കൊല്ലം• പഠനത്തിനിടെ ബസ് ഡ്രൈവറായി രൂപാന്തരം പ്രാപിച്ചിട്ടും രൂപയ്ക്ക് ഇതിൽ വലിയ പുതുമയൊന്നും തോന്നുന്നില്ല. പണ്ടേയുള്ള ആഗ്രഹവും സമയവും ഒത്തുവന്നപ്പോൾ പി.എസ്.രൂപ എന്ന പെൺകുട്ടി ഇളമ്പള്ളൂർ–ചവറ റൂട്ടിലോടുന്ന അഞ്ജൂസ് ബസിന്റെ ഡ്രൈവിങ് സീറ്റിലെത്തി. 18 വയസ്സ് തികഞ്ഞയുടൻ തന്നെ കാറും ബൈക്കും ഓടിക്കാനുള്ള ലൈസൻസ് രൂപ സ്വന്തമാക്കിയിരുന്നു. എസ്എൻ വനിതാ കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ അച്ഛന്റെ എൻഫീൽഡ് ബുള്ളറ്റിലായിരുന്നു യാത്ര.ഡിഗ്രി പഠനം കഴിഞ്ഞു സിവിൽ സർവീസ് അക്കാദമിയിലെ ട്രെയിനിങ്ങിനും കോയമ്പത്തൂരിലെ ഭാരതീയാർ സർവകലാശാലയിൽ എംഎ ഇംഗ്ലിഷും കഴിഞ്ഞു ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമ കോഴ്സ് ചെയ്യുമ്പോഴാണ് ഹെവി ലൈസൻസ് സ്വന്തമാക്കുന്നത്. 25ാം വയസ്സിൽ അച്ഛന്റെ സുഹൃത്തിന്റെ ബസിൽ രൂപ വളയം പിടിക്കാൻ ആരംഭിച്ചു. ആഴ്ചയിൽ 3 ദിവസമാണ് ഡിപ്ലോമ ക്ലാസ്.ബാക്കി ദിവസങ്ങളിൽ ദിവസം 850 രൂപ വേതനത്തിൽ ചവറ–ഇളമ്പള്ളൂർ റൂട്ടിലെ അഞ്ജൂസ് ബസിൽ രൂപയെ കാണാം. പെൺകുട്ടികൾ സ്വന്തം വരുമാനത്തിൽ ജീവിക്കണമെന്നും ചെറിയ പ്രായത്തിലെ അതിനു ശ്രമിച്ച തുടങ്ങിയാൽ ജീവിതം നമ്മൾ ഇഷ്ടപ്പെട്ട വഴിയെ കൊണ്ടു പോകാനാകുമെന്നാണ് രൂപ പറയുന്നത്.പഠനത്തിന് ശേഷം ഡിഫൻസ് മേഖലയിൽ ജോലി ചെയ്യണമെന്നാണ് രൂപയുടെ ആഗ്രഹം. കേരളപുരം ഇടവട്ടം തെക്കേവിള വീട്ടിൽ സിബിഐയിൽ എഎസ്ഐയായ പ്രദീപ് കുമാറിന്റെയും സുമയുടെയും മകളാണ്. ലോജിസ്റ്റിക്സ് വിദ്യാർഥിയായ പി.എസ്.ഗൗതം സഹോദരനാണ്.