• ഹോട്ടൽ മാനേജ്മെന്റ്, അഗ്നിരക്ഷാ സേന, പിന്നെ സിവിൽ സർവീസ്. വളരെ വ്യത്യസ്തങ്ങളായ മേഖലകളിലായിരുന്നല്ലോ പഠനവും ജോലിയും. കൃത്യമായ ലക്ഷ്യത്തിലെത്താൻ നടത്തിയ പരിശീലനങ്ങളെക്കുറിച്ച് പറയാമോ?
പ്ലസ്ടുവിനു പഠിക്കുമ്പോൾ, എന്തെങ്കിലും ഒരു ജോലി എന്നതായിരുന്നു ആഗ്രഹം. അങ്ങനെയാണ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് തിരഞ്ഞെടുത്തത്. ആ മേഖലയെപ്പറ്റി ഒരു ധാരണയുമില്ലാതെ ചെന്നതിനാൽ ആ ജോലിയിൽ ഒട്ടും സംതൃപ്തനായിരുന്നില്ല. എനിക്ക് കുറച്ചു ക്രിട്ടിക്കൽ തിങ്കിങ് ഒക്കെയുള്ള ജോലിയായിരുന്നു താൽപര്യം. പിഎസ്‌സി പരീക്ഷയും യാദൃച്ഛികമായി എഴുതിയതാണ്. അതിനു വേണ്ടി പരിശീലനമൊന്നും നടത്തിയിട്ടില്ല. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ വന്നില്ലായിരുന്നെങ്കിൽ ജോലി തേടി വിദേശത്തു പോയേനേ.ഫയർഫോഴ്സ് ട്രെയിനിങ് സമയത്ത് ഒരു പരീക്ഷയുണ്ടായിരുന്നു. അതിൽ എനിക്ക് ഒന്നാം റാങ്കു കിട്ടി. ആ സമയത്താണ്, ശ്രമിച്ചാൽ എന്തു ലക്ഷ്യവും നേടാനാകും എന്ന തോന്നൽ ശക്തമായത്. അങ്ങനെ സിവിൽ സർവീസ് പരീക്ഷയെഴുതാൻ തീരുമാനിച്ചു. ജോലി തരുന്ന ഒരു സുരക്ഷിതത്വബോധമുണ്ട്; എന്തു വന്നാലും പട്ടിണി കിടക്കേണ്ടി വരില്ല എന്ന ധൈര്യം. ആ ഉറപ്പിലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
• തിരഞ്ഞെടുത്ത മേഖല അനുയോജ്യമല്ലെന്നു കണ്ടപ്പോൾ തിരിഞ്ഞു നടന്ന ആളാണ്. കരിയർ മാറാൻ ആഗ്രഹിച്ചിട്ടും പതറി നിൽക്കുന്നവരോട് പറയാനുള്ളതെന്താണ്?
പഠിച്ചതോ അനുഭവപരിചയമുള്ളതോ ആയ മേഖലയിലെ ജോലി വിട്ട് മറ്റൊന്നു തിരഞ്ഞെടുക്കുന്നത് വലിയ വെല്ലുവിളി തന്നെയാണ്. അത് ഏറ്റെടുക്കാൻ ധൈര്യമുണ്ടെങ്കിൽ മാത്രമേ മാറ്റത്തെക്കുറിച്ചു ചിന്തിക്കാവൂ. അങ്ങനെ മാറണമെങ്കിൽപോലും സാഹചര്യങ്ങൾ അനുകൂലമാകണം. മാറ്റം ആഗ്രഹിക്കുന്ന എല്ലാവർക്കും അതു ലഭിക്കണമെന്നില്ല. എനിക്ക് അത്തരമൊരു അനുകൂലസ്ഥിതിയുണ്ടായിരുന്നു. എന്റെ ഇരുപതുകളിൽ എനിക്ക് അധികം ഉത്തരവാദിത്തമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ജോലി വിടാനായത്. എല്ലാവർക്കും അതു സാധിക്കണമെന്നില്ല. എല്ലാത്തിനും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ട് എടുത്തുചാടിയുള്ള ജോലിമാറ്റത്തെ ഞാൻ അത്ര പ്രോത്സാഹിപ്പിക്കില്ല. കരിയർ മാറാൻ ആഗ്രഹമുള്ളവർ ഒരു പ്ലാൻ ബി തയാറാക്കിയ ശേഷം, അടുത്ത ജോലി കിട്ടുംവരെയുള്ള ഇടവേളയിൽ ജീവിതച്ചെലവിനും മറ്റും വേണ്ടിവരുന്ന പണം കരുതണം. അതിനു ശേഷമേ നിലവിലുള്ള ജോലി വിടാവൂ എന്നാണ് എന്റെ അഭിപ്രായം.
ഇനി ഏതു മേഖലയിലേക്കാണു പോകേണ്ടത്, അതിലേക്ക് എങ്ങനെ എത്തിപ്പെടാം എന്നൊക്കെ വ്യക്തമായ ധാരണ വേണം. കൃത്യമായ ആസൂത്രണത്തിനു ശേഷമേ ജോലി വിടാവൂ. ജോലി മാറുന്ന ഘട്ടത്തിൽ അസ്ഥിരതയും അരക്ഷിതാവസ്ഥയുമൊക്കെയുണ്ടാകും ആ സമയത്തു സഹായിക്കാൻ കഴിയുന്ന സുഹൃത്തുക്കളും ബന്ധങ്ങളും തീർച്ചയായും വേണം. സിവിൽ സർവീസ് വിട്ട് മറ്റു മേഖലകളിലേക്ക് ജോലി തേടിപ്പോകുന്ന ആളുകളുമുണ്ടല്ലോ. എത്ര താൽപര്യമുണ്ടെങ്കിലും, ജീവിക്കാനുള്ള പണം പുതിയ ജോലിയിൽനിന്നു കണ്ടെത്താനാവുന്നില്ലെങ്കിൽ പഴയ ജോലിയിലേക്കു മടങ്ങേണ്ടി വരും എന്നു മറക്കരുത്. അതുകൊണ്ട്, എടുത്തു ചാടാതെ, വ്യക്തമായ ആസൂത്രണത്തോടെ മാത്രമേ പഴയ ജോലി വിട്ട് പുതിയ ജോലിക്കു ശ്രമിക്കാവൂ.
• ജോലിയോടൊപ്പം സിവിൽ സർവീസ് പഠനവും പരിശീലനവും ഏറെ ശ്രമകരമായിരുന്നില്ലേ. അന്നു സ്വീകരിച്ച പഠന തന്ത്രങ്ങളെക്കുറിച്ച് പറയാമോ?
അഗ്നിരക്ഷാ സേന ഒരു എമർജൻസി റെസ്പോൺസ് ഫോഴ്സ് ആണ്. ദിവസവും ഒന്നോ രണ്ടോ സംഭവങ്ങളുണ്ടാകും. 24 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞാൽ 24 മണിക്കൂർ ഫ്രീയാണ്. അങ്ങനെ ലഭിക്കുന്ന ഒഴിവു സമയങ്ങൾ കൂടുതൽ പ്രയോജനപ്രദമായി ഉപയോഗിച്ചിരുന്നു. പക്ഷേ ടൈംടേബിളുണ്ടാക്കി മണിക്കൂർ കണക്കാക്കി പഠിക്കാൻ പറ്റുന്ന സാഹചര്യവുമല്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ സ്വീകരിച്ച മാർഗം, ഒരാഴ്ച ചെയ്യാനുള്ള കാര്യങ്ങൾ എന്റെ സമയമനുസരിച്ചു വിഭജിക്കുക എന്നതായിരുന്നു. എപ്പോഴാണോ പഠിക്കാൻ സമയം കിട്ടുന്നത് അതനുസരിച്ചു പഠിക്കും. ഓരോരുത്തർക്കും ഓരോ പഠന ശൈലിയും കഴിവുകളുമാകും ഉണ്ടാവുക. പരിശീലനത്തിനു മുൻപ് നമ്മുടെ മികവുകൾ കണ്ടെത്താൻ കഴിഞ്ഞാൽ അതേറെ പ്രയോജനപ്പെടും. വായനയുടെ വേഗം കൂട്ടാനാണ് ഞാൻ ശ്രമിച്ചത്. അത്തരം പരീക്ഷണങ്ങൾ പരിശീലനത്തിൽ ഏറെ ഗുണം ചെയ്തു.ഏബ്രഹാം ലിങ്കൺ പറഞ്ഞിട്ടുണ്ട്. ‘‘എനിക്ക് ഒരു മരം മുറിക്കാൻ ഒരു മണിക്കൂർ ലഭിക്കുകയാണെങ്കിൽ അതിൽ 45 മിനിറ്റും ഞാൻ മഴുവിന്റെ മൂർച്ച കൂട്ടാൻ ശ്രമിക്കും.’’ എന്ന്. അതേ നയമാണ് പരിശീലന തന്ത്രമായും സ്വീകരിച്ചത്. പഠനതന്ത്രങ്ങളും നൈപുണ്യവും മെച്ചപ്പെടുത്തുകയെന്നതാണ് ഏറ്റവും പ്രധാനം. ബാക്കിയുള്ളതെല്ലാം അതിന്റെ പ്രയോഗം മാത്രമാണ്. കഠിനാധ്വാനം ചെയ്തതുകൊണ്ടു മാത്രം മികച്ച ഫലം ലഭിക്കില്ല, മികവും നൈപുണ്യവും വർധിപ്പിക്കുന്നതിൽ ശ്രദ്ധ വച്ചാൽ നല്ല ഫലം കിട്ടും.പാരെറ്റോയുടെ ഒരു നിയമമുണ്ട് (Pareto principle). നമ്മൾ നടത്തുന്ന 20 ശതമാനം ശ്രമമാണ് ആണ് 80 ശതമാനം ഫലമുണ്ടാക്കുന്നതെന്ന്. സിവിൽ സർവീസ് പരിശീലനത്തിൽ ആ 20 ശതമാനം തിരിച്ചറിയാൻ പറ്റിയാൽ അതുകൊണ്ട് പരമാവധി ഫലമുണ്ടാക്കാൻ സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഉദാഹരണമായി, ഒരു പുസ്തകത്തിന്റെ 10 പേജ് വായിച്ചാൽ അതിൽ ഉപകാരപ്പെടുന്ന കാര്യങ്ങൾ രണ്ടു പേജിലേ ഉണ്ടാകൂ. അവ പെട്ടെന്നു കണ്ടുപിടിക്കാനായാൽ ആ 2 പേജിൽ മാത്രം ശ്രദ്ധിച്ചാൽ മതി. ക്രിട്ടിക്കൽ തിങ്കിങ്ങും വിശകലന ശേഷിയും മെച്ചപ്പെടുത്താൻ യുട്യൂബ് ചാനലുകളെ ആശ്രയിച്ചിരുന്നു. സിവിൽ സർവീസ് പരിശീലനത്തിൽ കഠിനാധ്വാനം പോലെ തന്നെ പ്രധാനമാണ് സ്മാർട് വർക്കും. ഇത്തരം നൈപുണ്യങ്ങളും ശീലങ്ങളുമൊന്നും ഒരു രാത്രി ഇരുട്ടി വെളുക്കും മുൻപ് സ്വായത്തമാക്കാൻ കഴിയുന്നതല്ല. സാവധാനം വളർത്തിയെടുക്കാവുന്ന കഴിവുകളാണ്.
• നീണ്ട 6 വർഷങ്ങളാണ് സിവിൽ സർവീസ് സ്വപ്നം സഫലമാക്കാനായി പരിശ്രമിച്ചത്. തളരാതെ പോരാടാൻ മനസ്സിനു ധൈര്യം നൽകിയതെങ്ങനെയാണ്?
പരാജയപ്പെടുമ്പോൾ വിഷമമുണ്ടാകും, തളർന്നു പോകും, വിഷാദം പോലും വരാം. ഇതൊക്കെ അതിന്റെ ഭാഗമാണ്. ഇതിനെയൊക്കെ കണ്ടില്ലെന്നു നടിച്ച് പ്രത്യേകിച്ചൊന്നും ചെയ്യാതെ, ‘കഠിനാധ്വാനം ചെയ്താൽ മതി, എല്ലാം ശരിയാകും’ എന്നു കരുതി മുന്നോട്ടു പോകുമ്പോഴാണ് വീണ്ടും തട്ടിവീഴുന്നത്. നമ്മൾ പരാജയപ്പെടുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടാകും. അതെന്താണെന്നു കൃത്യമായി കണ്ടെത്താൻ ശ്രമിക്കണം. എന്തു കൊണ്ടു തോറ്റു, ഇനി ഏതൊക്കെ രീതിയിൽ തോൽക്കാൻ സാധ്യതയുണ്ട് എന്നു ചിന്തിക്കുക. അവയെ മറികടക്കാൻ വേണ്ട കാര്യങ്ങൾ ചെയ്താൽ പിന്നെങ്ങനെയാണ് തോൽക്കുക. എല്ലാ വർഷവും എണ്ണൂറിലധികം പേർ ഈ പരീക്ഷ പാസാകുന്നുണ്ട്. പല പശ്ചാത്തലത്തിൽനിന്ന് വരുന്നയാളുകളിൽ, ഈ പരീക്ഷയ്ക്കുവേണ്ട യോഗ്യതകളുള്ളവർ വിജയിക്കും. ലക്ഷ്യം ഏതും ആയിക്കൊള്ളട്ടെ, കംഫർട്ട് സോണിൽനിന്നു പുറത്തു കടന്ന് യഥാർഥ പ്രശ്നങ്ങളെ നേരിട്ട് അവ തിരുത്താനുള്ള ആർജ്ജവം കാണിച്ചാൽ വിജയം സുനിശ്ചിതമായിരിക്കും.പലരും കംഫർട്ട് സോണിൽ നിന്നുകൊണ്ട് തങ്ങളുടെ മികവുകളിൽ മാത്രം ശ്രദ്ധിക്കുകയും ദൗർബല്യങ്ങളെ അവഗണിക്കുകയുമാണ് പതിവ്. യഥാർഥ പ്രശ്നങ്ങളെക്കുറിച്ചോർക്കാതെ, ‘നന്നായി പഠിച്ചില്ല, പഠിച്ചിരുന്നെങ്കിൽ കുറച്ചു കൂടി മാർക്ക് കിട്ടിയേനേ’ എന്ന തെറ്റായ നിഗമനത്തിലെത്തും. ആദ്യ ശ്രമത്തിൽത്തന്നെ പരീക്ഷ പാസാകുന്ന ആളുകളെക്കുറിച്ചും ഒരുപാട് അറിവും അനുഭവ സമ്പത്തുമുണ്ടായിട്ടും പലവട്ടം പരീക്ഷയിൽ തോറ്റവരെക്കുറിച്ചും അപ്പോൾ ചിന്തിക്കാം. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായാൽ തീർച്ചയായും നമ്മുടെ യഥാർഥ പ്രശ്നങ്ങളും അതിനുള്ള പരിഹാരം കണ്ടെത്താൻ കഴിയും.
• ഐച്ഛിക വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്താണ്?
വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വ്യക്തിഗതമായ താൽപര്യങ്ങൾക്കു തന്നെയാകണം മുൻഗണന. ഒരു ധാരണയുമില്ലാത്ത വിഷയങ്ങൾ പഠിക്കാൻ ബുദ്ധിമുട്ടാണ്. അഭിരുചിയുള്ള വിഷയങ്ങൾ കുറച്ചുകൂടി നന്നായി പഠിക്കാൻ പറ്റും. വിഷയത്തിൽ എത്രത്തോളം അറിവുണ്ട് എന്നല്ല യുപിഎസ്‌സി ചോദിക്കുക, ഈ വിഷയത്തിലെ കാര്യങ്ങൾ എത്രത്തോളം പ്രായോഗികമാക്കാൻ പറ്റുമെന്നാണ്. ആ കഴിവുണ്ടെങ്കിലേ മാർക്ക് കിട്ടൂ. അറിവുണ്ടായിട്ടോ അതു പ്രകടിപ്പിച്ചതു കൊണ്ടോ മാത്രം കാര്യമില്ല. കടിച്ചാൽ പൊട്ടാത്ത ഭാഷയിൽ ഉത്തരമെഴുതുന്നവരേക്കാൾ, കൊച്ചു കുട്ടികൾക്കു വരെ മനസ്സിലാകുന്ന പോലെ എഴുതുന്നവർക്കായിരിക്കും കൂടുതൽ മാർക്ക് കിട്ടുക.
• പഠനം നാട്ടിലെ സ്കൂളുകളായിരുന്നില്ലേ. തിരുവനന്തപുരം ഐഎഎസ് അക്കാദമിയിലൊക്കെ പരിശീലിച്ചിരുന്നല്ലോ. പഠന രീതി എങ്ങനെയായിരുന്നു?
പരിശീലനം ടാസ്ക് ഓറിയന്റഡ് ആയിരുന്നു. ഒരു നിശ്ചിത രീതിയല്ല പിന്തുടർന്നത്. ഓരോ വർഷം കഴിയുന്തോറും കൂടുതൽ മെച്ചപ്പെടാനായി എന്തൊക്കെ ചെയ്യാൻ കഴിയുമായിരുന്നോ അതൊക്കെ ചെയ്യുമായിരുന്നു. കാണാതെ പഠിക്കാനല്ല, മനസ്സിലാക്കി പഠിക്കാനാണ് ശ്രമിച്ചിരുന്നത്. നമ്മുടെ കൈയിലുള്ള വിവരങ്ങൾ കുറവാണെങ്കിലും അത് കൃത്യമായി പ്രായോഗികമാക്കാൻ കഴിയുന്ന വിധത്തിൽ ഉപയോഗിക്കുന്ന രീതിയാണ് സ്വീകരിച്ചത്.
• അഭിമുഖത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
അഭിമുഖത്തിലെ അനുഭവം ഓരോരുത്തർക്കും ഓരോ വിധമാണ്. നമ്മൾ പൂരിപ്പിച്ചു നൽകുന്ന വിശദമായ ഒരു ഫോമിൽ നിന്നായിരിക്കും 80 ശതമാനത്തോളം ചോദ്യങ്ങൾ വരിക. ബാക്കി 20 ശതമാനം കാര്യങ്ങൾ ഏരിയാസ് ഓഫ് ഇന്ററസ്റ്റ്, കറന്റ് അഫയേഴ്സ് തുടങ്ങിയവയിൽനിന്നും ഉണ്ടാവും. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ചോദ്യം വന്നത് ഞാൻ മുൻപ് ജോലി ചെയ്ത അഗ്നിരക്ഷാ മേഖലയെക്കുറിച്ചായിരുന്നു. പ്രളയം കഴിഞ്ഞ സമയം ആയതുകൊണ്ടുകൂടിയാകാം അങ്ങനെയുള്ള ചോദ്യങ്ങൾ വന്നത്. പ്രളയ സമയത്തെ രക്ഷാ പ്രവർത്തനം എങ്ങനെയായിരുന്നുവെന്നും അഗ്നിരക്ഷാ സേനയുടെ സാങ്കേതിക കാര്യങ്ങൾ എങ്ങനെയാണെന്നുമൊക്കെ ചോദിച്ചിരുന്നു. ഫയർമാനിൽനിന്ന് ഐഎഎസ് ഓഫിസറിലേക്കുള്ള മാറ്റത്തെക്കുറിച്ച് ചോദ്യങ്ങളുണ്ടായിരുന്നു. ഏതു ജോലിയാണ് കൂടുതൽ ബുദ്ധിമുട്ടേറിയത് എന്നും ചോദിച്ചിരുന്നു. ജോലിയെക്കുറിച്ചുള്ള ധാരണ, അതിനോടുള്ള താൽപര്യം എന്നിവ മനസ്സിലാക്കാനുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. എന്റെ ഹോബി ബിഹേവിയർ ഇൻസൈറ്റ്‌സ് ആയിരുന്നു. അതിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. ആ ഇഷ്ടം നയരൂപീകരണത്തിലും ഭരണത്തിലും എങ്ങനെ പ്രായോഗികമാക്കാമെന്ന തരത്തിലുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. നമ്മൾ പറയുന്ന കാര്യങ്ങളിൽ ഇന്റർവ്യൂ പാനലിന് താൽപര്യമുള്ള മേഖലയിലേക്ക് അഭിമുഖം നീളാറുണ്ട്.
ചോദ്യോത്തര വേള എന്നതിനപ്പുറം അഭിമുഖം ഒരു സംഭാഷണമാണ്. അവർക്ക് താൽപര്യം തോന്നുന്ന കാര്യങ്ങളിലോ സംശയം തോന്നുന്ന കാര്യങ്ങളിലോ കൂടുതൽ വ്യക്തത വരുത്തേണ്ടി വരും. സത്യസന്ധമായ ഉത്തരങ്ങൾ പറയുന്നതിലൂടെ അവർക്ക് നമ്മുടെ അറിവും താൽപര്യവുമെല്ലാം മനസ്സിലാക്കാനാകും. അതുകൊണ്ടാണ് അഭിമുഖത്തിൽ നുണ പറയരുതെന്നു പറയുന്നത്. നമ്മൾ പറയുന്നത് സത്യമാണെങ്കിൽ ഇന്റർവ്യൂ പാനലിന് അത് കൃത്യമായി മനസ്സിലാകും. കള്ളം പറഞ്ഞാൽ അതവർക്ക് തിരിച്ചറിയാനും സാധിക്കും. വളരെ കൗതുകത്തോടെയാണ് ഇന്റർവ്യൂ പാനൽ പല ചോദ്യങ്ങളും ചോദിക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
• ഏറെ ആഗ്രഹിച്ചും കഠിനാധ്വാനം ചെയ്തും സ്വന്തമാക്കിയ ജോലിയാണ്. ഒരു സിവിൽ സർവീസ് പരീക്ഷാർഥി എന്ന നിലയിലും സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്ന രീതിയിലും ജോലിയുടെ സ്വഭാവത്തെക്കുറിച്ച് പറയാമോ?
അഗ്നിരക്ഷാസേനയിൽ കോൺസ്റ്റബിളായിരുന്നു. അങ്ങനെയൊരു പശ്ചാത്തലത്തിൽനിന്നു വന്നതു കൊണ്ട് കീഴുദ്യോഗസ്ഥർ എങ്ങനെയാണു ചിന്തിക്കുന്നതെന്ന് എനിക്കു മനസ്സിലാകും. ഈ ജോലിയിൽ വന്നപ്പോൾ എന്റെയൊപ്പമുള്ള ജീവനക്കാരുടെ മനസ്സ് മനസ്സിലാക്കി പ്രവർത്തിക്കാൻ ശ്രദ്ധിക്കാറുണ്ട്. എല്ലാവരും നല്ല കഴിവുള്ളയാളുകളാണ്. അപ്പുറത്തു നിൽക്കുന്നയാളുടെ സാഹചര്യം മനസ്സിലാക്കാതെ തീരുമാനങ്ങൾ അടിച്ചേൽപിക്കുന്ന പ്രവണത മിക്കയിടത്തുമുണ്ട്. അത്തരം സാഹചര്യങ്ങളൊഴിവാക്കി ജോലികൾ ഏൽപിക്കാൻ ശ്രമിക്കാറുണ്ട്. ഉത്തരവാദിത്തം ഏറ്റെടുത്ത്, ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ജോലിക്കു നിയോഗിക്കുമ്പോൾ അവർ കൂടുതൽ ആത്മാർഥത കാട്ടും. അതിന്റെ ഗുണപരമായ മാറ്റങ്ങൾ അനുഭവിച്ചറിയാനും സാധിച്ചിട്ടുണ്ട്. ഓഫിസിലെ പല കാര്യങ്ങളിലും ജീവനക്കാരുടെ പങ്കാളിത്തം കൂടിയിട്ടുണ്ട്. സബ് കലക്ടറായിട്ട് മാസങ്ങളേ ആയിട്ടുള്ളൂ എന്നതുകൊണ്ട് അഗ്നിരക്ഷാസേനയിൽ ചെയ്തിരുന്നതുപോലെ അടിയന്തര ഘട്ടങ്ങളെ ഇതുവരെ കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ല.
• പ്രതീക്ഷിച്ചതുപോലെയാണോ ജോലിയുടെ സ്വഭാവം?
പൊതുവെ ഈ ജോലിയുടെ ഗ്ലാമർ കണ്ടിട്ടാണ് പലരും ശ്രമിക്കുന്നത്. സിനിമയിലൊക്കെ കാണുന്നതു പോലെ സ്ലോമോഷനിൽ നടക്കുന്നതും ചുറ്റും പൊലീസുകാർ വരുന്നതും ആളുകളുടെ ആരാധനയും ഒക്കെ കണ്ടിട്ടാണ് പലർക്കും സർവീസിൽ കയറണമെന്ന് തോന്നുന്നത്. ഇവിടെ കൂടുതലും ഡെസ്ക് ജോബ് ആണ് ചെയ്യാനുള്ളത്. നിബന്ധനകളും നിയന്ത്രണങ്ങളും ഒരുപാടുള്ള ജോലിയാണിത്. സാമൂഹിക ക്ഷേമമാണ് പ്രധാനമായും നോക്കുന്നത്. പലതരത്തിലുള്ള ആളുകളെ നയപരമായി കൈകാര്യം ചെയ്യുന്നതാണ് ഈ ജോലിയിലെ വെല്ലുവിളികളൊന്ന്. ആളുകളെക്കൊണ്ട് ജോലികൾ ചെയ്യിപ്പിക്കണം. പക്ഷേ ശത്രുതയുണ്ടാകാൻ പാടില്ല. ആളുകളെ പ്രചോദിപ്പിച്ച് ചെയ്ത് ജോലി ചെയ്യിക്കാനായാൽ ജോലിയിൽ സുഗമമായി മുന്നോട്ടു പോകാം.
ഈ സംവിധാനത്തിൽ ഒരുപാടുപേർ ഭാഗഭാക്കാകുന്നുണ്ട്. രാഷ്ട്രീയക്കാർ, സാമൂഹിക സംഘടനകൾ അങ്ങനെയങ്ങനെ. ചില സ്ഥലങ്ങളിൽ അണ്ടർഗ്രൗണ്ട് ഗ്രൂപ്പുകൾ പോലും അതിൽപെടുന്നു. കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് മറ്റു പല സ്ഥലങ്ങളിലും നടക്കുന്നത്. നാഗാലാൻഡിലും മറ്റും പൊലീസിനു പോലും കടന്നു ചെല്ലാൻ പറ്റാത്ത സ്ഥലങ്ങളുണ്ട്. അവിടെയൊക്കെ ജോലി ചെയ്യുന്ന ആളുകൾ തികച്ചും വ്യത്യസ്തമായ വെല്ലുവിളികളാണ് നേരിടുന്നത്. ഈ ജോലി ചെയ്യുമ്പോൾ പലപ്പോഴും സ്വകാര്യത, കുടുംബത്തിനൊപ്പം ചെലവഴിക്കാനുള്ള സമയം ഇവയൊക്കെ നഷ്ടപ്പെടാം. ജോലിക്ക് അങ്ങനെ കൃത്യമായ സമയനിഷ്ഠയൊന്നുമില്ല. എപ്പോൾ ആവശ്യപ്പെട്ടാലും സേവനം നൽകാൻ സന്നദ്ധരായിരിക്കണം.
• റോൾ മോഡലായി ആരെങ്കിലും ഉണ്ടോ?
അങ്ങനെ റോൾമോഡലൊന്നുമില്ല. പലരും അസാധാരണ കാര്യങ്ങൾ ചെയ്യാറുണ്ടെങ്കിൽക്കൂടി എല്ലാവരും സാധാരണക്കാരാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാവരിലും പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങളുണ്ടാവുമല്ലോ. ഏതൊരാളിലും നല്ലതു കണ്ടാൽ പ്രോത്സാഹിപ്പിക്കാനും നല്ല ശീലങ്ങൾ സ്വീകരിക്കാനും ശ്രദ്ധിക്കാറുണ്ട്. ജീവിതത്തിൽ മാതൃകകൾ ഇല്ലാതിരിക്കുന്നതാണു നല്ലതെന്നു തോന്നിയിട്ടുണ്ട്. ഉണ്ടെങ്കിൽ അവർ വീഴുമ്പോൾ നമ്മളും വീഴും. അവരെ ആരെങ്കിലും വിമർശിക്കുമ്പോൾ നമ്മളത് വ്യക്തിപരമായി എടുക്കാനോ നമ്മെ വൈകാരികമായി ബാധിക്കാനോ സാധ്യതയുണ്ട്.
• കരിയറിലെ മറക്കാനാകാത്ത ഒരു അനുഭവത്തെക്കുറിച്ച് പറയാമോ?
കേന്ദ്ര സർക്കാരിന്റെ ഭാഗമായി മൂന്നു മാസം ജോലി ചെയ്തിരുന്നു. അവിടെ വച്ച് ഭരണസംവിധാനത്തിലെ ഓട്ടമേഷനെപ്പറ്റി ഒരു പ്രോജക്റ്റ് ചെയ്തു. നമ്മുടെ ഭരണസംവിധാനം കുറച്ചു കൂടി കാര്യക്ഷമമാക്കാനുള്ള പ്രൊജക്റ്റ് ആയിരുന്നു. കേന്ദ്ര സർക്കാർ അത് ഏറ്റെടുത്തു. ഐഐടി കാൺപുർ അതു വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചു വർഷങ്ങൾക്കു ശേഷം ഒരു പക്ഷേ ഭരണസംവിധാനം അങ്ങനെ മാറിയേക്കാം.