◾ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അഴിമതിയിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്നലെ ഒമ്പതര മണിക്കൂറാണു ചോദ്യം ചെയ്തത്. ഇതിനിടെയാണ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയത്.
◾കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ഇന്നു വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി. കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും കോര്‍പറേഷന്‍ സെക്രട്ടറിയും നേരിട്ടു ഹാജരാകണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയെ കോടതി കക്ഷി ചേര്‍ത്തു. കൊച്ചിയിലെ മാലിന്യ സംസ്‌കരണം ജൂണ്‍ ആറിനു മുമ്പ് കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി.
◾കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖലകളില്‍ കുടിവെള്ളം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍നിന്നുള്ള തുക വിനിയോഗിക്കാമെന്നു സര്‍ക്കാര്‍ ഉത്തരവ്. ഈ മാസം 31 വരെ പഞ്ചായത്തുകള്‍ക്ക് ആറു ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്കു 12 ലക്ഷം രൂപയും കോര്‍പറേഷനുകള്‍ക്ക് 17 ലക്ഷം രൂപയും ചെലവാക്കാന്‍ അനുമതി നല്‍കി. ഏപ്രില്‍, മേയ് മാസങ്ങളില്‍ പഞ്ചായത്തുകള്‍ക്കു 12 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 17 ലക്ഷം രൂപയും കോര്‍പറേഷനുകള്‍ക്ക് 22 ലക്ഷം രൂപയും ചെലവാക്കാം.
◾എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. രാവിലെ ഒമ്പതരയ്ക്കാണു പരീക്ഷ. 29 നു പരീക്ഷകള്‍ അവസാനിക്കും. നാലു ലക്ഷത്തി പത്തൊമ്പതിനായിരം വിദ്യാര്‍ത്ഥികളാണു പരീക്ഷ എഴുതുന്നത്. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വെള്ളിയാഴ്ച ആരംഭിക്കും.
◾സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനങ്ങള്‍ താല്‍ക്കാലിക വിസിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്ത ചാന്‍സലറുടെ നടപടിയെ ചോദ്യം ചെയ്ത് സിന്‍ഡിക്കേറ്റ് ഹൈക്കോടതിയെ സമീപിച്ചു. തീരുമാനമെടുത്ത സമിതികളെ കേള്‍ക്കാതെയുളള ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണു വാദം.
◾സ്പോര്‍ട്സ് താരം കെ.സി. ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച നിലമ്പൂര്‍ ആയിഷ, സ്ത്രീ ശാക്തീകരണത്തില്‍ ലക്ഷ്മി എന്‍. മേനോന്‍, വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക മേഖലയില്‍ കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി പ്രൊഫസര്‍ ഡോ. ആര്‍.എസ്. സിന്ധു എന്നിവര്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍. വനിതാദിനമായ ഇന്നു വൈകുന്നേരം നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
◾കേരള തീരത്ത് ഇന്നു രാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യത. രണ്ടു മീറ്റര്‍വരെ തിരമാലകള്‍ ഉയരാം. ജാഗ്രത വേണമെന്നു മുന്നറിയിപ്പ്.
◾വൈദ്യുതി ചാര്‍ജ് അടച്ചിട്ടും കൃഷിമന്ത്രിയുടെ വീടിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. മന്ത്രി പി. പ്രസാദിന്റെ നൂറനാട് മറ്റപ്പള്ളിയിലുള്ള വീടിന്റെ വൈദ്യുതി കണക്ഷനാണ് നൂറനാട് വൈദ്യുതി ഓഫീസിലെ ജീവനക്കാര്‍ ഈ മാസം രണ്ടിന് കട്ടു ചെയ്തത്. വിവാദമായതോടെ ഇന്നലെ ജീവനക്കാരെത്തി വൈദ്യുതി പുസ്ഥാപിച്ചു.
◾കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വൈസ് ചാന്‍സലര്‍മാരും പ്രിന്‍സിപ്പല്‍മാരുമില്ലാത്ത ഈജിയന്‍ തൊഴുത്താക്കി തകര്‍ത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറുമാണ് ഉത്തരവാദികള്‍. സിപിഎമ്മിന്റെ കുഴിയാനകളെ നിയമിക്കാനാകാത്തതുകൊണ്ട് സംസ്ഥാനത്തെ സര്‍വകലാശാലകളും സര്‍ക്കാര്‍ കോളജുകളും കടുത്ത പ്രതിസന്ധിയിലാണെന്നും സുധാകരന്‍ പറഞ്ഞു.
◾വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ പാരാച്യട്ട് ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. 100 അടി ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റില്‍ ഒന്നര മണിക്കൂറോളം തൂങ്ങിക്കിടന്ന ഇന്‍സ്ട്രക്ടറെയും കോയമ്പത്തൂര്‍കാരിയായ യുവതിയെയും ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കാറ്റിന്റെ ഗതി മാറിയതാണ് അപകടകാരണം.
◾കൊച്ചി ബ്രഹ്‌മപുരത്തെ തീയും പുകയും അണയ്ക്കാന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ പിടിച്ചെടുത്തു. ദുരന്തനിവാരണ നിയമപ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ചാണ് നടപടി. പുകയുന്ന പ്രദേശത്തേക്കു മണ്ണുമാന്തി യന്ത്രങ്ങള്‍ എത്താന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് പിടിച്ചെടുത്തത്.
◾പാലക്കാട്ട് രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകളി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.
◾കളമശ്ശേരി മുട്ടാര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ആലുവ കമ്പനിപ്പടി സ്വദേശി ആദിദേവ്(13) ആണ് മരിച്ചത്.
◾മലയാളി സംരംഭകന്‍ ഖത്തറില്‍ മരിച്ചു. തൃശൂര്‍ ചെമ്മാപ്പിള്ളി പൊക്കാലത്ത് വീട്ടില്‍ പരേതനായ ഷംസുദ്ദീന്റെയും നൂര്‍ജഹാന്റെയും മകന്‍ നെബീലിനെയാണ് (29) ഖത്തറിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തിയത്.
◾സ്വത്ത് നല്‍കാത്തതിന് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷ. കൊല്ലം പട്ടത്താനം സ്വദേശിനി സാവിത്രിയമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ സുനിലിനെ ജില്ലാ കോടതി ശിക്ഷിച്ചത്.
◾കൊല്ലത്ത് പോക്സോ കേസിലെ അതിജീവതയായ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍. കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണ് വീടിനു സമീപത്തെ വനത്തില്‍ തൂങ്ങിമരിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് പൊലീസ് അറസ്റ്റു ചെയ്ത ഓയൂര്‍ സ്വദേശി റിമാന്‍ഡിലാണ്.
◾ആലപ്പുഴയില്‍ ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് സൈനികന്‍ മരിച്ചു. മുതുകുളം വടക്ക് കൊട്ടാരത്തില്‍ വടക്കതില്‍ വിഷ്ണു (32) ആണ് മരിച്ചത്.
◾മൂവാറ്റുപുഴയില്‍ പട്ടാപ്പകല്‍ വീട്ടുജോലിക്കാരിയെ ശുചിമുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നെന്ന പരാതിയില്‍ വീട്ടുജോലിക്കാരി അറസ്റ്റിലായി. മൂവാറ്റുപുഴ കളരിക്കല്‍ മോഹനന്റെ വീട്ടില്‍ മാര്‍ച്ച് ഒന്നിനാണ് മോഷണം നടന്നത്. മോഹനന്റെ അകന്ന ബന്ധുകൂടിയായ ജോലിക്കാരി പത്മിനിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. 55 ഗ്രാം സ്വര്‍ണം പൊലീസ് കണ്ടെടുത്തു.
◾കര്‍ണാടകത്തില്‍ ലക്ഷങ്ങളുടെ കൈക്കൂലിക്കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ചന്നാഗിരി എംഎല്‍എ മാഡല്‍ വിരൂപാക്ഷപ്പയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പടക്കം പൊട്ടിച്ചും പൂവിതറിയുമാണ് എംഎല്‍എയെ സ്വീകരിച്ചത്. തുറന്ന ജീപ്പില്‍ അഭിവാദ്യം ചെയ്തും കൈവീശിക്കാണിച്ചുമാണ് വിരൂപാക്ഷപ്പ എത്തിയത്.
◾ലാലു പ്രസാദ് യാദവിനെയും മകള്‍ മിസ ഭാരതിയേയും സിബിഐ ചോദ്യം ചെയ്തു. മിസ ഭാരതിയുടെ ഡല്‍ഹിയിലെ വസതിയില്‍ അഞ്ചു മണിക്കൂറോളമാണു ചോദ്യംചെയ്തത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ലാലുപ്രസാദ് യാദവ് വിശ്രമിക്കുകയാണെന്നും ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണമെന്ന് അപേക്ഷിച്ചെങ്കിലും സിബിഐ പരിഗണിച്ചില്ല. ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് നടന്ന ഗ്രൂപ്പ് ഡി നിയമനങ്ങളിലും ജോലിക്കു ഭൂമി അഴിമതി കേസിലുമാണ് അന്വേഷണം.
◾നാഗാലാന്‍ഡില്‍ എന്‍ഡിപിപി നേതാവ് നെഫ്യൂ റിയോ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 72 കാരനായ നെഫ്യൂ അഞ്ചാം തവണയാണു മുഖ്യമന്ത്രിയാകുന്നത്. മിക്ക കക്ഷികളും പിന്തുണച്ചതോടെ സംസ്ഥാനത്തു പ്രതിപക്ഷം ഇല്ലാതായി. ബിജെപി സഖ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും പങ്കെടുത്തു. രാവിലെ മേഘാലയയില്‍ കൊണ്‍റാഡ് സാംഗ്മ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും.
◾ഉപയോഗശൂന്യമായ ഉപഗ്രഹം ഭൗമാന്തരീക്ഷത്തിലെത്തിച്ച് കത്തിച്ച് നശിപ്പിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. മേഘ ട്രോപിക്കസ് ശാന്ത സമുദ്രത്തിനു മുകളില്‍ കത്തിച്ചതായി ഇസ്രൊ വൃത്തങ്ങള്‍ അറിയിച്ചു. ഇതാദ്യമായാണ് ഐഎസ്ആര്‍ഒ പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയായ ഒരു ഉപഗ്രഹത്തെ ഇങ്ങനെ നശിപ്പിക്കുന്നത്.
◾പോപ്പുലര്‍ ഫ്രണ്ടിനായി ഹവാലാ ഇടപാട് നടത്തിയ മലയാളി അടക്കം അഞ്ചു പേരെ എന്‍ ഐ എ അറസ്റ്റു ചെയ്തു. കാസര്‍കോട് സ്വദേശി കെ.എം. അബിദാണ് അറസ്റ്റിലായ മലയാളി. മറ്റുള്ളവര്‍ കര്‍ണാടക സ്വദേശികളാണ്.
◾ഇന്ത്യയില്‍ ജനാധിപത്യം തകര്‍ന്നെന്നു ലണ്ടനില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിക്കതിരെ അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കുമെന്നു ബിജെപി. വിദേശത്ത് നുണകള്‍ പ്രചരിപ്പിച്ച് രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിച്ചെന്ന് ബി ജെ പി വക്താവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ മൈക്ക് ഓഫാക്കുകയാണെന്നും ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തെന്നും ചാര സോഫ്റ്റ് വെയറായ പെഗാസെസിലൂടെ പ്രതിപക്ഷത്തിന്റെ ഫോണ്‍ ചോര്‍ത്തിയെന്നും രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു.
◾തമിഴ്നാട് ധര്‍മപുരി ജില്ലയിലെ മരന്ദഹള്ളിയില്‍ വൈദ്യുത വേലിയില്‍നിന്ന് ഷോക്കേറ്റ് മൂന്നു കാട്ടാനകള്‍ ചരിഞ്ഞു. റിസര്‍വ് വനമേഖലയോട് ചേര്‍ന്നുള്ള ഫാമിലെ അനധികൃത വൈദുത വേലിയില്‍നിന്നാണ് ഷോക്കേറ്റത്. ഫാമുടമ കെ മുരുകേശകനെ പൊലീസ് അറസ്റ്റ് ചെയ്തു.
◾ഖത്തറിന്റെ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഥാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ സാന്നിധ്യത്തിലാണ് അധികാരമേറ്റത്.
◾വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമായ സൂമില്‍ കൂട്ടപ്പിരിച്ചുവിടലിനിടെ പ്രസിഡന്റിനും പണി പോയി. സൂം പ്രസിഡന്റ് ഗ്രെഗ് ടോംബിനെയും കമ്പനി പുറത്താക്കി. 1300 ജീവനക്കാരെ ഈയിടെ പിരിച്ചുവിട്ടിരുന്നു.
◾ലോകത്തെ ഏറ്റവും ക്ളേശകരമായ മാരത്തണായ ഓസ്ട്രേലിയയിലെ ഡെലീറിയസ് വെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍. 33 കാരനായ സുകാന്ത് സിംഗ് സുകി 102 മണിക്കൂറും 27 മിനിറ്റും കൊണ്ട് 350 കിലോമീറ്റാണ് ഓടിത്തീര്‍ത്തത്. ഫെബ്രുവരി എട്ടു മുതല്‍ 12 വരെ നാലു ദിവസം തുടര്‍ച്ചയായി ഓടിയാണ് സുകാന്ത് സിംഗ് മാരത്തണ്‍ പൂര്‍ത്തിയാക്കിയത്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ പാദ സെമിയില്‍ മുംബൈ സിറ്റിയെ അട്ടിമറിച്ച് ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ ജയം. പകരക്കാരനായി ഇറങ്ങി 78-ാം മിനിറ്റിലെ കോര്‍ണര്‍ ഹെഡറിലൂടെ വലയിലെത്തിച്ച സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന് ജയമൊരുക്കിയത്. മാര്‍ച്ച് 12 ഞായറാഴ്ചയാണ് രണ്ടാംപാദ മത്സരം.
◾വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 60 റണ്‍സിന് തകര്‍ത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഡല്‍ഹി ഉയര്‍ത്തിയ 212 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന യുപിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾ലോകത്തെ ഏറ്റവും ആകര്‍ഷകത്വം ഉള്ള ആളുകള്‍ ഇന്ത്യക്കാരെന്ന് ബ്രിട്ടിഷ് നീന്തല്‍ വസ്ത്ര നിര്‍മാണ കമ്പനിയായ പൂ മ്വാ. ഓണ്‍ലൈന്‍ ഉള്ളടക്ക വിലയിരുത്തലും ചര്‍ച്ചയും നടക്കുന്ന വെബ്‌സൈറ്റായ റെഡിറ്റിലെ പോസ്റ്റുകള്‍ വിശകലനം ചെയ്താണ് പൂ മ്വായുടെ ഈ കണ്ടെത്തല്‍. സൗന്ദര്യത്തിന്റെ കാര്യത്തില്‍ അമേരിക്ക രണ്ടാം സ്ഥാനത്തും സ്വീഡന്‍ മൂന്നാം സ്ഥാനത്തുമെത്തി. ലോകത്തെ 50 രാജ്യങ്ങളുടെ പട്ടികയാണ് ഇത്തരത്തില്‍ തയാറാക്കിയിരിക്കുന്നത്. സൗന്ദര്യമുള്ളവരുടെ കാര്യത്തില്‍ നാലാം സ്ഥാനത്ത് ജപ്പാന്‍കാരാണ്. അഞ്ചും ആറും സ്ഥാനത്ത് യഥാക്രമം കാനഡക്കാരും ബ്രസീലുകാരുമാണ്. ഫ്രാന്‍സ് ഏഴാമതും ഇറ്റലി എട്ടാമതും ഡെന്‍മാര്‍ക്ക് പത്താമതും ഉണ്ട്. ബ്രിട്ടന്‍ 12-ാമതാണ്. എന്നാല്‍, ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാരുടെ മാത്രം കാര്യമെടുത്താല്‍ ബ്രിട്ടനാണ് ഒന്നാം സ്ഥാനം. ആകര്‍ഷകത്വം ഉള്ള ആണുങ്ങളുടെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അതേസമയം സ്ത്രീകളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.
◾ആപ്പിള്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് ഫോണുകളുടെ മഞ്ഞ നിറത്തിലുള്ള പതിപ്പുകള്‍ അവതരിപ്പിച്ചു. വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍ ഇത് മുന്‍കൂര്‍ ബുക്ക് ചെയ്യാം. മാര്‍ച്ച് 14 മുതല്‍ ഇത് വിപണിയിലെത്തും. 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭിക്കും. ഐഫോണ്‍ 14 ന് 79,900 രൂപയിലും ഐഫോണ്‍ 14 പ്രോയ്ക്ക് 89,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്.
◾സേവ് ചെയ്യാത്ത നമ്പരില്‍ നിന്നോ അഞ്ജാത കോണ്‍ടാക്ടുകളില്‍ നിന്നോ വരുന്ന കോളുകള്‍ നിശബ്ദമാക്കാനുള്ള ഫീച്ചറുമായി വാട്സാപ്പ്. സൈലന്‍സ് അണ്‍നൗണ്‍ കോളേഴ്സ് എന്ന ഫീച്ചറാണ് പുതുതായി വാട്ട്സാപ്പ് അവതരിപ്പിക്കാന്‍ പോകുന്നത്. ഫീച്ചറെത്തി കഴിഞ്ഞാല്‍, ആപ്പ് സെറ്റിംഗ്സില്‍ പോയി ഉപയോക്താക്കള്‍ക്ക് 'സൈലന്‍സ് അണ്‍നൗണ്‍ കോളേഴ്സ്' എന്ന ഫീച്ചര്‍ ഓണാക്കാനാകും. ഫീച്ചര്‍ ആക്ടീവാക്കിയാല്‍ അജ്ഞാത നമ്പറുകളില്‍ നിന്നുള്ള എല്ലാ കോളുകളും സൈലന്റാകും. നോട്ടിഫിക്കേഷന്‍ ലഭിക്കുന്നത് തുടരുകയും ചെയ്യും.
◾ടൊവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമയുടെ സെറ്റില്‍ തീപിടുത്തം. ഷൂട്ടിംഗ് അവസാനിക്കാന്‍ വെറും പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രത്തിനായി കാസര്‍കോട് ചീമേനിയില്‍ ഇട്ട സെറ്റിന് തീപിടിച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും 'അജയന്റെ രണ്ടാം മോഷണം'.
◾ശങ്കര്‍ രാമകൃഷ്ണന്‍ രചനയും സംവിധാനവും ചെയ്യുന്ന റാണി എന്ന ചിത്രത്തില്‍ ഉര്‍വശി, ഭാവന, ഹണി റോസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. മാലാപാര്‍വതി, അനുമോള്‍, ഇന്ദ്രന്‍സ്, ഗുരു സോമസുന്ദരം, മണിയന്‍പിള്ള രാജു, അശ്വിന്‍ ഗോപിനാഥ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അമ്പി നീനസം, അശ്വത് ലാല്‍ തുടങ്ങിയവരും പുതുമുഖം നിയതി കാദമ്പിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനും, വിനോദ് മേനോനും ജിമ്മി ജേക്കബും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
◾പങ്കാളികള്‍ക്കിടയില്‍ സ്നേഹവും വൈകാരികബന്ധവും ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്ന രതിമൂര്‍ച്ഛ ആരോഗ്യത്തിനും വളരെയധികം ഗുണകരമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. രതിമൂര്‍ച്ഛയുടെ സമയത്ത് ശരീരം പുറത്തുവിടുന്ന ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തും. സമ്മര്‍ദകാരണങ്ങളായ ചിന്തകളില്‍നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കാനും രതിമൂര്‍ച്ഛ സഹായിക്കും. ലൈംഗികബന്ധത്തിനിടെ ശരീരം പുറത്തു വിടുന്ന പ്രകൃതിദത്ത വേദനസംഹാരികളായ എന്‍ഡോര്‍ഫിനുകള്‍ തലവേദന മുതല്‍ സന്ധിവാതം വരെ പലതരത്തിലുള്ള വേദനകളില്‍നിന്ന് ആശ്വാസം നല്‍കും. ഇതിനെല്ലാം പുറമേ നിത്യവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.