SSLC പരീക്ഷ തീയതി പ്രഖ്യാപിച്ചു, ഹയർസെക്കൻഡറി പത്തിന്
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 2023 മാര്‍ച്ച് 9 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ മാര്‍ച്ച് 10 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കും. രാവിലെ 9.30 നാണ് പരീക്ഷ ആരംഭിക്കുക.
4,19,554 പേര്‍ എസ്.എസ്.എല്‍.സിയും 4,25,361 വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷയും 4,42,067 പേര്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും. എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രില്‍ 3 മുതല്‍ 26 വരെയും ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ മെയ് ആദ്യ വാരംവരെയും നടക്കും
ഫെബ്രുവരി 15 മുതല്‍ 25 വരെ നടന്ന എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി അറിയിച്ചു. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് ഇക്കുറി പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുക.
സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയ്ഡഡ്മേഖലയില്‍ 1,421പരീക്ഷ സെന്ററുകളും അണ്‍ എയ്ഡഡ്മേഖലയില്‍ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.
സര്‍ക്കാര്‍ സ്‌കൂളുകള്‍
ആകെ കുട്ടികള്‍ – 1,40,703
ഇതില്‍ ആണ്‍കുട്ടികള്‍ – 72,031
പെണ്‍കുട്ടികള്‍ – 68,672
എയ്ഡഡ് സ്‌കൂളുകള്‍
ആകെ കുട്ടികള്‍ – 2,51,567
ആണ്‍കുട്ടികള്‍ – 1,27,667
പെണ്‍കുട്ടികള്‍ – 1,23,900
അണ്‍ എയിഡഡ് സ്‌കൂളുകള്‍
ആകെ കുട്ടികള്‍ – 27,092
ആണ്‍കുട്ടികള്‍ – 14,103
പെണ്‍കുട്ടികള്‍ – 12,989