കല്ലമ്പലം: ദേശീയപാതയിൽ മണമ്പൂർ ആഴാംകോണത്ത് ബൈക്ക് അപകടത്തിൽ വിദ്യാർത്ഥികളടക്കം 5 പേർക്ക് പരിക്കേറ്റു. കെ.ടി.സി.ടി ആർട്സ് ആൻഡ് സയൻസ് കോളേജ് ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികളായ വർക്കല ജനാർദ്ദനപുരം തൊടിയിൽ വീട്ടിൽ സോന (21), വർക്കല അയിരൂർ കിഴക്കേപ്പുറം ഉതൃട്ടാതിയിൽ സംഗീത് (21), വർക്കല രാമന്തളി തേക്കുവിള വീട്ടിൽ സഫീറ (20), ഹോം ഗാർഡായ വടശ്ശേരിക്കോണം ഞെക്കാട് ശ്രീവിലാസത്തിൽ ഹരികുമാർ (53), ബൈക്ക് ഓടിച്ചിരുന്ന വർക്കല മൈതാനം ജെ എസ് വില്ലയിൽ സാജിദ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാത്തൻപാറ കെ.ടി.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8:50 ഓടെ ആയിരുന്നു അപകടം. ആലംകോട് റവാബി ബേക്കറിയിലെ ജീവനക്കാരനായ സാജിദ് വീട്ടിൽ നിന്നും രാവിലെ ബൈക്കിൽ ജോലിക്ക് പോകവേ ആഴാംകോണത്ത് വച്ച് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് ബൈക്കിന് കൈകാണിച്ചു നിർത്തി വിദ്യാർത്ഥികളെ റോഡ് മറികടക്കാൻ സഹായിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് ഹോം ഗാർഡിനെയും വിദ്യാർത്ഥികളെയും ഇടിച്ചിടുകയായിരുന്നു. സാജിദും ബൈക്കിനോപ്പം റോഡിൽ തെറിച്ചുവീണു..ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റ അഞ്ചു പേരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അടുത്തിടെ നിർത്തിയിരുന്ന സ്വകാര്യ ബസിൽ കാറടിച്ച് നിയന്ത്രണം തെറ്റി ബസിൽ കയറുകയായിരുന്ന കെ.ടി.സി.ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളുടെ മേൽ പാഞ്ഞു കയറി ഒരു വിദ്യാർത്ഥിനി മരിക്കുകയും 17 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം നിലനിൽക്കവേയാണ് ദിവസങ്ങൾക്കുള്ളിൽ വീണ്ടും അപകടം നടന്നത്.