കാരേറ്റ് ബാറിനുള്ളിൽ വച്ച് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച കൊടുവഴന്നൂർ, തോട്ടവാരം സ്വദേശി മഹേഷ് (32) നെ യാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം (02.03.2023) രാത്രി 8 മണിയോടെ കാർത്തിക ബാറിലായിരുന്നു പ്രതിയുടെ ആക്രമണം.

ബാറിൽ മദ്യപിക്കാൻ എത്തിയ യുവാവിനെ വഴിയിൽ തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പ്രതി പൊട്ടിയ ബിയർക്കുപ്പി കൊണ്ട് ആക്രമിച്ചത്.യുവാവ് ഒഴിഞ്ഞുമാറി കൈകൊണ്ടു തടഞ്ഞെങ്കിലും ഇടത് വലത് നെഞ്ചിലും, തലയുടെ മുകൾ ഭാഗത്തും, കാലിന്റെ തുടയിലും കുത്തേൽക്കുകയായിരുന്നു.

കുത്തേറ്റ് ഗുരുതര പരിക്കേറ്റ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.
വിവരമറിഞ്ഞെത്തിയ പോലീസ് കൃത്യത്തിനു ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിയെ അന്വേഷിച്ചു വരവേ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശില്പക്ക്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങിൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സനൂജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ,സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാദ്,അരുൺ എന്നിവർ പ്രദേശത്ത് തിരച്ചിൽ നടത്തി പിടി കൂടുകയായിരുന്നു.

 കിളിമാനൂർ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണ് പിടിയിലായ മഹേഷ്.ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കേസിൽ പിടിയിലാകുന്നത്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമൈൻഡ് ചെയ്തു.