◾കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ചവരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ഇന്നു പണിമുടക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും പണിമുടക്കും. അത്യാഹിത വിഭാഗം, ലേബര്‍ റൂം, എമര്‍ജന്‍സി എന്നിവ മുടങ്ങില്ല. ഐഎംഎയാണു പണിമുടക്കിന് ആഹ്വാനം ചെയ്തത്.
◾തീയണച്ചെങ്കിലും പുകയടങ്ങാതെ ബ്രഹ്‌മപുരം. ശ്വാസംമുട്ടി കൊച്ചി നഗരം. പുകമാലിന്യമുള്ള ഏഴു പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ ഏഴാം ക്ലാസ് വരെയുള്ളവര്‍ക്കു ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ പ്രദേശങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.
◾പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അറസ്റ്റു ചെയ്യാന്‍ വസതി വളഞ്ഞ പോലീസ് അറസ്റ്റു ചെയ്യാതെ മടങ്ങി. അറസ്റ്റു വിവരം അറിഞ്ഞ് അണികള്‍ ചെറുജാഥകളായി വീടിനു ചുറ്റും തടിച്ചുകൂടിയതോടെ പ്രദേശം സംഘര്‍ഷഭരിതമായി. ഇതോടെയാണ് പോലീസ് മടങ്ങിപ്പോയത്. തോഷഖാന കേസുമായി ബന്ധപ്പെട്ടാണ് പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി നേതാവായ ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്യാന്‍ പൊലീസ് എത്തിയത്.
◾തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പു കൂസാതെ ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്ആര്‍ടിസി മുന്നോട്ട്. ഫെബ്രുവരിയിലെ ശമ്പളത്തിന്റെ പകുതി വിതരണം ചെയ്തു. സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടി രൂപ ഉപയോഗിച്ചാണ് ശമ്പളം നല്‍കിയത്. ഗഡുക്കളായി ശമ്പളം നല്‍കുന്നതിനെ എതിര്‍ക്കുന്ന സിഐടിയു നേതാക്കളുമായി ഗതാഗതമന്ത്രി ഇന്നു ചര്‍ച്ച നടത്തും.
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പു സംബന്ധിച്ചു ലോകായുക്തയിലുള്ള കേസിന്റെ വിസ്താരം പൂര്‍ത്തിയായി ഒരു വര്‍ഷത്തോളമായിട്ടും വിധി പറയാന്‍ ലോകായുക്ത തയാറാകാത്തത് എന്തുകൊണ്ടാണെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രി പ്രതിസ്ഥാനത്തുള്ള കേസാണിത്. വിസ്താരം പൂര്‍ത്തിയായാല്‍ ആറു മാസത്തിനകം വിധി പ്രസ്താവിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കേരള ലോകായുക്തയ്ക്കു ബാധകമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
◾പ്രസംഗിക്കുന്നതിനിടെ മൈക്കിനോടു ചേര്‍ന്നു നില്‍ക്കണമെന്നു നിര്‍ദേശിച്ച മൈക്ക് ഓപറേറ്ററെ ശകാരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാളയില്‍ ജനകീയ പ്രതിരോധ ജാഥക്കിടെ പ്രസംഗിക്കുകയായിരുന്നു ഗോവിന്ദന്‍. 'നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി'യെന്നു ഗോവിന്ദന്‍ ക്ഷുഭിതനായി. മൈക്ക് നേരെയായി എങ്ങനെ ഉപയോഗിക്കാമെന്ന് ഗോവിന്ദന്‍ പറയുകയും ചെയ്തു.
◾കൈക്കൂലി വാങ്ങിയതിനു കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നാല് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എംവിഐ എസ് അരവിന്ദ്, എഎംവിഐ പി എസ് ശ്രീജിത്ത്, സീനിയര്‍ ക്ലര്‍ക്ക് ടിജോ ഫ്രാന്‍സിസ്, സീനിയര്‍ ക്ലര്‍ക്ക് സുല്‍ഫത്ത് എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്.
◾ചികിത്സ വൈകിയെന്ന് ആരോപിച്ച് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ രണ്ടു പേര്‍ കീഴടങ്ങി. കുന്ദമംഗലം സ്വദേശികളായ സഹീര്‍ ഫാസില്‍, മുഹമ്മദ് അലി എന്നിവരാണ് നടക്കാവ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ആറു പേര്‍ക്കെതിരെയാണ് കേസെടുത്തത്.
◾കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിക്കുന്ന തൃശൂരിലെ ബിജെപി പൊതുസമ്മേളനം 12 ലേക്കു മാറ്റി. ഇന്നലെ നടത്താനിരുന്ന സമ്മേളനമാണു മാറ്റിവച്ചത്. തേക്കിന്‍കാട് മൈതാനിയില്‍തന്നെയാണ് സമ്മേളനം നടക്കുക.
◾ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം. ക്ഷേത്ര പരിസരത്തോ ദേശീയപാതയിലോ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യരുതെന്നു പോലീസ്.
◾തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് അയ്യായിരം രൂപ കൈക്കൂലി നല്‍കാത്തതിനാല്‍ പന്ത്രണ്ടു വയസുകാരനു ചികില്‍സ നിഷേധിച്ചെന്നു പരാതി. സൈക്കിളില്‍നിന്നു വീണു തോളെല്ലിനു പരിക്കേറ്റ മകനു ചികില്‍സ നിഷേധിച്ചെന്ന് കടവൂര്‍ സ്വദേശിയായ രാജേഷാണ് ആരോപിച്ചത്.
◾വയനാട് മേപ്പാടി മൂപ്പൈനാട് കാറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. വടുവഞ്ചാല്‍ സ്വദേശികളായ മറിയക്കുട്ടി, മകള്‍ മോളി എന്നിവരാണ് മരിച്ചത്.
◾കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. ഒന്നാം സാക്ഷി റെഞ്ചി വില്‍സനെയാണ് ഇന്നു കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയില്‍ വിസ്തരിക്കുക. 2011 ല്‍ നടന്ന കൊലപാതകത്തില്‍ റോയ് തോമസിന്റെ ഭാര്യ ജോളി അടക്കം നാലു പേരാണു പ്രതികള്‍.
◾തൃത്താല ആലൂരില്‍ പൂരത്തോടനുബന്ധിച്ച് അനുമതിയില്ലാതെ ഗാനമേള നടത്തിയതു തടഞ്ഞ പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. അനുമതിയില്ലാത്തതിനാല്‍ ഗാനമേള നിര്‍ത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കവും കൂട്ടത്തല്ലും അരങ്ങേറിയത്.
◾പത്തനംതിട്ട ഇലവുംതിട്ടയില്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. കടയിലെ ഡിസ്പ്ലേയിലുണ്ടായിരുന്ന ഏഴു പവന്‍ സ്വര്‍ണവും അരകിലോയോളം വെള്ളിയും നഷ്ടപ്പെട്ടു. ലോക്കര്‍ പൊളിക്കാനുള്ള ശ്രമം വിജയിച്ചില്ല.
◾യുവാവിനെ ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന പ്രതികള്‍ പിടിയില്‍ കോട്ടയം തിരുവഞ്ചൂര്‍ പോളചിറ ലക്ഷം വീട് കോളനിയില്‍ വന്നല്ലൂര്‍കര കോളനിയിലെ ഷൈജുവാണ് കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ലാലു, സിബി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾കാസര്‍കോട് പൈവളിഗെയില്‍ പ്രവാസിയായ അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പൈവളിഗെ സ്വദേശി പി എം അബ്ദുല്‍ ജലീല്‍ ആണ് പിടിയിലായത്. യുഎഇയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്.
◾പത്തനംതിട്ട മലയാലപ്പുഴയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കോഴിക്കോട് പുതിയറ സ്വദേശികളായ അക്ഷയും അശ്വിനും ആണ് പിടിയിലായത്.
◾തൃക്കരിപ്പൂര്‍ ചന്തേരയില്‍ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. മംഗലാപുരത്തുനിന്നു പാലക്കാട് ഭാഗത്തേക്കു പോകുകയായിരുന്ന ഗുഡ്സിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്.
◾മാറു മറയ്ക്കല്‍ സമരത്തിന്റെ ഇരുനൂറാം വാര്‍ഷികാഘോഷം ഇന്നു നാഗര്‍കോവില്‍ നാഗരാജ തിടലില്‍ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.
◾ഹിന്ദി സംസാരിച്ചതിനു 12 പേരെ തമിഴ്നാട്ടില്‍ തൂക്കിക്കൊന്നെന്ന് പ്രചാരണം നടത്തിയതിന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. വ്യാജവീഡിയോ പ്രചരിപ്പിച്ചതിന് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവടക്കം നാലുപേര്‍ക്കെതിരെയും തമിഴ്നാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
വ്യാജവാര്‍ത്തയറിഞ്ഞ് ഹിന്ദിക്കാരായ തൊഴിലാളികള്‍ കൂട്ടത്തോടെ തമിഴ്നാട്ടില്‍നിന്നു പലായനം ചെയ്യുകയാണ്.
◾ഇന്ത്യന്‍ ജുഡീഷ്യറിയും ജനാധിപത്യവും പ്രതിസന്ധിയിലാണെന്നു പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പുനരുജ്ജീവനത്തിന്റെ യാത്രയിലാണെന്ന് തുക്ടെ തുക്ടെ ഗാങ് മനസിലാക്കണെന്നും മന്ത്രി പറഞ്ഞു. ഭുവനേശ്വറില്‍ അഭിഭാഷകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവര്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയോ അദ്ദേഹം അന്ധമായി പിന്തുണയ്ക്കുന്നവരെയോ വിമര്‍ശിച്ചാല്‍ ആക്രമിക്കപ്പെടും. ബിബിസി വിഷയത്തിലും ഇന്ത്യയില്‍ ഇതാണ് സംഭവിച്ചതെന്നും രാഹുല്‍ ലണ്ടനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
◾ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ച ത്രിപുരയില്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ തിപ്ര മോതയുമായി സഖ്യ ചര്‍ച്ചയ്ക്കു ബിജെപി. ത്രിപുരയിലെ ഗോത്ര മേഖലകളിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണു തിപ്രമോദ നേതാക്കള്‍ക്കു ക്ഷണം. അതേസമയം ഗ്രേറ്റര്‍ തിപ്ര ലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാന പദവി വേണമെന്ന് തിപ്ര മോതയുടെ നേതാവ് പ്രദ്യുത് ദേബ് ബര്‍മന്‍. എന്നാല്‍ സംസ്ഥാനം വിഭജിക്കാനാകില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
◾ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ആംആദ്മി പാര്‍ട്ടി നടത്തിയ പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് കേസെടുത്തു. ആം ആദ്മി പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരേയാണ് കേസ്.
◾കര്‍ണാടകയില്‍ മാര്‍ച്ച് ഒമ്പതിന് രാവിലെ ഒമ്പതു മുതല്‍ രണ്ടു മണിക്കൂര്‍ ബന്ദ് നടത്തുമെന്ന് കോണ്‍ഗ്രസ്. ബിജെപി ഭരണം അഴിമതിയില്‍ മുങ്ങിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ബന്ദിന് ആഹ്വാനം ചെയ്തത്. സ്‌കൂളുകള്‍, കോളേജുകള്‍, ഗതാഗതം, ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവയെ ബന്ദ് ബാധിക്കില്ലെന്നു കോണഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു.
◾മേഘാലയയില്‍ എന്‍പിപി - ബിജെപി സഖ്യത്തിനെ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു. എന്‍പിപി- ബിജെപി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേയാണ്, സര്‍ക്കാരുണ്ടാക്കാന്‍ നേരത്തെ അവകാശവാദം ഉന്നയിച്ച യുഡിപി പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ 60 അംഗ സഭയില്‍ കോണ്‍റാഡ് സാംഗ്മയ്ക്കു 45 പേരുടെ പിന്തുണയായി.
◾ഗായകന്‍ ബെന്നി ദയാലിന് ഡ്രോണ്‍ തലയ്ക്കിടിച്ച് പരിക്ക്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സംഗീത പരിപാടിയില്‍ പാടുന്നതിനിടെ ഡ്രോണ്‍ തലയ്ക്കു പിറകില്‍ ഇടിക്കുകയായിരുന്നു.
◾യു ട്യൂബില്‍ ലൈക് അടിച്ചു പണം സമ്പാദിക്കാവുന്ന ജോലി തരാമെന്നു വിശ്വസിപ്പിച്ച് 29 കാരിയില്‍നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത പൂനെ സ്വദേശികളായ അഞ്ചു വിരുതന്മാരെ മുംബൈയില്‍ അറസ്റ്റു ചെയ്തു. കെട് കമ്പനി ഡയറക്ടര്‍മാര്‍ എന്നു പരിചയപ്പെട്ടു തട്ടിപ്പു നടത്തിയ ബിന്ദുസര്‍ ഷെലാര്‍, മഹേഷ് റാവത്ത്, യോഗേഷ് ഖൗലെ തുടങ്ങിയവരാണു പിടിയിലായത്.
◾വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 60 റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 224 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനെതിരേ യുപി വാരിയേഴ്‌സിന് മൂന്ന് വിക്കറ്റിന്റെ ആവേശ ജയം. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ യുപി മറികടന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 19 റണ്‍സ് അഞ്ച് പന്തില്‍ നിന്നുതന്നെ യുപി നേടി.
◾ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ഥമായ തരത്തിലുള്ള പ്ലാനുകള്‍ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് വോഡഫോണ്‍- ഐഡിയ. ഓരോ മാസം പിന്നിടുമ്പോഴും വരിക്കാരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും, കിടിലന്‍ പ്ലാനുകള്‍ പലപ്പോഴും അവതരിപ്പിക്കാറുണ്ട്. ഇത്തവണ ഒട്ടനവധി ആനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പോസ്റ്റ്പെയ്ഡ് പ്ലാനാണ് വോഡഫോണ്‍-ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്. 401 രൂപയുടെ രണ്ട് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 401 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സണ്‍ നെക്സ്റ്റ് പ്രീമിയം എച്ച്ഡി സബ്സ്‌ക്രിപ്ഷന്‍ ആസ്വദിക്കാനാകും. ഈ പ്ലാനിനെ 'വി മാക്സ് 401 സൗത്ത്' എന്നാണ് വിശേഷിപ്പിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളില്‍ സണ്‍ നെക്സ്റ്റ് പ്രീമിയത്തിലേക്ക് ആക്സസ് ലഭിക്കും. സോണി ലൈവ് മൊബൈല്‍ സബ്സ്‌ക്രിപ്ഷനോട് കൂടിയുള്ളതാണ് രണ്ടാമത്തെ പ്ലാന്‍. ഒരു വര്‍ഷം വരെയാണ് സബ്സ്‌ക്രിപ്ഷന്‍ ലഭിക്കുക. 401 രൂപയാണ് ഈ പ്ലാനിന്റെ നിരക്കും. ഒടിടി ആനുകൂല്യങ്ങളിലുള്ള വ്യത്യാസമാണ് ഈ പ്ലാനുകളെ വേര്‍തിരിക്കുന്നത്.
◾മലയാളികളുടെ പ്രിയ താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'എന്താടാ സജി' എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. നിവേദ തോമസ് ആണ് നായിക. ഫാമിലി കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരു ചിത്രത്തില്‍ ഒരുമിച്ച് എത്തുന്നത്. ഇരുവരും ഒന്നിച്ചപ്പോള്‍ എല്ലാം മലയാളികള്‍ക്ക് മികച്ച ചിത്രങ്ങള്‍ ആയിരുന്നു ലഭിച്ചത്. എന്താടാ സജിക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വില്യം ഫ്രാന്‍സിസ് ആണ്.
◾അര്‍ജുന്‍ അശോകന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സി'ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്നതാകും ചിത്രമെന്ന് ട്രെയില്‍ ഉറപ്പ് നല്‍കുന്നു. നവാഗതനായ മാക്സ്വെല്‍ ജോസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. അനു ജൂബി ജെയിംസ്, അഹമ്മദ് റൂബിന്‍ സലിം, നഹാസ് എം ഹസ്സന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ബെന്നി ജോസഫ് ആണ്. സംഗീതം പ്രകാശ് അലക്സ്. വിദ്യാധരന്‍ മാസ്റ്റര്‍, സുജാത മോഹന്‍, വിനീത് ശ്രീനിവാസന്‍, ആന്റണി ദാസന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന രോമാഞ്ചം വന്‍ ജനപ്രീതിയുമായി ഇപ്പോള്‍ തിയറ്ററുകളില്‍ ഉണ്ട്. അതേസമയം സമീപകാലത്ത് ഏറ്റവുമധികം പ്രോജക്റ്റുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നടന്‍ കൂടിയാണ് ധ്യാന്‍ ശ്രീനിവാസന്‍.
◾ഇവി മൊബിലിറ്റി ടെക് കമ്പനിയായ യുലു രണ്ട് പുതിയ ഇലക്ട്രിക് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മിറാക്കിള്‍ ജിആര്‍, ഡെക്സ് ജിആര്‍ എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. ഇവി സെഗ്മെന്റിലെ ബജാജിന്റെ അനുബന്ധ സ്ഥാപനമായ ചേതക് ടെക്‌നോളജീസ് ലിമിറ്റഡാണ് ഇവ രണ്ടും വികസിപ്പിച്ചെടുത്തിരിക്കുന്നത്. പുതിയ മിറാക്കിള്‍ ജിആര്‍, ഡിഎക്സ് ഇലക്ട്രിക് ബൈക്കുകള്‍ പ്ലാറ്റ്ഫോം പങ്കിടുന്നു. മുന്‍വശത്തെ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമായാണ് പുതിയ യുലു ഇ-ബൈക്ക് വരുന്നത്. പുതിയ ബൈക്കുകള്‍ക്ക് രണ്ടു ഭാഗത്തും ഡ്രം ബ്രേക്കുകള്‍ ലഭിക്കും. പുതിയ യുലു ഇ-ബൈക്കുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 25 കി.മീ ആണ്. മോട്ടോറൈസ് ചെയ്യാത്ത ഈ ബൈക്ക് ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സോ ഹെല്‍മെറ്റോ ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം.
◾കുടിപ്പള്ളിക്കൂടം മുതല്‍ കോളേജ് ജീവിതം വരെയുള്ള വിദ്യാലയകാലജീവിതത്തെ ഓര്‍മകളിലൂടെ പുനരാനയിക്കുകയാണ് ഈ കൃതിയില്‍. 1950കളില്‍ തുടങ്ങി എഴുപതില്‍ അവസാനിക്കുന്ന ഈ വസന്തകാലത്തെ തെളിഞ്ഞ പുഴപോലെ സുതാര്യമായ ഓര്‍മകളില്‍ ഭാവനയുടെ നിറവും രസവും കലര്‍ത്തി ഗ്രന്ഥകാരന്‍ അവതരിപ്പിച്ച് വായനക്കാരെ ഗൃഹാതുരമായ ഒരു അനുഭൂതി ലോകത്തിലേക്കു നയിക്കുന്നു. നിരാഡംബരവും നിഷ്‌കളങ്കവുമായ ബാല്യകൗമാരകാലങ്ങളെയും അവയുടെ കര്‍മകാണ്ഡങ്ങളായ വിദ്യാലയങ്ങളെയും സ്വന്തം ഓര്‍മകള്‍കൊണ്ട് പുനഃസൃഷ്ടിക്കുന്ന പുസ്തകം. പ്രശസ്ത ചിത്രകാരന്‍ മദനന്‍ വരച്ച ചിത്രങ്ങളും. 'എന്റെ ബോധി വൃക്ഷങ്ങള്‍'. മാത്യു പ്രാല്‍. മാതൃഭൂമി ബുക്സ്. വില 153 രൂപ.
◾ചെറുമയക്കത്തിന് നിരവധി ഗുണങ്ങളുണ്ട്. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതു മുതല്‍ ചിന്താശക്തിയും ബൗദ്ധിക നിലവാരവും മെച്ചപ്പെടുത്തുന്നതു വരെ നീളുന്നതാണ് ലഘുനിദ്ര അഥവാ പവര്‍ നാപ്പിന്റെ ഗുണങ്ങള്‍. പകല്‍ സമയത്ത് ലഘു നിദ്രയ്ക്ക് പ്രത്യേകിച്ച് ഒരു സമയമില്ല എന്നതാണ് വിദഗ്ധര്‍ പറയുന്നത്. ഓരോരുത്തരുടെയും വ്യക്തിപരമായ സമയക്രമവും ഘടകങ്ങളും അനുസരിച്ച് അവരവര്‍ക്ക് യോജിച്ച സമയത്ത് പവര്‍ നാപ് ആകാം. ഉദാഹരണത്തിന് രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ ജോലി ചെയ്യുന്ന ആള്‍ക്ക് ഉച്ചയൂണിന് ശേഷമുള്ള സമയത്ത് പവര്‍നാപ് എടുക്കാം. ഉച്ചയ്ക്ക് 12.30 നും 2 മണിക്കും ഇടയ്ക്കുള്ള സമയമാകും നല്ലത്. പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് വൈകിട്ട് 4 മണിക്കുശേഷം പവര്‍നാപ് എടുക്കുന്നത് ആരോഗ്യകരമല്ല. കാരണം പകല്‍ വൈകി മയങ്ങുന്നത് രാത്രിയിലെ ഉറക്കത്തെയും സര്‍ക്കാഡിയന്‍ റിഥത്തെയും ബാധിക്കും. ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കും രാത്രി ജോലി ചെയ്യുന്നവര്‍ക്കും നേരത്തെയോ വൈകിയോ ലഘു നിദ്രയാകാം. ചെറുമയക്കം ഹൃദയാരോഗ്യത്തിനും നല്ലതാണ്. ഇത് ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. നന്നായി ഉറങ്ങുന്നത് ആളുകളെ സന്തോഷം ഉള്ളവരും ആരോഗ്യമുള്ളവരും ആക്കി മാറ്റും. ശരാശരി ഒരു മനുഷ്യന് രാത്രി 8 മണിക്കൂറിലും കുറവ് ഉറക്കമാണ് ലഭിക്കുന്നത്. ഓരോ വ്യക്തിക്കും ആവശ്യമായ ഉറക്കസമയവും വ്യത്യാസപ്പെട്ടിരിക്കും. 18 നും 60 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്ക് കുറഞ്ഞത് 7 മണിക്കൂര്‍ ഉറക്കം ലഭിച്ചാല്‍ മതിയാകും. ഇത് രോഗപ്രതിരോധ സംവിധാനത്തെ സംരക്ഷിക്കുന്നു. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ദിവസം മുഴുവനും മാനസികമായി വ്യക്തത വരുകയും ചെയ്യും. ഗുരുതരമായി ഉറക്കം ലഭിക്കാത്ത ആളുകള്‍, അതായത് രണ്ടാഴ്ചയോ അതിലധികമോ ആയി ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത ആളുകള്‍ക്ക് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ മന്ദത അനുഭവപ്പെടും. ഇത് 3 ദിവസമായി ഒട്ടും ഉറങ്ങാത്ത ആളുകളുടേതിനു തുല്യമായിരിക്കും. ഇങ്ങനെയുള്ളവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, പൊണ്ണത്തടി, വിഷാദം തുടങ്ങിയവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
*ശുഭദിനം*