60 പവൻ മോഷണം പോയി, വീട്ടുജോലിക്കാരെ സംശയമെന്ന് ഐശ്വര്യ രജനീകാന്ത്; പരാതി നല്‍കി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ മോഷണം. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളുമാണ് മോഷണം പോയത്. സംഭവത്തില്‍ ചെന്നൈയിലെ തെയ്‌നംപേട്ട് പൊലീസ് സ്റ്റേഷനിലെത്തി ഐശ്വര്യ പരാതി നല്‍കി. 

ഫെബ്രുവരി 27നാണ് മോഷണ പരാതിയുമായി താരം പൊലീസിനെ സമീപിക്കുന്നത്. തന്റെ വീട്ടിലെ മൂന്നു ജോലിക്കാരാണ് മോഷണത്തിന് പിന്നിലെന്ന് സംശയമുള്ളതായി ഐശ്വര്യ പറഞ്ഞു. ഡ്രൈവറിനേയും രണ്ട് വീട്ടുജോലിക്കാരെയും സംശയമുള്ളതായി താരം പൊലീസിനോട് പറഞ്ഞു. 

2019ല്‍ സഹോദരിയുടെ വിവാഹത്തിന് ഉപയോഗിച്ച ശേഷം ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു. അതിനുശേഷം മൂന്നു തവണ ലോക്കര്‍ പലസ്ഥലത്തേക്കും മാറ്റി. 2021 ഓഗസ്റ്റു വരെ സെന്റ് മേരീസ് റോഡ് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ലോക്കര്‍. ഇത് പിന്നീട് സിഐടി കോളനിയിലേക്ക് മാറ്റി. സെപ്റ്റംബര്‍ 2021ന് വീണ്ടും സെന്റ് മേരീസ് റോഡ് അപ്പാര്‍ട്ട്‌മെന്റിലേക്കും കൊണ്ടുപോയി. ലോക്കറിന്റെ താക്കോല്‍ താരത്തിന്റെ പേഴസണല്‍ സ്റ്റീല്‍ കബോര്‍ഡിലാണ് സൂക്ഷിക്കാറുള്ളത്. ഈ വിവരം വീട്ടുജോലിക്കാര്‍ത്ത് അറിയാമെന്നും ഐശ്വര്യ പറഞ്ഞു. 

ഫെബ്രുവരി 10ന് ലോക്കര്‍ തുറന്നപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടവിവരം അറിയുന്നത്. തന്റെ ആഭരണങ്ങളില്‍ കുറച്ചുമാത്രമാണ് ലോക്കറിലുണ്ടായിരുന്നത് എന്നാണ് താരം പറയുന്നത്. ഇപ്പോഴും താന്‍ അത് വീട്ടില്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ കണ്ടെത്താനായില്ലെന്നുമാണ് താരം പറയുന്നത്. തന്റെ വിവാഹം കഴിഞ്ഞ് 18 വര്‍ഷമാണ് തന്റെ കയ്യിലുള്ള ആഭരണങ്ങളാണ് ഇതെന്നും വ്യക്തമാക്കി. 

ഡയമണ്ട് സെറ്റ്, അണ്‍കട്ട് ഡയമണ്ട് പതിപ്പിച്ച ടെമ്പിള്‍ ജ്വല്ലറി, ആന്‍്‌റീക് ഗോള്‍ഡ് പീസസ്, നവരത്‌ന സെറ്റ്, കമ്മലുകളും മാലകളും വളകളും ഉള്‍പ്പടെയുള്ള 60 പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു