◾പാര്‍ലമെന്റിന്റെ ഇരു സഭകളും നടപടികള്‍ വെട്ടിച്ചുരുക്കി ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞേക്കും. പ്രതിപക്ഷത്തിന്റെ മോദി - അദാനി ഭായ്, ഭായ് മുദ്രാവാക്യം വിളികള്‍ക്കിടയില്‍ ദിവസങ്ങളായി സഭാ നടപടികള്‍ തടസപ്പെട്ടു. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ കറുത്ത വസ്ത്രങ്ങളണിഞ്ഞുള്ള സമരത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 17 പ്രതിപക്ഷ പാര്‍ട്ടികള്‍ അണി ചേര്‍ന്നു. പ്രതിഷേധം തുടരും. ബഹളത്തിനിടെ ധനബില്ലുകളെല്ലാം പാസായെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴുവരെ ചേരാനിരുന്ന സമ്മേളനം ഇന്നോ നാളെയോ അവസാനിപ്പിക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.
◾'മോദാനി' ബന്ധം വെളിപ്പെട്ടതിനു ശേഷവും പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം അദാനിയുടെ കമ്പനിയില്‍ നിക്ഷേപിക്കുന്നതെന്തിനെന്ന് രാഹുല്‍ ഗാന്ധി. എല്‍ഐസിയിലെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെയും എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ടിലെയും ജനങ്ങളുടെ പണം അദാനിയുടെ കമ്പനിയിലാണു നിക്ഷേപിച്ചത്. അദാനിയെക്കുറിച്ച് അന്വേഷണമില്ലേയെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലേയെന്നും പ്രധാനമന്ത്രിയോട് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു. എന്തിനാണ് ഇത്ര ഭയമെന്നും രാഹുല്‍ ചോദിച്ചു.
◾കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ക്ക് കത്തു നല്‍കി. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ ഉത്തരവ് സ്പീക്കറുടെ ഡയസിലേക്ക് ഇരുവരും കീറിയെറിഞ്ഞിരുന്നു. വൈകീട്ട് സഭ ചേര്‍ന്നപ്പോഴും ഇരുവരും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.
◾സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാലു ദിവസം മാത്രം ശേഷിക്കേ, സംസ്ഥാനം വാര്‍ഷിക പദ്ധതികളില്‍ 71.13 ശതമാനം തുക മാത്രമാണു ചെലവാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പദ്ധതി നിര്‍വഹണമാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം പണം ചെലവാക്കുന്നതിനു കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടത്തിയിരിക്കുുന്നത്. 39,640 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയിലെ മൂന്നിലൊന്നു ഭാഗം ചെലവാക്കിയില്ല.
◾ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ കരാറുകാരന്‍ സന്തോഷ് ഈപ്പന് ജാമ്യം. സന്തോഷ് ഈപ്പന്‍ പത്തു തവണ ഇഡിക്കു മുന്നില്‍ ഹാജരായിരുന്നു. നിലവില്‍ ഏഴു ദിവസം ഇഡിയുടെ കസ്റ്റഡിയിലുണ്ടായിരുന്നു.
◾അര നൂറ്റാണ്ട് മലയാളികളെ ചിരിപ്പിച്ച ഇന്നസെന്റിന് സഹൃദയകേരളത്തിന്റെ അന്ത്യാഞ്ജലി. കൊച്ചിയിലെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. അന്ത്യോപചരവുമായി സൂപ്പര്‍ താരങ്ങളെല്ലാം എത്തി. സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിതുമ്പിക്കരഞ്ഞു. ഇന്നു രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ മൃതദേഹം സംസ്‌കരിക്കും.
◾നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. പ്രേക്ഷകഹൃദയങ്ങളില്‍ നര്‍മം നിറച്ച ഇന്നസന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
◾വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നവരും തെരുവ് നായ്ക്കളെ പരിപാലിക്കുന്നവരും പരിസരവാസികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കരുതെന്നു മനുഷ്യാവകാശ കമ്മീഷന്‍. നഗരസഭ തയ്യാറാക്കുന്ന ലൈസന്‍സ് നിയമാവലിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
◾അഴിമതിയില്‍ മുങ്ങിക്കുളിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ കുരിശുയുദ്ധമെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രന്‍. അഴിമതിക്കാരെ പൂജപ്പുര ജയിലില്‍ എത്തിക്കും വരെ വിശ്രമമില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോള്‍ കേരള പൊലീസിന് ഇത്രയും ഹാലിളകുന്നത് എന്തിനാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിഷേധിക്കുന്നവരെ പൊലീസിനെക്കൊണ്ട് ആക്രമിപ്പിക്കുന്നത് സംസ്ഥാന ഭരണ നേതൃത്വമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
◾കൊച്ചി കോര്‍പറേഷന്‍ ബജറ്റില്‍ ഖരമാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ക്ക് 220 കോടി രൂപ വകയിരുത്തി. ബ്രഹ്‌മപുരത്ത് വിപുലമായ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഡിവിഷന്‍ തലത്തിലുള്ള ബജറ്റ് വിഹിതം പൂര്‍ണ്ണമായി നിര്‍ത്തലാക്കി.
◾കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡനത്തിനിരയായ യുവതിക്ക് അനുകൂലമായി മൊഴി നല്‍കിയ സീനിയര്‍ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സര്‍ജറി വിഭാഗം മേധാവി അധ്യക്ഷനായ സമിതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു പ്രിന്‍സിപ്പാള്‍ നിര്‍ദ്ദേശം നല്‍കി.
◾തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ധന സംബന്ധിച്ച് തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു. ഇതോടെ സമരത്തിനൊരുങ്ങി തൊഴിലാളി സംഘടനകള്‍. തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.
◾സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച കേസിലെ പ്രതി സിപിഎം കൂത്തുപറമ്പ് സൗത്ത് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എം മുരളീധരന്‍ ആത്മഹത്യ ചെയ്തു. ഇയാളെ സിപിഎമ്മില്‍നിന്നു പുറത്താക്കിയിരുന്നു.
◾റിയാദില്‍ പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് മലയാളി ഡ്രൈവര്‍ മരിച്ചു. പ്രമുഖ ഇന്ധന വിതരണക്കാരായ അല്‍-ബുഅയിനയിന്‍ കമ്പനിയിലെ ഹെവി ഡ്രൈവര്‍ പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ അനില്‍കുമാര്‍ ദേവന്‍ നായര്‍ (56) ആണ് മരിച്ചത്.
◾വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. വടകര മടപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓര്‍ക്കാട്ടേരി പൊതുവാടത്തില്‍ ബാലകൃഷ്ണനെയാണ് (53) ചോമ്പാല പോലീസ് അറസ്റ്റു ചെയ്തത്.
◾കൊല്ലം കടയ്ക്കലില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലി ഒടിക്കുകയും പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ യുവതി പിടിയില്‍. പാങ്ങലുകാട്ടില്‍ സ്വദേശി അന്‍സിയ ബീവിയെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തത്. പാങ്ങലുകാട്ടില്‍ ലേഡീസ് സ്റ്റോര്‍ നടത്തുന്ന യുവതിയുടെ കടയ്ക്കു മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ യുവതി വഴക്കുണ്ടാക്കാറുണ്ടെന്നു പോലീസ്.
◾കോഴിക്കോട് ആത്മഹത്യയ്ക്കു ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി ഒരുവര്‍ഷമായി ലഹരിക്കടിമയെന്ന് മൊഴി. സുഹൃത്തുക്കള്‍ക്ക് സ്‌കൂളിനു പുറത്തുനിന്നുളളവര്‍ ലഹരി വസ്തുക്കള്‍ എത്തിക്കറുണ്ടെന്നും പതിനാലുകാരി പൊലീസിന് മൊഴി നല്‍കി. കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി.
◾കോഴിക്കോട് അഴിയൂരില്‍ അണ്ടിക്കമ്പനിക്കു സമീപം അടിക്കാടിന് തീപിടിച്ചു. കശുവണ്ടി വികസന കോര്‍പറേഷന്റെ ഭൂമിയിലെ ഒരേക്കറോളം കത്തിനശിച്ചു.
◾കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. കേരളത്തില്‍ യുഡിഎഫും കോണ്‍ഗ്രസും ബിജെപിക്കൊപ്പം നിലകൊള്ളുകയാണ്. ജനം അര്‍ഹമായ മറുപടി നല്‍കുമെന്നും പിബി വിലയിരുത്തി.
◾ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിയോട് വീടൊഴിയാന്‍ ആവശ്യപ്പെട്ടു. ലോക്സഭ ഹൗസിംഗ് കമ്മിറ്റിയാണ് നോട്ടീസ് നല്‍കിയത്.
◾കുതിരപ്പന്തയത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസിന് കിട്ടിയത് കഴുതയെ ആണെന്നു രാഹുഗാന്ധിയെ പരിഹസിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. അയോഗ്യനാക്കപ്പെട്ട കോടതി നടപടിക്കെതിരെ രാഹുല്‍ ഗാന്ധി കോടതിയില്‍ പോരാടുകയാണ് വേണ്ടതെന്നും സവര്‍ക്കറെ പറയുകയല്ല വേണ്ടതെന്നും ഹര്‍ദീപ് സിംഗ് പറഞ്ഞു.
◾ബ്രിട്ടീഷുകാര്‍ക്കെതിരെ സവര്‍ക്കറുടെ പോരാട്ടത്തിന് സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ടെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍. സവര്‍ക്കറുടെ ജന്മശതാബ്ദിക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്ദിര ഗാന്ധി 1980 മെയ് 20ന് അയച്ച കത്ത് പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ജന്തര്‍മന്ദറില്‍ മാര്‍ച്ച് തടഞ്ഞു. ഷാഫി പറമ്പില്‍, ശ്രീനിവാസ് എന്നിവരടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.
◾കൂട്ടബലാല്‍സംഗവും കൂട്ടക്കുരുതിയും ചെയ്ത പ്രതികളെ വിട്ടയച്ചതിനെതിരേ ബില്‍ക്കിസ് ഭാനു നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് നല്‍കി. കേസിലെ പ്രതികള്‍ക്കും നോട്ടീസ് നല്‍കി. ജയില്‍ മോചനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കണമെന്നും ഉത്തരവിട്ടു.
◾ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത് പാല്‍ സിംഗ് നേപ്പാളിലേക്ക് കടന്നതായി സൂചന. രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെട്ടു. ദില്ലിയിലും ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലുമടക്കം തെരച്ചില്‍ തുടരുന്നുണ്ട്.
◾ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒന്ന് ചത്തു. നിര്‍ജലീകരണമാണ് കാരണം. കുനോ ദേശീയ ഉദ്യാനത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എത്തിച്ച ചീറ്റകളിലൊന്നാണ് ചത്തത്.
◾ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയ നടപടി പിന്‍വലിക്കാത്തതിനെതിരേ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. വധശ്രമക്കേസില്‍ ശിക്ഷിച്ചുള്ള വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഇതിനെതിരേ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസും ഇന്നു പരിഗണിക്കും.
◾പുതുച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. വില്ലിയന്നൂരിലെ ബേക്കറിയിലാണ് സെന്തില്‍ കുമാര്‍ എന്നയാളെ ഏഴംഗ സംഘം നാടന്‍ ബോംബ് എറിഞ്ഞ് വെട്ടിക്കൊന്നത്.
◾കര്‍ണാടക സുള്ള്യയിലെ ബിജെപി പ്രവര്‍ത്തകന്‍ പ്രവീണ്‍ കുമാര്‍ നെട്ടാരുവിരന്റെ കൊലപാതകം അന്വേഷിക്കുന്ന എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് കണ്ടുകെട്ടി. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ നഗരത്തിലെ ഓഫീസാണ് പിടിച്ചെടുത്ത് സീല്‍ വച്ചത്.
◾ശിവമോഗ്ഗയില്‍ യെദിയൂരപ്പയുടെ വീട്ടിലേക്കു മാര്‍ച്ചു നടത്തിയ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ വീട്ടിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ബന്‍ജാര എസ്ടി വിഭാഗത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
◾കോടികളുടെ അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക ബിജെപി എംഎല്‍എ മാഡല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍. വിരൂപാക്ഷപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. മകന്‍ മാഡല്‍ പ്രശാന്തിനെ കൈക്കൂലിപ്പണവുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു.
◾വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് റണ്‍വേയിലേക്ക് ഇറങ്ങിയ യാത്രക്കാരന്‍ പിടിയില്‍. ലോസാഞ്ചലസിലെ സീറ്റിലിലാണ് സംഭവം. ബോയിംഗ് 737 വിമാനം റണ്‍വേയിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് മസാച്യുസെറ്റ്‌സിലെ ലിയോമിന്‍സ്റ്ററില്‍ നിന്നുള്ള 33 കാരന്‍ അതിസാഹസത്തിനു മുതിര്‍ന്നത്. വിമാന ജീവനക്കാര്‍ പിടികൂടിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
◾അമേരിക്കയിലെ ടെനിസിയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. നാഷ് വില്ലിയിലെ സ്‌കൂളിലാണ് വെടിവയ്പുണ്ടായത്. അക്രമിയെ വധിച്ചെന്ന് പൊലീസ് അറിയിച്ചു.
◾ഒണ്‍ലി ഫാന്‍സ് അക്കൗണ്ടില്‍ വിലസിയ ജഡ്ജിയെ അമേരിക്കയില്‍ പിരിച്ചുവിട്ടു. 33 വയസുള്ള ഗ്രിഗറി ലോക്കിനാണു ജോലി നഷ്ടമായത്.
◾ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കാര്‍ഗോ കയറ്റുമതിയില്‍ സംസ്ഥാനത്തെ ഏക പൊതുമേഖല വിമാനത്താവളമായ കരിപ്പൂരിന് വന്‍കുതിപ്പ്. ജനുവരി,ഫെബ്രുവരി മാസങ്ങളിലായി കാര്‍ഗോ കയറ്റുമതിയിലാണ് മുന്നേറ്റം നടത്തിയത്. ജനുവരിയില്‍ മാത്രം കരിപ്പൂരില്‍ നിന്നും 1250 ടണ്‍ കാര്‍ഗോ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. കൊച്ചിയില്‍ നിന്ന് 1790 ടണ്ണും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 1052 ടണ്ണും കണ്ണൂരില്‍ നിന്ന് 301 ടണ്‍ ഭക്ഷ്യസാധനങ്ങളുമാണ് കയറ്റുമതി ചെയ്തത്. ഫെബ്രവരിവരിയില്‍ കരിപ്പൂരില്‍ നിന്ന് 1250 ടണ്‍ കാര്‍ഗോയാണ് കയറ്റി അയച്ചത്. തിരുവനന്തപുരം വിമാനത്താവളം 1104 ടണ്‍, കൊച്ചി 1790 ടണ്‍, കണ്ണൂര്‍ 298 ടണ്‍ ഭക്ഷ്യ സാധനങ്ങളുമാണ് കയറ്റി അയച്ചത്. പഴം, പച്ചക്കറികളടങ്ങിയ നാടന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ കരിപ്പൂരില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നവയില്‍ ഏറെയും. യു.ഇ.എ മേഖലയിലേക്കാണ് കരിപ്പൂരില്‍ നിന്ന് കൂടുതല്‍ കാര്‍ഗോ കയറ്റുമതി ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നത്.
◾സി.എഫ്.സി ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്ന 'മിസ്റ്റര്‍ ഹാക്കര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസായി. ആകാംക്ഷാഭരിതവും നിഗൂഢതകള്‍ ഒളിപ്പിക്കുന്നതുമായ ചിത്രം മുഹമ്മദ് അബ്ദുള്‍ സമദ്, സൗമ്യ ഹാരിസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. എറണാകുളം, വാഗമണ്‍, തലയോലപ്പറമ്പ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയില്‍ ഹാരിസ്, ദേവന്‍, ഭീമന്‍ രഘു, സോഹന്‍ സീനു ലാല്‍, സാജു നവോദയ, ഷെഫീഖ് റഹ്‌മാന്‍, എം.എ. നിഷാദ്, മാണി സി കാപ്പന്‍, തോമസ് റോയ്, ഷാന്‍ വടകര, സാജന്‍ സൂര്യ, അന്ന രേഷ്മ രാജന്‍, അല്‍മാസ് മോട്ടിവാല, അക്ഷര രാജ്, അര്‍ച്ചന, രജനി ചാണ്ടി, ബന്ന ജോണ്‍, ബിന്ദു വരാപ്പുഴ, അംബിക മോഹന്‍, ഗീത വിജയന്‍, നീന കുറുപ്പ്, സൂര്യ എന്നിവരാണ് അഭിനേതാക്കള്‍.
◾രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സംവിധായകന്‍ എന്ന നിലയില്‍ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് ടിനു പാപ്പച്ചന്‍. ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കൊപ്പം പ്രവര്‍ത്തിച്ച് സിനിമയിലേക്ക് എത്തിയ ടിനു പാപ്പച്ചന്‍ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളാണ് സ്വന്തമായി ഒരുക്കിയത്. മൂന്നാമത്തെ ചിത്രം കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിലെ നായകന്‍. വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിക്കുന്ന ഈ ചിത്രം ബിഗ് ബജറ്റിലാവും ഒരുങ്ങുക. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. മറ്റു താരങ്ങളെക്കുറിച്ചോ സാങ്കേതിക പ്രവര്‍ത്തകരെയോ കുറിച്ചുള്ള വിവരങ്ങള്‍ അണിയറക്കാര്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല.
◾ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട അതിന്റെ രണ്ട് എസ്യുവികളായ ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ എന്നിവയില്‍ നിന്ന് 11 സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം നീക്കം ചെയ്തു. ഇപ്പോള്‍ ഇതിന്റെ സ്ഥാനത്ത് ഈ രണ്ട് കാറുകള്‍ക്കും സ്റ്റാന്‍ഡേര്‍ഡ് ആറ് സ്പീക്കര്‍ സൗണ്ട് സിസ്റ്റം ലഭിക്കും. ഫോര്‍ച്യൂണര്‍ 4x4, ലെജന്‍ഡര്‍ 4x4 എന്നിവയില്‍ നിന്ന് 11-സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം നിര്‍ത്തലാക്കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. മാറ്റത്തിന് ശേഷം രണ്ട് കാറുകളുടെയും വിലയില്‍ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയം. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ലഭ്യമാകുന്നത്. ഫോര്‍ച്യൂണറിനും ലെജന്‍ഡറിനും ഡീസല്‍ വേരിയന്റുകളില്‍ 4x4 ഓപ്ഷന്‍ ലഭിക്കും. 2.8 ലിറ്റര്‍ ഡീസല്‍ മാനുവല്‍ എഞ്ചിനിലാണ് ഇത് വരുന്നത്. 38.93 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രാരംഭ വിലയില്‍ ഇത് വിപണിയില്‍ ലഭ്യമാണ്. ഫോര്‍ച്യൂണറിന്റെ അടിസ്ഥാന വകഭേദം 4x2 പെട്രോള്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ ലഭ്യമാണ്. ഈ പ്രാരംഭ വില 32.59 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിപണിയില്‍ ലഭ്യമാണ്.
◾പലതരം വികാരങ്ങള്‍ കുടിയിരിക്കുന്ന ഓര്‍മ്മകള്‍ മനുഷ്യരും പ്രകൃതിയും ഒച്ചയും മൗനവും ജ്ഞാനികളും കിറുക്കന്മാരും സന്താപവും സമാധാനവും സമരവും സംഗീതവും സമരവും സംഗീതവും പറന്നു വന്നിരിക്കുന്ന നാടന്‍ മരം മണ്ണും ആകാശവുമുള്ള ജീവിത വ്യാവഹാരം. 'അടുപ്പങ്ങളുടെ സൂചിക'. ഇ പി രാജഗോപാലന്‍. ലോഗോസ് ബുക്സ്. വില 237 രൂപ.
◾കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം അത്യാവശ്യമാണ്. അസ്ഥി രൂപപ്പെടുന്നതിനും പല്ലുകള്‍ക്കും ഏറ്റവും പ്രധാനപ്പെട്ട രാസ ഘടകങ്ങളില്‍ ഒന്നാണ് കാല്‍സ്യം. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അവരുടെ ദൈനംദിന ഭക്ഷണ പദ്ധതിയില്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കണം. പാല്‍ ഉല്‍പന്നങ്ങള്‍, പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍, ചെമ്പല്ലി മീന്‍, കാബേജ് പോലുള്ള പച്ച ഇലക്കറികള്‍ എന്നിവയിലും കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ ഉറവിടമാണ് 'മുട്ട'. മുട്ടയുടെ മഞ്ഞക്കരുവില്‍ കോളിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഫൈബര്‍ കുട്ടികളില്‍ ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനായി കുടലിനെ ആരോഗ്യകരമായി നിലനിര്‍ത്തും. ബ്രൊക്കോളി, അവോക്കാഡോ, സരസഫലങ്ങള്‍, ഓട്‌സ്, ബീന്‍സ് എന്നിവ ഫൈബറിന്റെ മികച്ച ഉറവിടങ്ങളാണ്. ഇത്തരം ഭക്ഷണങ്ങള്‍ ധാരാളമായി കുട്ടികളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം. ആന്റി ഓക്സിഡന്റായ വൈറ്റമിന്‍ ഇ യാല്‍ സമ്പുഷ്ടമാണ് 'പീനട്ട് ബട്ടര്‍'. ഇത് കുട്ടികളിലെ തലച്ചോറിന്റെ വികാസത്തിനു നല്ലതാണ്. ബ്രഡിനൊപ്പമോ ഫ്രൂട്ട്സിന്റെ കൂടെയോ ചേര്‍ത്ത് കൊടുക്കാവുന്നതാണ്. ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അത്യാവശ്യമായ വിറ്റാമിനാണ് വിറ്റാമിന്‍ ഇ. സൂര്യകാന്തി എണ്ണ, ബദാം, ഹെയ്സല്‍ നട്ട്, സൂര്യകാന്തി വിത്തുകള്‍ എന്നിവ എല്ലാം വിറ്റാമിന്‍ ഇ കൊണ്ട് നിറഞ്ഞിരിക്കുന്നു. വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവയുടെ മികച്ച ഉറവിടമാണ് 'തൈര്'. ഇത് മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനവും വളര്‍ച്ചയും മെച്ചപ്പെടുത്തുന്നു. ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രോബയോട്ടിക് ബാക്ടീരിയയും അവയില്‍ അടങ്ങിയിട്ടുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു ആ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സ്. എന്നാല്‍ മുട്ടുകാലിനേറ്റ പരിക്കിനെതുടര്‍ന്ന് എഡ്‌സന്റെ അച്ഛന് പിന്നീട് കളിക്കളത്തിലേക്ക് പോകാന്‍ സാധിച്ചില്ല. പിന്നീടങ്ങോട്ട് ഒരു ഹോസ്പിറ്റലിലെ ശുചീകരണതൊഴിലായായി അയാള്‍ തന്റെ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോയി. പൈലറ്റാവണമെന്നായിരുന്നു അവന്റെ ആഗ്രഹം. എന്നാല്‍ വീട്ടിലെ കഷ്ടപ്പാടുകള്‍ അവനെ മറ്റൊരു വഴിക്കാണ് നയിച്ചത്. ചായക്കടയില്‍ സഹായിയായും തെരുവില്‍ ഷൂ പോളീഷ് ചെയ്തും അവന്‍ പണം സ്വരൂപിച്ചു. ഫുഡ്‌ബോളിനോടുള്ള ഇഷ്ടകാരണം സമയം കിട്ടുമ്പോഴെല്ലാം തെരുവോരങ്ങളില്‍ അവന്‍ ഫുട്ബോള്‍ കളിച്ചു. ഒരു കയ്യില്‍ ഫുട്ബോളും മറ്റേ കയ്യില്‍ പോളീഷ് ചെയ്യാനുള്ള ഉപകരണങ്ങളുമായാണ് എഡ്‌സണ്‍ വീട്ടില്‍ നിന്നും ഇറങ്ങുക. എട്ടാം വയസ്സില്‍ എഡ്‌സന്‍ സ്‌കൂളില്‍ ചേര്‍ന്നെങ്കിലും ദാരിദ്ര്യം അവന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല. പക്ഷേ, ആ സ്‌കൂള്‍ വിട്ടുപോരുമ്പോള്‍ ഒരു പേര് അവന് കിട്ടി.. പിന്നീട് ലോകം മുഴുവന്‍ ആദരവോടെ കണ്ട പേര്.. പെലെ. പെലെ ഫുട്ബോളിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത് സെപ്‌ററംബര്‍ 7 എന്ന ടീമിലൂടെയാണ്. ആദ്യമൊക്കെ ആ ടീമിന് സ്വന്തമായി ഒരു പന്തുപോലും ഉണ്ടായിരുന്നില്ല. വൈക്കോല്‍ കൊണ്ടും പത്രകടലാസ്സുകൊണ്ടും പന്തുണ്ടാക്കി കളിച്ച പെലെ പിന്നീട് കടലവിറ്റുകിട്ടിയ പണം സ്വരൂപിച്ചാണ് ടീമിന് ഒരു ഫുട്ബോള്‍ വാങ്ങിയത്. കളിയില്‍ പിതാവായിരുന്നു ആദ്യ ഗുരു. ബൗറിലെ സബ് ജൂനിയര്‍ കളിക്കാരെ പരിശീലിപ്പിക്കാന്‍ എത്തിയ വ്‌ളാഡിമര്‍ ഡി ബ്രിട്ടോയാണ് പെലെ എന്ന പതിനൊന്നുകാരനെ കണ്ടെത്തുന്നത്.. പെലെക്ക് 15 വയസ്സായപ്പോള്‍ പരിശീലകന്‍ ബ്രിട്ടോ അദ്ദേഹത്തെ സാന്റോസ് ക്ലബ്ബില്‍ ചേര്‍ത്തു. 15-ാം വയസ്സില്‍ സാന്റോസ് ക്ലബ്ബിന്റെ ജൂനിയര്‍, ജൂവനൈല്‍, അമേച്വര്‍ ടീമുകളില്‍ കളിക്കാന്‍ പെലെക്ക് ഭാഗ്യമുണ്ടായി. 1958 ല്‍ സ്വീഡനില്‍ നടന്ന ആറാം ലോകകപ്പില്‍ കൗമാരക്കാരനായ പെലെയെ കളിപ്പിക്കണോ എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുയര്‍ന്നു. പെലെ വെറും ശിശുവാണെന്നും കളിക്കളത്തില്‍ എതിരാളികളെ അറ്റാക്ക് ചെയ്യുവാനുള്ള കഴിവ് കുറവാണെന്നും ടീമിന്റെ സൈക്കോളജിസ്റ്റ് അഭിപ്രായപ്പെട്ടു. മുട്ടിന് പരിക്ക് പറ്റി ആദ്യരണ്ടുമത്സരങ്ങളില്‍ പുറത്തിരുന്ന പെലെയെ കളിപ്പിക്കാനായിരുന്നു പരിശീലകന്‍ ഫിയോളയുടെ തീരുമാനം.. പരിശീലകന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ആ ടൂര്‍ണമെന്റ് തെളിയിച്ചു. ബാക്കിയെല്ലാം ചരിത്രമായിരുന്നു. ആ ലോകകപ്പില്‍ ആകെ 6 ഗോളുകള്‍ പെലെ നേടി. ഒപ്പം മറ്റൊരു റെക്കോര്‍ഡും, ലോകകപ്പ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഫുട്‌ബോള്‍ താരം.. കാലചക്രം പിന്നെയും ഉരുണ്ടു. ഫുട്ബോള്‍ മൈതാനികളില്‍ മാന്ത്രികത സൃഷ്ടിച്ചുകൊണ്ട് പെലെ മുന്നോട്ട് പോയി. മൂന്ന് ലോകകപ്പുകള്‍ നേടുന്ന ഒരേയൊരു കളിക്കാരനായി പെലെയെന്ന ഇതിഹാസം മാറുകയായിരുന്നു. ഫുട്ബോളിലെ മികവ് മാത്രമല്ല കളിക്കളത്തിന് പുറത്തെ ഇടപെടലുകള്‍ പെലയെ പ്രശസ്തനാക്കി. 1977 ല്‍ വിശ്വപൗരന്‍ പദവി നല്‍കി യുഎന്‍ അദ്ദേഹത്തെ ആദരിച്ചു. ലൈഫ് മാസികയുടെ കവര്‍പേജില്‍ പ്രത്യക്ഷപ്പെട്ട ആദ്യ കറുത്തവര്‍ഗ്ഗക്കാരനും പെലെ ആയിരുന്നു.. ഫുട്‌ബോളിനെ കലയും വിനോദവുമാക്കിയ, കറുത്തവര്‍ക്ക് ശബ്ദം നല്‍കിയ, ബ്രസീലിനെ ലോകത്തിന് മുന്‍പില്‍ നിര്‍ത്തിയ കളിക്കാരന്‍.. എല്ലാ വിവേചനങ്ങള്‍ക്കുമപ്പുറം ഫുട്‌ബോള്‍ എന്ന വികാരത്തെ ലോകത്തി്‌ന്റെ എല്ലാ ഭൂഖണ്ഡങ്ങളിലും അത്രമേല്‍ ഉള്ളില്‍ തട്ടുംവിധം അനുഭവിപ്പിച്ച അനശ്വര പ്രതിഭ.. നൂറ്റാണ്ടിന്റെ ഇതിഹാസം.. ആകാശത്തോളം ഉയരത്തില്‍ നില്‍ക്കുമ്പോഴും, ഓരോ വിജയങ്ങളിലേക്ക് നടന്നടുക്കുമ്പോഴും എങ്ങനെ കൂടുതല്‍ എളിയവനാകാം എന്ന് ജീവിതം കൊണ്ട് ചിലര്‍ കുറിച്ചിടുന്നു.. അത് നമുക്കും മാതൃകയാകട്ടെ - ശുഭദിനം.