വിമാനത്തിൻ്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച 24കാരി അറസ്റ്റിൽ. ഈ മാസം അഞ്ചിന് കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വച്ചാണ് സംഭവം. ശുചിമുറിയിൽ നിന്ന് പുക പുറത്തേക്ക് വരുന്നതുകണ്ട ക്യാബിൻ ക്രൂ ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോൾ യുവതി പുകവലിക്കുന്നതായി കണ്ടെത്തി. ജീവനക്കാരെ കണ്ടതോടെ യുവതി സിഗരറ്റ് വേസ്റ്റ് ബിന്നിലിട്ടു. വിമാന സുരക്ഷ പരിഗണിച്ച് ജീവനക്കാർ ഉടൻ സിഗരറ്റ് കെടുത്തുകയും സംഭവം ക്യാബിൻ ക്രൂ ക്യാപ്റ്റനെ അറിയിക്കുകയും ചെയ്തു. ക്യാപ്റ്റൻ നൽകിയ പരാതിയിലാണ് പിന്നീട് സുരക്ഷാ വിഭാഗം നടപടിയെടുത്തത്.വിമാനം കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഉടൻ പ്രിയങ്ക ചക്രവർത്തി എന്ന യുവതിയെ വിമാനത്താവള സുരക്ഷാ വിഭാഗത്തിന് കൈമാറുകയായിരുന്നു. പിന്നീട് ജാമ്യം നൽകി ഇവരെ വിട്ടയച്ചു.