*പ്രഭാത വാർത്തകൾ*2023 | മാർച്ച് 29 | ബുധൻ |

◾ലോക്സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി ഒരു മാസം നീളുന്ന പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഏപ്രില്‍ 30 വരെ രാജ്യവ്യാപക സമരം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 19 പ്രതിപക്ഷ പാര്‍ട്ടികള്‍ സമരങ്ങളില്‍ ഒപ്പമുണ്ടാകും. അദാനി വിഷയത്തില്‍ പ്രധാനമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ്, എന്‍ എസ് യു പ്രവര്‍ത്തകര്‍ കത്തയക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

◾ചെങ്കോട്ടയില്‍ ഇന്നലെ രാത്രി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ഡല്‍ഹി പൊലീസ് എംപിമാരടക്കമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു. ജെബി മേത്തര്‍ എംപിയെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. പൊലീസ് പിന്നീട് എല്ലാവരെയും വിട്ടയച്ചു. പരിസരമലിനീകരണത്തിന് കാരണമാകുമെന്ന് പറഞ്ഞ് ദീപം തെളിച്ചുള്ള പ്രതിഷേധത്തിനു അനുമതി നിഷേധിച്ചപ്പോള്‍ കറുത്ത വസ്ത്രമണിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ മൊബൈല്‍ ഫ്ളാഷ് തെളിച്ചുകൊണ്ടാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്.

◾ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയ പരിധി ജൂണ്‍ 30 വരെ നീട്ടി. ഫീസ് ആയിരം രൂപതന്നെയാണ്.

◾കെടിയു താത്കാലിക വൈസ് ചാന്‍സലറായി സര്‍ക്കാരിന് താല്പര്യമുള്ളയാള്‍ക്കു ചുമതല നല്‍കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡിജിറ്റല്‍ വിസി സജി ഗോപിനാഥിനോ സര്‍ക്കാരിന് താല്‍പര്യമുള്ള മറ്റു വ്യക്തികള്‍ക്കോ ചുമതല നല്‍കാമെന്നാണ് രാജ്ഭവന്‍ അറിയിച്ചത്.

◾മനുഷ്യജീവനു ഭീഷണിയായ കീടനാശിനികളും രാസവസ്തുക്കളും നിരോധിക്കുന്നതില്‍ അലംഭാവം കാണിച്ച കേന്ദ്ര സര്‍ക്കാരിനോടു സുപ്രീംകോടതി വിശദീകരണം തേടി. രണ്ടു സമിതികള്‍ 27 കീടനാശിനികള്‍ നിരോധിക്കാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ മൂന്നെണ്ണം മാത്രമാണു നിരോധിച്ചത്.

◾ജഡ്ജിക്കെതിരേ പീഡന പരാതിയുമായി അഭിഭാഷക. ചേംബറിലേക്കു വിളിച്ചുവരുത്തി കടന്നു പിടിച്ചെന്ന് അഭിഭാഷക പരാതിപ്പെട്ടതോടെ ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജി കെ. അനില്‍കുമാറിനെ സ്ഥലംമാറ്റി. പാലാ എംഎസിടിയിലേക്കാണു മാറ്റിയത്.

◾സിപിഎം വനിതാ നേതാക്കള്‍ക്കെതിരേ അപകീര്‍ത്തിപരവും സ്ത്രീത്വത്തെ അവഹേളിക്കുന്നതുമായ പ്രസ്താവന നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായര്‍ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കി. സുരേന്ദ്രനെതിരേ സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോട് തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

◾സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. സിപിഎം നേതാവ് സി എസ് സുജാത നല്‍കിയ പരാതിയിലാണ് കേസ്.

◾കോണ്‍ഗ്രസിനെ അപഹസിച്ച് അനില്‍ ആന്റണി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന്റെ പരാമര്‍ശം നാണംകെട്ടവരുടേതെന്ന് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. വിഷയം സംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ സ്മൃതി ഇറാനിയെ പിന്തുണച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുമാണ് അനില്‍ സംസാരിച്ചത്.

◾യുക്രെയിനില്‍നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷ എഴുതാമെന്നു സുപ്രീം കോടതി. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ആനുകൂല്യം.

◾നിയമസഭയിലെ സംഘര്‍ഷത്തില്‍ കെ കെ രമയുടെ കൈക്ക് എട്ടാഴ്ച പ്ലാസ്റ്റര്‍ ഇടണമെന്ന് ഡോക്ടര്‍മാര്‍. കൈയിലെ ലിഗ്‌മെന്റില്‍ പലയിടത്തായി ക്ഷതമേറ്റിട്ടുണ്ടെന്നാണ് എംആര്‍ഐ സ്‌കാന്‍ റിപ്പോര്‍ട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിക്ക് വ്യാജമാണെു സിപിഎമ്മുകാര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

◾പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടം എങ്ങനെയുണ്ടായെന്ന് ആരാഞ്ഞ് ഹൈക്കോടതി. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഓഫീസറോട് കോടതി റിപ്പോര്‍ട്ടു തേടി. അപകടത്തില്‍ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ബസില്‍ 64 മുതിര്‍ന്നവരും എട്ട് കുട്ടികളുമടക്കം 72 പേരാണ് ഉണ്ടായിരുന്നത്.

◾സംസ്ഥാനത്ത് മദ്യ വില്‍പനയില്‍ റെക്കോര്‍ഡ്. ഫെബ്രുവരി 28 വരെ വില്‍പ്പന നികുതി ഒഴികെ മദ്യവില്‍പനയില്‍ നിന്ന് സംസ്ഥാനത്തിന് 2,480.15 കോടി രൂപ ലഭിച്ചു. 2018-19 ല്‍ 1,948.69 കോടി രൂപ ലഭിച്ചതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന വരുമാനം. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനം 2,480.63 കോടി രൂപയായിരുന്നു.

◾അട്ടപ്പാടി മധു കേസില്‍ വിധി നാളെ. കക്കി മൂപ്പന്‍ ഉള്‍പ്പടെ ആകെ 122 സാക്ഷികളാണുള്ളത്. വിസ്തരിച്ചത് 103 പേരെ. സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.

◾ഭക്ഷ്യ സുരക്ഷ ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് റെയ്ഡ്. വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷന്‍ ഹെല്‍ത്ത് വെല്‍ത്ത് എന്ന പേരിലായിരുന്നു പരിശോധന. പിടിച്ചെടുത്ത സാമ്പിളുകളില്‍ 14 ദിവസത്തിനകം ഫലം അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍ തുടര്‍ നടപടികളുണ്ടായിട്ടില്ലെന്നു കണ്ടെത്തി.

◾ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന അരി വിതരണം നാളെ മുതല്‍. സംസ്ഥാനതല ഉദ്ഘാടനം ഇന്നു മൂന്നരയ്ക്ക് ബീമാപ്പള്ളി യുപി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള 28 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് അഞ്ചു കിലോ അരി വിതരണം ചെയ്യുന്നത്.

◾തൃപ്പൂണിത്തുറയില്‍ പൊലീസ് കസ്റ്റഡിയില്‍ ഇരുമ്പനം സ്വദേശി മനോഹരന്‍ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ മനോഹരന്റെ കുടുംബം. കസ്റ്റഡി കൊലപാതകത്തെ ഹൃദ്രോഗ മരണമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി കുടുംബം ആരോപിച്ചു. ലീഗല്‍ സെല്‍ രൂപീകരിച്ച് കുടുംബത്തിന് നിയമ പോരാട്ടത്തിന് പിന്തുണ നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി.

◾രാഹുല്‍ ഗാന്ധിക്കു പിന്തുണയെന്നു സിപിഎം പറയുന്നതില്‍ ആത്മാര്‍ത്ഥത ഇല്ലെന്ന് മുസ്ലിം ലീഗ്. അതുകൊണ്ടാണ് പ്രതിഷേധങ്ങളെ തല്ലിച്ചതയ്ക്കുന്നത്. രാഹുല്‍ ഗാന്ധിക്കായി ലീഗ് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. 10 ലക്ഷം പേര്‍ രാഹുലിന്റെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആക്കും. ഏപ്രില്‍ മൂന്നിന് വിമാനത്താവളങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധിക്കുമെന്നും മുസ്ലിം ലീഗ്.

◾തൃശൂരിലെ മാത്രമല്ല, കേരളത്തിലെത്തന്നെ ഒരു സായ് കേന്ദ്രവും അടച്ചുപൂട്ടില്ലെന്ന് കേന്ദ്ര കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ലോകസഭയെ അറിയിച്ചു. ടിഎന്‍ പ്രതാപന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. രാജ്യത്ത് 189 സായ് കേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ ആകെ 48 കോച്ചുമാരാണുള്ളത്. മന്ത്രി പറഞ്ഞു.

◾കോഴിക്കോട് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കോഴിക്കോട് ചേവായൂരില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ അബൂബക്കര്‍ നൈഫ്, അഫ്സല്‍, മുഹമ്മദ് ഫാസില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പതിനെട്ടും പത്തൊന്‍പതും വയസുള്ളവരാണ്.

◾കസ്തൂരി മാനില്‍നിന്ന് ശേഖരിച്ച കസ്തൂരിയുമായി കോഴിക്കോട്ടും നെടുമ്പാശേരിയിലുമായി ഏഴു പേരെ പിടികൂടി. കോഴിക്കോട്ട് പന്തീരാങ്കാവ് സ്വദേശി അബ്ദുള്‍ സലാം, തലശേരി പെരിങ്ങത്തൂര്‍ സ്വദേശി ഹാരിസ്, കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശി മുസ്തഫ എന്നിവരാണ് പിടിയിലായത്. നെടുമ്പാശ്ശേരിയില്‍ 20 ലക്ഷത്തോളം രൂപ വിലവരുന്ന കസ്തൂരിയുമായി വിനോദ്, സുല്‍ഫി, ശിവജി, അബൂബക്കര്‍ എന്നിവരെയാണ് പിടിയിലായത്.

◾സഹോദരിയുടെ എട്ടുവയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മാവന് 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

◾മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ച ചെറുമകന്‍ അറസ്റ്റില്‍. പള്ളിപ്പാട് തെക്കേക്കര കാവലാശേരി വീട്ടില്‍ പൊന്നമ്മയുടെ കഴുത്തില്‍ കിടന്ന മുക്കാല്‍ പവന്‍ മാലയും കാല്‍ പവന്‍ തൂക്കം വരുന്ന ലോക്കറ്റും ഉള്‍പ്പെടുന്ന സ്വര്‍ണമാലയാണ് മോഷ്ടിച്ചത്. പൊന്നമ്മയുടെ കൊച്ചുമകനായ പള്ളിപ്പാട് തെക്കേക്കര ശ്രുതി ഭവനത്തില്‍ സുധീഷ് (26) പിടിയിലായി.

◾ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചേശ്വരത്തിനടുത്ത് ഹൊസങ്കടിയിലുണ്ടായ അപകടത്തില്‍ കുമ്പള മഹാത്മാ കോളേജ് വിദ്യാര്‍ത്ഥിയായ ആദില്‍ (22) ആണ് മരിച്ചത്.

◾പ്രതിപക്ഷം അഴിമതിക്കാരുടെ മുന്നണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില പാര്‍ട്ടികള്‍ 'ഭ്രഷ്ടാചാരി ബച്ചാവോ അഭിയാന്‍' (അഴിമതിക്കാരനെ സംരക്ഷിക്കുന്ന പദ്ധതി) തുടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ എല്ലാ അഴിമതി മുഖങ്ങളും ഇപ്പോള്‍ ഒരേ വേദിയില്‍ ഒത്തുചേരുകയാണ്. ഇന്ത്യ വളരുമ്പോള്‍, ഇന്ത്യക്കകത്തും പുറത്തുമുള്ള വിരുദ്ധ ശക്തികള്‍ ഒന്നിക്കുകയാണെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ ഒരു പാര്‍പ്പിട സമുച്ചയവും ബിജെപിയുടെ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യവേ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾പ്രതിഷേധിക്കാനുള്ള അവകാശം പോലും മോദി ഭരണകൂടം നിഷേധിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ചെങ്കേട്ടയില്‍നിന്ന് ടൗണ്‍ഹാളിലേക്കു ദീപം തെളിച്ചുള്ള പ്രതിഷേധത്തിനു പൊലീസില്‍ നിന്ന് അനുമതിയും നേടിയിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് കോണ്‍ഗ്രസ് നേതാക്കളെയും എംപിമാരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. വനിതാ എംപിമാരടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ചു. മാര്‍ച്ചിന് അനുമതി നിഷേധിച്ച കാരണമെന്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

◾എംപിയെന്ന നിലയില്‍ താമസിക്കാന്‍ അനുവദിച്ച തുഗ്ലക്ക് ലയിനിലെ വസതിയിലെ നല്ല ഓര്‍മകള്‍ക്കു നാലു തവണ വിജയിപ്പിച്ച ജനങ്ങളോടു കടപ്പാടും നന്ദിയുമെന്ന് രാഹുല്‍ഗാന്ധി. വീട് ഒരു മാസത്തിനകം ഒഴിയണമെന്ന ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നോട്ടീസിനു നല്‍കിയ മറുപടിയിലാണ് ഈ വിവരം. വീട് ഒഴിയുമെന്നും രാഹുല്‍ മറുപടിയില്‍ പറഞ്ഞു.

◾സവര്‍ക്കര്‍ പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച ഉദ്ധവ് താക്കറേയുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. യുദ്ധം മോദിയോടാണ് വേണ്ടതെന്നും സവര്‍ക്കറോടല്ലെന്നും ഉദ്ധവ് രാഹുലിനോട് പറഞ്ഞു. ശിവസേനയുടെ പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി നേതാവ് ശരദ് പവാര്‍ സോണിയ ഗാന്ധിയെ ഫോണില്‍ വിളിച്ചിരുന്നു.

◾തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ കറന്‍സി നോട്ടുകള്‍ വാരിയെറിഞ്ഞെന്നു പരാതി. മാണ്ഡ്യയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയണ് ആളുകള്‍ക്ക് നേരെ നോട്ട് വാരിയെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.

◾പെറ്റി കേസുകളില്‍ പിടിക്കപ്പെട്ട പ്രതികളുടെ പല്ലുകള്‍ കട്ടിംഗ് പ്ലെയര്‍ ഉപയോഗിക്കു പറിക്കുകയും അടിച്ചു ജനനേന്ദ്രിയം തകര്‍ക്കുകയും ചെയ്ത അംബാസമുദ്രം, വിക്രമസിംഗപുരം പൊലീസ് സ്റ്റേഷനുകളിലെ എഎസ്പി ബല്‍വീര്‍ സിംഗിനെ ചുമതലകളില്‍നിന്നു നീക്കി. ഇയാളുടെ മൃഗീയ നടപടികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണു നടപടി.

◾ഒരു കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 28 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതിയെ വിട്ടയ്ക്കണമെന്നു സുപ്രീം കോടതി. കുറ്റകൃത്യം നടന്ന സമയത്ത് പ്രതി നാരായണ്‍ ചേതന്‍ റാം ചൗധരിക്കു പ്രായപൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. 1994 ല്‍ പൂനെയിലായിരുന്നു മോഷണ ശ്രമത്തിനിടെ അഞ്ചു സ്ത്രീകളേയും രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയത്.

◾ഖലിസ്ഥാന്‍ വാദി നേതാവ് അമൃത്പാല്‍ സിംഗ് കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ എത്തിയെന്നു റിപ്പോര്‍ട്ട്. അമൃത്പാലിന്റെയും സഹായിയുടെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.  

◾ഫേസ്ബുക്ക് ലൈവിനിടെ ഭാര്യയുടെ വെടിയേറ്റ് ഭര്‍ത്താവ് മരിച്ചു. സംഭവത്തില്‍ കഡേജ മിഷേല്‍ ബ്രൗണ്‍ എന്ന 25 കാരിയെ അറസ്റ്റ് ചെയ്തു. യുഎസിലെ മിസിസിപ്പിയിലെ ലോന്‍ഡെസ് കൗണ്ടിയില്‍ ഭര്‍ത്താവ് ജെറമി റോക്ക് ബ്രൗണ്‍ ആണു മരിച്ചത്. ഭര്‍ത്താവ് പുറത്തുപോകാന്‍ ശ്രമിച്ചപ്പോള്‍ മിഷേല്‍ തടയാന്‍ ശ്രമിച്ചു. ഇതോടെ തര്‍ക്കവും വെടിവയ്പും നടന്നു.

◾വാള്‍ട്ട് ഡിസ്നി 7,000 ജീവനക്കാരെ പിരിച്ചുവിടുന്നു. 45,000 കോടി രൂപയുടെ ചെലവ് ചുരുക്കാനാണു നീക്കം.

◾കോംഗോ റിപ്പബ്ളിക്കിലെ സൗത്ത് കിവു മേഖലയില്‍ കനത്ത മഴയില്‍ സ്വര്‍ണ ഖനി തകര്‍ന്നു. ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. രക്ഷാദൗത്യത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍.

◾ത്രിരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കിര്‍ഗിസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് ഇന്ത്യ ചാമ്പ്യന്‍മാര്‍. സന്ദേശ് ജിംഗാന്‍, സുനില്‍ ഛേത്രി എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്.

◾രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകളുടെ വിതരണത്തില്‍ ബാങ്കുകളെ പിന്നിലാക്കി എസ്.ബി.ഐയുടെ ഉപസ്ഥാപനമായ എസ്.ബി.ഐ കാര്‍ഡ്‌സ്. ഫെബ്രുവരിയില്‍ ആകെ 9 ലക്ഷം പുതിയ ക്രെഡിറ്റ് കാര്‍ഡുടമകളുണ്ടായതില്‍ മൂന്നുലക്ഷം പേരും എസ്.ബി.ഐ കാര്‍ഡ്‌സ് ഉപയോക്താക്കളാണ്. രണ്ടുലക്ഷം പേരെ ചേര്‍ത്ത ആക്‌സിസ് ബാങ്കാണ് രണ്ടാമത്. ഐ.സി.ഐ.സി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ 80,000 പേരെ വീതവും എച്ച്.ഡി.എഫ്.സി ബാങ്ക് 60,000 പേരെയും പുതുതായി ചേര്‍ത്തു. ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ 19.8 ശതമാനമാണ് എസ്.ബി.ഐ കാര്‍ഡ്‌സിന്റെ വിഹിതം. ആക്‌സിസ് ബാങ്കിന്റേത് 11.7 ശതമാനം. ആകെ 8.34 കോടിപ്പേര്‍ ഇന്ത്യയില്‍ നിലവില്‍ 8.34 കോടി പേര്‍ക്കാണ് ക്രെഡിറ്റ് കാര്‍ഡുള്ളത്. ജനുവരിയില്‍ പുതുതായി 13 ലക്ഷം പേര്‍ ക്രെഡിറ്റ് കാര്‍ഡ് നേടിയിരുന്നു. ഫെബ്രുവരിയില്‍ ഇത് 9 ലക്ഷമായി കുറയുകയായിരുന്നു. ഫെബ്രുവരിയിലെ പുതിയ ഇടപാടുകാരില്‍ 79 ശതമാനം പേരെയും ചേര്‍ത്തത് എസ്.ബി.ഐ കാര്‍ഡ്‌സ്, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ്. ചെലവാക്കല്‍ കുറയുന്നുക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഉത്പന്ന/സേവന വാങ്ങലുകള്‍ കുറയുകയാണെന്നാണ് ബാങ്കുകളില്‍ നിന്നുള്ള കണക്ക്. ഫെബ്രുവരിയിലെ റിപ്പോര്‍ട്ട് പ്രകാരം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗമൂല്യംജനുവരിയേക്കാള്‍ 7 ശതമാനം താഴ്ന്ന് 1.2 ലക്ഷം കോടി രൂപയായി.

◾കിടിലന്‍ ത്രില്ലര്‍ ചിത്രവുമായി തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ് പ്രിയദര്‍ശന്റെ 'കൊറോണ പേപ്പേഴ്സ്'. തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട 'എട്ട് തോട്ടകള്‍' എന്ന സിനിമയുടെ മലയാളം റീമേക്കാണ് കൊറോണ പേപ്പേഴ്സ്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ ചിത്രം പ്രിയദര്‍ശന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ശ്രീ ഗണേഷിന്റേതാണ് കഥ. യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഷെയ്ന്‍ നിഗം തിരികെയെത്തുന്നത്. തന്റെ പതിവ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഷെയ്ന്‍ എത്തുന്നത്. തമിഴ് താരം ഗായത്രി ശങ്കര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, നന്ദു പൊതുവാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന 'കാതല്‍: ദ കോര്‍' ചിത്രത്തിന്റെ റിലീസ് നീളുമെന്ന് റിപ്പോര്‍ട്ടുകള്‍. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം മെയ് 13ന് റിലീസ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റിലീസ് മാറ്റിവച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മൂവി ട്രാക്കേഴ്‌സായി ഫ്രൈഡേ മാറ്റ്‌നി എന്ന പേജ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സിക്കുന്ന ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് താരം ചിത്രത്തില്‍ വേഷമിടുന്നത്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കന്‍ ആണ്. 'റോഷാക്കി'നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

◾'പഠാന്‍' കളക്ഷന്‍ ആയിരം കോടിയും കടന്ന് മുന്നേറുമ്പോള്‍ രാജ്യത്തെ ഏറ്റവും വില കൂടിയ എസ്യുവി സ്വന്തമാക്കിയിരിക്കുന്നു ബോളിവുഡിന്റെ കിങ് ഖാന്‍. ഏകദേശം 8.2 കോടി രൂപ വില വരുന്ന റോള്‍സ് റോയ്സ് കള്ളിനന്‍ ബ്ലാക് ബാഡ്ജ് പതിപ്പാണ് ഷാറുഖ് ഖാന്റെ ഏറ്റവും പുതിയ വാഹനം. കള്ളിനന്റെ പ്രത്യേക പതിപ്പായ ബ്ലാക് ബാഡ്ജിന്റെ ആര്‍ട്ടിക് വൈറ്റ് നിറത്തിലുള്ള മോഡലാണ് ഷാറൂഖ് ഖാന്റെ ഏറ്റവും പുതിയ വാഹനം. ഇന്ത്യയിലെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷനാണ് ഇത്. വാഹനലോകത്തെ വിവിഐപി പദവിയുള്ള ഈ കള്ളിനനിന്റെ കുറച്ചു മോഡലുകള്‍ മാത്രമേ വില്‍പനയ്ക്കെത്തുകയുള്ളു. റോള്‍സ് റോയ്സ് കാറുകളുടെ ആഡംബര ചിഹ്നമായ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും കറുപ്പില്‍ കുളിച്ചാണ് നില്‍ക്കുന്നത്. കൂടാതെ കറുപ്പ് ഗ്രില്ലും ഉപയോഗിച്ചിരിക്കുന്നു. കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് എഡിഷനായി പ്രത്യേകം തയ്യാറാക്കിയ 22 ഇഞ്ച് അലോയ് വീലുകളും അതിലെ ഗ്ലോസി റെഡ് നിറത്തിലുള്ള ബ്രേക്ക് കാലിപ്പറും മറ്റൊരു ആകര്‍ഷണമാണ്. 6.75-ലീറ്റര്‍, വി12 പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് എഡിഷനിലും. 600 എച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കുമുണ്ട്.

◾സെറീനാ...ജീവനോടെ അടക്കപ്പെട്ട എല്ലാ സ്ത്രീകളുടെയും ബാധയാണു നീ. ഞങ്ങളുടെ അഹങ്കാരത്തിന്റെ കപ്പലുകളെ നടുക്കടലില്‍ മുക്കിക്കളയുന്നവള്‍. നിന്റെ നിശ്വാസം തീവണ്ടികളെ പാളം തെറ്റിക്കുന്നു. മനുഷ്യര്‍ ഉറങ്ങുമ്പോള്‍ എങ്ങനെയെന്നറിയാതെ കത്തിപ്പോയ വീടാണ് നീ. മഞ്ഞു വീണുവീണ് മാഞ്ഞുപോയ ആ വീടും നീതന്നെ. എല്ലാ വീടുകളും നീതന്നെ. പേരറിയാത്ത നാടുകളിലെ മലമ്പാതകളില്‍ പാതിരാത്രിയില്‍ നിലച്ചുപോകുന്ന എല്ലാ തീവണ്ടികളും നീതന്നെ. നിന്റെ വാക്ക് ഓരോ ബോഗിയിലെയും മരിച്ചവരെ തൊട്ടുനോക്കുന്നു. സെറീനാ... തകര്‍ക്കപ്പെട്ടവളേ... നിന്റെ കവിത വേദനയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. അതിന്റെ ആഘാതത്തില്‍ എന്റെ മസ്തിഷ്‌കത്തില്‍നിന്നും പുക വരുന്നു. അല്ലെങ്കില്‍ നിന്റെ മൂര്‍ച്ചകള്‍ എന്നെ സുബോധത്തോടെ ശസ്ത്രക്രിയ ചെയ്തപോലെ.. ബാലചന്ദ്രന്‍ ചുള്ളിക്കാട്. മനുഷ്യകുലത്തെ അന്യോന്യം ബന്ധിപ്പിക്കുന്ന ഭാഷയുടെ തിരിച്ചറിയല്‍രേഖകളായ കവിതകള്‍. 'തീയ്ക്കു കുറുകേ പായിച്ച ചൂണ്ടുവിരല്‍'. സെറീന. മാതൃഭൂമി ബുക്സ്. വില 176 രൂപ.

◾മിതമായ അളവില്‍ കട്ടന്‍ചായ ആരോഗ്യകരമാണ്. എന്നാല്‍ അമിതമായാല്‍ അത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും. മിതമായ അളവില്‍, അതായത് ദിവസം ഏതാണ്ട് 4 കപ്പ് വരെ, കട്ടന്‍ചായ കുടിക്കുന്നത് സുരക്ഷിതമാണ്. എന്നാല്‍ ഇതില്‍ കഫീന്‍ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ അളവ് കൂടിയാല്‍ ദോഷകരമാണ്. കട്ടന്‍ചായ അമിതമായാല്‍ ചെറിയ തലവേദന മുതല്‍ ക്രമരഹിതമായ ഹൃദയമിടിപ്പിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും വരെ കാരണമായേക്കാം. കട്ടന്‍ചായയില്‍ ധാരാളം ടാനിനുകള്‍ ഉണ്ട്. ഇതാണ് ചായയ്ക്ക് കടുത്ത നിറവും രൂക്ഷഗന്ധവും നല്‍കുന്നത്. കട്ടന്‍ചായ കൂടുതല്‍ കുടിച്ചാല്‍ ഇത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടയും. ഇരുമ്പിന്റെ അഭാവം വിളര്‍ച്ചയ്ക്കു കാരണമാകും. കൂടാതെ, വര്‍ധിച്ച ഹൃദയമിടിപ്പിനും ശരിയായ മര്‍ദത്തില്‍ ഹൃദയത്തിന് രക്തം പമ്പു ചെയ്യാന്‍ സാധിക്കാത്തതു മൂലമുള്ള ഹൃദയത്തകരാറിനും കാരണമാകും. കൂടിയ അളവില്‍ പതിവായി ചായ കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കു കാരണമാകും. വയറുവേദന, ഗ്യാസ്ട്രബിള്‍, ഓക്കാനം, ഛര്‍ദി, ഉദരത്തിലെ മറ്റ് അസ്വസ്ഥതകള്‍ എന്നിവയെല്ലാം ഉണ്ടാകാം. 10 ഗ്രാമിലധികം കഫീന്‍ അടങ്ങിയ കട്ടന്‍ചായ കൂടിയ അളവില്‍ കുടിക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കഫീന്‍ അമിതമായാല്‍ പൊട്ടാസ്യത്തിന്റെ അളവ് വളരെ കുറയുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുകയും കഫീന്‍ ടോക്സിസിറ്റിക്കു കാരണമാകുകയും ചെയ്യും. കഫീന്‍ അമിതമായാല്‍ വിറയല്‍, പരിഭ്രമം, തലവേദന, ഉമിനീര്‍ വറ്റുക, ഉറക്കമില്ലായ്മ ഇവയ്ക്കെല്ലാം കാരണമാകും. കട്ടന്‍ചായ പതിവായി കുടിച്ചാല്‍ ക്രമേണ പല്ലിന്റെ നിറം മാറി മഞ്ഞക്കറ വരാന്‍ ഇടയാക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
ആത്മസുഹൃത്തുക്കളായിരുന്നു അവര്‍. അതുകൊണ്ട് തന്നെ പരസ്പരം ഉളള വീട് സന്ദര്‍ശനവും രാത്രിസംഭാഷണവും അവര്‍ക്ക് ശീലമായിരുന്നു. അന്ന് അയാള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പതിവുപോലെ യാത്രയായി. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ നന്നെ ഇരുട്ടി. പക്ഷേ, സ്ഥിരം പോകുന്ന വഴിയായതുകൊണ്ട് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ശക്തമായ കാറ്റും മഴയും വന്നതുകൊണ്ട് വെളിച്ചവും ഉണ്ടായിരുന്നില്ല. കുറെ നേരം നടന്നിട്ടും വീട് എത്താതിരുന്നത് കൊണ്ട് അയാള്‍ക്ക് സംശയമായി. എങ്കിലും നടപ്പ് തുടര്‍ന്നു. പെട്ടെന്ന് ഒരു മിന്നലുണ്ടായി. ആ വെളിച്ചത്തിലയാള്‍ക്ക് മനസ്സിലായി താന്‍ അടുത്ത രണ്ടുമൂന്ന് ചുവടുകള്‍ വെക്കുകയാണെങ്കില്‍ വീഴുന്നത് ഒരു കൊക്കയിലേക്ക് ആകുമായിരുന്നുവെന്ന്. പരിസരം മനസ്സിലാക്കിയ അയാള്‍ ശരിയായ ദിശയിലേക്ക് തന്റെ നടപ്പ് തുടര്‍ന്നു. അപരിചിത പാതകളില്‍ എല്ലാവരും ശ്രദ്ധാലുവാകും. പക്ഷേ, സ്ഥിരം വഴികളില്‍ കാണിക്കുന്ന ശ്രദ്ധക്കുറവാണ് പല അപകടങ്ങളും വിളിച്ചുവരുത്തുന്നത്. അധികനാള്‍ സഞ്ചരിച്ചതിന്റെ ആത്മവിശ്വാസം താണ്ടാനുള്ള വഴികളെ സുരക്ഷിതമാക്കണമെന്നില്ല. അസാധാരണവും അപ്രതീക്ഷിതവുമായ അനേകം പാതകളും ആളുകളും വഴിയില്‍ കണ്ടെക്കാം. ഒരു വഴിയും എന്നും ഒരുപോലെയല്ല. അന്തരീക്ഷവും ആളുകളും മാറിവരുന്നുണ്ട്. കരുതലോടെ ഓരോ വഴികളും കടന്നുപോവുകയാണ് പ്രധാനം. കാലത്തിനനുസരിച്ചും കൈകാര്യം ചെയ്യുന്നതിനനുസരിച്ചും എല്ലാറ്റിനും രൂപാന്തരം സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞ് ജാഗ്രതയോടെ വ്യാപരിക്കുക എന്നതാണ് ഇതിന് പരിഹാരം. നമുക്കും കരുതലോടെ കടന്നുപോകാന്‍ ശീലിക്കാം - ശുഭദിനം.