ഇൻഡോർ • ഹോൽക്കർ സ്റ്റേഡിയത്തിൽ അദ്ഭുതങ്ങൾ കാട്ടാൻ ഇന്ത്യയ്ക്ക് സമയം കിട്ടിയില്ല; താരതമ്യേന ചെറിയ വിജയലക്ഷ്യം മുന്നിലുണ്ടായിരുന്ന ഓസീസ് അതിന് അനുവദിച്ചതുമില്ല. ഒരു പൂവിറുക്കുന്ന ലാഘവത്തോടെ വിജയസാധ്യതകളിൽനിന്ന് ഇന്ത്യയെ ‘അടിച്ചകറ്റിയ’ ഓസീസിന്, മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ വിജയം. ഒൻപത് വിക്കറ്റിനാണ് ഓസ്ട്രേലിയ ആതിഥേയരെ വീഴ്ത്തിയത്. ഇന്ത്യ ഉയർത്തിയ 76 റൺസ് വിജയലക്ഷ്യം, വെറും 18.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസീസ് മറികടന്നു. സ്കോർ: ഇന്ത്യ– 109, 163. ഓസ്ട്രേലിയ– 197, ഒന്നിന് 78.ഇതോടെ, നാലു ടെസ്റ്റുകളുള്ള പരമ്പര ഓസീസ് 2–1ൽ എത്തിച്ചു. ആദ്യ രണ്ടു ടെസ്റ്റുകൾ ജയിച്ച ഇന്ത്യ പരമ്പര നിലനിർത്തിയിരുന്നു. ഈ വിജയത്തോടെ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പാക്കി. ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം ഓസീസിനെ നയിച്ച സ്റ്റീവ് സ്മിത്തിനും വിജയത്തോടെ നായക സ്ഥാനത്തേക്ക് രാജകീയ തിരിച്ചുവരവ്. സ്ഥിരം നായകൻ പാറ്റ് കമ്മിൻസ് കുടുംബപരമായ കാരണങ്ങളാൽ നാട്ടിലേക്കു മടങ്ങിയ സാഹചര്യത്തിലാണ് സ്മിത്ത് താൽക്കാലിക നായകനായത്. പരമ്പരയിലെ നാലാം ടെസ്റ്റ് മാർച്ച് ഒൻപതു മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ.താരതമ്യേന ചെറിയ വിജയലക്ഷ്യങ്ങൾക്കു മുന്നിൽ ഇത്തരം പിച്ചുകളിൽ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തെളിയിച്ചാണ് ഓസീസ് അനായാസം ജയിച്ചുകയറിയത്. ഓപ്പണർ ഉസ്‌മാൻ ഖവാജയെ മൂന്നാം ദിനത്തിലെ രണ്ടാം പന്തിൽത്തന്നെ നഷ്ടമായ ഓസീസിന്, 53 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 49 റൺസെടുത്ത സഹ ഓപ്പണർ ട്രാവിസ് ഹെഡിന്റെ പ്രകടനമാണ് വിജയമൊരുക്കിയത്. മാർനസ് ലബുഷെയ്നും 58 പന്തിൽ ആറു ഫോറുകളോടെ 28 റൺസുമായി പുറത്താകാതെ നിന്നു. പിരിയാത്ത രണ്ടാം വിക്കറ്റിൽ ഹെഡ് – ലബുഷെയ്ൻ സഖ്യം 78 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കായി അശ്വിൻ 9.5 ഓവറിൽ 44 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ വിജയകരമായി പ്രതിരോധിച്ച ചെറിയ വിജയലക്ഷ്യം 85 റൺസ് ആണെന്ന ചരിത്രത്തിലേക്ക് ഉറ്റുനോക്കിയാണ് 76 റൺസ് വിജയലക്ഷ്യത്തിലേക്ക് ഓസീസ് ഇന്ന് ബാറ്റെടുത്തത്. പിച്ചിൽ സ്പിൻ കെണിയൊരുക്കി എതിരാളികളെ വട്ടംകറക്കി വീഴ്ത്താനിറങ്ങിയ ഇന്ത്യയ്ക്ക് ഓസീസ് സ്പിന്നർ നേഥൻ ലയണാണ് എട്ടിന്റെ പണി സമ്മാനിച്ചത്. 64 റൺസ് വഴങ്ങിയ 8 വിക്കറ്റെടുത്ത ലയൺ ബാറ്റിങ് നിരയുടെ തലയും വാലും അറുത്തപ്പോൾ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 163 റൺസിന് പുറത്ത്. 3 ദിവസവും 10 വിക്കറ്റുകളും ശേഷിക്കെ ഓസ്ട്രേലിയയ്ക്ക് മുന്നിലുയർന്നത് വെറും 76 റൺസിന്റെ വിജയലക്ഷ്യം.കരിയറിലെ രണ്ടാമത്തെ മികച്ച ബോളിങ് പ്രകടനവുമായി നേഥൻ ലയൺ തിളങ്ങിയ ദിവസം ഇന്ത്യ നേരിട്ടത് വലിയ ബാറ്റിങ് തകർച്ച. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 197 റൺസിൽ അവസാനിപ്പിച്ച ശേഷം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കു നിലയുറപ്പിക്കാൻ പോലുമായില്ല. വിക്കറ്റ് നഷ്ടമില്ലാതെ 13 എന്ന സ്കോറിൽ ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഇന്ത്യയുടെ തകർച്ചയ്ക്കു നേഥൻ ലയൺ തുടക്കമിട്ടത് രണ്ടാം സെഷനിലെ ആദ്യ ഓവറിൽ. ശുഭ്മൻ ഗിൽ (5) ബോൾഡ്. രോഹിത് ശർമ (12), രവീന്ദ്ര ജഡേജ (7) എന്നിവർ ലയണിന്റെ ഇരകളായപ്പോൾ വിരാട് കോലിയെ (13) മാത്യു കോനമൻ എൽബിഡബ്ല്യുവാക്കി. 4ന് 78 എന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്കു നേരിയ ആശ്വാസം നൽകിയത് ചേതേശ്വർ പൂജാരയും (59) ശ്രേയസ് അയ്യരും (26) ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്.എന്നാൽ, ടീം സ്കോർ 113ൽ നിൽക്കെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഉസ്മാൻ ഖവാജയുടെ ഉജ്വല ക്യാച്ചിൽ ശ്രേയസ് പുറത്തായി. തുടർന്ന് 50 റൺസിനിടെ ഇന്ത്യയുടെ അവസാന 5 വിക്കറ്റുകൾ എറിഞ്ഞിട്ട ലയൺ, മുൻ ടെസ്റ്റുകളിൽ ഇന്ത്യയെ രക്ഷിച്ച വാലറ്റത്തിന് തല പൊക്കാൻ ഇത്തവണ അവസരം നൽകിയില്ല. എട്ടാം വിക്കറ്റ് വരെ പിടിച്ചുനിന്ന പൂജാരയ്ക്കു മാത്രമാണ് ലയണിനെ പ്രതിരോധിക്കാനായത്. ടെസ്റ്റ് മത്സരത്തിന്റെ 2 ഇന്നിങ്സുകളിലും ഇന്ത്യ 200 റൺസിൽ താഴെ പുറത്താകുന്നത് 45 വർഷത്തിനിടെ ഇതു രണ്ടാം തവണയാണ്.
രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്കു ആശ്വസിക്കാൻ വക നൽകിയത് ആദ്യ സെഷനിലെ ബോളിങ് പ്രകടനം മാത്രം. 4ന് 156 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനഃരാരംഭിച്ച ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 186ൽ എത്തിയിരുന്നു. എന്നാൽ തുടർന്ന് 11 റൺസിനിടെ 6 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ സന്ദർശകരെ 197 റൺസിൽ ചുരുട്ടിക്കെട്ടി. 3 വീതം വിക്കറ്റുകളുമായി പേസർ ഉമേഷ് യാദവും സ്പിന്നർ രവിചന്ദ്ര അശ്വിനും തിളങ്ങി. 88 റൺസ് ലീഡിന്റെ ആധിപത്യവുമായാണ് ഓസ്ട്രേലിയ ഇന്ത്യയെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനയച്ചത്.