◾സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കുടിശിക തത്കാലം പിഎഫ് എക്കൗണ്ടില്‍ ലയിപ്പിക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു കാരണം. കുടിശ്ശികയുടെ ആദ്യ ഗഡു നാളെ ജീവനക്കാരുടെ പിഎഫ് അക്കൗണ്ടില്‍ ലയിപ്പിക്കുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
◾വൈക്കം സത്യഗ്രഹത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമത്തിലാണു ബിജെപി. രാഹുല്‍ഗാന്ധിക്കെതിരേ കേസു കൊടുത്തയാളും തട്ടിപ്പു കേസിലെ പ്രതികളായ ലളിത്, നീരവ് മോദിമാരും ഒബിസിക്കാരല്ല. എന്നാല്‍ ഒബിസിക്കാരെ അധിക്ഷേപിച്ചെന്ന വ്യാജപ്രചാരണമാണ് ബിജെപി നടത്തുന്നത്. തുല്യത നിഷേധിച്ച് രാഷ്ട്രീയ ജനാധിപത്യം തകര്‍ക്കുകയാണെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗിച്ചെന്ന് ആരോപിച്ചുള്ള കേസില്‍ ലോകായുക്ത ഇന്നു വിധി പ്രസ്താവിച്ചേക്കും. വിസ്താരം ഒരു വര്‍ഷം മുമ്പേ പൂര്‍ത്തിയാക്കിയ കേസാണിത്.
◾പരീക്ഷകള്‍ക്കുശേഷം സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും. പ്ലസ് ടു വരെയുള്ള പരീക്ഷകള്‍ ഇന്നലെ അവസാനിച്ചു. എസ്എസ്എല്‍സി പരീക്ഷ ബുധനാഴ്ച അവസാനിച്ചിരുന്നു.
◾രാഹുല്‍ഗാന്ധി വിഷയത്തില്‍ അമേരിക്കയ്ക്കു പുറമേ ജര്‍മനിയും ഇന്ത്യയുടെ ജനാധിപത്യത്തെ നിരീക്ഷിക്കുകയാണെന്നു പരസ്യമായി പ്രതികരിച്ചു. ഇതോടെ വിമര്‍ശനവുമായി ബിജെപി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ രാഹുല്‍ഗാന്ധി വിദേശരാജ്യങ്ങളെ ഇടപെടുവിക്കുകയാണെന്നാണ് ബിജെപിയുടെ വിമര്‍ശനം.
◾സംസ്ഥാനത്ത് കൊവിഡ് വ്യാപനം. 765 പേര്‍ക്ക് രോഗം ബാധിച്ചു. ഒരു മാസത്തിനിടെ 20 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഗര്‍ഭിണികളും പ്രായമായവരും കുട്ടികളും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
◾തൈര് മതി, ദഹി വേണ്ട. തൈരു പാക്കറ്റുകളില്‍ ഹിന്ദി വാക്കായ ദഹിയെന്ന് എഴുതണമെന്ന ഉത്തരവ് ഭക്ഷ്യസുരക്ഷാ അതോറിറ്റി തിരുത്തി. തൈരിന്റെ പ്രാദേശിക പദത്തിന് പകരം 'ദഹി' എന്ന ഹിന്ദി വാക്ക് ചേര്‍ക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനമാണ് തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളുടെ പ്രതിഷേധം മൂലം പിന്‍വലിച്ചത്.
◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎമ്മുകാരായ മൂന്നു പ്രതികള്‍ വ്യത്യസ്ത അപ്പീലുമായി മേല്‍ക്കോടതിയിലേക്ക്. സിപിഎംതന്നെയാണ് അപ്പീല്‍ നല്‍കുക. പാര്‍ട്ടി പുറത്താക്കിയ സിഒടി നസീര്‍ സ്വന്തം നിലയില്‍ ഹര്‍ജി നല്‍കും. അതേസമയം 107 പ്രതികളെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷന്‍ ഉടന്‍ അപ്പീല്‍ നല്‍കണമെന്നു കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. പ്രതികളെ സഹായിക്കാന്‍ കേസ് നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച ഉണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
◾തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവനന്തപുരം നന്ദന്‍കോട് പെട്രോള്‍ പമ്പും ഗ്യാസ് ഏജന്‍സിയും തുടങ്ങുമെന്ന് പ്രസിഡന്റ് അനന്തഗോപന്‍. 1,257 കോടി രൂപയാണ് ദേവസ്വം ബോര്‍ഡ് വരുമാനം. 1253 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിന് അംഗീകാരം നല്‍കി. ശബരിമലയ്ക്കായി 21 കോടി രൂപ നീക്കിവച്ചു. വാരണാസിയിലെ ബോര്‍ഡ് വക സത്രം പുതുക്കി പണിയും.
◾ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിമാന ടിക്കറ്റ് നിരക്കുകള്‍ ഭീമമായി വര്‍ധിച്ചതിനാല്‍ ഏപ്രില്‍ രണ്ടാം വാരം മുതല്‍ അധിക വിമാനങ്ങളും ചാര്‍ട്ടേഡ് വിമാനങ്ങളും ആരംഭിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
◾സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെയും കുടുംബത്തെയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. സജി ബഷീര്‍, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെയാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.
◾സര്‍ക്കാരിന്റെ അനുമതിയില്ലാതെ കെടിയു വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തതില്‍ ഡോ. സിസ തോമസിന് വിരമിക്കുന്ന ഇന്നു ഹിയറിംഗ്. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ സിസ തോമസിനോട് ഹാജരാവാന്‍ നിര്‍ദ്ദേശിച്ചത്.
◾ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തോടെ പ്രതിക്കൂട്ടിലായ സോണ്‍ട കമ്പനിക്കും രാജ് കുമാര്‍ പിള്ളയ്ക്കും എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജര്‍മ്മന്‍കാരന്‍ പാട്രിക്ക് ബൗവര്‍ പരാതി നല്‍കി. ഇന്ത്യയിലെ കമ്പനിയില്‍ നിക്ഷേപിച്ച താന്‍ ചതിക്കപ്പെട്ടെന്നാണ് പരാതി. രാജ്കുമാര്‍ പിള്ള കേരളത്തിലെ രാഷ്ട്രീയ നേതാവിന്റെ കുടുംബാംഗമാണെന്നും പരാതിയില്‍ പറയുന്നു.
◾അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍. സിങ്കു കണ്ടം സിമന്റ് പാലത്തിനടുത്ത് യൂക്കാലി മരങ്ങള്‍ക്കിടയിലാണ് അരിക്കൊമ്പനും അഞ്ച് ആനകളും സംഘമായി എത്തിയത്. കുങ്കിയാനകളെ പാര്‍പ്പിച്ചതിന് 500 മീറ്റര്‍ അകലെയാണ് ആനക്കൂട്ടം.
◾ആദിവാസി ഊരിലെ എട്ടു മാസം ഗര്‍ഭിണിയായ പൊന്നമ്മ താമസിക്കുന്നത് മരത്തിന് മുകളിലെ ഏറുമാടത്തില്‍. പത്തനംതിട്ട ളാഹ മഞ്ഞത്തോട് ആദിവാസി ഊരില്‍ വന്യമൃഗ ശല്യംമൂലമാണ് പൊന്നമ്മ നാല്‍പ്പത് അടി ഉയരത്തിലുള്ള ഏറുമാടത്തില്‍ താമസിക്കുന്നത്. രാജേന്ദ്രന്റെ മക്കളായ രാജമാണിക്യവും രാജമണിയും അമ്മയ്ക്കൊപ്പം ഏറുമാടത്തിലാണ് രാത്രിയില്‍ കഴിയുന്നത്.
◾അരിക്കൊമ്പനെ പിടികൂടുംവരെ സിങ്കുകണ്ടത്ത് രാപകല്‍ സമരം നടത്തുമെന്ന് സമരസമിതി. സിമന്റ് പാലത്തെ സമരം ആറു മണിയോടെ അവസാനിപ്പിക്കും. രാത്രിയില്‍ സിമന്റ് പാലത്തെ റോഡില്‍ കുത്തിയിരിക്കുമെന്ന തീരുമാനം പോലീസ് വിലക്കിയതോടെ സമരസമിതി പിന്‍വലിച്ചു.
◾കോണ്‍ഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതില്‍ കെ മുരളീധരന്‍ അതൃപ്തി അറിയിച്ചു. ശശി തരൂരിനും അതൃപ്തിയുണ്ട്.
◾രജിസ്റ്റര്‍ ചെയ്യാതെ ജെസിബി വിറ്റ എറണാകുളത്തെ ജെസിബി ഡീലര്‍ക്ക് 2,71,200 രൂപ പിഴ. കഴിഞ്ഞ വര്‍ഷം മെയ് മാസം മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
◾പാലക്കാട് യൂത്ത് കോണ്‍ഗ്രസില്‍ എട്ടു മണ്ഡലം കമ്മറ്റികള്‍ പിരിച്ചു വിട്ടു. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിന് വെള്ളിനേഴി, ഷൊര്‍ണ്ണൂര്‍, പറളി, പാലക്കാട് സൗത്ത്, മേലാര്‍ക്കോട്, വടവന്നൂര്‍, അയിലൂര്‍ മണ്ഡലം കമ്മറ്റികളാണ് പിരിച്ചു വിട്ടത്.
◾കോഴിക്കോട് പുതിയപാലത്ത് നോവ ഏജന്‍സി എന്ന പേരില്‍ നടത്തുന്ന പാര്‍സല്‍ ഓഫീസില്‍ അനധികൃതമായി സൂക്ഷിച്ച 1,500 കിലോ പടക്ക ശേഖരം പൊലീസ് പിടികൂടി. ശിവകാശിയില്‍നിന്ന് പല പേരുകളിലായി എത്തിച്ച പടക്കമാണ് പിടിച്ചെടുത്തത്. പടക്ക വില്‍പനക്കാരുടെ അസോസിയേഷന്‍ നല്‍കിയ പരാതിയിലാണു നടപടി.
◾കാസര്‍കോട് നിരോധിത നോട്ട് ശേഖരം പിടികൂടി. മുണ്ട്യത്തടുക്കയില്‍ ഷാഫി എന്നയാളുടെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ നിന്നാണ് ആയിരം രൂപയുടെ നോട്ട് കെട്ടുകള്‍ പിടികൂടിയത്.
◾കൊച്ചിയിലെ ഹോട്ടലില്‍ ഒരു കോടി രൂപ വില വരുന്ന എംഡിഎംഎയുമായി നാലു യുവാക്കളെ അറസ്റ്റു ചെയ്തു. 300 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബെംഗലൂരുവില്‍ നിന്ന് ലഹരിമരുന്ന് കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന ലഹരി മാഫിയ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്.
https://chat.whatsapp.com/FhvRuKzdgF1E9UOtjlbOUk
◾നെടുമ്പാശേരി വിമാനത്താവളത്തില്‍ 49 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്ന് മലദ്വാരത്തിനകത്ത് നാലു ഗുളികകളാക്കി സ്വര്‍ണം കടത്തുകയായിരുന്ന തൃശൂര്‍ സ്വദേശി സംഗീത് മുഹമ്മദ് പിടിയിലായി.
◾തിരുവനന്തപുരം അരുവിക്കരയില്‍ ഭര്‍ത്താവിന്റെ വേട്ടേറ്റ ഭാര്യയും മരിച്ചു. ചികിത്സയിലായിരുന്ന മുംതാസാണ് മരിച്ചത്. വെട്ടിയശേഷം ആത്മഹത്യക്കു ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെട്ടേറ്റ ഭാര്യമാതാവ് സഹീറ നേരത്തെ മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലെ സൂപ്രണ്ടായ അക്ബര്‍ വിരമിക്കുന്നതിനു തലേന്നാണ് അതിക്രമം നടത്തിയത്. ഭാര്യ മുംതാസ് ഹയര്‍ സെക്കന്‍ഡറി അധ്യാപികയാണ്. വായ്പയെടുക്കാന്‍ ബന്ധുക്കള്‍ക്കു ജാമ്യംനിന്ന് സാമ്പത്തിക പ്രതിസന്ധിയിലായെന്ന് അലി അക്ബര്‍ എഴുതിയ എട്ടു പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.
◾വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി യുവതിയെ കുത്തിക്കൊന്ന കേസില്‍ യുവാവിനുള്ള ശിക്ഷ തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നു വിധിക്കും. നെടുമങ്ങാട് കരിപ്പൂര് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയാണു (20) കൊല്ലപ്പെട്ടത്. പ്രതി പേയാട് സ്വദേശി അരുണ്‍ (29) കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു.
◾കാര്‍ നിയന്ത്രണം വിട്ട് പെരിയാര്‍വാലി കനാലിലേക്കു മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു. പട്ടിമറ്റം സ്വദേശിയായ ചക്കരകാട്ടില്‍ അബദുള്‍ അസീസാണ് (73) മരിച്ചത്.
◾പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കൊന്നക്കല്‍ കടവ് കോഴിക്കാട്ട് വീട്ടില്‍ പാറുക്കുട്ടിയാണ് (75) മരിച്ചത്. ഭര്‍ത്താവ് നാരായണന്‍ കുട്ടി പോലീസില്‍ കീഴടങ്ങി.
◾നിര്‍മാണം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുമണിക്കൂറിലേറെ അദ്ദേഹം തൊഴിലാളികള്‍ക്കൊപ്പം സമയം ചെലവഴിച്ചു. നേരത്തെ സെന്‍ട്രല്‍ വിസ്ത നിര്‍മാണവും പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു.
◾കീഴടങ്ങില്ലെന്ന് ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗ് ലൈവ് വീഡിയോയില്‍. ഉടന്‍ തന്നെ ജനങ്ങളുടെ മുന്നില്‍ എത്തുമെന്നും വീഡിയോയില്‍ പറയുന്നു. ഒളിവിലല്ല. രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അമൃത്പാല്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
◾പശ്ചിമ ബംഗാളിലെ ഹൗറയില്‍ രാമനവമി ആഘോഷത്തിനിടെ സംഘര്‍ഷം. നിരവധി വാഹനങ്ങള്‍ കത്തിച്ചു. സ്ഥലത്ത് പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി.
◾മധ്യപ്രദേശില്‍ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിലെ കിണറില്‍ വീണ് 13 മരണം. നിരവധി പേര്‍ക്കു പരിക്ക്. ഇന്‍ഡോറിലെ ബെലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രക്കിണറിന്റെ മേല്‍മൂടി തകര്‍ന്നായിരുന്നു അപകടം. മുപ്പതിലധികം പേരാണ് കിണറ്റില്‍ വീണത്. 19 പേരെ രക്ഷപ്പെടുത്താനായെന്നാണ് വിവരം.
◾ത്രിപുര നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ. ബാഗ്ബസ മണ്ഡലത്തിലെ ജനപ്രതിനിധിയായ ജാദവ് ലാല്‍ നാഥ് പോണ്‍ കാണുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്.
◾കോഴി മൃഗമാണോ പക്ഷിയാണോയെന്നു ഗുജറാത്ത് ഹൈക്കോടതിയില്‍ തര്‍ക്കം. മൃഗങ്ങളെ കൊല്ലേണ്ടത് അറവുശാലകളില്‍ വെച്ചാണെന്നും കടകളില്‍ വെച്ചല്ലെന്നും ഉന്നയിച്ചാണ് അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനും അഹിംസ മഹാസംഘവും കോടതിയെ സമീപിച്ചത്.
◾ക്രിക്കറ്റ് ലോകം ഐപിഎല്‍ പൂരത്തിന്റെ ആവേശത്തിലേക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാം പതിപ്പിന് ഇന്ന് അഹമദാബാദില്‍ തുടക്കം.നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി ഇടതു കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾പൊതുമേഖലാ ബാങ്കുകള്‍ നടപ്പ് സാമ്പത്തികവര്‍ഷം (2022-23) ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ എഴുതിത്തള്ളിയത് 91,000 കോടി രൂപയുടെ വായ്പകള്‍. ഏറ്റവുമധികം വായ്പ എഴുതിത്തള്ളിയത് എസ്.ബി.ഐയാണ്; 17,536 കോടി രൂപ. യൂണിയന്‍ ബാങ്കാണ് രണ്ടാമത് (16,497 കോടി രൂപ). ബാങ്ക് ഓഫ് ബറോഡ 13,032 കോടി രൂപയും എഴുതിത്തള്ളി. കിട്ടാക്കടമായ വായ്പകളാണ് ബാങ്കുകള്‍ എഴുതിത്തള്ളുന്നത്. വായ്പ ബാങ്കുകള്‍ എഴുതിത്തള്ളി എന്നതിനര്‍ത്ഥം വായ്പ എടുത്തയാള്‍ ഇനി തിരിച്ചടയ്‌ക്കേണ്ട എന്നല്ല. ബാങ്കിന് വരുമാനം കിട്ടില്ലെന്ന് ഉറപ്പായ വായ്പ ബാലന്‍സ് ഷീറ്റില്‍ നിന്ന് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് ബാലന്‍സ് ഷീറ്റ് മെച്ചപ്പെട്ടതാക്കാനുള്ള നടപടിയാണ്. തത്തുല്യതുക ലാഭത്തില്‍ നിന്ന് വകയിരുത്തിയാണ് ഇത് ചെയ്യുന്നത്. വായ്പ എടുത്തയാള്‍ പലിശസഹിതം വായ്പാത്തുക തിരിച്ചടയ്ക്കുക തന്നെ വേണം, അല്ലെങ്കില്‍ ബാങ്ക് നിയമപരമായ നടപടികളിലേക്ക് നീങ്ങും.
◾ഒരിടവേളക്ക് ശേഷം മലയാളത്തില്‍ വീണ്ടും ഒരു റോഡ് മൂവിയെത്തുകയാണ്. അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ധ്രുവന്‍, അതിഥി രവി എന്നിവരെ പ്രധാന താരങ്ങളാക്കി നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന 'ഖജുരാഹോ ഡ്രീംസ്' ആണ് പൂര്‍ണമായി ഒരു റോഡ് മൂവിയായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ശക്തമായൊരു സാമൂഹിക പ്രശ്നം കൂടി ചര്‍ച്ച ചെയ്യുന്നുണ്ട്. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് ചിത്രം പറയുന്നത്. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവര്‍ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാവുന്നത്. സച്ചി - സേതു കൂട്ടുകെട്ടിലെ സേതുവിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. ഗോപിസുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.
◾നീണ്ട ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജയരാജും സുരേഷ് ഗോപിയും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരം ജയരാജും സുരേഷ് ഗോപിയും സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. 'ഒരു പൊരുങ്കളിയാട്ടം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ ഗെറ്റപ്പ് ശ്രദ്ധ നേടിക്കഴിഞ്ഞു. മലയാളത്തിലെ എക്കാലത്തെയും ക്ലാസിന് ഹിറ്റുകളില്‍ ഒന്നായ കാളിയാട്ടത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് 'ഒരു പൊരുങ്കളിയാട്ടം'. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, അനശ്വര രഞ്ജന്‍, 'കെജിഎഫ്-ചാപ്റ്റര്‍ 2' ഫെയിം ബി എസ് അവിനാഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ലോകപ്രശസ്തനായ നാടകകൃത്ത് വില്ല്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തിന്റെ കഥയെ ആസ്പദമാക്കിയാണ് ജയരാജ് കളിയാട്ടം എന്ന ചിത്രം ഒരുക്കിയത്. ബല്‍റാം മട്ടന്നൂര്‍ ആയിരുന്നു തിരക്കഥയും സംഭാഷണവും എഴുതിയത്. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കണ്ണന്‍ പെരുമലയം എന്ന കഥാപാത്രത്തിലൂടെ സുരേഷ് ഗോപി സ്വന്തമാക്കുകയും ചെയ്തിരുന്നു.
◾രാജ്യത്തെ പ്രധാന ഓഫ്‌റോഡ് മോഡലായ ഥാര്‍ എസ്യുവി 1,00,000 യൂണിറ്റുകള്‍ നിര്‍മ്മിക്കുകയെന്ന നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഉല്‍പാദനം ആരംഭിച്ച് രണ്ടര വര്‍ഷത്തിനുള്ളിലാണ് ഈ നാഴികക്കല്ല് മറികടന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മഹീന്ദ്ര, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആക്‌സസ് ചെയ്യാവുന്ന തരത്തില്‍ പുതിയ ഥാര്‍ ആര്‍ഡബ്ളിയുഡി അവതരിപ്പിച്ചത്. മഹീന്ദ്ര ഥാര്‍ 4x4, ആര്‍ഡബ്ളിയുഡി വേരിയന്റുകളില്‍ ലഭ്യമാണ്, മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുള്ള ഡീസല്‍, പെട്രോള്‍ മോട്ടോറുകള്‍ക്കൊപ്പം. എഞ്ചിന്‍ ഓപ്ഷനുകളില്‍ 116 ബിഎച്ച്പി നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍, 130 ബിഎച്ച്പി 2.2 ലിറ്റര്‍ ഡീസല്‍, 150 ബിഎച്ച്പി 2.0 ലിറ്റര്‍ പെട്രോള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ 1.5 ലിറ്റര്‍ ഡീസല്‍ ആര്‍ഡബ്ളിയുഡി വേരിയന്റുകള്‍ക്ക് മാത്രമേ ലഭ്യമാകൂ. പെട്രോള്‍ 4x4, ആര്‍ഡബ്ളിയുഡി വേരിയന്റുകളിലും ലഭ്യമാണ്. അതേസമയം, 9.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന ഥാറിന്റെ വില, മെക്കാനിക്കല്‍ ലോക്കിംഗ് ഡിഫറന്‍ഷ്യലോടുകൂടിയ എല്‍എക്സ് ഡീസല്‍ 4x4ന് 16.49 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയാണ്.
◾മലബാറിലെ ബ്രിട്ടീഷ് അധിനിവേശവും അതിനെതിരേയുള്ള 1921-ലെ ചെറുത്തുനില്പ് സമരത്തിന്റെ നൂറ് വര്‍ഷത്തിന് ശേഷവും അധിനിവേശ മലബാറുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഭൂരിപക്ഷം ഗ്രന്ഥങ്ങളിലെയും പ്രതിപാദ്യവിഷയങ്ങള്‍ ഏറക്കുറെ സമരത്തെക്കുറിച്ചുതന്നെയാണ്. മാത്രവുമല്ല, ഇത്തരത്തിലുള്ള പല കൃതികളിലും പലപ്പോഴും ശാസ്ത്രീയ ചരിത്രരചനയുടെ രീതിപദ്ധതികളൊന്നും അവലംബിക്കപ്പെട്ടിട്ടില്ല എന്നും കാണാവുന്നതാണ്. ബ്രിട്ടീഷ് അധിനിവേശം മലബാറില്‍ നടത്തിയ വിഭവ സര്‍വേകള്‍, വൈവിധ്യമാര്‍ന്ന പ്രകൃതിവിഭവ ചൂഷണങ്ങള്‍, പാശ്ചാത്യ സംസ്‌കാരത്തിലധിഷ്ഠിതമായ വൈദ്യം, വിദ്യാഭ്യാസം, ഗതാഗതം, നാണ്യവിള തോട്ടങ്ങളുടെ ആവിര്‍ഭാവം തുടങ്ങിയ വിഷയങ്ങള്‍ ഈ പഠനത്തിലൂടെ അന്വേഷിക്കുന്നു. 'മലബാറും ബ്രിട്ടീഷ് അധിനിവേശവും'. എഡിറ്റേഴ്സ് - ഡോ. സതീഷ് പാലങ്കി, ഷമീറലി മങ്കട. ഡിസി ബുക്സ്. വില 284 രൂപ.
◾നിശ്ശബ്ദ കൊലയാളി' എന്നാണ് പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം അറിയപ്പെടുന്നത്. ഇതിന്റെ ലക്ഷണങ്ങളൊന്നും പലപ്പോഴും ആദ്യ ഘട്ടങ്ങളില്‍ അത്ര തിരിച്ചറിയപ്പെടാറില്ല എന്നതാണ് കാരണം. നമ്മുടെ ദഹനത്തെ സഹായിക്കാനായി എന്‍സൈമുകളും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ ഹോര്‍മോണുകളും പുറപ്പെടുവിക്കുന്ന ഗ്രന്ഥിയാണ് പാന്‍ക്രിയാസ്. ഇതുകൊണ്ടുതന്നെ പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം ദഹനസംവിധാനത്തെയാണ് ആദ്യം തന്നെ തകരാറിലാക്കുക. അള്‍സറിനും പാന്‍ക്രിയാറ്റിറ്റിസിനും സമാനമായ ലക്ഷണങ്ങളാണ് പാന്‍ക്രിയാറ്റിക് അര്‍ബുദം ഉണ്ടാക്കുക. അര്‍ബുദം വളരുന്നതോടെ അടിക്കടി ഗ്യാസ് കെട്ടലുണ്ടാകും. വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദ്ദി, വയറില്‍ എന്തോ കത്തുന്നത് പോലുള്ള തോന്നല്‍, വയറും കാലുകളും വീര്‍ത്ത് വരല്‍. ഇതിനോട് അനുബന്ധിച്ച് വേദനയും ഉണ്ടാകാം. ചര്‍മത്തിന്റെയും കണ്ണുകളുടെയും നിറം മഞ്ഞയായി മാറല്‍, ക്ഷീണം, ദുര്‍ബലത, വയറില്‍ തുടങ്ങി ശരീരത്തിന്റെ പുറത്തേക്ക് നീളുന്ന വേദന, പ്രത്യേകിച്ച് കാരണമില്ലാത്ത ഭാരനഷ്ടം, കടുത്ത നിറത്തിലെ മൂത്രവും നിറം കുറഞ്ഞ മലവും, പെട്ടെന്നുണ്ടാകുന്ന പ്രമേഹരോഗനിര്‍ണയവും നിയന്ത്രിക്കാനാകാത്ത പ്രമേഹവും. പുകവലി, പ്രമേഹം, പാന്‍ക്രിയാറ്റിറ്റിസ്, അമിതവണ്ണം, പ്രായാധിക്യം എന്നിവയെല്ലാം പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്റെ സാധ്യതയേറ്റുന്ന ഘടകങ്ങളാണ്. പുകവലി നിര്‍ത്തിയും ശരീരഭാരം കുറച്ചും പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളുമെല്ലാം അടങ്ങുന്ന ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുത്തും ഈ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കാവുന്നതാണ്.