◾അവശ്യ മരുന്നുകളുടെ വില ഏപ്രില്‍ ഒന്നിന് 12.12 ശതമാനം വര്‍ധിപ്പിക്കും. വേദനസംഹാരികള്‍, അണുബാധ തടയുന്നതിനുള്ള മരുന്നുകള്‍, കാര്‍ഡിയാക് മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകളുടെ വിലയാണ് ഉയരുക. 84 അവശ്യ മരുന്നുകളുടെയും ആയിരത്തിലധികം മെഡിസിന്‍ ഫോര്‍മുലേഷനുകളുടേയും വില വര്‍ദ്ധിക്കും. (ഏപ്രില്‍ ഫൂളല്ല, വില വര്‍ധനതന്നെ...
◾പാക്കിസ്ഥാനിലേക്ക് പോകൂവെന്നു പ്രസംഗിക്കുന്നത് സഹോദരങ്ങളോടാണെന്ന് ഓര്‍ക്കണമെന്ന് സുപ്രീം കോടതി. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ ഭരണകൂടങ്ങള്‍ നടപടിയെടുക്കുന്നില്ല. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തി ചിലര്‍ ടെലിവിഷനിലും പൊതുവേദികളിലും പ്രസംഗിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ വിദ്വേഷപ്രസംഗം നടത്തില്ലെന്ന് പ്രതിജ്ഞ എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു.
◾ഇടുക്കിയില്‍ നാശമുണ്ടാക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടരുതെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഇന്നു ഹര്‍ത്താല്‍. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി, ചിന്നകനാല്‍, ഉടുമ്പന്‍ ചോല, ശാന്തന്‍പാറ എന്നീ പഞ്ചായത്തുകളിലാണ് ജനകീയ ഹര്‍ത്താല്‍.
◾ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കരുതന്ന് ഹൈക്കോടതി. അഞ്ചംഗ വിദ്ഗധ സമിതിയെ നിയോഗിച്ച് തീരുമാനമെടുക്കാമെന്നും ആനകളെ പിടികൂടുന്നതിന് മാര്‍ഗരേഖ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ മാറ്റിയാല്‍ നാളെ വേറെ ആന വരില്ലേയെന്നും കോടതി ചോദിച്ചു.
◾ആനശല്യമുള്ള സ്ഥലത്ത് കേസു കൊടുത്തയാളും ജഡ്ജിയും ഒരു ദിവസമെങ്കിലും താമസിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നതെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. അരിക്കൊമ്പനെ പിടികൂടരുതെന്ന ഹൈക്കോടതി നിലപാട് നിരാശാജനകമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതിനു വിരുദ്ധമായ തീരുമാനം ഉണ്ടാകുമ്പോള്‍ കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം. മന്ത്രി പറഞ്ഞു.
◾ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്ത നാളെ പരിഗണിക്കും. വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തത് വിവാദമായിരുന്നു. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കേയാണ് കേസ് ലോകായുക്ത വീണ്ടും പരിഗണിക്കുന്നത്.
◾കെടിയു താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തിന് മൂന്നംഗ പാനല്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു നല്‍കി. ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ബൈജു ഭായ്, സി ഇ ടിയിലെ പ്രൊഫ. അബ്ദുല്‍ നസീര്‍ എന്നിവരാണ് പട്ടികയിലുള്ളത്. താത്കാലിക വിസിയായി ഗവര്‍ണര്‍ നിയമിച്ചിരുന്ന ഡോ. സിസ തോമസ് നാളെ വിരമിക്കുകയാണ്.
◾എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 20 നകം പ്രസിദ്ധീകരിക്കും. ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ പരീക്ഷാഫലം മേയ് രണ്ടിനു പ്രസിദ്ധീകരിക്കും. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികള്‍ ഏപ്രില്‍ 17 ന് ആരംഭിക്കും.
◾എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ സംസ്ഥാനത്ത് വന്‍ അഴിമതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി, മൂടാടി, ചാത്തമംഗലം പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയില്‍ 120 കോടി രൂപയുടെ അഴിമതി. ജലവിഭവ, പൊതുമരാമത്ത് മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് അഴിമതിയുടെ പിന്നില്‍. ജല്‍ജീവന്‍ മിഷനു വേണ്ടി കഴിഞ്ഞ വര്‍ഷം 900 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
◾കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് പരിഗണനയിലില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനാണ് ലോക്സഭയില്‍ ഇങ്ങനെ മറുപടി നല്കിയത്.
◾കെ കെ രമ എംഎല്‍എയ്ക്ക് വധ ഭീഷണിക്കത്ത്. നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നാണ് കത്തിലെ ഭീഷണി. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഏപ്രില്‍ 20 നുള്ളില്‍ പരാതി പിന്‍വലിക്കണമെന്നാണ് ഭീഷണി.
◾തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന എം. സ്വരാജിന്റെ ഹര്‍ജി റദ്ദാക്കണമെന്ന കെ. ബാബു എംഎല്‍എയുടെ ആവശ്യം ഹൈക്കോടതി തള്ളി. എല്‍ഡിഎഫ് സ്ഥാനാത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി.
◾സിപിഎം വനിത നേതാക്കള്‍ക്കെതിരായ വിവാദ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പരാതി. നടപടി ആവശ്യപ്പെട്ട് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമനാണ് പരാതി നല്‍കിയത്.
◾ദേശീയപാത നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ എത്ര തുക നല്‍കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന റോഡിന്റെ പടത്തില്‍ സ്വന്തം പടം വച്ച് ഫ്ളക്സ് അടിപ്പിക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് റിയാസ്. സുരേന്ദ്രന്‍ പരിഹസിച്ചു.
◾നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീം കോടതിയില്‍. ആറു വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ഈ കേസില്‍ താന്‍ മാത്രമാണ് ജയിലിലുള്ളതെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.
◾കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. കോട്ടയം മുണ്ടക്കയം കാപ്പിലാമൂടിലാണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാര്‍ഡ് സ്വദേശികളായ സുനില്‍ കപ്പയില്‍ വീട് (48) രമേഷ് - നടുവിനല്‍ വീട് (43) എന്നിവരാണ് മരിച്ചത്.
◾മൂവാറ്റുപുഴ പായിപ്ര ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ പി.ടി സുരജിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. കെട്ടിട നിര്‍മ്മാണാനുമതി നല്‍കാന്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്.
◾കസ്റ്റഡിയിലെടുത്ത യുവാവ് ലോക്കപ്പില്‍ ആത്മഹത്യക്കു ശ്രമിച്ചു. ഇലിപ്പക്കുളം പ്രകാശ് ഭവനത്തില്‍ പ്രിന്‍സാണ് ( 23 ) ആത്മഹത്യക്കു ശ്രമിച്ചത്. ആലപ്പുഴ വള്ളികുന്നം സ്റ്റേഷനിലാണു സംഭവം. പ്രിന്‍സിനെയും സുഹൃത്ത് അശ്വിനെയുമാണ് (21) പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
◾കള്ള് ഷാപ്പുകളുടെ ലൈസന്‍സ് രണ്ടു മാസം കൂടി നീട്ടി. കള്ളു ഷാപ്പുകളുടെ ലേലം ഓണ്‍ലൈന്‍ ആക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകാത്തതും അബ്കാരി നയത്തിന് അന്തിമരൂപം ആകാത്തതുമാണ് കാരണം.
◾നെന്മാറ അകംപാടത്ത് പുലി വീട്ടിലെ നായയെ കടിച്ചു കൊണ്ടുപോയി. അകംപാടം സുധീഷിന്റെ വീട്ടിലെ വളര്‍ത്തു നായയെയാണ് വകവരുത്തിയത്. പുലി വന്നതു വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ വ്യക്തമാണ്.
◾കളമശേരിയില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ദമ്പതിമാര്‍ മരിച്ചു. സ്‌ക്കൂട്ടര്‍ യാത്രക്കാരായ കടുങ്ങല്ലൂര്‍ സ്വദേശി ഉമേഷ് ബാബു (54), ഭാര്യ നിഷ എന്നിവരാണ് മരിച്ചത്. രാത്രി ഏഴരയോടെയായിരുന്നു അപകടം.
◾ഖത്തറില്‍ ട്രെയിലര്‍ ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനംമൂലം പ്രവാസി മലയാളി മരിച്ചു. പറവൂര്‍, പൂയപ്പിള്ളി പള്ളിത്തറ ജിതിന്‍ (ജിത്തു - 34) ആണ് മരിച്ചത്.
◾കോഴിക്കോട് 360 ഗ്രാം ഹാഷിഷ് ഓയിലുമായി നല്ലളം സ്വദേശി ലബൈക്ക് വീട്ടില്‍ ജെയ്സലിനെ അറസ്റ്റു ചെയ്തു.
◾കൊച്ചിയില്‍ ലഹരി മരുന്നുമായി ബംഗളൂരുവിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ പിടിയിലായി. കോട്ടയം സ്വദേശികളായ ആല്‍ബിന്‍, അലക്സ് എന്നിവരാണ് പിടിയില്‍ ആയത്.
◾ത്രികോണ മല്‍സരം നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നേടുമെന്ന് എബിപി - സി വോട്ടര്‍ പ്രവചനം. മേയ് പത്തിനാണു വോട്ടെടുപ്പ്. 13 നു വോട്ടെണ്ണും. കോണ്‍ഗ്രസ് 115 മുതല്‍ 127 വരെ സീറ്റുകളില്‍ വിജയിക്കും. ബിജെപിക്ക് 68 മുതല്‍ 80 വരെ സീറ്റകളും ജെഡിഎസിന് 23 മുതല്‍ 35 വരെ സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.
◾കോണ്‍ഗ്രസ് ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കുടുക്കാന്‍ സിബിഐ കടുത്ത സമ്മര്‍ദം ചെലുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്ന് ബിജെപി അനാവശ്യ പ്രതിഷേധങ്ങള്‍ നടത്തിയില്ല. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതു നിയമപരമായ വിഷയമാണ്. നിരപരാധിയെങ്കില്‍ നിയമം വിട്ടയക്കും. നിയമത്തെ ചോദ്യം ചെയ്തു ഞങ്ങളാരും കറുത്ത വസ്ത്രം ധരിച്ച് റോഡിലിറങ്ങിയിട്ടില്ലെന്നും ഷാ പറഞ്ഞു.
◾വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷാവിധി സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി വിശദമായി പരിശോധിക്കുമെന്നു സുപ്രീംകോടതി. അപൂര്‍വ്വമായേ ശിക്ഷാവിധി സ്റ്റേ ചെയ്യേണ്ടതുള്ളൂവെന്ന് ജസ്റ്റിസ് കെ.എം ജോസഫ് നീരീക്ഷിച്ചു.
◾ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗ് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഉപാധികള്‍ വച്ചായിരിക്കും കീഴടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് പൊലീസ് അതീവ ജാഗ്രതയിലാണ്. സുവര്‍ണ ക്ഷേത്രത്തിനു മുന്നില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
◾കൊച്ചി ബിനാലെയില്‍ സേവനങ്ങള്‍ ചെയ്തിട്ടുള്ള പ്രശസ്ത കലാകാരന്‍ വിവാന്‍ സുന്ദരം ന്യൂഡല്‍ഹിയില്‍ അന്തരിച്ചു. 79 വയസായിരുന്നു. ചിത്രകല, ശില്‍പ നിര്‍മാണം, പ്രിന്റുകള്‍, ഫോട്ടോഗ്രഫി തുടങ്ങിയ മേഖലകളില്‍ പ്രഗല്‍ഭനായിരുന്നു.
◾കുനോ ദേശീയ പാര്‍ക്കില്‍ ആഫ്രിക്കയില്‍ നിന്നെത്തിച്ച പെണ്‍ ചീറ്റപ്പുലി നാലു കുഞ്ഞുങ്ങളെ പ്രസവിച്ചു. സിയായ എന്ന് പേരുള്ള പെണ്‍ചീറ്റയാണ് പ്രസവിച്ചത്. കഴിഞ്ഞ ദിവസം സാഷ എന്ന പെണ്‍ ചീറ്റ ചത്തിരുന്നു.
◾ദേശീയ ഗാനത്തെ അപമാനിച്ചെന്ന കേസില്‍ പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി. സെഷന്‍സ് കോടതി വിധിക്കെതിരെ മമത സമര്‍പ്പിച്ച ഹര്‍ജി തള്ളി കൊണ്ടാണ് ഉത്തരവ്. മുംബൈയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു ചടങ്ങില്‍ മമത ബാനര്‍ജി ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകനാണ് കോടതിയെ സമീപിച്ചത്.
◾ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി മുന്‍ എം.പിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ആതിഖ് അഹമ്മദിന് ഇന്നലെ പ്രയാഗ്രാജ് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ബിഎസ്പി എം.എല്‍.എ ഉമേഷ് പാലിനെ 2006 -ല്‍ തട്ടിക്കൊണ്ടു പോയ കേസിലാണ് ആതിഖ് അഹമ്മദിനും രണ്ടു കൂട്ടാളികള്‍ക്കും ജീവപര്യന്തം തടവു വിധിച്ചത്. ആതിഖ് അഹമ്മദിനെതിരേ നൂറിലേറെ കേസുകളുണ്ട്.
◾എയര്‍ ഇന്ത്യ എക്സ്പ്രസിനും എയര്‍ഏഷ്യ ഇന്ത്യയ്ക്കുമായി ഏകീകൃത റിസര്‍വേഷന്‍ സംവിധാനം. ഇനി മുതല്‍ airindiaexpress.com എന്ന വെബ്സൈറ്റിലാകും ബുക്കിംഗ് സേവനം ലഭ്യമാകുക.
◾സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കരുതെന്ന് ന്യൂനപക്ഷ സംഘടനകള്‍. രാഷ്ട്രപതി മുതല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെയുള്ള അധികാരികള്‍ക്ക് സംഘടനകള്‍ കത്തയച്ചു. ചിഷ്തി മന്‍സില്‍ സൂഫി ഖാന്‍ഖ, ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ, അഖിലേന്ത്യ പാസ്മണ്ട മുസ്ലീം മഹാജ്, ദി കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ തുടങ്ങിയ സംഘടനകളാണ് കത്തയച്ചത്.
◾ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി. അക്രമങ്ങളില്‍ നടപടിയെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാംഗ്ലൂര്‍ ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മക്കാഡോ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം.
◾വൈറസ് ബാധയുണ്ടെന്ന് ആരോപിച്ച് ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി സൗദി അറേബ്യ നിരോധിച്ചു.
◾ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍
◾ആഗോളതലത്തില്‍ സാമ്പത്തികരംഗത്ത് അനിശ്ചിതത്വം തുടരുമ്പോഴും കയറ്റുമതിയില്‍ പുത്തന്‍ ഉയരം കുറിച്ച് ഇന്ത്യ. നടപ്പുവര്‍ഷത്തെ (2022-23) കയറ്റുമതി വരുമാനം ഇതിനകം 75,000 കോടി ഡോളര്‍ കടന്നു. ചരക്കുകളും സേവനങ്ങളും ചേര്‍ന്നുള്ള കയറ്റുമതി വരുമാനമാണിത്. കഴിഞ്ഞവര്‍ഷം (2021-22) ചരക്കുനീക്കത്തിലൂടെ 42,200 കോടി ഡോളറും സേവന കയറ്റുമതിയിലൂടെ 25,400 കോടി ഡോളരും വരുമാനം ലഭിച്ചിരുന്നു; ആകെ 67,600 കോടി ഡോളര്‍. ഇത് റെക്കോഡായിരുന്നു. ഈ വര്‍ഷം ഇതിനകം തന്നെ ഈ റെക്കോഡ് പഴങ്കഥയായി. നടപ്പുവര്‍ഷം അവസാനിക്കുമ്പോഴേക്കും മൊത്തം കയറ്റുമതി വരുമാനം 76,000 കോടി ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷ. ലക്ഷ്യം രണ്ട് ലക്ഷം കോടി ഡോളര്‍ചരക്ക്, സേവന കയറ്റുമതിയിലൂടെ പ്രതിവര്‍ഷം ശരാശരി രണ്ടുലക്ഷം കോടി ഡോളര്‍ വരുമാനം നേടുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം മുന്നേറുകയാണ്. ചരക്ക് കയറ്റുമതിയിലും സേവന കയറ്റുമതിയിലും ഓരോ ലക്ഷം കോടി ഡോളര്‍ വീതം നേടുകയാണ് ലക്ഷ്യം. അടുത്ത മൂന്നോ-നാലോ വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയാകും. ഇതോടൊപ്പം കയറ്റുമതി ലക്ഷ്യം നേടാനും ഇന്ത്യയ്ക്ക് കഴിയുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
◾മഞ്ജു വാരിയറും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലെത്തിയ 'വെള്ളരിപട്ടണം' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'ഒരു നദിയായി' എന്നു തുടങ്ങുന്ന മനോഹര മെലഡിക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ് ഈണമൊരുക്കിയത്. വിനായക് ശശികുമാര്‍ വരികള്‍ കുറിച്ച പാട്ട് പൂജ വെങ്കട്ടരാമനും സച്ചിന്‍ ശങ്കറും ചേര്‍ന്നാലപിച്ചു. മനോരമ മ്യൂസിക് പുറത്തിറക്കിയ ഈ മനോഹര മെലഡി ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'വെള്ളരിപട്ടണം'. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്നു. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. മഞ്ജു വാരിയര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
◾പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. താരം തന്റെ മുഴുവന്‍ മ്യൂസിക് കാറ്റലോഗുകളും വില്‍പ്പന നടത്താന്‍ തയാറെടുക്കുകയാണ്. 200 മില്യണ്‍ ഡേളറിനാണ് വില്‍പ്പന.ബീബറുടെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറിയിരുന്നു. 2021ല്‍ പുറത്തിറങ്ങിയ ജസ്റ്റിസാണ് അവസാന ആല്‍ബം. 5-ാം വയസില്‍ പാട്ടുപാടി ബിലീബേഴ്സിന്റെ ഹൃദയത്തിലേയ്ക്ക് കുടിയേറിയ പോപ് താരം 29-ാം വയസിലാണ് സംഗീതലോകത്തോട് വിടപറയാന്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് തനിക്ക് റാംസായ് ഹണ്ട് സിന്‍ഡ്രോം ബാധിച്ചതായി വെളിപ്പെടുത്തി ബീബര്‍ രംഗത്ത് വന്നത്. മുഖത്തെ പേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്ന രോഗാവസ്ഥയാണ് ഇത്. തന്റെ ആരോഗ്യത്തിലും ഹെയ്ലി ബാള്‍ഡ്വിനുമായുള്ള വിവാഹത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗായകന്റെ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി കൈയ്യിലുള്ള പണവുമായി ഭാര്യ ഹെയ്‌ലിക്കൊപ്പം സുഖമായി ജീവിക്കാനാണ് ജസ്റ്റിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾പുതിയ ഹോണ്ട ആക്ടീവ 125 പുറത്തിറക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ. റിയല്‍ ഡ്രൈവിംഗ് എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് പുതിയ ഹോണ്ട ആക്ടീവ 2023. ഇതിന്റെ വില 78,920 രൂപയില്‍ തുടങ്ങി 88,093 രൂപ വരെ (എക്‌സ്-ഷോറൂം, ന്യൂഡല്‍ഹി) വരെയായിരിക്കും. ഹോണ്ട എസിജി സ്റ്റാര്‍ട്ടറും സ്റ്റാര്‍ട്ട് സോളിനോയിഡും സമന്വയിപ്പിക്കുന്ന മെച്ചപ്പെടുത്തിയ സ്മാര്‍ട്ട് പവര്‍ ഉള്ള 125 സിസി പിജിഎം-എഫ്ഐ എഞ്ചിനാണ് ആക്ടീവ 2023ന് കരുത്ത് പകരുന്നത്. സ്മാര്‍ട്ട് ഫൈന്‍ഡ്, സ്മാര്‍ട്ട് അണ്‍ലോക്ക്, സ്മാര്‍ട്ട് സ്റ്റാര്‍ട്ട്, സ്മാര്‍ട്ട് സേഫ് തുടങ്ങിയ ഫീച്ചറുകളുമായി എത്തുന്ന ആക്ടീവ 125 2023നൊപ്പം കമ്പനി ഇപ്പോള്‍ ഹോണ്ട സ്മാര്‍ട്ട് കീ വാഗ്ദാനം ചെയ്യുന്നു. ഇക്വലൈസര്‍, ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, 3-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന പിന്‍ സസ്‌പെന്‍ഷന്‍ എന്നിവയ്‌ക്കൊപ്പം കോമ്പി-ബ്രേക്ക് സിസ്റ്റവും (സിബിഎസ്) സ്‌കൂട്ടറിന് ലഭിക്കുന്നു. പേള്‍ നൈറ്റ് സ്റ്റാര്‍ട്ട് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, റിബല്‍ റെഡ് മെറ്റാലിക്, പേള്‍ പ്രെഷ്യസ് വൈറ്റ്, മിഡ് നൈറ്റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളാണ് ഹോണ്ട ആക്ടീവ 125 2023 ന് ഉള്ളത്. സ്‌കൂട്ടറിന് ഡ്രം, ഡ്രം അലോയ്, ഡിസ്‌ക്, എച്ച്-സ്മാര്‍ട്ട് എന്നീ നാല് വേരിയന്റുകളുണ്ട്.
◾നാടകരചന, സംവിധാനം, അഭിനയം, റിഹേഴ്‌സല്‍, രംഗസജ്ജീകരണം, ചമയം, ദീപവിതാനം, സംഗീതം, രംഗാവതരണം... തുടങ്ങി ഒരു നാടകത്തിന്റെ രചനമുതല്‍ പൂര്‍ണ്ണനാടകമായിത്തീരുന്നതുവരെ കടന്നുപോകുന്ന എല്ലാ മേഖലകളെക്കുറിച്ചും ലളിതസുന്ദരമായ ഭാഷയില്‍ ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. കാലാകാലങ്ങളായി ലോക നാടകവേദിയില്‍ വന്നുചേര്‍ന്ന മാറ്റങ്ങളും വ്യത്യസ്ത ശൈലികളും പരീക്ഷണങ്ങളും സാങ്കേതിക-സൈദ്ധാന്തിക വിശദാംശങ്ങളും ലോകനാടകഭൂപടം സൃഷ്ടിച്ചെടുത്ത രചയിതാക്കളും സംവിധായകരും അഭിനേതാക്കളുമെല്ലാം ഈ പുസ്തകത്തില്‍ കടന്നുവരുന്നു. ഒപ്പം, ഏതു നാടകത്തിനും പൂര്‍ണ്ണതനല്‍കുന്ന പ്രേക്ഷകന്‍ എന്ന വിധികര്‍ത്താവിന്റെ മനസ്സിലൂടെയുള്ള നാടകവിശകലനങ്ങളും. നാടകപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കുമെല്ലാം വേണ്ടി മലയാളനാടകത്തിന്റെ കുലപതി എന്‍.എന്‍. പിള്ള രചിച്ച പഠനഗ്രന്ഥം. 'നാടകദര്‍പ്പണം'. മാതൃഭൂമി ബുക്സ്. വില 312 രൂപ.
◾ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മഞ്ഞള്‍. എല്ലാ അടുക്കളയിലെയും ഒഴിച്ചൂകൂടാനാകാത്ത ചേരുവ തന്നെയാണ് മഞ്ഞള്‍. മിക്ക റെസിപ്പികളിലും മഞ്ഞള്‍ ഒരു പ്രധാന പങ്ക് വഹിക്കാറുമുണ്ട്. എന്തിനേറെ മഞ്ഞളിട്ട് പാല്‍ കുടിക്കുന്നവരും ഏറെയാണ്. മഞ്ഞള്‍ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനുള്ള യാത്രയില്‍ ഗുണകരമായ ഒരു ചേരുവയാണെന്നത് അധികമാര്‍ക്കും അറിയില്ല. എത്ര മഞ്ഞള്‍ കഴിക്കണം എന്നതിന് കൃത്യമായ കണക്ക് ഇല്ലെങ്കിലും നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് പ്രതിദിനം 500-2000 മില്ലീഗ്രാം മഞ്ഞള്‍ വേണ്ട പ്രയോജനം തരുമെന്നാണ്. എന്നാല്‍ കൃത്യമായ പഠനങ്ങള്‍ ഇനിയും നടന്നിട്ടില്ലാത്തതിനാല്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ ഉയര്‍ന്ന അളവില്‍ മഞ്ഞള്‍ കഴിക്കരുതെന്നാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. മഞ്ഞളില്‍ പ്രധാനമായുള്ള കുര്‍ക്കുമിന്റെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അമിതവണ്ണത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. കുര്‍ക്കുമിന്‍ കൊഴുപ്പ് കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പ് കോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കാനും കുര്‍ക്കുമിന്‍ നല്ലതാണ്. മഞ്ഞള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇന്‍സുലിന്‍ പ്രതിരോധം തടയുകയും ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് രാവിലെ കുറുക്കന്‍ ഉണര്‍ന്നുനോക്കിയപ്പോള്‍ തന്റെ വലിയ നിഴല്‍ കണ്ടു. നിഴലിന്റെ വലുപ്പം കണ്ടപ്പോള്‍ കുറുക്കന് തോന്നി താന്‍ ഇത്രയും വലുതായിരിക്കുന്നു. ഇന്ന് ഒരു ഒട്ടകത്തെയെങ്കിലും തിന്നണം. ഉച്ചവരെ ഒട്ടകത്തെ നോക്കി നടന്നെങ്കിലും കണ്ടില്ല. ഉച്ചയായപ്പോള്‍ വീണ്ടും നിഴല്‍ കണ്ടു. അത് തീരെ ചെറുതായിരിക്കുന്നു. താന്‍ ഇത്രയും പെട്ടെന്ന് ചെറുതായിപ്പോയോ? കുറുക്കന് അത്ഭുതമായി. എന്തായാലും ഇത്ര ചെറുതായി. ഇനി ഒരെലിയെ കിട്ടായാല്‍ലെങ്കിലും തനിക്ക് വിശപ്പ് ശമിക്കുമായിരിക്കും... കുറുക്കന്‍ എലിയെ കാത്തിരുന്നു! മായയാണ് ഏറ്റവും വലിയ പ്രലോഭനം. ഉണ്ടെന്ന് തോന്നിപ്പിക്കുകയും ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒന്നാണത്. മോഹം ജനിപ്പിച്ച് അത് തന്നിലേക്ക് ആകര്‍ഷിപ്പിക്കും. അവസാനകാലത്ത് പോലും ശോകമൂകമായിരിക്കുന്നവരോട് ചോദിച്ചാല്‍ അവര്‍ ഒരു കഥപറയും.. വേണ്ടാത്തതിനെ അന്വേഷിച്ചു നടന്നതിന്റെയും, വേണ്ടതിനെ തിരിച്ചറിയാതെ പോയതിന്റെയും.. ഇല്ലാത്തത് പലതും ഉണ്ടെന്ന് കരുതി സ്വയം ആനന്ദിക്കുകയോ, ഭയപ്പെടുകയോ ചെയ്യുകയാണ് മനസ്സിന്റെ വിനോദം. മരീചിക ഒരു തോന്നലാണെന്നു തിരിച്ചറിയാത്തവര്‍ വെള്ളമന്വേഷിച്ചിറങ്ങും. ഇല്ലാത്തവയുടെ പിറകെ ഓടുമ്പോഴുളള ഏറ്റവും വലിയ പ്രശ്‌നം ഉളളതും കൂടി നഷ്ടമാകും എന്നതാണ്. മായക്കാഴ്ചകളില്‍ വീഴാതിരിക്കാന്‍ നമുക്കും ശ്രമിക്കാം - ശുഭദിനം.