തലതകര്‍ത്ത് പാണ്ഡ്യ, നടുവൊടിച്ച് കുല്‍ദീപ്; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 270 റണ്‍സ് വിജയലക്ഷ്യം

ചെന്നൈ: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 270 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് നല്ല തുടക്കമിട്ടെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയിലൂടെയും കുല്‍ദീപ് യാദവിലുടെയും പിടിച്ചുകെട്ടിയ ഇന്ത്യ സന്ദര്‍ശകരെ 49 ഓവറില്‍ 269 റണ്‍സിന് പുറത്താക്കി. ഓസ്ട്രേലിയന്‍ നിരയില്‍ ഒറ്റ ബാറ്റര്‍ പോലും അര്‍ധസെഞ്ചുറി തികക്കാതിരുന്ന മത്സരത്തില്‍ 47 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ടോപ് സ്കോറര്‍. ഇന്ത്യക്കായി ഹാര്‍ദ്ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.തുടക്കം മുതല്‍ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും അടിച്ചു തകര്‍ത്തതോടെ ഓസ്ട്രേലിയന്‍ സ്കോര്‍ പത്തോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 61ല്‍ എത്തി.എന്നാല്‍ പതിനൊന്നാം ഓവര്‍ എറിയാനായി ഹാര്‍ദ്ദിക് പാണ്ഡ്യ എത്തിയതോടെ കളി മാറി.ഹാര്‍ദ്ദിക്കിന്‍റെ രണ്ടാം പന്തില്‍ തന്നെ ട്രാവിസ് ഹെഡിനെ ബൗണ്ടറിയില്‍ ശുഭ്മാന്‍ ഗില്‍ കൈവിട്ടെങ്കിലും രണ്ട് പന്തുകളുടെ ഇടവേളയില്‍ ഹെഡിനെ തേര്‍ഡ് മാനില്‍ കുല്‍ദീപ് യാദവിന്‍റെ കൈകളിലെത്തിച്ച് ഹാര്‍ദ്ദിക് ഓസീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. 31 പന്തില്‍ 33 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഹെഡ്-മാര്‍ഷ് സഖ്യം 68 റണ്‍സടിച്ചു. വണ്‍ ഡൗണായി എത്തിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച് ഹാര്‍ദ്ദിക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. നിലയുറപ്പിച്ചെന്ന് കരുതിയ മിച്ചല്‍ മാര്‍ഷിനെ കൂടി ബൗള്‍ഡാക്കി പാണ്ഡ്യ ഓസസീസിന്‍റെ തലയരിഞ്ഞതോടെ ഓസീസ് കുതിപ്പിന് കടിഞ്ഞാണ്‍ വീണു.കരിയറിലാദ്യമായി നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി ഡേവിര്‍ വാര്‍ണര്‍ 23 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും അധികം നീണ്ടില്ല. കുല്‍ദീപ് യാദവിന്‍റെ പന്തില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് വാര്‍ണര്‍ മടങ്ങുമ്പോള്‍ ഓസീസ് സ്കോര്‍ ബോര്‍ഡില്‍ 125 റണ്‍സെ ഉണ്ടായിരുന്നുള്ളു. പിന്നാലെ മാര്‍നസ് ലാബുഷെയ്നും അലക്സ് ക്യാരിയും ചേര്‍ന്ന് ഇന്ത്യക്ക് ഭീഷണിയാകുമെന്ന് കരുതിയെങ്കിലും ലാബുഷെയ്നും(28) കുല്‍ദീപിനെ സിക്സടിക്കാനുള്ള ശ്രമക്കില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തി.മാര്‍ക്കസ് സ്റ്റോയ്നിസ്- അലക്സ് ക്യാരി സഖ്യം 58 റണ്‍സ് കൂട്ടുകെട്ടിലൂടെ ഓസീസിനെ മികച്ച സ്കോറിലെത്തിക്കുമെന്ന് കരുതിയിരിക്കെ സ്റ്റോയിനിസിനെ(25) അക്സറും സ്കോര്‍ 200 കടന്നതിന് പിന്നാലെ അലക്സ് ക്യാരിയെ ബൗള്‍ഡാക്കി കുല്‍ദീപും ആഞ്ഞടിച്ചതോടെ ഓസീസിന് താളം തെറ്റിഅവസാന ഓവറുകളില്‍ പിടിച്ചു നിന്ന് തകര്‍ത്തടിച്ച ഷോണ്‍ ആബട്ടും(23 പന്തില്‍ 26) ആഷ്ടണ്‍ അഗറും(21 പന്തില്‍ 17) ചേര്‍ന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 250ന് അടുത്തെത്തിച്ചത്. രണ്ട് സിക്സടിച്ച ആബട്ടിനെ അതേ ഓവറില്‍ അക്സറും അഗറെ സിറാജും മടക്കിയതോടെ ഓസ്ട്രേലിയയുടെ പോരാട്ടം തീര്‍ന്നെന്ന് കരുതിയെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കും ആദം സാംപയും അവസാന വിക്കറ്റില്‍ പിടിച്ചു നിന്ന് 22 റണ്‍സ് കൂടി കൂട്ടി ചേര്‍ത്തതോടെ ഓസ്ട്രേലിയ 269ല്‍ എത്തി. സ്റ്റാര്‍ക്ക് 10 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സാംപ 10 റണ്ണുമായി പുറത്താകാതെ നിന്നു. 

ഇന്ത്യക്കായി കുല്‍ദീപ് യാദവ് 10 ഓവറില്‍ 56 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഏഴോവറില്‍ 40 ഖണ്‍സിന് മൂന്നും മുഹമ്മദ് സിറാജ് ഏവോവറില്‍ 37 റണ്‍സിനും അക്സര്‍ പട്ടേല്‍ എട്ടോവറില്‍ 57 റണ്‍സിനും രണ്ട് വിക്കറ്റ് വീതമെടുത്തു.