*പ്രഭാത വാർത്തകൾ_*```2023 | മാർച്ച് 27 | തിങ്കൾ |

◾ചിരി മാഞ്ഞു. നടന്‍ ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. മുന്‍ എംപിയും മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റ് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. ഇന്നു രാവിലെ എട്ടു മുതല്‍ 11 വരെ എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നര വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നരം വീട്ടിലെത്തിക്കും.

◾അര നൂറ്റാണ്ടിലേറെക്കാലമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരമാണ് ഇരിങ്ങാലക്കുടക്കാരന്‍ ടി.വി. ഇന്നസെന്റ്. 750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് 1972 - ല്‍ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. 2014 ല്‍ ചാലക്കുടി എം പിയായി തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ സ്ഥാപക പ്രസിഡന്റായി 18 വര്‍ഷം പ്രവര്‍ത്തിച്ചു. സിനിമയിലെ അഭിനയത്തിനു രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡു നേടി. സിനിമാ നിര്‍മാതാവുമായിരുന്നു. കാന്‍സര്‍ രോഗബാധിതനായിരുന്ന ഇന്നസെന്റ് ഇച്ഛാശക്തികൊണ്ട് രോഗത്തെ നേരിട്ട വിശേഷങ്ങള്‍ സരസമായി സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചിരുന്നു. കാന്‍സര്‍ വാര്‍ഡിലെ ചിരി, ചിരിക്ക് പിന്നില്‍ എന്നിവയടക്കം നാലു ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

◾സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധനയില്‍നിന്ന് ആയിരം ചതുരശ്ര അടിവരെയുള്ള ഗാര്‍ഹിക കെട്ടിടങ്ങളെ ഒഴിവാക്കിയേക്കും. ബജറ്റില്‍ പ്രഖ്യാപിക്കാതെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് തദ്ദേശ ഭരണ വകുപ്പ് വര്‍ധിപ്പിച്ചിരിക്കേയാണ് ചെറുകിടക്കാരെ ഫീസില്‍നിന്ന് ഒഴിവാക്കുന്നത്.

◾രാഹുലിനെതിരായ കേസ് ഗുജറാത്തിലെ കോണ്‍ഗ്രസുകാര്‍ ശരിയായി നടത്തിയില്ലെന്ന് സാഹിത്യകാരന്‍ ടി. പദ്മനാഭന്‍. കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നും സംഭവിക്കില്ലെന്ന അമിത ആത്മവിശ്വാസമാണ് കേസ് തോല്‍ക്കാന്‍ കാരണം. കാലമാണ് ഏറ്റവും വലിയ വിധികര്‍ത്താവ്. ആ വിധികര്‍ത്താവിന്റെ അന്തിമ വിധി വരുമ്പോള്‍ ഇന്നത്തെ ഭരണാധികാരികളുടെ തീരുമാനം കീഴ്മേല്‍ മറിയും. അതിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◾ബിജെപി ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആത്മാവാണ്. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവന്തപുരത്തു സംഘടിപ്പിച്ച സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

◾ബ്രഹ്‌മപുരത്തു വീണ്ടും തീപിടുത്തം. സെക്ടര്‍ ഒന്നിലുണ്ടായ തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തി.

◾എറണാകുളത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് ഈ വിവരം. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്ത് പൊലീസ് ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. കസ്റ്റഡി കൊലപാതകം അവസാന ഉദാഹരണമാണ്. നാഥനില്ലാത്ത കളരിയാണ് ആഭ്യന്തരവകുപ്പെന്നും അദ്ദേഹം പറഞ്ഞു.

◾നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറത്തിയത് മലയാളിയായ വിപിന്‍. കമാണ്ടന്‍ഡ് സി ഇ ഒ കുനാല്‍, ടെക്നിക്കല്‍ സ്റ്റാഫ് സുനില്‍ ലോട്ല എന്നിവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.

◾രാഹുല്‍ഗാന്ധിക്കെതിരേ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടി അവര്‍ക്കുതന്നെ തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാഹുലിന്റെ പ്രതിച്ഛായ വര്‍ധിച്ചെന്നു മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനു വഴിവയ്ക്കുകയും ചെയ്തു. കോണ്‍ഗ്രസിനോട് അകലം പാലിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനേയും രാഹുലിനേയും കൂടുതല്‍ അംഗീകരിക്കാന്‍ തുടങ്ങി. കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യംവിട്ട് വിദേശത്ത് ആഡംബര ജീവിതം നയിക്കുന്ന ലളിത് മോദി, നീരവ്മോദി തുടങ്ങിയ മോദിമാര്‍ പിന്നാക്കക്കാരാണെന്നു കരുതുന്നില്ലെന്നും ശശി തരൂര്‍.

◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ച്. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ആയിരത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

◾ഇന്നസെന്റിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള സീനിയര്‍ അഭിനേതാക്കളും അനുശോചിച്ചു. ഇന്നു കൊച്ചിയില്‍ നടക്കുന്ന പൊതുദര്‍ശനത്തിലും നാളെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷയിലും താരങ്ങള്‍ അടക്കമുള്ള സാംസ്‌കാരിക പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തും.

◾ഇടുക്കി കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്‌കൂള്‍ അധ്യാപികയായ അനുമോളെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച കേസിലെ പ്രതിയായ ഭര്‍ത്താവ് ബിജേഷ് അറസ്റ്റില്‍. അതിര്‍ത്തിയിലെ വനത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് അനുമാള്‍ വനിത സെല്ലില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യംമൂലമാണ് കൊലപ്പെടുത്തിയത്.

◾ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് പ്രവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ്. ന്യൂസിലാന്‍ഡില്‍ ജോലി ചെയ്തിരുന്ന കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തില്‍ ബൈജുരാജു (40) വിനെ കഴിഞ്ഞദിവസമാണ് കായംകുളത്തെ ലോഡ്ജില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭാര്യയും ഭാര്യവീട്ടുകാരും ചതിച്ചെന്ന് നേരത്തെ ബൈജുരാജ് ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നു കായംകുളം പൊലീസ്.

◾കോഴിക്കോട് കൂരാച്ചുണ്ടില്‍ പീഡനമേറ്റ റഷ്യന്‍ യുവതിയെ റഷ്യയിലേക്കു തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ചു. താത്കാലിക പാസ്പോര്‍ട്ടിനായി നടപടി തുടങ്ങി. ആക്രമിച്ച ആഗിലിന്റെ മാതാപിതാക്കളില്‍നിന്നു പൊലീസ് മൊഴിയെടുത്തു. റിമാന്‍ഡിലായ ആഗിലിനെതിരെ ബലാത്സംഗം ഉള്‍പെടെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

◾മലയാളി യുവാവിനെ ഷാര്‍ജയിലെ പുറംകടലില്‍ കാണാതായി. വര്‍ക്കല ഓടയം വിഷ്ണു നിവാസില്‍ അഖില്‍ (33) നെയാണ് കാണാതായത്.

◾നാദാപുരം പേരോട് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. യുവതിയുടെ അയല്‍വാസി പേരോട് കിഴക്കേ പറമ്പത്ത് മുഹമ്മദ് സാലിനെയാണ് (36) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ കൂത്തുപറമ്പ് മമ്പറം സ്വദേശി വിശാഖ് വിനയനാണ് (29) ഗുരുതര പരിക്കേറ്റത്. യുവതിയുടെയും മക്കളുടെയും മുന്നില്‍ വച്ചാണ് അക്രമി സംഘം വിശാഖിനെ അക്രമിച്ചത്.

◾കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയ യാത്രക്കാരനില്‍നിന്ന് ഒന്നര കിലോ സ്വര്‍ണം പൊലീസ് പിടികൂടി. അബുദാബിയില്‍ നിന്ന് വന്ന കാസര്‍ക്കോട് സ്വദേശി ഷെറഫാത്ത് മുഹമ്മദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

◾ഇടുക്കി കുളമാവില്‍ ഉല്‍സവത്തിന്റെ ഗാനമേളയ്ക്കിടെ അടിപടിയുണ്ടാക്കിയവരാണെന്നു തെറ്റിദ്ധരിച്ച് പൊലീസ് ആളുമാറി മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അച്ഛനും മകനും പൊലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു. ജോര്‍ജ്ജുകുട്ടിയും പിതാവ് സജീവനുമാണു പരാതി നല്‍കിയത്. കൈക്ക് പരിക്കേറ്റ ജോര്‍ജ്ജുകുട്ടി ചികിത്സയിലാണ്. ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്.

◾കല്ലടിക്കോട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചു കൊന്നു. രണ്ടു പേരെ സംഭവ സ്ഥലത്ത് പിടികൂടി. റിസോര്‍ട്ട് നടത്തുന്ന വരും സജീവരാഷ്ട്രീയ പ്രവര്‍ത്തകരും അടക്കമുള്ളവരാണു പ്രതികള്‍.

◾തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍, വെള്ളിക്കുളങ്ങര മേഖലയില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ വന്‍ നാശം. കുലച്ച ഏത്തവാഴകകളും ഏക്കറ് കണക്കിന് ജാതികൃഷിയും നശിച്ചു.

◾സിഖ് വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗ് പരമ്പരാഗത സിഖ് വേഷങ്ങള്‍ ഉപേക്ഷിച്ച് പാട്യാലയില്‍ നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സണ്‍ ഗ്ലാസും ജാക്കറ്റും ധരിച്ച് അമൃത്പാല്‍ അടുത്ത അനുയായി പല്‍പ്രീത് സിംഗിനൊപ്പം നടക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.

◾കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ നടന്ന സിഖ് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ നടപടിവേണമെന്ന് ഇന്ത്യ. കനേഡിയന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.

◾മാധ്യമപ്രവര്‍ത്തകനെ അവഹേളിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ മുംബൈ പ്രസ് ക്ലബ്. കോടതി വിധി സംബന്ധിച്ചു ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി ബിജെപി ബാഡ്ജു ധരിച്ചു വരൂവെന്ന് അധിക്ഷേപിച്ചെന്നാണ് ആരോപണം. രാഹുല്‍ഗാന്ധി തിരുത്തണമെന്നും മാപ്പു പറയണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടു.

◾പാന്‍ കാര്‍ഡ് ആാധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി അഞ്ചു ദിവസംകൂടി. ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡ് റദ്ദാക്കുമെന്നാണു മുന്നറിയിപ്പ്.

◾ഭോജ്പുരി നടി ആകാന്‍ക്ഷ ദുബെയെ വാരണാസിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സംശയം.

◾പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ പള്ളിയില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് ഭക്ഷ്യവിഷബാധ. അസുഖം ബാധിച്ച നിരവധി പേരെ കൊല്‍ക്കത്തയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

◾പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്. ഫൈനലില്‍ ഡല്‍ഹിയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മുംബൈ കിരീടമുയര്‍ത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കേയാണ് മുംബൈ മറികടന്നത്.

◾വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് നാല് സ്വര്‍ണം. 75 കിലോ വിഭാഗത്തില്‍ ലവ്‌ലിന ബോര്‍ഗോഹൈനും 50 കിലോ വിഭാഗത്തില്‍ നിഖാത് സരിനുമാണ് ഇന്ത്യക്കു വേണ്ടി ഇന്നലെ സ്വര്‍ണം നേടിയത്. നീതു ഘന്‍ഘാസും സവീറ്റി ബൂറയും കഴിഞ്ഞ ദിവസം ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയിരുന്നു.

◾ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ വര്‍ദ്ധന. മാര്‍ച്ച് 17ന് അവസാനിച്ച ആഴ്ചയില്‍ വിദേശ നാണ്യ ശേഖരം 12.798 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 572.801 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ കരുതല്‍ ശേഖരം 2.39 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 560.003 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2021 ഒക്ടോബറിലാണ് രാജ്യത്തിന്റെ ഫൊറെക്സ് കിറ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 645 ബില്യണ്‍ ഡോളറിലെത്തിയത്. മാര്‍ച്ച് 17ന് അവസാനിച്ച ആഴ്ചയില്‍, കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 10.485 ബില്യണ്‍ യു.എസ് ഡോളര്‍ വര്‍ദ്ധിച്ച് 505.348 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. സ്വര്‍ണശേഖരം 2.187 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 44.109 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ അറിയിച്ചു. അതുപോലെ സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 98 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.219 ബില്യണ്‍ ഡോളറിലെത്തി. റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ ധനം 29 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 5.125 ബില്യണ്‍ ഡോളറിലെത്തി.

◾മമ്മൂട്ടിക്ക് നിര്‍ണായക കഥാപാത്രമാണ് അഖില്‍ അക്കിനേനി നായകനാകുന്ന 'ഏജന്റി'ല്‍. 'ഏജന്റിലെ' പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. 'ഏന്തേ ഏന്തേ' എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. അഖില്‍,ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് കേരളത്തില്‍ വിതരണം ചെയ്യുന്ന 'ഏജന്റ്' ഏപ്രില്‍ 28ന് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. സുരേന്ദര്‍ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഏജന്റ്'. സാക്ഷി വൈദ്യ നായികയായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം റസൂല്‍ എല്ലൂരാണ്. രാമബ്രഹ്‌മം സുങ്കരയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഏജന്റ്'. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 'ഏജന്റ്'.

◾ആര്‍ എസ് വിമല്‍ അവതരിപ്പിക്കുന്ന ശശിയും ശകുന്തളയും എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. 1970- 75 കാലഘട്ടങ്ങളില്‍ നടക്കുന്ന ട്യൂട്ടോറിയല്‍ കോളേജുകളും, പ്രണയവും, പകയും മത്സരവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം. സംവിധായകന്‍ വിനയന്‍, നടന്‍ ടോവിനോ തോമസ്, സംവിധായകനും നടനുമായ നാദിര്‍ഷ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടീസര്‍ പ്രകാശനം ചെയ്തത്. നവാഗതനായ ബിച്ചാള്‍ മുഹമ്മദാണ് ചിത്രം സംവിധാനം. ഷാഹിന്‍ സിദ്ദീഖ്, ആര്‍ എസ് വിമല്‍, അശ്വിന്‍ കുമാര്‍, ബാലാജി ശര്‍മ്മ, നേഹ (ആമി ) തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ സംഗീതം കെ പി, പ്രകാശ് അലക്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ആര്‍ എസ് വിമല്‍ തന്നെയാണ് ശശിയും ശകുന്തളയും എന്ന പീരിയോഡിക്കല്‍ ചിത്രത്തിന്റെയും രചന. ഏപ്രില്‍ മാസം ചിത്രം തിയേറ്ററുകളില്‍ എത്തും എന്നാണ് പ്രതീക്ഷ.

◾രാജ്യത്തെ ഏറ്റവും ജനപ്രിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ ഹീറോ സ്പ്ലെന്‍ഡറിന്റെ വില വര്‍ധിപ്പിക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ്. ഇന്‍പുട്ട് കോസ്റ്റിന്റെ വര്‍ധനവും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വാഹനം പരിഷ്‌കരിക്കേണ്ടതിനാലും വാഹനത്തിന്റെ വില വര്‍ധിപ്പിക്കാതെ തരമില്ലെന്നാണ് ഹീറോ പറയുന്നത്. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മോട്ടോര്‍ സൈക്കിളുകള്‍ ഓണ്‍ ബോര്‍ഡ് ഡയഗനോസ്റ്റിക്സ് 2ലേക്ക് നിര്‍ബന്ധമായും മാറേണ്ടതുണ്ട്. ഇതിനായി വാഹനം പരിഷ്‌കരിക്കേണ്ടതിന് ചെലവ് കൂടുന്നതിനാലാണ് സ്പ്ലെന്‍ഡര്‍ ബൈക്കിന്റെ വില ഏപ്രിലില്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് ഒരുങ്ങുന്നത്. ഏപ്രില്‍ 1 മുതല്‍ സ്‌പ്ലെന്‍ഡര്‍ ബൈക്കിന്റെ മാത്രമല്ല പ്ലഷര്‍ പ്ലസ് അടക്കം മറ്റ് ചില മോഡലുകളുടെ കൂടി വില വര്‍ധിപ്പിക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് തീരുമാനിച്ചു. ടൂവീലറുകളുടെ നിലവിലെ വിലയുടെ 2 ശതമാനമായിരിക്കും വില വര്‍ധനവെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ആത്മവ്യഥകളുടെ മരുഭൂവില്‍, ഇടയന്‍ നഷ്ടപ്പെട്ട മുടന്തന്‍ ആട്ടിന്‍കുട്ടിയെന്നപോലെ, ഇടറിയും വീണും വീണ്ടുമെഴുന്നേറ്റും അലയുന്ന ഒരു മനുഷ്യന്റെ കാല്‍പ്പാടുകളാണ് ഈ ആഖ്യായികയില്‍ പതിഞ്ഞിരിക്കുന്നത്. കൂട്ടും കൂട്ടവും പിരിഞ്ഞ പിതാവിനെ ഗ്രാമപാതകളിലും നഗരവീഥികളിലും അവന്‍ വൃഥാ തിരയുന്നു; ഒറ്റപ്പെടലിന്റെ കനല്‍ശയ്യയില്‍ സദാ മയങ്ങുന്നു. ഒടുവില്‍, പാപശാപങ്ങള്‍ ഏറ്റുവാങ്ങി, ജരാനരകള്‍ നുരകളായി ചൂടി കലങ്ങിമറിഞ്ഞൊഴുകുന്ന ഗംഗ അവനെ വിളിക്കുന്നു - 'മകനേ, വരിക.' ആ സ്വാഗതവചനം ചെരാതിന്റെ ഒറ്റത്തിരിവെട്ടമായി അവന്റെ അകമേ പ്രകാശിക്കുന്നു. 'ജീവിതമേ, നീ എന്ത്?' എന്ന തിക്തചോദ്യം ഉയര്‍ത്തിയിരുന്ന മുഴക്കങ്ങള്‍ അവന്റെ ഉള്ളില്‍ ശാന്തമാകുന്നു. 'പിതാവും പുത്രനും'. റഫീക്ക് പട്ടേരി. എച്ച് & സി ബുക്സ്. വില : 210

◾സ്ത്രീകളുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഹോര്‍മോണുകളാണ് ഈസ്ട്രജനും പ്രൊജസ്റ്ററോണും. ഇത് രണ്ടും സ്ത്രീകളിലെ ലൈംഗിക വളര്‍ച്ചയെ സഹായിക്കുന്ന ഹോര്‍മോണ്‍ ആണ്. പ്രൊജസ്റ്ററോണ്‍ ഗര്‍ഭധാരണത്തിനും ഗര്‍ഭവളര്‍ച്ചയ്ക്കും സഹായിക്കുന്ന ഹോര്‍മോണ്‍ ആണ്. കൂടാതെ സ്ത്രീ ശരീരത്തിലെ ആര്‍ത്തവത്തെ നിയന്ത്രിക്കുകയും ഗര്‍ഭധാരണത്തെ സഹായിക്കുകയും ചെയ്യുന്നു. പ്രോജസ്റ്ററോണിന്റെ കുറഞ്ഞ അളവ് പരിഹരിക്കുന്നതിന് പ്രോജസ്റ്ററോണ്‍ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. പ്രൊജസ്റ്ററോണ്‍ ഹോര്‍മോണിന്റെ ഉല്‍പാദനത്തെ സഹായിക്കുന്ന മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബദാം. പ്രോജസ്റ്ററോണ്‍ ഹോര്‍മോണിന്റെ ഉല്‍പാദനത്തെ ത്വരിതപ്പെടുത്തുന്ന മഗ്‌നീഷ്യത്തിന്റെ നല്ല ഉറവിടമാണ് വാഴപ്പഴം. മഗ്‌നീഷ്യം പിറ്റിയൂട്ടറി ഗ്രന്ഥിയെ നിയന്ത്രിക്കാനും സഹായകമാണ്. ഇത് പ്രോജസ്റ്ററോണിന്റെ ഉത്പാദനത്തെ വര്‍ധിപ്പിക്കുന്നു. മത്തങ്ങ വിത്തുകളില്‍ ഉയര്‍ന്ന അളവില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പ്രോജസ്റ്ററോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. സ്ത്രീകളില്‍ പ്രൊജസ്റ്ററോണിന്റെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്ന പ്ലാന്റ് സ്റ്റിറോളുകള്‍ വാല്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. വാല്‍നട്ടില്‍ വിറ്റാമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് പ്രൊജസ്റ്ററോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളെ സന്തുലിതമാക്കുന്നതിന് ആവശ്യമായ പോഷകങ്ങളായ മഗ്‌നീഷ്യം, സിങ്ക് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വെണ്ടയ്ക്ക. പ്രൊജസ്റ്ററോണ്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകള്‍ ശരിയായ അളവില്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ അനുവദിക്കുന്നതിന് ശരിയായ ഭക്ഷണക്രമം ശീലിക്കുകയും സമഗ്രവും ആരോഗ്യകരവുമായ ജീവിതശൈലി നിലനിര്‍ത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവും നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്.

*ശുഭദിനം*

വിവാഹം കഴിഞ്ഞ് അധികനാളാകുന്നതിന് മുമ്പേ അവള്‍ക്ക് ത്വക് രോഗം ബാധിച്ചു. ഭര്‍ത്താവിനെ തന്നോടുള്ള ഇഷ്ടം കുറയുമോ എന്ന് ഭയന്നാണ് അവള്‍ ഓരോ ദിവസവും തള്ളിനീക്കിയത്. ഇതിനിടെ ഭര്‍ത്താവിന് ഒരു അപകടം സംഭവിച്ചു. ആ അപകടത്തില്‍ അയാള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യയുടെ അസുഖം ഭേദമായെങ്കിലും അന്ധനായ അയാള്‍ക്ക് അത് തിരിച്ചറിയാനായില്ല. വര്‍ഷങ്ങള്‍ കടന്നുപോയി. അയാളുടെ ഭാര്യ മരിച്ചു. അതില്‍ നിരാശനായി ഗ്രാമം വിടാനൊരുങ്ങിയപ്പോള്‍ അയല്‍വാസി ചോദിച്ചു: കാഴ്ചയില്ലാതെ എങ്ങിനെ താങ്കള്‍ തനിയെ ജീവിക്കാനാണ്? അയാള്‍ പറഞ്ഞു: ഞാന്‍ അന്ധനല്ല. ത്വക് രോഗം ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ ഭാര്യ എന്നില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് കണ്ടപ്പോള്‍ ഞാന്‍ അന്ധനെപ്പോലെ പെരുമാറിയതാണ്... ആത്മവിശ്വാസം സംരക്ഷിക്കുന്നവനാണ് യഥാര്‍ത്ഥരക്ഷാകര്‍ത്താവ് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുളള എല്ലാ കാരണങ്ങളും അവസാനിക്കുമ്പോഴും ഒരാള്‍ കൂടെയുണ്ടാകുക എന്നത് ഭാഗ്യമാണ്. ഒരു കാരണവും കണ്ടെത്താതെ സ്‌നേഹിക്കാന്‍ യാഥാര്‍തഥ സ്‌നേഹമുളളവര്‍ക്കേ കഴിയൂ. സത്യത്തില്‍ ഒരാളെ സ്‌നേഹിക്കേണ്ടത്, അയാള്‍ ആ സ്‌നേഹം ഒട്ടും അര്‍ഹിക്കാത്ത സമയത്താണ്. സ്വയം മതിപ്പുനഷ്ടപ്പെട്ടവര്‍ തന്നെ തന്നെ പോലും സ്‌നേഹിക്കില്ല. അവരെ ആത്മസ്‌നേഹത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുളള ഏകവഴി അവര്‍ക്കൊപ്പം അവര്‍ ഇഷ്ടപ്പെടുന്ന വിധം ആയിരിക്കുക എന്നതാണ്. ഓരോ ബന്ധവും സ്വയം പാകപ്പെടുത്തലാണ്, രൂപാന്തരമാണ്. ഒരേ രീതിയില്‍ നിലനില്‍ക്കുന്ന രണ്ടാമതൊരു ബന്ധം ഉണ്ടായിരിക്കുകയില്ല. എല്ലാറ്റിന്റേയും ചേരുവകളും സമവാക്യങ്ങളും വ്യത്യസ്തമായിരിക്കും. ഓരോ ബന്ധത്തിനും അനുയോജ്യമായ വിധം നമ്മെ പാകപ്പെടുത്തുകയാണ് സ്‌നേഹിക്കുന്നവരുടെ ഉത്തരവാദിത്വം. നമുക്കും കാരണം കൂടാതെ സ്‌നേഹിക്കാം 
 *ശുഭദിനം.*