പ്രഭാത വാർത്തകൾ_*`2023 | മാർച്ച് 4 | ശനി

◾ലൈഫ് മിഷന്‍ ചര്‍ച്ചയില്‍ മാത്യു കുഴല്‍നാടന്റെ പ്രസംഗത്തിലെ സ്വപ്ന സുരേഷ് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്ന പരാമര്‍ശം നിയമസഭാ രേഖകളില്‍നിന്ന് നീക്കി. ശിവശങ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെകുറിച്ച് പരാമര്‍ശമുണ്ടെന്ന ഭാഗവും ഒഴിവാക്കി. എന്‍ഫോഴ്സ്മെന്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ചതും നീക്കം ചെയ്തു. കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന പേരിലാണ് നടപടി.

◾മുഖ്യമന്ത്രിക്കെതിരേ താന്‍ നിയമസഭയില്‍ പറഞ്ഞതെല്ലാം സത്യവും ഉത്തമബോധ്യമുള്ള കാര്യങ്ങളുമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയ സംഭവം പരിശോധിക്കും. പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മാത്യു പറഞ്ഞു.

◾നിയമസഭ പാസാക്കിയ ബില്ലുകളെക്കുറിച്ചു വിശദീകരിക്കാന്‍ മന്ത്രിമാര്‍ ആറു മാസം സമയമെടുത്തെങ്കില്‍ തനിക്കും സാവകാശം വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ ഒപ്പിട്ടാലേ ബില്‍ നിയമമാകൂ. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനു സെര്‍ച്ച് കമ്മിറ്റിക്കു രൂപം നല്‍കേണ്ടത് ചാന്‍സലറാണ്. എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തന്നോടു പ്രതിനിധിയെ ആവശ്യപ്പെട്ടതെന്ന് അറിയില്ല. അദ്ദേഹം പറഞ്ഞു.

◾വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗൂഢാലോചനക്കു പിന്നില്‍ ആരെന്ന് തനിക്കറിയാമെന്നും സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നും ജയരാജന്‍ പറഞ്ഞു.

◾ജാമ്യവ്യവസ്ഥയില്‍ ഇളവും കേരളത്തിലേക്കു മടങ്ങാനുള്ള അനുമതിയും തേടി അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയില്‍. ആയുര്‍വേദ ചികിത്സ അനിവാര്യമാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മക്കുറവ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.  

◾ജ്യൂസ് കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സും പരിശോധന നടത്തും. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ ഹോട്ടലുകള്‍ വരെ പരിശോധിക്കും.

◾കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ എം കെ രാഘവന്റെ പ്രസംഗം അനുചിതമാണെന്ന് കാട്ടി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ കെ പി സി സി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി. പ്രസംഗത്തിന്റെ ദൃശ്യങ്ങളും റിപ്പോര്‍ട്ടിനൊപ്പം കൈമാറിയിട്ടുണ്ട്. എംകെ രാഘവന്‍ എംപിയുടെ വിവാദ പ്രസംഗം സംബന്ധിച്ച് കെപിസിസി കോഴിക്കോട് ഡിസിസി പ്രസിഡന്റിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ നേതാക്കളെ പുകഴ്ത്തണമെന്നും രാജാവ് നഗ്നനാണെന്നു പറയാന്‍ ആരുമില്ലെന്നുമായിരുന്നു എം കെ രാഘവന്റെ വിവാദ പരാമര്‍ശം.

◾ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടമാര്‍ക്ക് ഐഎംഎയുടെ നിര്‍ദേശം. ഇപ്പോള്‍ കാണുന്ന സാധാരണ പനിക്ക് ആന്റിബയോട്ടിക്ക് ആവശ്യമില്ല. ആളുകള്‍ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് കൂടുകയാണെന്നും ഇത് ഭാവിയില്‍ മരുന്ന് ഫലിക്കാത്ത പ്രശ്നമുണ്ടാക്കുമെന്നും ഐ എം എ മുന്നറിയിപ്പു നല്‍കി.

◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നു. ഇന്നു തൃശൂര്‍ ജില്ലയിലേക്കു പ്രവേശിക്കുന്ന ജാഥയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കും.

◾പെണ്‍വാണിഭത്തിനു കൂട്ടുനിന്ന എഎസ്ഐയെ പിരിച്ചുവിട്ടു. തൃക്കാക്കര പോലീസ് സ്റ്റേഷനിലെ ഗിരീഷ് ബാബുവിനെയാണു പിരിച്ചുവിട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ക്കു നടപടി നേരിട്ടയാളാണ് ഗിരീഷ്ബാബു.

◾ഏഷ്യാനെറ്റ് ന്യൂസിന്റെ പാലരിവട്ടത്തെ ഓഫീസില്‍ മുപ്പതോളം പേര്‍ വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി മുദ്രവാക്യം വിളിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും പ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്തു. പൊലീസെത്തിയാണ് ഇവരെ നീക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ഇന്നു സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചു നടത്തും. ഏകാധിപത്യ ഭരണത്തിന്റെ ലക്ഷണമാണ് എസ്എഫ്ഐയുടെ അതിക്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് ലൈംഗിക പീഡന വ്യാജവാര്‍ത്ത സംപ്രേക്ഷണം ചെയ്തെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരേ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടി ഏഷ്യാനെറ്റിലൂടെ ആരോപിച്ചിരുന്നത്. വ്യാജവാര്‍ത്ത ആരോപണവുമായാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ഓഫീസിലേക്കു മാര്‍ച്ചു ചെയ്തത്.  

◾അട്ടപ്പാടിയിലും തൃശൂരിലും കാട്ടുതീ. അട്ടപ്പാടിയില്‍ വീട്ടി ഊരിനു സമീപത്തു മല്ലീശ്വരം മുടിയുടെ ഒരു ഭാഗത്താണ് കാട്ടുതീ. സൈലന്റ് വാലിയുടെ കരുതല്‍ മേഖലയാണിത്. കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന്, ചെമ്മണ്ണൂര്‍, തേന്‍വര മല, വെന്തവട്ടി എന്നിവിടങ്ങളിലായി കാട്ടുതീയുണ്ട്. ജനവാസ മേഖലയിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. തൃശൂരില്‍ ദേശമംഗലത്തിനടുത്ത് ചേനത്തുകാട് ഭാഗത്ത് വനത്തിലാണു കാട്ടുതീ. ജനവാസ മേഖലയ്ക്ക് അരികിലാണു തീ പടര്‍ന്നത്.

◾വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മാണത്തിനു വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണെന്നത് ഗുരുതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ധാര്‍മ്മികതയുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്നും സുരേന്ദ്രന്‍.

◾അടുത്ത തെരഞ്ഞെടുപ്പോടെ കേരളത്തിലും അധികാരത്തിലെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. പിണറായി പറഞ്ഞു.

◾ഇന്ത്യന്‍ ആര്‍മിയും ഫ്രഞ്ച് ആര്‍മിയും ചേര്‍ന്നുള്ള സംയുക്ത സൈനിക അഭ്യാസം 7, 8 തീയതികളില്‍ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തില്‍. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും കമ്പനി ഗ്രൂപ്പ് ഫോര്‍മാറ്റില്‍ സൈനികാഭ്യാസം നടത്തുന്നത്.

◾വൈദേകം റിസോര്‍ട്ടിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കേ, സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനെതിരെ വിജിലന്‍സും എന്‍ഫോഴ്‌സ്‌മെന്റും അടിയന്തരമായി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

◾നിസഹകരണം അവസാനിപ്പിക്കണമെന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി അധികൃതര്‍ അഭ്യര്‍ത്ഥിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഫോണിലൂടെയാണ് ഇന്‍ഡിഗോ അഭ്യര്‍ഥനയുണ്ടായത്. എന്നാല്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്നു മറുപടി നല്‍കിയെന്ന് ജയരാജന്‍.

◾സിപിഐ നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍. സിപിഐ ചേര്‍ത്തല സൗത്ത് മണ്ഡലം കമ്മറ്റിയംഗവും കുറുപ്പംകുളങ്ങര മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ സതീശനെയാണ് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റുചെയ്തത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ചെന്നാണു പരാതി.

◾കൊല്ലം രണ്ടാംകുറ്റിക്കു സമീപം കോയിക്കലില്‍ ബൈക്കില്‍നിന്നും തീ പടര്‍ന്ന് അഞ്ചു വാഹനങ്ങള്‍ കത്തി നശിച്ചു. മൂന്ന് ഇരുചക്ര വാഹനങ്ങള്‍ക്കും കാറിനും ഓട്ടോയ്ക്കുമാണ് തീ പിടിച്ചത്. ഓടിക്കൊണ്ടിരുന്ന ബൈക്കില്‍നിന്നും പുക ഉയരുന്നതു കണ്ട ബൈക്കു യാത്രക്കാരന്‍ വാഹനം റോഡരികില്‍ നിര്‍ത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു വാഹനങ്ങളിലേക്കു തീ പടരുകയായിരുന്നു.

◾മലപ്പുറം നൂറടിക്കടവിന് സമീപം കുളിക്കാന്‍ ഇറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ(30), മകള്‍ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. മകള്‍ മുങ്ങുന്നതു കണ്ടു രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അമ്മയും മുങ്ങിപ്പോയത്.

◾കണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ സീറ്റിനടിയില്‍ രണ്ടു കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോളാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. കുപ്പിയില്‍ വെള്ളമായിരുന്നെന്നാണു കുടുംബം അവകാശപ്പെട്ടിരുന്നത്.

◾കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപി എംഎല്‍എയും ലക്ഷങ്ങളുടെ കൈക്കൂലി കേസില്‍ അറസ്റ്റിലാകും. ഐഎഎസുകാരനായ മകന്റെ വീട്ടില്‍നിന്ന് ആറുകോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ എംഎല്‍എ മദല്‍ വിരൂപാക്ഷപ്പയാണ് ഒന്നാം പ്രതി. പ്രശസ്തമായ മൈസൂര്‍ ചന്ദന സോപ്പു നിര്‍മാതാക്കളായ കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മദല്‍ വിരൂപാക്ഷപ്പ എംഎല്‍എ രാജിവച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി. മകന്‍ പ്രശാന്ത് മദല്‍ വഴി കൈക്കൂലി നല്‍കണമെന്ന് എംഎല്‍എയാണ് ആവശ്യപ്പെട്ടതെന്നു കരാറുകാരന്‍ പരാതിപ്പെട്ടിരുന്നു. 40 ലക്ഷം രൂപ കോഴ വാങ്ങുന്നതിനിടെയാണ് മകന്‍ അറസ്റ്റിലായത്.

◾കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കു പനിയും, ചുമയും ശ്വാസതടസവുംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തത്. പനിയും ബ്രോങ്കൈറ്റിസും ബാധിച്ചിട്ടുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍.

◾ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കിയെന്നു കണ്ടെത്തിയ ചുമക്കുള്ള മരുന്ന് ഉല്‍പ്പാദിപ്പിച്ച കമ്പനിയിലെ മൂന്നു പേര്‍ അറസ്റ്റില്‍. നോയിഡയിലെ മാരിയോണ്‍ ബയോടെക്സിലെ മൂന്നു പേരെയാണ് അറസ്റ്റു ചെയ്തത്. ഡ്രഗ് ഇന്‍സ്പെക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കമ്പനിയിലെ 22 സാമ്പിളുകളുടെ ഉല്‍പാദനം മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു.

◾കര്‍ണാടക പിയുസി പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കു ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ്. സുപ്രീംകോടതിയില്‍ നടപടികള്‍ തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് ഒമ്പതിനാണ് കര്‍ണാടക പിയുസി പരീക്ഷകള്‍ തുടങ്ങുന്നത്.

◾ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുവാദം നല്‍കിയതിനെതിരായ തമിഴ്നാട് സര്‍ക്കാരിന്റെ അപ്പീലില്‍ വാദം കേള്‍ക്കുന്നത് ഈ മാസം പതിനേഴിലേക്കു മാറ്റി. റൂട്ട് മാര്‍ച്ചിനെ എതിര്‍ക്കുന്നില്ലെന്നും സുരക്ഷാ പ്രശ്നങ്ങളാണ് തടസമെന്നും തമിഴ് സര്‍ക്കാര്‍ സുപ്രീംകോടതയില്‍ അറിയിച്ചു. മാര്‍ച്ച് നടത്താന്‍ ബദല്‍ റൂട്ട് സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. തമിഴ്നാട്ടിലെ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

◾മുംബൈ വിമാനത്താവളത്തില്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ സംഭവത്തെത്തുടര്‍ന്ന് 34 കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മലയാളി അടക്കമുള്ള യാത്രക്കാരില്‍നിന്നാണ് കസ്റ്റംസുകാര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയത്. സംഭവത്തില്‍ കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ളവരെ സിബിഐ അറസ്റ്റു ചെയ്തിരുന്നു.

◾ലൈംഗിക പീഡനം സഹിക്കാനാകാതെ ഭര്‍ത്താവിനെ മയക്കിക്കിടത്തി ജനനേന്ദ്രിയം മുറിച്ചും കോടാലികൊണ്ട് വെട്ടിയും കൊലപ്പെടുത്തിയ അഞ്ചാം ഭാര്യ അറസ്റ്റിലായി. മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലെ ഉര്‍തി ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട ബീരേന്ദ്ര ഗുര്‍ജറിന്റെ അഞ്ചാം ഭാര്യ കഞ്ജന്‍ ഗുര്‍ജറിനെയാണ് അറസ്റ്റു ചെയ്തത്. ലൈംഗിക ഉപദ്രവം സഹിക്കാനാകാതെയാണു നാലു ഭാര്യമാരും ഇയാളെ ഉപേക്ഷിച്ചുപോയത്. ഭക്ഷണത്തില്‍ 20 ഉറക്ക ഗുളികകള്‍ കലര്‍ത്തിയ ശേഷമായിരുന്നു കൊലപാതകം.

◾കൗ ഹഗ് ഡേ പിന്‍വലിച്ചതിനെതിരെ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

◾താനടക്കം മേവ സമുദായത്തിലുള്ളവരെല്ലാം രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എ ഷാഫിയ സുബൈര്‍. ഇസ്ലാം മതം സ്വീകരിച്ചിരിക്കാം. എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളായിരുന്നുവെന്നും അവര്‍ രാമന്റെയും കൃഷ്ണന്റെയും പിന്‍മുറക്കാരാണെന്നും ഷാഫിയ പറഞ്ഞു.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നോക്കൗട്ട് മത്സരത്തില്‍ ബെംഗളൂരു എഫ്സിയുടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടി ബെംഗളൂരു ടീം സെമിയിലെത്തി. എക്സ്ട്രാടൈമില്‍ 96-ാം മിനുറ്റിലായിരുന്നു ഛേത്രിയുടെ വിവാദ ഗോള്‍. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ട തയ്യാറാകും മുമ്പ് കിക്കെടുത്ത ഛേത്രി പന്ത് വലയിലാക്കി. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധിച്ചിട്ടും റഫറി ഗോള്‍ വിധിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തന്റെ താരങ്ങളെ മൈതാനത്തിന് പുറത്തേക്ക് തിരിച്ചു വിളിച്ചു. അല്പസമയത്തിനു ശേഷം ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയതോടെ മാച്ച് റഫറി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. സെമിയില്‍ മുംബൈ സിറ്റി എഫ്സിയാണ് ബെംഗളൂരുവിന്റെ എതിരാളികള്‍.

◾ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ മൂന്ന് ദിവസം പോലും തികയാതെ ടെസ്റ്റ് മത്സരം അവസാനിച്ച ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലെ പിച്ചിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകള്‍ വിധിച്ച് ഐസിസി. മാച്ച് റഫറി ക്രിസ് ബ്രോഡിന്റേതാണ് വിധി. അഞ്ച് വര്‍ഷത്തിനിടെ അഞ്ചോ അതിലധികമോ ഡീമെറിറ്റ് പോയിന്റ് ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്ക് ആ മൈതാനത്ത് രാജ്യാന്തര മത്സരങ്ങള്‍ നടത്താന്‍ പാടില്ല എന്നാണ് ഐസിസിയുടെ ചട്ടം.

◾പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ജയന്റ്‌സിനെ നേരിടും. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ജയന്റ്‌സ്, യു പി വാരിയേഴ്‌സ് എന്നിവരാണ് പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ മാറ്റുരക്കുന്ന ടീമുകള്‍.

◾മൊറോക്കന്‍ താരവും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ഫുള്‍ബാക്കുമായ അഷ്‌റഫ് ഹക്കീമിക്കെതിരേ പീഡന ആരോപണത്തിന് പിന്നാലെ ബലാല്‍സംഗക്കുറ്റം ചുമത്തി. താരത്തെ ചോദ്യം ചെയ്തതിന് ശേഷമാണ് ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ ബലാല്‍സംഗക്കുറ്റം ചുമത്തിയത്.

◾ഫെബ്രുവരിയിലെ പാം ഓയില്‍ ഇറക്കുമതി മുന്‍മാസത്തേതില്‍ നിന്ന് 30 ശതമാനം ഇടിഞ്ഞ് എട്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. 586,000 ടണ്ണായാണ് ഇറക്കുമതി കുറഞ്ഞത്. 2022 ജൂണിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഒക്ടോബര്‍-ജനുവരി കാലയളവിലെ അമിതമായ ഇറക്കുമതിയെത്തുടര്‍ന്നാണ് ഇറക്കുമതി നിയന്ത്രണം. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ പാമോയില്‍ ഇറക്കുമതി കുറച്ചത് മലേഷ്യന്‍ പാം ഓയില്‍ വിലയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ പാമോയില്‍ ഇറക്കുമതി ശക്തമായിരുന്നു. എന്നാല്‍ ഡിമാന്‍ഡ് ദുര്‍ബലമായതിനാല്‍ ഫെബ്രുവരിയില്‍ വാങ്ങല്‍ വെട്ടിക്കുറയ്ക്കാന്‍ റിഫൈനര്‍മാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഫെബ്രുവരിയിലെ സോയ ഓയില്‍ ഇറക്കുമതി ജനുവരിയില്‍ നിന്ന് 7.3ശതമാനം കുറഞ്ഞ് 340,000 ടണ്ണായി. സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി ജനുവരിയിലെ റെക്കാഡ് ഉയര്‍ന്ന ഇറക്കുമതിയില്‍ നിന്ന് 67ശതമാനം കുറഞ്ഞ് 150,000 ടണ്ണായി കുറഞ്ഞു. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പാമോയില്‍ വാങ്ങുന്നത്. അര്‍ജന്റീന, ബ്രസീല്‍, റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയാണ് ഇറക്കുമതി ചെയ്യുന്നത്. സോയാ ഓയിലിനും സൂര്യകാന്തി എണ്ണയ്ക്കുമുള്ള കിഴിവ് ഡിസംബര്‍ പാദത്തില്‍ 500 ഡോളറില്‍ നിന്ന് ടണ്ണിന് 200 ഡോളറായി ചുരുങ്ങി.

◾ഒബേലി എന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം ചിമ്പുവിന്റെ 'പത്തു തല'യുടെ റിലീസ് മാര്‍ച്ച് 30ന്. റിലീസിന് തയ്യാറായിരിക്കുന്ന ചിമ്പു ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഒബേലി എന്‍ കൃഷ്ണ തന്നെ തിരക്കഥയും എഴുതുകയും എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന 'പത്ത് തല'യുടെ ഓഡിയോ റ്റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി എ ആര്‍ റഹ്‌മാന്‍ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനത്തിന്റെ വീഡിയോയാണ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.

◾ഒടിടി റിലീസിനു വേണ്ടി സമീപകാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമാണ് ചതുരം. കഴിഞ്ഞ വര്‍ഷം നവംബറില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചന സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് എത്തുന്നത്. ഒരു പുതിയ ട്രെയ്ലറിനൊപ്പമാണ് റിലീസ് തീയതിയും എത്തിയിരിക്കുന്നത്. മാര്‍ച്ച് 9 നാണ് റിലീസ്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണിത്.

◾ഇതുവരെ 50 ലക്ഷത്തിലധികം പാസഞ്ചര്‍ വാഹനങ്ങള്‍ നിര്‍മ്മിച്ച് സുപ്രധാന നാഴികക്കല്ല് കൈവരിച്ചതായി പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്. ടിയാഗോ, ടിഗോര്‍, പഞ്ച്, ആള്‍ട്രോസ്, നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നീ മോഡലുകളാണ് കമ്പനിയുടെ നിരയിലെ ഇപ്പോഴത്തെ താരങ്ങള്‍. അതോടൊപ്പം ടിയാഗോ ഇവി, ടിഗോര്‍ ഇവി, നെക്സോണ്‍ ഇവി തുടങ്ങീ മൂന്ന് ഇലക്ട്രിക് വാഹനങ്ങളും ബ്രാന്‍ഡ് വിപണിയില്‍ അണിനിരത്തിയിട്ടുണ്ട്. ഈ കാറുകളുടെയെല്ലാം വന്‍ ജനപ്രീതിയിലാണ് കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി സ്ഥിരതയാര്‍ന്ന വില്‍പ്പന ടാറ്റ നേടുന്നത്. ടിയാഗോയിലൂടെയാണ് ടാറ്റയുടെ മുഖംമാറിയതെന്നുതന്നെ പറയാം. പിന്നാലെ ടിഗോര്‍, നെക്സോണ്‍ എന്നിവയും കൂടെ ഹിറ്റായതോടെ രാജ്യത്തെ മുന്‍നിര ബ്രാന്‍ഡായി വളരാന്‍ ബ്രാന്‍ഡിന് സാധിച്ചു. 2004-ല്‍ ടാറ്റ മോട്ടോഴ്‌സ് 10 ലക്ഷം പാസഞ്ചര്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന നാഴികക്കല്ലില്‍ കമ്പനി എത്തി. തുടര്‍ന്ന് 2010-ല്‍ 20 ലക്ഷം എന്ന നേട്ടം കൈവരിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം 2015-ല്‍ കമ്പനി 30 ലക്ഷം യൂണിറ്റ് ഉല്‍പ്പാദനം പിന്നിട്ടു. 2020-ല്‍ 40 ലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന നാഴികക്കല്ല് കൈവരിച്ചു. പിന്നാലെ മൂന്നുവര്‍ഷത്തിനകം 2023ല്‍ 50 ലക്ഷം എന്ന നേട്ടവും സ്വന്തമാക്കി.

◾പുസ്തകവ്യാപാരി എന്നതിലുപരി ഗ്രന്ഥങ്ങള്‍ സൃഷ്ടിക്കുന്ന സംസ്‌കാരത്തെക്കുറിച്ച് ബോദ്ധ്യമുള്ള റോജര്‍ മിഫ്‌ലിന്‍, തന്റെ പുസ്തകശാലയുടെ വ്യത്യസ്തതയെ വിശേഷിപ്പിക്കുന്നത് പ്രേതബാധയുള്ള പുസ്തകശാലയെന്നാണ്. ഏറെ വൈകാതെ അസാധാരണമായ സംഭവവികാസങ്ങള്‍ക്കു വേദിയാകുകയാണ് അവിടം. തോമസ് കാര്‍ലൈലിന്റെ നോവലിന്റെ പ്രതി ആ കടയില്‍നിന്ന് കാണാതാവുകയും ഇടയ്ക്കിടെ പ്രത്യക്ഷമാവുകയും ചെയ്യുകയെന്ന അഭൂതപൂര്‍വ്വമായ സംഭവം ഉണ്ടാകുന്നു. അതിനെക്കുറിച്ചുള്ള അന്വേഷണം വെളിച്ചംവീശുന്നത് ഞെട്ടിക്കുന്ന സംഭവഗതികളിലേക്കാണ്. ഒന്നാം ലോകയുദ്ധത്തിനു ശേഷം സമാധാന ഉടമ്പടി ഒപ്പിടാനായി ഫ്രാന്‍സിലേക്കു പോകുന്ന പുസ്തകപ്രിയനായ അമേരിക്കന്‍ പ്രസിഡന്റ് വില്‍സനെ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നിന്റെ കവറിനുള്ളില്‍ ബോംബ് ഒളിച്ചുവെച്ച്, കപ്പല്‍ കാബിനില്‍വെച്ച് വധിക്കാനുള്ള ആ പദ്ധതിയാണ് കഥയുടെ കേന്ദ്രബിന്ദു. ഒപ്പം ഹൃദയഹാരിയായ ഒരു പ്രണയത്തിന്റെ തുടിപ്പുമുണ്ട്; ഒരു പുസ്തകശാലായുടമസ്ഥന്റെ പുസ്തകങ്ങളോടുള്ള അളവറ്റ അഭിനിവേശത്തിന്റെ ജീവസ്സുറ്റ ചിത്രവും. 'പ്രേതബാധയുള്ള പുസ്തകശാല'. ക്രിസ്റ്റഫര്‍ മോര്‍ളി. പരിഭാഷ : സി. വി. സുധീന്ദ്രന്‍. മാതൃഭൂമി ബുക്സ്. വില 255 രൂപ.

◾സമ്മര്‍ദ സാഹചര്യങ്ങളില്‍ അതിനെ അതിജീവിക്കാന്‍ വേണ്ടി നമ്മുടെ ശരീരത്തിലെ അഡ്രിനല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളാണ് കോര്‍ട്ടിസോളും അഡ്രിനാലിനും. ഈ ഹോര്‍മോണുകള്‍ ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും പേശികളിലേക്കുമുള്ള രക്തയോട്ടം വര്‍ധിപ്പിച്ച് എന്തിനും ശരീരത്തെ സജ്ജമാക്കി വയ്ക്കും. ദഹനം, ശരീരത്തിന്റെ വിഷമുക്തീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഊര്‍ജ്ജത്തെ വഴിതിരിച്ച് വിടാനും ഇത് ഇടയാക്കും. സമ്മര്‍ദ സാഹചര്യം ഒഴിയുമ്പോള്‍ ശരീരം തിരികെ വിശ്രമാവസ്ഥയില്‍ പ്രവേശിക്കും. എന്നാല്‍ ചിലര്‍ക്ക് ഈ സമ്മര്‍ദം ഒഴിഞ്ഞിട്ട് നേരമുണ്ടായെന്ന് വരില്ല. ഇതിന് ക്രോണിക് സ്ട്രെസ് എന്നു പറയും. ഈ വിട്ടുമാറാത്ത സമ്മര്‍ദം ഹോര്‍മോണുകളെ താളം തെറ്റിക്കുകയും അഡ്രിനല്‍ ഗ്രന്ഥികളെ ക്ഷീണിപ്പിക്കുകയും ചെയ്യും. അഡ്രിനല്‍ ഗ്രന്ഥി ക്ഷീണിച്ചോ എന്നറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായിക്കും. നന്നായി ഉറങ്ങിയിട്ടും വിശ്രമിച്ചിട്ടുമൊന്നും ക്ഷീണം വിട്ടുമാറാത്തത് ക്രോണിക് സ്ട്രെസിന്റെ ലക്ഷണമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തീരെ ഊര്‍ജ്ജമില്ലാത്ത അവസ്ഥയും ഇതു മൂലം ഉണ്ടാകാം. ഭയങ്കരമായ ക്ഷീണവും ഇത് ഒഴിവാക്കാന്‍ കഫെയ്ന്‍ ചേര്‍ത്ത ചായ, കാപ്പി പോലുള്ള പാനീയങ്ങളിലുള്ള ആശ്രയത്വവും ക്രോണിക് സ്ട്രെസ് മൂലമാകാം. ഒരു ചായ കുടിച്ചാലേ ഉഷാറാകൂ എന്ന് പറഞ്ഞ് നിരന്തരം ചായ കുടിച്ചു കൊണ്ടിരിക്കുന്നവരുടെ അഡ്രിനല്‍ ഗ്രന്ഥി മിക്കവാറും ക്ഷീണിതമായ അവസ്ഥയിലാകും. പഞ്ചസാരയോടുള്ള അമിതഭ്രമം ശരീരം നിലനില്‍ക്കാന്‍ ഊര്‍ജ്ജത്തിനായി പുറത്ത് നിന്നുള്ള സ്രോതസ്സുകളെ തേടുന്നതിന്റെ ലക്ഷണമാണ്. ഇത്തരം ഭ്രമത്തിന് കീഴടങ്ങി പഞ്ചസാര കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കാതെ ഇരിക്കുക. പകരം പോഷണസമ്പുഷ്ടമായ ഹോള്‍ ഫുഡും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കഴിക്കുക. അഡ്രിനല്‍ ഗ്രന്ഥി ക്ഷീണിച്ചതിന്റെ മറ്റൊരു ലക്ഷണമാണ് ഉപ്പിനോടുള്ള ആസക്തി. പരിമിതമായ തോതില്‍ ഉപ്പ് കഴിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, ഇത് അമിതമായാല്‍ പ്രശ്നമാണ്. നിരന്തര സമ്മര്‍ദവും ക്ഷീണിതമായ അഡ്രിനല്‍ ഗ്രന്ഥിയും പ്രതിരോധശേഷിയെയും സാരമായി ബാധിക്കും. ഇത് ഇടയ്ക്കിടെ രോഗങ്ങളുണ്ടാകാനും കാരണമാകും.

*ശുഭദിനം*

ആ ബിച്ചില്‍ ഇരുന്നു വിശ്രമിക്കുകയായിരുന്നു അരയന്നം. അപ്പോഴാണ് ഒരു കാക്ക അടുത്തെത്തിയത്. കാക്ക അരയന്നത്തോട് ചോദിച്ചു: നിനക്ക് എന്റെയത്ര വേഗത്തില്‍ പറക്കാന്‍ ആകുമോ? എന്നെപ്പോലെ അഭ്യാസം കാണിക്കാനാകുമോ? നിനക്ക് ചിറകടിക്കാനറിയാം എന്നെല്ലാതെ എന്നപ്പോലെ നന്നായി പറക്കാനറിയുമോ? കാക്ക അരയന്നം കാണാന്‍ കുറെ അഭ്യാസങ്ങളും കാണിച്ചു. അപ്പോള്‍ അരയന്നം ചോദിച്ചു: നിങ്ങള്‍ക്ക് കഴിവുകളുണ്ട്. എന്തിനാണ് ഇത്ര ധാര്‍ഷ്ട്യത്തോടെ എന്നെ കളിയാക്കുന്നത്? കാക്ക പറഞ്ഞു: എനിക്കു വെല്ലുവിളി ഉയര്‍ത്തുന്ന എന്തെങ്കിലും നീ ചെയ്താല്‍ ഞാന്‍ കളിയാക്കല്‍ നിര്‍ത്താം. അരയന്നം കാക്കയെ കടലിനുമുകളിലൂടെ പറക്കാന്‍ ക്ഷണിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും കാക്ക ആകെ ക്ഷീണിച്ചു. എങ്കിലും പുറത്തുകാണിച്ചില്ല. തളര്‍ന്നു കടലില്‍ വീഴാറായപ്പോള്‍ അരയന്നം കാക്കയെ തന്റെ ചുമലില്‍ താങ്ങി നിര്‍ത്തി. നന്ദിപറയാനുളള ശേഷിപോലും അപ്പോള്‍ ആ കാക്കയ്ക്ക് ഉണ്ടായിരുന്നില്ല. എല്ലാ ചിറകുകളും ഒരുപോലെയല്ല,. എല്ലാ കാലുകള്‍ക്കും ഒരേ വേഗമല്ല. എല്ലാ കൈകള്‍ക്കും ഒരേ കൈവിരുതല്ല. എല്ലാവരും തന്നെപ്പോലെയാകണമെന്ന പിടിവാശി രണ്ട് അബദ്ധങ്ങളിലേക്ക് നയിക്കും. ഒന്ന്. സ്വയം സൃഷ്ടിക്കുന്ന അഹംബോധം. രണ്ട്. അപരനില്‍ പകരുന്ന അപകര്‍ഷതാബോധം. എല്ലാ തികഞ്ഞവരായും ഒന്നുമില്ലത്തവരായും ആരുമില്ല. ഇതിനിടയില്‍ അവരവര്‍ കണ്ടെത്തേണ്ട ചില സ്വകാര്യഇടങ്ങളുണ്ട്. അവിടെയാണ് അവര്‍ക്ക് മികവ് പുലര്‍ത്താനാകുക. ഓരോ ജന്മവും ശ്രേഷ്ഠമാണ് എന്ന് നമുക്ക് തിരിച്ചറിയാം - *ശുഭദിനം.*