സൗദിയിൽ മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; 3 മരണം

ഖത്തറില്‍നിന്ന് സൗദിയിൽ ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം തായിഫിൽ അപകടത്തിൽപ്പെട്ട് മൂന്നു പേര്‍ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശികളായ ഫൈസലും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാന്‍, അഹിയാന്‍, ഭാര്യയുടെ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്.ദോഹയില്‍ ഹമദ് മെഡിക്കല്‍ സിറ്റിയില്‍ ജീവനക്കാരനായ ഫൈസല്‍ കുടുംബ സമേതം ഉംറക്കു വരികയായിരുന്നു. ഫൈസലും ഭാര്യാ പിതാവും തായിഫ് അമീര്‍ സുല്‍ത്താന്‍ ആശുപത്രിയിലാണ്. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.