സംരംഭകരുടെ പരാതിയിൽ 30 ദിവസത്തിനകം പരിഹാരം; ഓൺലൈൻ പരാതി പരിഹാര പോർട്ടൽ നിലവിൽവന്നു.

സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനകം തീർപ്പുകൽപ്പിക്കുന്ന ഓൺലൈൻ പരാതി പരിഹാര സംവിധാനം സംസ്ഥാനത്ത്‌ നിലവിൽ വന്നു. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്തരമൊരു സംവിധാനം. ജില്ല, സംസ്ഥാന പരാതി പരിഹാര സമിതികൾ രൂപീകരിച്ചാണ്‌ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ഇവയുടെ പ്രവർത്തനം. പരാതി പരിഹാര പോർട്ടലിന്റെ ഉദ്‌ഘാടനം വ്യവസായ മന്ത്രി പി രാജീവ്‌ നിർവഹിച്ചു.

പൂർണമായും ഓൺലൈനായി പ്രവർത്തിക്കുന്ന സംവിധാനത്തിൽ പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ഉറപ്പുവരുത്തും. 10 കോടി രൂപവരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതി കലക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ ജില്ലാ സമിതി പരിശോധിക്കും. 10 കോടിക്കു മുകളിൽ നിക്ഷേപമുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന സമിതി പരിശോധിക്കും.

സംസ്ഥാന സമിതിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമാണ്. പരാതിയുടെ വിചാരണവേളയിൽ ജില്ല, സംസ്ഥാന സമിതികൾക്ക്‌ സിവിൽ കോടതിക്ക് തുല്യമായ അധികാരം ഉണ്ടാകും. സേവനം നൽകാൻ നിയുക്തനായ ഉദ്യോഗസ്ഥൻ മതിയായ കാരണം കൂടാതെ കാലതാമസമോ വീഴ്‌ചയോ വരുത്തിയാൽ പിഴ ചുമത്താനും വകുപ്പുതല നടപടിക്ക്‌ ശുപാർശ ചെയ്യാനും ഈ സമിതികൾക്ക്‌ അധികാരമുണ്ടാകും. 

പരിഹാരം നിർദേശിച്ച ശേഷം 15 ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ദിവസത്തിന്‌ 250 രൂപ എന്ന നിലയിൽ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തിൽ പിഴ ഈടാക്കാനാകും. 17 വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിലാണ്‌ പരിഹാരം ഉണ്ടാകുക. 

പോർട്ടൽ ലിങ്ക്‌: http://grievanceredressal.industry.kerala.gov.in/