മൈസൂരു – ബെംഗളൂരു ഇനി 75 മിനിറ്റിൽ; 118 കി.മീ. അതിവേഗ പാത ഇന്ന് തുറക്കും

ബെംഗളൂരു • ബെംഗളൂരുവിൽനിന്നു മൈസൂരുവിലേക്ക് 75 മിനിറ്റിൽ എത്താവുന്ന 10 വരി അതിവേഗപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തിനു സമർപ്പിക്കും. 8172 കോടി രൂപ ചെലവിട്ടു നിർമിച്ച 118 കിലോമീറ്റർ അതിവേഗ പാതയോടൊപ്പം 16,000 കോടിയുടെ വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നുണ്ട്.പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച പാതയിൽ ടോൾ പിരിവ് 14നു ശേഷം ആരംഭിക്കും. ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ, കുറഞ്ഞ വേഗമുള്ള വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ഈ പാതയിൽ ഇടമുണ്ടാകില്ല. നിലവിൽ ബെംഗളൂരു–മൈസൂരു യാത്രയ്ക്കു 3 മണിക്കൂർ വേണം. പുതിയ പാത വരുന്നതോടെ ബെംഗളൂരുവിൽനിന്നു വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂർ വരെ കുറയും.
ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേ (എൻഎച്ച്–275)

• പ്രധാന പാത: 6 വരി; സർവീസ് റോഡ്: 2 വരി വീതം
• പരമാവധി വേഗം: മണിക്കൂറിൽ 100 കി.മീ.

• ബന്ധിപ്പിക്കുന്ന നഗരങ്ങൾ: ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണം

• വലിയ പാലങ്ങൾ: 9
• ചെറിയ പാലങ്ങൾ: 42
• മേൽപാലങ്ങൾ: 11
• അടിപ്പാതകൾ: 64
• നിർമാണച്ചെലവ്: 8172 കോടിരൂപ
• നിർമാണം ആരംഭിച്ചത്: 2018
• ടോൾ പ്ലാസകൾ– 2