*പ്രഭാത വാർത്തകൾ_**2023 | മാർച്ച് 9 | വ്യാഴം*

◾ബ്രഹ്‌മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചു. ബ്രഹ്‌മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കുന്നുണ്ട്. ജൈവമാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കണമെന്നാണു തീരുമാനം.

◾കൊച്ചിയില്‍ ഇന്നും നാളേയും അവധി. കൊച്ചി കോര്‍പറേഷന്‍, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകള്‍, വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കു മാറ്റമില്ല. ബ്രഹ്‌മപുരം തീപിടിത്തത്തെത്തുടര്‍ന്ന് വിഷപ്പുക അടങ്ങാത്തതിനാലാണ് അവധി പ്രഖ്യാപിച്ചത്.

◾മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി. ബ്രഹ്‌മപുരം അടക്കമുള്ള സംസ്ഥാനത്തെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജൂണ്‍ ആറിനകം മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കാനുള്ള കര്‍മപദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ രേണുരാജ് ചുമതല നിര്‍വഹിച്ചോയെന്നു കോടതി ചോദിച്ചു. കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായിരുന്നു.

◾എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പതരയ്ക്കാണു പരീക്ഷ. നാലു ലക്ഷത്തി പത്തൊമ്പതിനായിരം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. 29 നു പരീക്ഷ അവസാനിക്കും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ നാളെ ആരംഭിക്കും.

◾കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം. കായിക വകുപ്പ് തയാറാക്കിയ നയത്തിലെ പരീക്ഷാ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങള്‍ കായിക വകുപ്പു കൈയടക്കാനുള്ള നീക്കം അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസ മന്ത്രി. സിലബസ് തയ്യാറാക്കല്‍ വിട്ടുകൊടുത്താലും പരീക്ഷാ നടത്തിപ്പ് വിട്ടുകൊടുക്കില്ലെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്. തര്‍ക്കംമൂലം വിഷയം മാറ്റിവച്ചു. കായിക പഠനം നിര്‍ബന്ധമാക്കിക്കൊണ്ടാണ് പുതിയ നയം രൂപീകരിക്കുന്നത്.

◾പിണറായി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ പരാതി പരിഹാര അദാലത്ത്. ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പരാതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ 10 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ സ്വീകരിക്കും. ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതി നല്‍കാം. എട്ടു ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്ന് ആക്ഷേപമുള്ളപ്പോഴാണ് അദാലത്തുകള്‍ നടത്തുന്നത്.

◾സംസ്ഥാന സര്‍ക്കാര്‍ നടത്തിനിരിക്കുന്ന അദാലത്തുകളില്‍ എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കും. ഭൂമി സംബന്ധമായ പോക്കുവരവ് അടക്കമുള്ളവ, സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍, റവന്യൂ റിക്കവറി- വായ്പ തിരിച്ചടവ് ഇളവുകള്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍, പ്രകൃതി ദുരന്ത നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, പരിസ്ഥിതി മലിനീകരണം, തെരുവുനായ, അപകടകരങ്ങളായ മരങ്ങള്‍, തെരുവുവിളക്കുകള്‍, അതിര്‍ത്തി തര്‍ക്കം, വയോജന സംരക്ഷണം, കെട്ടിട നിര്‍മ്മാണം, കൃഷിനാശം, ഭക്ഷ്യസുരക്ഷ, ആശുപത്രികള്‍, ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍, മല്‍സ്യതൊഴിലാളി പ്രശ്നങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് അദാലത്ത്

◾കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റില്‍നിന്ന് വിദ്യാഭ്യാസ വകുപ്പിനെ ഒഴിവാക്കി സംസ്ഥാനത്തിന്റെ മാത്രം അധികാര മേഖലയാക്കാന്‍ നിയമനിര്‍മാണത്തിന് പിണറായി സര്‍ക്കാരിന്റെ ശ്രമം. റൂള്‍സ് ഓഫ് ബിസിനസിലെ ചട്ടം തിരുത്താന്‍ ഗവര്‍ണറുടെ അനുമതി തേടി. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള ബില്‍ അടക്കമുള്ളവ ഗവര്‍ണര്‍ ഒപ്പിടാത്തത് വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലാണെന്നു ചൂണ്ടിക്കാട്ടിയാണ്.

◾ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു. ഇന്നലേയും പത്ത് മണിക്കൂറോളമാണു ചോദ്യം ചെയ്തത്.

◾വഴിക്കടവില്‍ കോളറ പടരുന്നു. പഞ്ചായത്തില്‍ പന്ത്രണ്ടു പേരാണു കോളറ ബാധിച്ചു ചികില്‍സയിലുള്ളത്. രോഗ ലക്ഷണങ്ങളുള്ള 35 പേര്‍ നിരീക്ഷണത്തിലാണ്.

◾കെപിസിസി ഭാരവാഹിയോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വിമര്‍ശനം വര്‍ക്കിംഗ് പ്രസിഡന്റായ താന്‍ പോലും ഒന്നും അറിയുന്നില്ല. കെപിസിസി ഭാരവാഹികളുടെ പട്ടികയില്‍ പുതുതായി 60 പേരെ കൂട്ടിച്ചേര്‍ത്തത് കൂടിയാലോചന ഇല്ലാതെയാണെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ തറ കൊള്ള നടത്തുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എന്നിട്ടും തല ഉയര്‍ത്തി പിടിച്ച് മുഖ്യമന്ത്രി നടക്കുന്നു. ഇടതു പക്ഷത്തുനിന്നു പോലും അഭിപ്രായ ഭിന്നതകളുണ്ട്. തദേശ ഉപതെരഞ്ഞെടുപ്പു ഫലം ഇതിന്റെ തെളിവാണ്. സിപിഎമ്മിന്റെ രാഷ്ട്രീയവത്കരണമാണ് വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതതെന്നും സുധാകരന്‍ പറഞ്ഞു.

◾തിരുവനന്തപുരം ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്സ് സഹകരണ സംഘത്തില്‍നിന്ന് 200 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി സൊസൈറ്റി പ്രസിഡന്റ് ഗോപിനാഥന്‍ നായരെ ക്രൈംബ്രാഞ്ച് പിടികൂടി. ഒളിവിലായിരുന്ന ഗോപിനാഥന്‍ നായരെ കൊട്ടാരക്കരയില്‍നിന്നാണ് പിടികൂടിയത്. സംഘം സെക്രട്ടറി പ്രദീപിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

◾മാലിന്യവുമായെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി മേയറുടെ ഓഫീസ് ഉപരോധിച്ചു. പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. അതേസമയം ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയയെ കോണണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

◾കോഴിക്കോട് കൊയിലാണ്ടിയില്‍ യുവാവിനെ ട്രെയിനില്‍നിന്നു തള്ളിയിട്ടു കൊന്ന സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്ര സ്വദേശി റഫീഖ്(23) ആണ് മരിച്ചത്. തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായിരുന്നു റഫീഖ്. പ്രതി തമിഴ്നാട് സ്വദേശി സോനമുത്തുവിനെ അറസ്റ്റു ചെയ്തിരുന്നു.

◾പത്തനംതിട്ട അടൂരില്‍ 72 കാരനായ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു. അടൂര്‍ പന്നിവിഴ സ്വദേശി നാരായണന്‍കുട്ടി ആണ് ആത്മഹത്യ ചെയ്തത്. കേസില്‍ നിരപരാധിയാണെന്ന് നാരായണന്‍കുട്ടി ആത്മഹത്യാ കുറിപ്പ് എഴുതിവച്ചാണ് ആത്മഹത്യ ചെയ്തത്. 2019 ലായിരുന്നു ലൈംഗിക പീഡനക്കേസില്‍ കുടുങ്ങിയത്.

◾പുനലൂരില്‍ കല്ലടയാറ്റില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചു. പിറവന്തൂര്‍ സ്വദേശിനി രമ്യ രാജ്, അഞ്ചു വയസുള്ള മകള്‍ ശരണ്യ, മൂന്നു വയസുള്ള മകന്‍ സൗരഭ് എന്നിവരാണ് മരിച്ചത്.

◾മലപ്പുറം സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ കരാര്‍ ജീവനക്കാരിയെ മര്‍ദിച്ച എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡിനെതിരെ പൊലീസ് കേസ്. പരുവമണ്ണ സ്വദേശി ബിന്ദു സുരേന്ദ്രനെ കൈയേറ്റം ചെയ്ത എംഎസ് പി അസിസ്റ്റന്റ് കമാന്‍ഡന്റ് റോയ് റോജേഴ്സിനെതിരെയാണ് കേസ്.

◾പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ ഇരുപതുകാരിക്ക് 25,250 രൂപ പിഴയും കോടതി പിരിയുംവരെ തടവും ശിക്ഷ. മഞ്ചേരി കരുവമ്പ്രം മംഗലശേരി മുസ്ലിയാരകത്ത് മുജീബ് റഹ്‌മാന്റെ മകള്‍ ലിയാന മഖ്ദൂമ (20)ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചത്.

◾മലപ്പുറം മമ്പാട് ടാണയില്‍ ഫര്‍ണിച്ചര്‍ ശാല കത്തിനശിച്ചു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടം. പ്രൈമര്‍ മെഷിനില്‍ നിന്നുള്ള ഷോട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്കു കാരണം. ഫര്‍ണിച്ചര്‍ ഷെഡ്, വര്‍ക്ക് ഷോപ്പ്, നിര്‍മാണം പൂര്‍ത്തീകരിച്ച് വിപണനത്തിനായി ഒരുക്കി വെച്ച ഫര്‍ണിച്ചര്‍ ഉപകരണങ്ങള്‍, തേക്ക് ഉള്‍പ്പെടെയുള്ള മര ഉരുപ്പടികള്‍, ലക്ഷങ്ങള്‍ വിലയുള്ള പത്തിലേറെ വിവിധ മെഷീനുകള്‍ തുടങ്ങിയവ കത്തിനശിച്ചു.

◾സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പിടികൂടിയത്. കൈകളില്‍ സ്വര്‍ണം ചുറ്റി വച്ച ശേഷം ഷര്‍ട്ടിന്റെ കൈ മൂടി ഗ്രീന്‍ ചാനല്‍ വഴി രക്ഷപ്പെടാനായിരുന്നു ശ്രമം.

◾കേരളത്തില്‍ കൊലപാതകം നടത്തി വിദേശത്തേക്ക് മുങ്ങിയ മലയാളി സൗദി അറേബ്യയില്‍ പിടിയിലായി. വയനാട് വൈത്തിരി ജങ്കിള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമയായിരുന്ന കോഴിക്കോട് ചേവായൂര്‍ വൃന്ദാവന്‍ കോളനിയിലെ അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയാണ് 17 വര്‍ഷത്തിനു ശേഷം സൗദി പൊലീസിന്റെ പിടിയിലായത്.

◾മദ്യലഹരിയില്‍ അമ്മയെ മകന്‍ കഴുത്ത് ഞെരിച്ചു കൊന്നു. ആലപ്പുഴ കുറത്തികാട് ഭരണിക്കാവ് സ്വദേശി രമ (55) ആണ് മരിച്ചത്. മകന്‍ നിധിനെ കസ്റ്റഡിയിലെടുത്തു.

◾ആറ്റിങ്ങല്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി എം എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി മരിച്ചു. ആറ്റിങ്ങല്‍ സ്വദേശിനി ശ്രേഷ്ഠയാണ് മരിച്ചത്. 12 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ രണ്ടു കോളേജ് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്.

◾ധനകാര്യ സ്ഥാപനത്തിലെ പണയ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. വള്ളുവനാട് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ വൈലത്തൂര്‍ ശാഖയിലെ ഏരിയ മാനേജര്‍ പാലക്കല്‍ പത്തായപ്പുര ശ്രീരാഗ് (26), പൊന്മുണ്ടം പാലപ്പെട്ടി അബ്ദുള്‍ ജലീല്‍ (27) എന്നിവരാണ് പിടിയിലായത്.

◾നിലമ്പൂര്‍ വടപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറും പിടിയിലായി. ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലോറിയുടെ ഡ്രൈവര്‍ ആന്ധ്ര പ്രദേശ് കര്‍ണൂല്‍ സ്വദേശി ദസ്തഗിരി സാഹേബി (45)നെ അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ കൂടെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ എരഞ്ഞിമങ്ങാട് സ്വദേശി ഷിനുവാണ് മരിച്ചത്.

◾ഷുഹൈബ് വധക്കേസില്‍ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹര്‍ജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയില്‍. വാദം കേള്‍ക്കാനായി കേസ് ഈ മാസം 15 ലേക്കു മാറ്റി.

◾ചേര്‍പ്പ് സ്വദേശി ബസ് ഡ്രൈവര്‍ സഹറിനെ സദാചാരസംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ വനിതാ സുഹൃത്തിന്റെ മൊഴിയെടുത്തു. ഇവര്‍ക്ക് കൗണ്‍സിലിംഗ് ആവശ്യമെങ്കില്‍ നല്‍കുമെന്ന് റൂറല്‍ എസ്പി ഐശ്വര്യാ ഡോങ്റേ പറഞ്ഞു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആരേയും അറസ്റ്റു ചെയ്തിട്ടില്ല.  

◾മദ്യനയക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ആംആദ്മി പാര്‍ട്ടി. അക്രമാസക്തരായ ക്രിമിനലുകളെ പാര്‍പ്പിച്ചിരിക്കുന്ന തീഹാറിലെ ഒന്നാം നമ്പര്‍ ജയിലിലാണ് സിസോദിയയെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

◾ഡല്‍ഹി മദ്യനയ കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കെ കവിത ചോദ്യം ചെയ്യലിന് ഇന്നു ഹാജരാകില്ല. സമയം നീട്ടി ചോദിച്ചതിനാല്‍ പുതുക്കിയ തീയതി ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിക്കും.

◾നാഗാലാന്‍ഡില്‍ എന്‍ഡിപിപി- ബിജെപി സഖ്യ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് എന്‍സിപി. സംസ്ഥാന ഘടകത്തിന്റെ ആവശ്യം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ അംഗീകരിച്ചു. എന്‍സിപിക്ക് ഏഴ് എംഎല്‍എമാരുണ്ട്. നാഗാലാന്‍ഡില്‍ പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ്.

◾ജീവിച്ചിരിക്കുന്നയാള്‍ മരിച്ചെന്നു രേഖകളുണ്ടാക്കി രണ്ടു കോടി രൂപയുടെ എല്‍ഐസി ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റിലായി. മുംബൈയിലാണു സംഭവം. 2015 ല്‍ എടുത്ത ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ഒരുവര്‍ഷത്തോളം പ്രീമിയം അടച്ചശേഷമാണ് അപകടത്തില്‍ മരിച്ചെന്നു വ്യാജരേഖ ചമച്ചു തട്ടിപ്പിനു ശ്രമിച്ചത്.

◾ഇന്‍ഡിഗോ വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചതിന് 24 കാരി അറസ്റ്റില്‍. കൊല്‍ക്കത്തയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പുകവലിച്ചതിന് സിയാല്‍ദാ സ്വദേശിയായ പ്രിയങ്ക ചക്രബൊര്‍ത്തിയാണ് അറസ്റ്റിലായത്.

◾ഡല്‍ഹിയില്‍ ആളുകള്‍ നോക്കി നില്‍ക്കെ റോഡിലേക്ക് കൂറ്റന്‍ കെട്ടിടം തകര്‍ന്നു വീണു. ഭജന്‍പുര പ്രദേശത്താണ് സംഭവം. ആളുകള്‍ ഒഴിഞ്ഞുമാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല.

◾ആരാധന മൂത്ത് ഷാരൂഖ് ഖാനെ കാണാന്‍ മുംബൈ ബാന്ദ്രയിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള വീടിന്റെ കൂറ്റന്‍ മതില്‍ ചാടിക്കടന്ന് ആരും കാണാതെ മൂന്നാംനിലയിലെ മേയ്ക്കപ്പ് മുറിയില്‍ ഒളിച്ചിരുന്ന രണ്ടു യുവാക്കള്‍ പിടിയില്‍. ബറൂച്ച് സ്വദേശികളായ സാഹില്‍ സലിം ഖാന്‍,റാം സരഫ് കുഷ് വാഹ എന്നിവരെയാണ് ഷാരൂഖിന്റെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.

◾യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെതിരെ വിമര്‍ശനവുമായി ഇന്ത്യ. സ്ത്രീകള്‍, സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പാക് വിദേശകാര്യ മന്ത്രി ജമ്മു-കാഷ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു. കാഷ്മീര്‍ ഇന്ത്യയുടെ വികാരമാണ്. അവിടെ പാക്കിസ്ഥാനാണു പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് ശക്തമായ മറുപടി നല്‍കി.

◾കൊളംബിയയില്‍ സ്‌കൂളില്‍ ഓജോബോര്‍ഡ് കളിച്ചു തളര്‍ന്നു വീണ 28 പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗലേരസ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ വിദ്യാര്‍ത്ഥിനികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആകാംക്ഷയും പരിഭ്രാന്തിയും വര്‍ദ്ധിച്ചാണു കുട്ടികള്‍ തളര്‍ന്നു വീണത്.

◾ദുബൈ അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ വന്‍ തീപിടുത്തം. ബുധനാഴ്ച വൈകുന്നേരം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായത്.

◾വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 11 റണ്‍സിനെ കീഴടക്കി ഗുജറാത്ത് ജയന്റ്‌സ് ആദ്യ വിജയം സ്വന്തമാക്കി. ഗുജറാത്ത് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കളിച്ച മൂന്ന് കളികളിലും തോറ്റ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

◾ബോര്‍ഡര്‍-ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാകും. ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്ദോറില്‍ നടന്ന മൂന്നാം ടെസ്റ്റ് ഓസ്‌ട്രേലിയയാണ് വിജയിച്ചത്.

◾ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയ എംബാപ്പെയുടെ പ്രകടനം ഗംഭീരമായിരുന്നുവെന്ന് അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി. 'യഥാര്‍ഥത്തില്‍ ശ്വാസമടക്കിപ്പിടിച്ച ഫൈനലായിരുന്നു അത്. കിലിയന്റെ പ്രകടനവും ഗംഭീരമായിരുന്നു. ഫൈനലില്‍ മൂന്ന് ഗോളുകള്‍ നേടിയിട്ടും ചാമ്പ്യനാകാന്‍ കഴിയാത്തത് നിരാശാജനകമാണ്'- മെസ്സി പറഞ്ഞു.

◾യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ കുടുങ്ങി പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് വീണ്ടും ഓഹരി വിപണിയില്‍ സജീവമാകുന്നു. നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ച് വ്യാഴാഴ്ച തിരിച്ചടക്കേണ്ടിയിരുന്ന 500 മില്യണ്‍ ഡോളര്‍ ബ്രിഡ്ജ് ലോണ്‍ അദാനി ഗ്രൂപ്പ് തിരിച്ചടച്ചു. റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 7,374 കോടി രൂപയുടെ ഓഹരി അധിഷ്ഠിത വായ്പ മുന്‍കൂറായി കമ്പനി അടച്ചു തീര്‍ത്തു. പ്രമോട്ടര്‍മാരുടെ വാഗ്ദാന പ്രകാരമാണ് വായ്പയുടെ മുന്‍കൂര്‍ പേയ്‌മെന്റ് നടപടി ഉണ്ടായിരിക്കുന്നത്. അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ മുമ്പ് എസ്ബിഐ മ്യൂച്വല്‍ ഫണ്ടിലേക്ക് 1500 കോടി രൂപ വായ്പ തിരിച്ചടച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ ഈ ചുവടുവെപ്പ് നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിര്‍ത്തുക എന്ന കാഴ്ചപ്പാടിലൂന്നിയാണ്. 2022 സെപ്റ്റംബറില്‍ അദാനി ഗ്രൂപ്പിന്റെ മൊത്തം കടം 2.26 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദാനി ഗ്രൂപ്പ് ഈ സാഹചര്യങ്ങളെ മറികടക്കാനുള്ള ശ്രമത്തിലാണ്. ഏറ്റവും പുതിയ വീണ്ടെടുക്കലിന് ശേഷം, ഫെബ്രുവരി 27ന് ഏകദേശം 6.82 ലക്ഷം കോടി രൂപയില്‍ രജിസ്റ്റര്‍ ചെയ്ത വിപണി മൂലധനം മാര്‍ച്ച് 6ന് ഏകദേശം 8.85 ലക്ഷം കോടി രൂപയായി ഉയര്‍ന്നിരുന്നു. ഗൗതം അദാനിയുടെ സമ്പാദ്യത്തിലും വര്‍ധനവുണ്ട്, ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് അദ്ദേഹം ഇപ്പോള്‍ സമ്പന്നരുടെ പട്ടികയില്‍ 24-ാം സ്ഥാനത്തെത്തി. 52.1 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെയാണ് അദ്ദേഹം മുന്നോട്ട് വന്നിരിക്കുന്നത്.

◾ഓസ്‌കറില്‍ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി അക്കാദമി അംഗം കൂടിയായ സൂര്യ ശിവകുമാര്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡില്‍ വോട്ട് ചെയ്ത കാര്യം സൂര്യ പ്രേക്ഷകരെ അറിയിച്ചത്. ഓസ്‌കര്‍ കമ്മിറ്റിയില്‍ അംഗമാകുന്ന ആദ്യ തെന്നിന്ത്യന്‍ അഭിനേതാവാണ് സൂര്യ. ബോളിവുഡ് താരം കജോള്‍, സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് (റൈറ്റിങ് വിത്ത് ഫയര്‍ ഫെയിം), എഴുത്തുകാരിയും ചലച്ചിത്ര നിര്‍മാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാദമിയില്‍ അംഗമാകാന്‍ ഇത്തവണ ക്ഷണിച്ചിരുന്നു. ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍നിന്ന് ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്‌മാന്‍, അമിതാഭ് ബച്ചന്‍, സൂപ്പര്‍താരങ്ങളായ ഷാറുഖ് ഖാന്‍, വിദ്യാ ബാലന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അലി അഫ്‌സല്‍ എന്നിവരും നിര്‍മാതാക്കളായ ആദിത്യ ചോപ്ര, ഗുനീത് മോംഗ, ഏക്താ കപൂര്‍, ശോഭ കപൂര്‍ എന്നിവരും മുന്‍പേ തന്നെ അക്കാദമിയിലെ അംഗങ്ങളാണ്. മാര്‍ച്ച് 13ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെയാണ് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു'വാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ഷൗനക് സെന്‍ സംവിധാനം ചെയ്ത ഓള്‍ ദാറ്റ് ബ്രീത്ത്‌സ്, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ദ് എലിഫെന്റ് വിസ്‌പേഴ്‌സ് എന്നീ ഡോക്യുമെന്ററികളാണ് ഓസ്‌കറില്‍ മത്സരിക്കുന്ന മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍.

◾ധ്യാന്‍, സണ്ണിവെയ്ന്‍, നിരഞ്ജ് മണിയന്‍പിള്ള എന്നിവര്‍ ഒന്നിക്കുന്ന 'ത്രയ'ത്തിലെ ആദ്യഗാനം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്ന ഗാനമാണിത്. കെ.എസ്.ഹരിശങ്കര്‍ ഗാനം ആലപിച്ചു. 'ആമ്പലേ... നീലാമ്പലേ...' എന്നു തുടങ്ങുന്ന പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയുന്ന ചിത്രമാണ് 'ത്രയം'. രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ത്രയത്തിന്റെ നിര്‍മാണം. 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥയും സംഭാഷണവുമെഴുതുന്ന സിനിമയാണ് 'ത്രയം'. ജിജു സണ്ണി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിങ്: രതീഷ് രാജ്.

◾രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, 2023 മാര്‍ച്ചില്‍ ഇഗ്നിസ്, ബലേനോ, സിയസ്, എക്സ്എല്‍6, ഗ്രാന്‍ഡ് വിറ്റാര എന്നിവയില്‍ ചില മോഡലുകള്‍ക്ക് 52,000 രൂപ വരെ കിഴിവുകളും, മറ്റ് ഓഫറുകളും നല്‍കുന്നു. ഇഗ്‌നിസിന് വാങ്ങുകയാണെങ്കില്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് 23,000 രൂപ കിഴിവ്, 10,000 രൂപ ഹോളി ബുക്കിംഗ് ബോണന്‍സ, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപ കോര്‍പ്പറേറ്റ് ഓഫറുകള്‍ എന്നിവ ഉള്‍പ്പടെ മൊത്തം 52,000 രൂപയാണ് കുറയുക. ഓട്ടോമാറ്റിക് (എജിഎസ്) വകഭേദങ്ങള്‍ക്ക് 13,000 രൂപ കിഴിവ്, 10,000 രൂപ ഹോളി ബുക്കിംഗ് ബോണന്‍സ, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപ കോര്‍പ്പറേറ്റ് ഓഫറുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 42,000 രൂപയുടെ കുറവാണ് ലഭിക്കുക. ബലേനോയ്ക്ക് മാനുവല്‍, ഓട്ടോമാറ്റിക് അല്ലെങ്കില്‍ സിഎന്‍ജി വേരിയന്റുകള്‍ക്ക് നിലവില്‍ കിഴിവുകളും ഓഫറുകളും ലഭ്യമല്ല. സിയാസ് വാങ്ങുന്നവര്‍ക്ക് മൊത്തം 28,000 രൂപ വരെയുള്ള ഓഫറുകള്‍ ലഭിക്കും. മുന്‍കൂര്‍ കിഴിവ് ലഭ്യമാകില്ല. എന്നിരുന്നാലും, 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോര്‍പ്പറേറ്റ് ഓഫറും ഉണ്ട്. എക്സ്എല്‍6ന് നിലവില്‍ കിഴിവുകളോ ഓഫറുകളോ ഇല്ല. ഗ്രാന്‍ഡ് വിറ്റാരയുടെ കാര്യവും ഇതുതന്നെ.

◾അംബേദ്കറുടെ ജീവിതം വളരെ വ്യക്തതയോടെയും ഉള്‍ക്കാഴ്ചയോടെയും ആദരവോടെയുമാണ് ഈ പുസ്തകത്തില്‍ പറയുന്നത്. 1891 ഏപ്രില്‍ 14ന് ബോംബെ പ്രസിഡന്‍സിയിലെ മഹര്‍മാരുടെ കുടുംബത്തില്‍ ജനിച്ചതു മുതല്‍ 1956 ഡിസംബര്‍ 6 ന് ഡല്‍ഹിയില്‍ വച്ച് മരിക്കുന്നതുവരെയുള്ള ആ മഹാപുരുഷന്റെ ജീവിതത്തെ ശശി തരൂര്‍ വിവരിക്കുന്നു. അധഃസ്ഥിതരെന്ന് അപഹസിക്കുന്ന ഒരു സമൂഹത്തില്‍ അംബേദ്കറിന് നേരിടേണ്ടിവന്ന നിരവധി അപമാനങ്ങളെയും പ്രതിബന്ധങ്ങളെയും പരാമര്‍ശിക്കുന്നതോടൊപ്പം വിവിധ പോരാട്ടങ്ങള്‍, രാഷ്ട്രീയബൗദ്ധിക അതികായരുമായുള്ള അദ്ദേഹത്തിന്റെ തര്‍ക്കങ്ങള്‍ എന്നിവ ഈ കൃതി പങ്കുവയ്ക്കുന്നു. 'അംബേദ്കര്‍: ഒരു ജീവിതം'. ശശി തരൂര്‍. വിവര്‍ത്തനം: ലിന്‍സി കെ. തങ്കപ്പന്‍. ഡി സി ബുക്സ്. വില 340 രൂപ.

◾കോവിഡ് ബാധിതര്‍ക്ക് രോഗമുക്തിക്ക് ശേഷം ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തുടര്‍ച്ചയായ നെഞ്ചു വേദനയ്ക്ക് സാധ്യതയുണ്ടെന്ന് പഠനം. അമേരിക്കയിലെ സാള്‍ട്ട് ലേക്ക് സിറ്റിയിലുള്ള ഇന്റര്‍മൗണ്ടന്‍ ഹെല്‍ത്തിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഹൃദ്രോഗ സംബന്ധമായ ലക്ഷണങ്ങള്‍ക്കായി 150000 പേരുടെ ഡേറ്റ ഗവേഷകര്‍ പരിശോധിച്ചു. മൂന്ന് സംഘങ്ങളായി ഇവരെ തരംതിരിച്ചാണ് പഠനം നടത്തിയത്. 18 ന് മുകളില്‍ പ്രായമുള്ള കോവിഡ് പോസിറ്റീവ് ആയിരുന്നവര്‍ ആദ്യ ഗ്രൂപ്പിലും കോവിഡ് നെഗറ്റീവ് ആയവര്‍ രണ്ടാമത്തെ ഗ്രൂപ്പിലും ഉള്‍പ്പെടുന്നു. കോവിഡ് കാലത്തിന് മുന്‍പുള്ള 2018 ജനുവരി 1 മുതല്‍ 2019 ഓഗസ്റ്റ് 31 വരെയുള്ള കാലഘട്ടത്തില്‍ പരിശോധിക്കപ്പെട്ട രോഗികളുടെ വിവരങ്ങള്‍ കണ്‍ട്രോള്‍ ഗ്രൂപ്പായും ഉപയോഗിച്ചു. ഇതില്‍ നിന്ന് കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് ആറ് മാസങ്ങള്‍ക്കും ഒരു വര്‍ഷത്തിനു ശേഷവും നെഞ്ചുവേദന അനുഭവപ്പെടുന്നതിന്റെ തിരക്ക് അധികമാണെന്ന് കണ്ടെത്തി. ഇത് ഈ രോഗികളില്‍ ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങള്‍ തുടര്‍ന്നും ഉണ്ടാകാനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. അതേ സമയം ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അതിഗുരുതര സാഹചര്യങ്ങളുടെ നിരക്ക് കോവിഡ് രോഗികളില്‍ ഉയര്‍ന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ 2023 ലെ സയന്റിഫിക്ക് കോണ്‍ഫറല്‍ പഠനഫലം അവതരിപ്പിക്കപ്പെട്ടു.

*ശുഭദിനം*

യൂറോപ്പിലെ ഓസ്ട്രിയ - ഹംഗറി സാമ്രാജ്യത്തിലെ സ്ലിന്‍ എന്ന പട്ടണത്തില്‍ ചെരുപ്പുനിര്‍മ്മാണം തൊഴിലാക്കിയ ഒരു കുടുംബം ഉണ്ടായിരുന്നു. അവരുടെ ചെരുപ്പുകള്‍ക്കും ഷൂസുകള്‍ക്കും ആരാധകരേറെയായിരുന്നു. അത്രയ്ക്കും ഗുണമേന്മയുണ്ടായിരുന്നു അവയ്ക്ക്. കുടുംബത്തിലെ മൂത്തയാളായ തോമസ് ഒരു ചെരുപ്പുനിര്‍മ്മാണക്കമ്പനി തുടങ്ങാന്‍ തീരുമാനിച്ചു. സഹോദരന്‍ അന്റോണിനും സഹോദരി അന്നയോടുമൊപ്പം ചേര്‍ന്ന് 1894 ല്‍ അവര്‍ ഒരു കമ്പനി തുടങ്ങി. വളരെ കുറച്ച് ജീവനക്കാരാണ് ആ കമ്പനിയില്‍ ഉണ്ടായിരുന്നത്. അങ്ങനെയിരിക്കെ നല്ല ലതര്‍ കിട്ടാന്‍ ബുദ്ധിമുട്ട് വന്നു. ഈ പ്രതിസന്ധി അവരെ മറ്റൊരു മെറ്റീരിയലില്‍ പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. അങ്ങനെ കാന്‍വാസ് ആ സ്ഥാനം ഏറ്റെടുത്തു. ഈ പുതിയ ഷൂ ആളുകള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. ഒന്നാം ലോക മഹായുദ്ധം എല്ലാ കച്ചവടങ്ങളേയും നശിപ്പിച്ചപ്പോഴും ഇവര്‍ കച്ചവടത്തിന് ഒരു വഴി കണ്ടെത്തി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്കുളള ചെരുപ്പുകളുടേയും ഷൂവിന്റെയും ഉത്പാദനം കൂട്ടി. അമേരിക്ക മാത്രമല്ല, ലോക രാജ്യങ്ങള്‍ മുഴുവന്‍ ആ ബ്രാന്റിനെ ഏറ്റെടുത്തു. 99.99 എന്ന പ്രൈസ്ടാഗില്‍ പ്രത്യക്ഷപ്പെട്ട ബാറ്റാ ഇന്ന് എഴുപതില്‍ അധികം രാജ്യങ്ങളിലായി അയ്യായിരത്തോളം ഷോറൂമുകളുമായി ബാറ്റാ തന്റെ ജൈത്രയാത്ര തുടരുന്നു.. മറ്റുള്ളവരുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ പലപ്പോഴും മുന്നോട്ടുള്ള യാത്ര കൂടുതല്‍ എളുപ്പമായി മാറുന്നു. ഏതൊരു വിജയത്തിന് പിന്നിലും ഈ തൊട്ടറിയല്‍ ഉണ്ടായിരിക്കും. നമുക്കും മറ്റുളളവരുടെ മനസ്സ് തൊട്ടറിഞ്ഞ് നമ്മുടെ യാത്രയെ കൂടുതല്‍ മനോഹരമാക്കാം - *ശുഭദിനം.*