*പ്രഭാത വാർത്തകൾ*2023 | മാർച്ച് 25 | ശനി |

◾തടവുശിക്ഷ വിധിച്ചതിനു പിറകേ, രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ രാജ്യവ്യാപക പ്രതിഷേധം. പ്രതിപക്ഷ ഐക്യത്തിനു വഴിയൊരുക്കുന്ന വിധത്തില്‍ പ്രതിഷേധം വളര്‍ന്നു. പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എംപിമാരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. എംപിമാരെ അറസ്റ്റു ചെയ്തു നീക്കി. കോണ്‍ഗ്രസ് നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകളുമായി മുന്നോട്ട്. ഡല്‍ഹിയില്‍ രാഹുലിന്റെ വസതിക്കു മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചു. കേരളത്തില്‍ തിങ്കളാഴ്ച രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നു കെപിസിസി.

◾ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നും അതിനു വേണ്ടി എന്തുവില കൊടുക്കാനും തയ്യാറാണെന്നും രാഹുല്‍ ഗാന്ധി. തനിക്കെതിരായ നടപടിക്കുശേഷം ട്വിറ്ററിലൂടെയാണ് രാഹുല്‍ഗാന്ധി ഇങ്ങനെ പ്രതികരിച്ചത്.  

◾സംസ്ഥാനത്തെ ദേശീയപാതയുടെ വികസനത്തിന് 804.76 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി അനുവദിച്ചു. ഗഡ്കരിക്കു പ്രത്യേക നന്ദിയെന്ന് മന്ത്രി പി എം മുഹമ്മദ് റിയാസ്. അടിമാലി -കുമളി ദേശീയപാത വികസനത്തിന് സ്ഥലം എടുക്കുന്നതിന് 350.75 കോടിരൂപയും ദേശീയപാത 766 ല്‍ കോഴിക്കോട് ജില്ലയെയും വയനാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മലാപ്പറമ്പ് -പുതുപ്പാടി റോഡിന് 454.1കോടി രൂപയുമാണ് അനുവദിച്ചത്.

◾കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാലു ശതമാനം വര്‍ധിപ്പിച്ചു. 38 ശതമനമുണ്ടായിരുന്ന ക്ഷാമബത്ത 42 ശതമാനമായി. ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ നേട്ടമുണ്ടാകും.

◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങളില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് രാജ് ഭവനു മുന്നിലേക്കു മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറിയതോടെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. മൂന്നു തവണ ജല പീരങ്കി പ്രയോഗിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചിലും സംഘര്‍ഷം. ടയറുകള്‍ കത്തിച്ച് മുദ്രാവാക്യം മുഴക്കി. പൊലീസ് ലാത്തി വീശി. പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ പ്ലാറ്റ്ഫോമിനകത്ത് കടന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചു. വയനാട്ടില്‍ കല്‍പ്പറ്റയിലെ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറി. റോഡ് ഉപരോധവും നടത്തി. വടക്കഞ്ചേരിയില്‍ ദേശീയപാത തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

◾രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടകേസില്‍ സൂററ്റ് കോടതി വിധിക്കു ജില്ലാ സെഷന്‍സ് കോടതി സ്റ്റേ അനുവദിച്ചില്ലെങ്കില്‍, ആറു മാസത്തിനകം വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. സ്റ്റേ ഇല്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് എട്ടു വര്‍ഷം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും അയോഗ്യതയുണ്ടാകും. വിവിധ സംഭവങ്ങളിലായി 16 കേസുകളാണ് രാഹുലിനെതിരേയുള്ളത്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതല്‍ ഗുരുതരം.

◾രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കത്തില്‍ റദ്ദാക്കിയ നടപടി ജനാധിപത്യത്തിനെതിരായ സംഘപരിവാറിന്റെ ഹിംസാത്മകമായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണ്. പിണറായി പറഞ്ഞു.

◾നാലു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ വിജയിപ്പിച്ച ഒരു ജനപ്രതിനിധിയെയാണ് അമിതമായ തിടുക്കത്തില്‍ അയോഗ്യനാക്കിയതെന്നും നിയമപോരാട്ടം തുടരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

◾കോടതി വിധിക്കെതിരെ തെരുവില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് ജനാധിപത്യ സംവിധാനങ്ങളേയും ഇന്ത്യന്‍ ഭരണഘടനയേയും വെല്ലുവിളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാഹുലിന് മാത്രമായി ഭരണഘടന ഒരു പരിരക്ഷയും നല്‍കുന്നില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

◾ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ഗാന്ധിക്കു ലഭിച്ച അംഗീകാരം മോദിയെ ഭയപ്പെടുത്തിയെന്നു രമേശ് ചെന്നിത്തല. സത്യം ആരും പറയരുതെന്ന മോദി നയത്തെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ചെറുക്കുമെന്നും ചെന്നിത്തല. കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എ കെ ആന്റണി. ബിജെപിയും മോദിയും രാഹുലിനെ ഭയക്കുന്നുവെന്നും ആന്റണി പറഞ്ഞു.

◾രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിഷേധവുമായി തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രകടനം. ഏജീസ് ഓഫീസിലേക്കാണു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ഡല്‍ഹിയില്‍ സമരം നടത്തിയതിന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹിം എംപി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.

◾രാഹുല്‍ ഗാന്ധിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നും അനില്‍ ട്വീറ്റ് ചെയ്തു.

◾ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ക്ക് രണ്ടാം വര്‍ഷ എംബിബിഎസ് കോഴ്‌സിനുള്ള അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

◾കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് അഖില്‍ (29) അറസ്റ്റിലായി. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ആറു മാസം മുമ്പാണ് ഇന്‍സറ്റഗ്രാമിലൂടെ ഇവര്‍ പരിചയപ്പെട്ടത്.

◾പ്രവാസി വ്യവസായി ഫാരിസ് അബുബക്കര്‍ തന്റെ അമ്മാവനാണെന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിനു മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇതുവരെ കാണുകയോ ഫോണില്‍പോലും സംസാരിക്കുകയോ ചെയ്തിട്ടില്ലാത്തയാളെ അമ്മാവനാക്കിത്തന്നതില്‍ സന്തോഷം എന്നാണു പ്രതികരണം.

◾ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പന്‍ എന്ന കാട്ടാനയ്ക്കു ഹൈക്കോടതിയില്‍ വക്കീലുമാരുണ്ടെന്ന് പരിഹസിച്ച് മുന്‍മന്ത്രി എം.എം. മണി. 11 പേരെ കൊല്ലുകയും അനേകം പേരേയും വീടുകളേയും ആക്രമിക്കുകയും ചെയ്ത അരിക്കൊമ്പനോടാണ് എല്ലാവര്‍ക്കും ബഹുമാനമെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു. ആനയെ പിടികൂടാനുള്ള 'ഓപ്പറേഷന്‍ അരിക്കൊമ്പന്‍' ദൗത്യം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനു പിറകേയാണു പരിഹാസം.

◾ഭൂമി തരംമാറ്റം വേഗത്തിലാക്കാന്‍ 5000 രൂപ കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് എറണാകുളം പുത്തന്‍വേലിക്കരയില്‍ വിജിലന്‍സിന്റെ പിടിയിലായി. കൃഷി അസിസ്റ്റന്റ് പ്രിജില്‍ ആണ് പുത്തന്‍വേലിക്കര സ്വദേശിയായ ബിജുവിന്റെ പരാതിയില്‍ കുടുങ്ങിയത്.

◾തൃശൂര്‍ ചേര്‍പ്പിലെ സദാചാര കൊലക്കേസില്‍ ഗള്‍ഫിലേക്കു മുങ്ങിയിരുന്ന ചേര്‍പ്പ് സ്വദേശി അഭിലാഷിനെ പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ ആയിരുന്നു പിടികൂടിയത്.

◾മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത ത്രിപുര സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. കുമാര്‍ ജമാതിയ (36) സഞ്ജിത് ജമാതിയ (40) സൂരജ് ദെബ്ബര്‍മ (27) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

◾മൈസൂരുവില്‍ ജോലി സ്ഥലത്ത് മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകള്‍ സബീനയാണ് (30) മരിച്ചത്. സബീനയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുന്ന ലഹരി മരുന്നിന് അടിമയായ യുവാവിനെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനു മുന്നില്‍ ആത്മഹത്യാ ഭീഷണിയുമായി പ്രതി. ഒടുവില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പുറമണ്ണൂര്‍ പാറക്കുഴിയില്‍ സൈതലവിയെയാണ് (33) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

◾വിമാനത്തില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ഭര്‍ത്താവും മറ്റു യാത്രക്കാരും കൈകാര്യം ചെയ്തു. ഒടുവില്‍ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും യുവതി പരാതി ഇല്ലെന്ന് അറിയിച്ചതോടെ വിട്ടയച്ചു. മസ്‌ക്കറ്റില്‍നിന്ന് തിരുവനന്തപുരത്തേക്കു വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം.

◾വിഴിഞ്ഞത്ത് മൂന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്യുകയും ചെയ്ത 19 അംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. വിഴിഞ്ഞം, പൂല്ലൂര്‍ക്കോണം ചെന്നവിളാകം വീട്ടില്‍ അക്ബര്‍ ഷാ (21) യെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

◾ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ ചുങ്കത്ത് ഒഴിഞ്ഞ പറമ്പില്‍ പാക്കറ്റുകളായി സൂക്ഷിച്ച 70 കിലോയോളം കഞ്ചാവ് പിടികൂടി. പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

◾രണ്ടു വര്‍ഷം മുമ്പ് കൊച്ചി തീരത്തുനിന്നും പിടികൂടിയ 3,500 കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നശിപ്പിച്ചു. ഹെറോയിനും ഹാഷിഷ് ഓയിലും ഉള്‍പ്പെടെ 340 കിലോ ലഹരിമരുന്നാണ് കൊച്ചി കെല്ലിലെ പ്ലാന്റില്‍ നശിപ്പിച്ചത്.

◾പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പ്രതിഷേധിക്കാന്‍ വാഴപ്പിണ്ടിയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കടയിലെ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

◾സുപ്രീം കോടതി കൊളിജീയം ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് മൂന്ന് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറരപ്പെടുവിച്ചു. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകറിനെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രമേഷ് സിന്‍ഹയെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പാറ്റ്‌ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായും നിയമിച്ചു.

◾എംപി സ്ഥാനത്തുനിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കു പിറകേ തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ്. സോണിയ ഗാന്ധി രാഹുലിന്റെ വീട്ടിലെത്തി. കോണ്‍ഗ്രസ് ഉന്നതതലയോഗവും ചേര്‍ന്നു.

◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. റായ്പൂരില്‍ കോണ്‍ഗ്രസ് -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിയുടെ കോലം കത്തിക്കുകയും ബിജെപിയുടെ പോസ്റ്ററുകള്‍ക്ക് മുകളില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ ട്രെയിന്‍ തടഞ്ഞാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

◾'ഇന്ത്യന്‍ ജനാധിപത്യം അധപതിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയുടെ പുതിയ ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുന്നു. ക്രിമിനലുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കുന്നു'വെന്ന് മമത ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ ഏകാധിപത്യ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

◾ജനാധിപത്യത്തിന്റെ മരണമണിയാണിതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബിജെപി പകയുടെ രാഷ്ട്രീയത്തില്‍ നിന്ന് സമ്പൂര്‍ണ ഏകാധിപത്യത്തിലേക്ക് മാറുകയാണെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

◾ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ തെലുങ്കു ദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്ത നാല് എംഎല്‍എമാരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന എംഎല്‍സി ഉപതെരഞ്ഞെടുപ്പില്‍ ടിഡിപി വിജയിച്ചിരുന്നു. ചന്ദ്രബാബു നായിഡുവുമായി ഒത്തുതീര്‍പ്പുണ്ടാക്കി ക്രോസ് വോട്ട് ചെയ്തെന്നാണ് ആരോപണം.

◾ഉത്തര്‍പ്രദേശില്‍ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്നെ കൊല്ലുമെന്നു ഭയമുണ്ടെന്ന് ഉപമുഖ്യമന്ത്രിയും ബിജിപെ നേതാവുമായ കേശവ് പ്രസാദ് മൗര്യ.

◾ഗായിക ബോംബെ ജയശ്രീയെ തലയോട്ടിയിലെ രക്തകുഴലുകളില്‍ അന്യൂറിസം രോഗം ബാധിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രശസ്ത കര്‍ണാടക സംഗീതജ്ഞ.

◾വനിതാ പ്രമീമിയര്‍ ലീഗ് ഫൈനലില്‍ മൂംബൈ - ഡല്‍ഹി പോരാട്ടം. ഇന്നലെ നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ 72 റണ്‍സിന് തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് ഫൈനലിന് യോഗ്യത നേടിയത്. മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുപി വാരിയേഴ്‌സ് 17.4 ഓവറില്‍ 110 റണ്‍സിന് ഓള്‍ഔട്ടായി. ഹാട്രിക്കടക്കം നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഇസ്സി വോങ്ങിന്റെ പ്രകടനമാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്. നാളെ നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.

◾എഫ്എംസിജി പോര്‍ട്ട്ഫോളിയോയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്. പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി നിരവധി ഉല്‍പ്പന്നങ്ങളാണ് പുതുതായി വിപണിയില്‍ എത്തിക്കുന്നത്. പുതിയ ശ്രേണിയില്‍ ഗ്ലിമ്മര്‍ ബ്യൂട്ടി സോപ്പ്, ഗെറ്റ് റിയല്‍ നാച്ചുറല്‍ സോപ്പ്, പ്യൂരിക് ഹൈജീന്‍ സോപ്പ്, ഡോസോ ഡിഷ് വാഷ് ബാറുകള്‍, ഹോംഗാര്‍ഡ് ടോയ്‌ലറ്റ്, ഫ്ലോര്‍ ക്ലീനര്‍, എന്‍സോ ലോണ്‍ട്രി ഡിറ്റര്‍ജന്റ് പൗഡര്‍, ലിക്വിഡ് ബാറുകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള എഫ്എംജിസി വിഭാഗത്തിലെ ഉപസ്ഥാപനമാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.

◾ടി എസ് സുരേഷ് ബോബു സംവിധാനം ചെയ്യുന്ന 'ഡിഎന്‍എ'യുടെ ചിത്രീകരണം ആരംഭിച്ചു. യുവ നടന്‍ അഷ്‌കര്‍ സൗദാന്‍ ചിത്രത്തില്‍ നായകനായി എത്തുന്നു. മമ്മൂട്ടിയാണ് ടി എസ് സുരേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചത്. പൂര്‍ണ്ണമായും ഫൊറന്‍സിക് ബയോളജിക്കല്‍ ത്രില്ലര്‍ ഴോണറില്‍പ്പെടുന്നതാണ് ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന 'ഡിഎന്‍എ' എന്ന ചിത്രം. അഷ്‌കര്‍ സൗദാനൊപ്പം അജു വര്‍ഗീസ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ. സെന്തില്‍ രാജ്, പന്മരാജ് രതീഷ്, സുധീര്‍ ('ഡ്രാക്കുള' ഫെയിം) ഇടവേള ബാബു, അമീര്‍ നിയാസ്, പൊന്‍ വണ്ണല്‍, ലക്ഷ്മി റായ്, അംബിക.എന്നിവര്‍ക്കൊപ്പം ബാബു ആന്റണിയും 'ഡിഎന്‍എ' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു  

◾അര്‍ജുന്‍ അശോകന്‍ ചിത്രം 'തീപ്പൊരി ബെന്നി'യുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു. ജോജി തോമസും രാജേഷ് മോഹനും ചേര്‍ന്നാണ് 'തീപ്പൊരി ബെന്നി' സംവിധാനം ചെയ്യുന്നത്. തിരക്കഥ എഴുതുന്നതും സംവിധായകര്‍ തന്നെയാണ്. ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക. തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള്ള 'വട്ടക്കുട്ടയില്‍ ചേട്ടായി'യുടേയും അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയത്തെ വെറുക്കുന്ന മകന്‍ 'ബെന്നി'യുടേയും ജീവിത സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന ഒരു തികഞ്ഞ കുടുംബ ചിത്രമാണ് 'തീപ്പൊരി ബെന്നി'. ശ്രീരാഗ് സജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രേംപ്രകാശ്, ഷാജു ശീധര്‍, ശ്രീകാന്ത് മുരളി, ടി ജി രവി, റാഫി, നിഷാ സാരംഗ് എന്നിവര്‍ വേഷമിടുന്നു.

◾ഇന്ത്യയില്‍ ടാറ്റ പഞ്ചിന്റെ വില്‍പ്പന 1.75 ലക്ഷം യൂണിറ്റ് കടന്നു. ടാറ്റ മോട്ടോഴ്‌സ് 2021-ല്‍ ആണ് പഞ്ച് പുറത്തിറക്കിയത്. ടാറ്റയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായ നെക്‌സോണിന് പിറകിലാണ് പഞ്ച് ഇടംപിടിച്ചത്. 2021 ഒക്ടോബറില്‍ പുറത്തിറങ്ങിയ കാര്‍ ഒന്നര വര്‍ഷത്തെ സമയം കൊണ്ട് 1.75 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. കുറഞ്ഞ വില, ബില്‍ഡ് ക്വാളിറ്റി, സേഫ്റ്റി ഫീച്ചറുകള്‍ എന്നിവയാണ് പഞ്ചിന് ഈ നാഴികക്കല്ല് പിന്നിടാന്‍ തുണയായ പ്രധാന സവിശേഷതകള്‍. പഞ്ചിന്റെ വില ആറ് ലക്ഷം രൂപ മുതല്‍ 8.87 ലക്ഷം വരെയാണ്. 1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍, റെവോട്രോണ്‍ പെട്രോള്‍ യൂണിറ്റാണ് പഞ്ചിന് കരുത്തേകുന്നത്, ഇത് പരമാവധി 84 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടും 113 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

◾ഓരേ സമയം സ്ത്രീകളും പുരുഷന്മാരുമായ എഴുത്തുകാരോട് ഹൃദയം കൊണ്ട് സംവദിക്കാന്‍ അനുവാചകനെ പ്രാപ്തനാക്കുന്ന രചനാ തന്ത്രമുള്ള സമകാലിക മലയാള സാഹിത്യ രംഗവും. 'എഴുത്തുകാരനും എഴുത്തുകാരിയും'. ശ്രീജിത്ത് പെരുന്തച്ചന്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 90 രൂപ.

◾ആപ്പിള്‍ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഇത് ആപ്പിളില്‍ കാണപ്പെടുന്ന ലയിക്കുന്ന നാരുകളുടെ കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ലയിക്കുന്ന നാരുകള്‍ രക്തക്കുഴലുകളുടെ ഭിത്തിയില്‍ കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്നതായി ഇല്ലിനോയിസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ലയിക്കുന്ന നാരുകള്‍ കൂടുതലായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം പറയുന്നു. വിറ്റാമിന്‍ സിയുടെ പതിവ് ഉപഭോഗം രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതില്‍ നിരവധി പങ്ക് വഹിക്കുന്നുണ്ടെന്ന് കണ്ടെത്തി. ആപ്പിളിലെ വിറ്റാമിന്‍ സി റേഡിയേഷന്‍ പോലുള്ള പാരിസ്ഥിതിക ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും. പതിവായി ലയിക്കുന്ന ഫൈബര്‍ കഴിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കണ്ടെത്തി. ആപ്പിള്‍ ചില ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കും. ആപ്പിളില്‍ പോളിഫെനോളുകള്‍, സംരക്ഷിത സസ്യ സംയുക്തങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഹൃദ്രോഗവും ആസ്ത്മയും ഉള്‍പ്പെടെയുള്ള പല വിട്ടുമാറാത്ത രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി.

*ശുഭദിനം*
*കവിത കണ്ണന്‍*
1940 ജൂണ്‍ 23ന് അമേരിക്കയിലെ ടെനിസിയിലാണ് അവള്‍ ജനിച്ചത്. എഡ് റുഡോള്‍ഫിന്റെയും ബ്ലോന്‍ചേ റുഡോള്‍ഫിന്റെയും ഇരുപത്തിരണ്ട് മക്കളില്‍ ഇരുപതാമത്തെയാള്‍. ചുമട്ടുപണിയും വിറകുവെട്ടും പെയിന്റടിയുമായിരുന്നു അവളുടെ അച്ഛന്റെ ജോലി. അമ്മ വെള്ളക്കാരുടെ വീടുകളില്‍ ജോലിക്കും പോയിരുന്നു. എങ്കിലും ദാരിദ്ര്യം അവരെ വിട്ടുമാറിയിരുന്നില്ല. മാസം തികയാതെ ജനിച്ചത് കൊണ്ട് എന്നും അവള്‍ക്ക് അസുഖമായിരുന്നു. കറുത്തവരോടുള്ള വിവേചനം അമേരിക്കയില്‍ കത്തിനിന്ന കാലമായിരുന്നു അത്. വെള്ളക്കാരുടെ ആശുപത്രികളില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് ചികിത്സ നിഷേധിച്ചിരുന്നത് കൊണ്ട് മണിക്കൂറുകള്‍ സഞ്ചരിച്ചാണ് അമ്മ അവളെ ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നത്. അഞ്ചാം വയസ്സുമുതല്‍ വളരെ കഷ്ടപ്പെട്ടാണ് അവള്‍ നടന്നുതുടങ്ങിയത്. ശോഷിച്ചകാലുകളുടെ പേരില്‍ അവള്‍ കളിയാക്കപ്പെട്ടുകൊണ്ടിരുന്നു. അഞ്ചാം വയസ്സുമുതല്‍ കാലില്‍ സ്റ്റീല്‍ബേസുമായാണ് അവള്‍ നടന്നത്. അസുഖങ്ങള്‍ സ്വന്തം ജീവിതത്തെ നിയന്ത്രിക്കാതിരിക്കാന്‍ അവള്‍ പൊരുതിക്കൊണ്ടേയിരുന്നു. അങ്ങനെ ഒമ്പത് വയസ്സായപ്പോള്‍ സ്റ്റീല്‍ ബേസ് ധരിക്കാതെ അവള്‍ നടന്നുതുടങ്ങി. തന്റെ പന്തണ്ട്രാം വയസ്സില്‍ ആശുപത്രി ചികിത്സകളില്‍ നിന്നെല്ലാം അവള്‍ മുക്തയായി. ഹൈസ്‌ക്കൂള്‍ കാലഘട്ടത്തില്‍ ബാസ്‌കറ്റ്‌ബോള്‍ അവളെ ആകര്‍ഷിച്ചു. ബാസ്‌കറ്റ് ബോള്‍ കളിക്കളത്തിന് പുറത്ത് ഓട്ടമത്സരങ്ങളും അവളെ ആകര്‍ഷിച്ചു. പത്താക്ലാസ്സ് കഴിഞ്ഞപ്പോള്‍ തനിക്ക് മൈതാനങ്ങളില്‍ ഇനിയും എന്തൊക്കെയോ ചെയ്യാനുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് എല്ലാം നിഷിധമായ ഒരു കാലഘട്ടത്തില്‍ പൊരുതി ജയിച്ചാണ് അവള്‍ ഓരോ പടവും മുന്നേറിയത്. കളിക്കളത്തില്‍ തന്റെ പങ്കാളികള്‍ പോലും അവളുടെ വിജയത്തില്‍ അസൂയപൂണ്ട് കളിക്കളത്തില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, കഠിനാധ്വാനം കൊണ്ട് അവള്‍ അതിനെയെല്ലാം അവള്‍ നേരിട്ടു. ചിലരുടെ നിയോഗം അങ്ങിനെയാണ് എല്ലാവരേക്കാളും മുന്നിലെത്തുക, അത് ഓട്ടത്തിലായാലും, ജീവിതത്തിലായാലും. ഇത് വില്‍മ റുഡോള്‍ഫ്. ഒളിംപിക്‌സില്‍ മൂന്നു സ്വര്‍ണ്ണം നേടിയ ആദ്യ അമേരിക്കക്കാരി. 1960, 61 വര്‍ഷങ്ങളില്‍ അസോസിയേറ്റഡ് പ്രസ് വില്‍മയെ വുമണ്‍ അത്‌ലീറ്റ് ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. കൂടാതെ അമേരിക്കയിലെ മികച്ച കായിക താരങ്ങള്‍ക്ക് നല്‍കുന്ന ജെയിംസ് ഇ സള്ളിവന്‍ പുരസ്‌കാരം തേടിയെത്തി. ഇറ്റലിയുടെ ക്രിസ്റ്റഫര്‍ കൊളംബസ് പുരസ്‌കാരം ആദ്യം അമേരിക്കയിലെത്തിച്ച ബഹുമതിയും വില്‍മയ്ക്ക് തന്നെയാണ്. കായികതാരം, പ്രഭാഷക, അധ്യാപിക, സാമൂഹ്യപ്രവര്‍ത്തക, സംരംഭക എന്നീ നിലകളില്‍ പ്രശ്‌സതയായ വില്‍മ ദുരിതങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് സ്വന്തം ജീവിതം വെട്ടിപ്പിടിച്ച കഥ , തനിക്കൊപ്പവും തനിക്ക് ശേഷവും ജീവിച്ച അനേകം പേര്‍ക്ക് പ്രചോദനമായിരുന്നു. സ്വപ്നങ്ങളുടെ കരുത്തിനേയും ഇച്ഛാശക്തിയുടെ സ്വാധീനത്തേയും നമ്മുടെ ജീവിതം കൊണ്ടും രേഖപ്പെടുത്താനാകട്ടെ - ശുഭദിനം.