പെടെ ആകെ 165 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. വാഹന ഗതാഗതത്തിന് 7.50 മീറ്റര്‍ വീതിയിലുള്ള റോഡും 1.50 മീറ്റര്‍ വീതിയില്‍ ഇരുവശത്തും നടപ്പാതകളും കൈവരികളും ഉള്‍പ്പെടെ ആകെ 11 മീറ്റര്‍ വീതിയുമുണ്ട്. പാലത്തിന്റെ ഇരുകരകളിലുമായി 500 മീറ്റര്‍ നീളത്തില്‍ അനുബന്ധ റോഡിന്റെ ടാറിംഗ്, കാല്‍ നടയാത്രക്കാര്‍ക്ക് വേണ്ടിയുള്ള നടപ്പാത, പെയിന്റിംഗ്, ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയും പൂര്‍ത്തീകരിച്ചു. പുതിയ പാലവും അനുബന്ധ റോഡുകളും വികസിക്കുന്നതോടെ പ്രദേശത്തിന്റെ മുഖഛായ തന്നെ മാറുമെന്നാണ് കണക്കുകൂട്ടല്‍. ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.

#dio #diotvm #keralagovernment #Districtinformationoffice #Districtinformationofficetvm #trivandrum #tvm #kerala #Thiruvananthapuram #muhammedriyas #riyas #minister #road #inauguration #travel