സമര ചരിത്രങ്ങളിലെ ജ്വലിക്കുന്ന ഓർമ; എ.കെ.ജി ഓര്‍മയായിട്ട് 46 വര്‍ഷം

കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും കർഷകത്തൊഴിലാളി നേതാവുമായ എ.കെ.ഗോപാലന്‍ ഓര്‍മയായിട്ട് 46 വര്‍ഷം. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട എ.കെ.ജി ചൂഷിത ജനവിഭാഗങ്ങളുടെ മോചനത്തിലൂടെ മാത്രമെ യഥാര്‍ത്ഥ രാഷ്ട്രീയ സ്വാതന്ത്ര്യം നേടാനാകൂവെന്ന് വിശ്വസിച്ചു. രാജ്യത്ത് കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ രാപകലില്ലാതെ പ്രയത്നിച്ച നേതാവാണ് എകെജി.കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു മുഖ്യധാരയിലേക്ക് കൊണ്ടുവന്ന എകെജി തൊഴിലാളി സമരങ്ങള്‍ക്കൊപ്പം അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായ പോരാട്ടങ്ങളുടെയും മുന്നണിപ്പോരാളിയായിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹവും പാലിയം സമരവും കണ്ണൂരിലെ കണ്ടോത്ത് സമരവും ആയില്യത്ത് കുട്ട്യാരി ഗോപാലൻ എന്ന എകെജിയുടെ സമര ജീവിതത്തിലെ തിളക്കമേറിയ ഏടുകളാണ്.കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് എകെജി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും ചുവടുമാറ്റി. ഫറൂക്ക് ഓട്ടുതൊഴിലാളി സമരം, തലശ്ശേരിയിലെ ബീഡി തൊഴിലാളി സമരം, കണ്ണൂര്‍ കോട്ടണ്‍മില്ലിലെ സമരം, നെയ്ത്ത് തൊഴിലാളി സമരം, കുടിയിറക്കലിനെതിരെ നടന്ന സമരങ്ങൾ തുടങ്ങി എവിടെയും ചൂഷിതര്‍ക്കൊപ്പം എകെജിയുണ്ടായിരുന്നു. 1936ല്‍ ദാരിദ്രത്തിനും കഷ്ടപ്പാടിനുമെതിരെ എകെജിയുടെ നേതൃത്വത്തില്‍ മലബാര്‍ മുതല്‍ മദിരാശി വരെ സംഘടിപ്പിക്കപ്പെട്ട പട്ടിണി ജാഥ ചരിത്രത്തിന്റെ ഭാഗമാണ്. രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ ജയിലിലായിരുന്ന എകെജി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവായി. തുടര്‍ച്ചയായി അഞ്ച് തവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി ഐ എമ്മിനൊപ്പമായിരുന്നു.
അടിയന്തരാവസ്ഥയെ എതിര്‍ത്തതിന്റെ പേരില്‍ ചൈന ചാരനെന്ന് ആരോപിച്ച് എ.കെ.ജിയെ ജയിലിലടച്ചു. ഇന്ത്യയില്‍ കരുതല്‍ തടങ്കലിലായ ആദ്യ രാഷ്ട്രീയ നേതാവാണ് എ.കെ.ജി. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് അമരക്കാരനായി. 1940ൽ ഇന്ത്യന്‍കോഫി ഹൗസ് സ്ഥാപിച്ചു. സമരം തന്നെ ജീവിതമാക്കി മാറ്റുകയും ആ ജീവിതം തൊഴിലാളിവര്‍ഗത്തിന് സമര്‍പ്പിക്കുകയും ചെയ്ത എ.കെ.ഗോപാലന്‍ വിട പറഞ്ഞപ്പോള്‍ അത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുചേര്‍ക്കപ്പെട്ടവര്‍ക്കും നികത്താനാവാത്ത നഷ്ടമായി.