വിനോദസഞ്ചാരം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 50 പാലങ്ങൾ ദീപാലങ്കൃതമാക്കും: മന്ത്രി മുഹമ്മദ് റിയാസ്പഴകുറ്റി പാലം തുറന്നു;

നെടുമങ്ങാട്: വിനോദസഞ്ചാരം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 50 പാലങ്ങൾ വിദേശ മാതൃകയിൽ ദീപാലങ്കൃതമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പഴകുറ്റി പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 
 പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വർഷത്തിനിടെ 50 പാലങ്ങളുടെ പണി പൂർത്തീകരിച്ചു കഴിഞ്ഞു. ചെറുതും വലുതുമായ 144 പാലങ്ങളുടെ പണി പുരോഗമിക്കുന്നു. 1,208 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ ആണ് നടക്കുന്നത്. പാലങ്ങളുടെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി സഹകരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുമായി സഹകരിച്ച് എംഎൽഎമാരുടെ നേതൃത്വത്തിൽ അടുത്ത വർഷത്തോടുകൂടി സംസ്ഥാനത്തെ 50 പാലങ്ങൾ ദീപാലങ്കൃതമാക്കുമെന്നും മന്ത്രി പറഞ്ഞു. വികസനത്തിന്റെ ദോഷവശങ്ങൾ ചൂണ്ടിക്കാട്ടുന്നവർ അതിന്റെ ഗുണങ്ങൾകൂടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  നെടുമങ്ങാട്, വാമനപുരം നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പ്രധാന റോഡ് ആയ പഴകുറ്റി - മംഗലപുരം റോഡിന്റെ ഒന്നാം റീച്ചായ പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള റോഡിന്റെ പുനർനിർമ്മാണം നടന്നുവരികയാണ്. ആകെ 19 കിലോമീറ്റർ നീളമുള്ള ഈ റോഡ് കിഫ്ബി പദ്ധതി വഴിയാണ് നിർമ്മാണം നടത്തുന്നത്. ഇതിന്റെ ഭാഗമായുള്ള ഒന്നാം റീച്ചിലാണ് പഴകുറ്റി പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ആകെ ഏഴ് കിലോമീറ്റർ നീളമുള്ള ഒന്നാം ഘട്ടത്തിന്റെ പണി, പഴകുറ്റി പാലം ഉൾപ്പെടെ എഴുപത് ശതമാനത്തോളം പൂർത്തിയായി. പഴകുറ്റി പാലത്തിന് സമീപം നടന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ഡി കെ മുരളി എംഎല്‍എ സ്വാഗതം പറഞ്ഞു.
കെ ആർ എഫ് ബി ടീം ലീഡർ മഞ്ജുഷ പി ആർ റിപ്പോർട്ട് അവതരിപ്പിച്ചു. നെടുമങ്ങാട് നഗരസഭ അധ്യക്ഷ സി എസ് ശ്രീജ, ബ്ലോക്ക് പ്രസിഡൻറ് വി അമ്പിളി , ആനാട് പഞ്ചായത്ത് പ്രസിഡണ്ട് എസ് ശൈലജ, നഗരസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ , ബ്ലോക്ക് വൈസ് പ്രസിഡൻറ് പി വൈശാഖ്, കൊല്ലങ്കാവ് അനിൽ, വേങ്കവിള സജി,എഎസ് ഷീജ,
സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി എസ് ഷൗക്കത്ത് , നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, പാലോട് മണ്ഡലം സെക്രട്ടറി 
ഡിഎ രജിത് ലാൽ , സിപിഐ എം ഏരിയാ സെക്രട്ടറി ആർ ജയദേവൻ, സിപിഐ ലോക്കൽ സെക്രട്ടറിമാരായ 
എം ജി ധനീഷ്,
എസ് മഹേന്ദ്രൻ ആചാരി, പികെ രാധാകൃഷ്ണപിള്ള
 തുടങ്ങിയവർ പങ്കെടുത്തു.