അങ്കമാലി സ്കൂളിൽ നിന്നുള്ള വിനോദയാത്ര സംഘം അപകടത്തിൽപ്പെട്ടു, 3 കുട്ടികൾ മുങ്ങിമരിച്ചു

ഇടുക്കി: മാങ്കുളം വലിയ പാറകുട്ടിയിൽ പുഴയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. സ്കൂളിൽ നിന്നും മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്.മാങ്കുളം ആനക്കുളത്ത് നിന്ന് ഏതാണ്ട് ഒരു കിലോമീറ്ററോളം അകലെയുള്ള വലിയ പാറകുട്ടിയിലാണ് അപകടം സംഭവിച്ചത്. അങ്കമാലി സ്കൂളിൽ നിന്നുള്ള 30 ഓളം വിദ്യാർഥികളും അധ്യാപകരും അടക്കമുള്ള സംഘമാണ് മാങ്കുളത്ത് വിനോദയാത്രക്ക് എത്തിയത്. ഈ കുട്ടികൾ കുളിക്കാനിറങ്ങിയതായിരുന്നു. അഞ്ച് കുട്ടികളാണ് കുളിക്കാനിറങ്ങിയത്. ഇവരിൽ മൂന്ന് കുട്ടികളാണ് മുങ്ങിമരിച്ചത്. രണ്ട് കുട്ടികളെ രക്ഷിക്കാനായി. നാട്ടുകാരടക്കം ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുങ്ങിയ കുട്ടികളെ രക്ഷാപ്രവ‍ർത്തനം നടത്തിയവർ കണ്ടെത്തി വേഗം തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇവിടെ മുങ്ങി രണ്ട് പേർ മരിച്ചിരുന്നു. അപകടസ്ഥലത്തിന് സമീപത്തായി മുന്നറിയിപ്പുകളൊന്നും സ്ഥാപിച്ചിരുന്നില്ല.