◾കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും പ്രതിരോധത്തില്‍. അപകീര്‍ത്തി കേസില്‍ സൂററ്റ് സിജെഎം കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതോടെ രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത. ശിക്ഷ വിധിച്ച അതേ കോടതിതന്നെ മുപ്പതു ദിവസത്തേക്കു വിധി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷ നിലനില്‍ക്കുന്നുണ്ട്. മേല്‍ക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കാനുള്ള ശ്രമത്തിലാണു രാഹുലും കോണ്‍ഗ്രസും. അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ രാഹുലിന്റെ ലോക്സഭാംഗത്വം നഷ്ടമാകുമെന്നു മാത്രമല്ല ജയിലില്‍ പോകേണ്ടി വരികയും ചെയ്യും.
◾അടുത്ത മാസം മുതല്‍ കെട്ടിട നിര്‍മാണ ഫീസ് വര്‍ധിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഫീസ് കുറവാണെന്ന് മന്ത്രി എം.ബി രാജേഷ്. നിലവില്‍ 150 ചതുരശ്ര മീറ്ററിന് 15 രൂപവരെയാണ് ഫീസ്. എത്ര വര്‍ധിപ്പിക്കണമെന്നു തീരുമാനിച്ചിട്ടില്ല. 1,500 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന്റെ പെര്‍മിറ്റിന് 7,500 രൂപയെങ്കിലും നല്‍കേണ്ടിവരും. 645 ചതുരശ്രയടി വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കു നികുതി ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി രാജേഷ്.
◾തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കു സമീപം സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 200 കോടി രൂപ നിക്ഷേപിച്ച് രണ്ടു ബ്ലോക്കുകളായി 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണു ഓരോ സയന്‍സ് പാര്‍ക്കും നിര്‍മിക്കുക. അതതു പ്രദേശത്തെ യൂണിവേഴ്സിറ്റികളായിരിക്കും പ്രിന്‍സിപ്പല്‍ അസോസിയേറ്റ്. കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരിക്കും സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുക. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തും.
◾ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള 'ഓപ്പറേഷന്‍ അരിക്കൊമ്പന്‍' ദൗത്യം 29 വരെ നിര്‍ത്തിവയ്ക്കണമെന്നു ഹൈക്കോടതി. രാത്രി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് കോടതി. കോളര്‍ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങിയ ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കണം. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
◾പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും. ഇരു സഭകളിലും പ്രതിപക്ഷവും ഭരണപക്ഷവും ബഹളം തുടരുന്ന സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ നീക്കം നടത്തുന്നത്. രാഹുല്‍ഗാന്ധിക്കെതിരേ വിധി വന്നതോടെ സഭയില്‍ കൂടുതല്‍ ബഹളത്തിനാണു സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന മന്ത്രിമാരും സ്പീക്കര്‍ ഓം ബിര്‍ളയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
◾നിയമസഭ സ്പീക്കറുടെ ഓഫീസിനു മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയ ജാമ്യമില്ല വകുപ്പുകളില്‍ ഒരെണ്ണം ഒഴിവാക്കി. വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ച് എല്ല് ഒടിച്ചെന്ന് ആരോപിച്ചുള്ള വകുപ്പാണ് ഒഴിവാക്കിയത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് തുടരും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
◾ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സെക്രട്ടറിമാര്‍ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വിരുന്നു നല്‍കുന്നു. കേരളവും കേന്ദ്രവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ 47 മുതിര്‍ന്ന കേന്ദ്ര സെക്രട്ടറിമാരെയാണു കേരള ഹൗസിലെ വിരുന്നിലേക്കു ക്ഷണിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഡോ വിപി ജോയിയും പ്രഫ. കെ.വി. തോമസും വിരുന്നില്‍ പങ്കെടുക്കും. ഉപരാഷ്ട്രപതിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
◾പൊതുമരാമത്ത് വകുപ്പിന്റെ ചീഫ് ആര്‍കിടെക് വിഭാഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ ജീവനക്കാരുടെ കസേരകളെല്ലാം കാലി. രാവിലെ പതിനൊന്നോടെയാണ് മന്ത്രി ഓഫീസില്‍ എത്തിയത്. ജീവനക്കാരില്‍ പകുതി പോലും ഓഫീസില്‍ എത്തിയിരുന്നില്ല. മന്ത്രി പഞ്ചിംഗ് വിവരങ്ങള്‍ ചോദിച്ചു. ഇതു വൈകിയതോടെ മന്ത്രി ക്ഷുഭിനായി.
◾കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതി കേസില്‍ മുന്‍ എംഎല്‍എ എ പി അബ്ദുള്ളക്കുട്ടിയെ വിജിലന്‍സ് ചോദ്യം ചെയ്യും. പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്കു നല്‍കാന്‍ അബ്ദുള്ളക്കുട്ടി ഇടപെട്ടതിന്റെ രേഖകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
◾കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിജീവിതയുടെ മൊഴി തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ചു പേരേയും സസ്പെന്‍ഡു ചെയ്തു. ഒരാളെ പിരിച്ചുവിട്ടു. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ്, ഗ്രേഡ് 2 അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാത്ത വകുപ്പുകളനുസരിച്ചാണ് കേസ്.
◾മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ശശീന്ദ്രനെ സിപിഎം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നേടിയ ഇയാളെ പിന്നീട് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയെന്നും സതീശന്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ യൂണിയനില്‍ പ്രവര്‍ത്തിച്ച ശശീന്ദ്രന്‍ ഈ വര്‍ഷം അംഗത്വം പുതുക്കിയിട്ടില്ലെന്നാണ് എന്‍ജിഒ യൂണിയന്‍ പറയുന്നത്.
◾കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം. സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
◾സൂറത്ത് കോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രഥമദൃഷ്ട്യാ കാമ്പില്ലാത്ത വിധിയാണത്. രാഹുല്‍ ഗാന്ധിയെ ഒഴിവാക്കാനുള എല്ലാ ശ്രമങ്ങളും നടക്കുന്നു. ഇത് കുതന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുലിനെയോ കോണ്‍ഗ്രസിനെയോ തളര്‍ത്താനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.
◾ഗുരുവായൂരിലെ കെട്ടിട നിര്‍മ്മാണ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ലെന്നു നഗരസഭ. മനുഷ്യാവകാശ കമ്മീഷനു നല്‍കിയ മറുപടിയിലാണ് ഈ വിവരം. ചട്ടലംഘന പരാതി ഉയര്‍ന്ന ഇരുപത് കെട്ടിടങ്ങളില്‍ ഗുരുവായൂര്‍ നഗരസഭയുടെ കൈയിലുള്ളത് ഒരേ ഒരു കെട്ടിടത്തിന്റെ നിര്‍മ്മാണ അനുമതി ഫയല്‍ മാത്രം. 20 കെട്ടിടങ്ങളെക്കുറിച്ചാണ് പരാതി ഉയര്‍ന്നത്.
◾ഞായറാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ സാധ്യത.
◾കളമശേരിയില്‍ കുഞ്ഞിനെ അനധികൃതമായി ദത്തു നല്‍കിയ കേസില്‍ കുഞ്ഞിന്റെ താത്കാലിക സംരക്ഷണം അനുവദിക്കണമെന്നു തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളുടെ ഹര്‍ജി. ശിശുക്ഷേമ സമിതി മൂന്നാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. ദമ്പതികള്‍ക്ക് എല്ലാ ശനിയാഴ്ചയും കുഞ്ഞിനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
◾കള്ളു ഷാപ്പിലിരുന്നു കള്ളു കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതിനു തൃശൂരില്‍ യുവതിയെ എക്സൈസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. തൃശൂര്‍ കുണ്ടോളിക്കടവ് കള്ളുഷാപ്പില്‍ കള്ളു കുടിക്കുന്ന വീഡിയോ പ്രചരിപ്പിച്ച ചേര്‍പ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. മദ്യപാനം പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്.
◾റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്നു വീണു പരിക്കേറ്റ നിലയില്‍ ചികിത്സയില്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാചുണ്ട് പോലീസാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആണ്‍സുഹൃത്തുമായുളള തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയതാണെന്നാണ് വിവരം.
◾തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തിന് ക്യാമ്പിലെ സിമ്മിംഗ് പൂളിന്റെ ലാഭ വിഹിതം ചട്ടവിരുദ്ധമായി നല്‍കിയതു വിവാദമായി. മുന്‍കാല ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിനാണ് തുക അനുവദിച്ചത്.
◾റബര്‍ വില സ്ഥിരതാ പദ്ധതിക്കു 'കെ എം മാണി റബര്‍ വിലസ്ഥിരതാ പദ്ധതി' എന്നു പുനര്‍നാമകരണം ചെയ്യണമെന്ന് കേരളാ യൂത്ത്ഫ്രണ്ട് എം ആവശ്യപ്പെട്ടു. കേരളത്തിലെ റബര്‍ കര്‍ഷകര്‍ വിലത്തകര്‍ച്ചമൂലം ദുരിതമനുഭവിച്ചപ്പോള്‍ കൈത്താങ്ങാകാനാണ് കെ എം മാണി റബര്‍ വില സ്ഥിരതാ പദ്ധതി ആവിഷ്‌കരിച്ചതെന്ന് യൂത്ത് ഫ്രണ്ട് ചൂണ്ടിക്കാട്ടി.
◾ഒമാന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍ കുമാറിനെ നെടുമ്പാശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.
◾ലണ്ടനില്‍ തദ്ദേശീയരുടെ മര്‍ദനമേറ്റ് മലയാളി മരിച്ചു. സൗത്താളില്‍ താമസിക്കുന്ന തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി ജെറാള്‍ഡ് നെറ്റോ (62) ആണ് മരിച്ചത്. മൂന്നു പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ രണ്ട് പേര്‍ 16 വയസുകാരും ഒരാള്‍ 20 വയസുകാരനുമാണ്.
◾നിലമ്പൂരില്‍ പുള്ളിമാനെ വെടിവച്ചു കൊന്ന് വില്‍ക്കാനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍. എരുമുണ്ട സ്വദേശി അയൂബാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു.
◾വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 52 കാരന്‍ മരിച്ചു. ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പുതു വേലായി മകന്‍ പ്രകാശന്‍ (52) ആണ് മരിച്ചത്.
◾കായംകുളം നഗരസഭയില്‍ ബജറ്റ് അവതരണത്തോടനുബന്ധിച്ചു ഹോട്ടലില്‍നിന്നു വരുത്തിച്ച ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ. നഗരസഭാ ജീവനക്കാര്‍, കൗണ്‍സിലര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
◾ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തൊമ്പതുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാന്‍ ആണ് മരിച്ചത്.
◾മാനന്തവാടിയില്‍ പൊലീസുകാരെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ഗാന്ധിപുരം സ്വദേശി പ്രമോദാണ് പിടിയിലായത്. വള്ളിയൂര്‍ക്കാവ് ഉത്സവത്തിനു കച്ചവടത്തിനെത്തിയ പ്രമോദ് ആഘോഷ കമ്മിറ്റി ഭാരവാഹിയെ മര്‍ദിച്ചത് ചോദ്യം ചെയ്യാനെത്തിയ പൊലീസുകാരെയാണ് ആക്രമിച്ചത്.
◾ഇന്ത്യയില്‍ ജനാധിപത്യം വെല്ലുവിളികള്‍ നേരിടുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജി വാരാണസി കോടതി തള്ളി. രാഹുല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.
◾സൂററ്റില്‍നിന്ന് തിരിച്ചെത്തിയ രാഹുല്‍ ഗാന്ധിക്കു ഡല്‍ഹിയില്‍ ആവേശകരമായ സ്വീകരണം. നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ഭാരത് ജോഡോ യാത്രയിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്തി എത്തിയ രാഹുലിനെ ഏതുവിധേനയും കുടുക്കാനുള്ള ആസൂത്രണത്തിലാണ് ബിജെപി. ഇതേസമയം, ജഡ്ജിമാരെ മാറ്റി രാഷ്ട്രീയമായി അനുകൂല വിധി ബിജെപി സമ്പാദിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിച്ചു.
◾രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധി സ്വയമേവ അയോഗ്യനാക്കപ്പെട്ടെന്ന് മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകനും മുന്‍ കേന്ദ്ര നിയമ മന്ത്രിയുമായ കപില്‍ സിബല്‍.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടത്തിന് കേസു കൊടുക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി രേണുക ചൗധരി. രാജ്യസഭയില്‍ മോദി തന്നെ ശൂര്‍പ്പണഖയെന്ന് പരിഹസിച്ചിരുന്നുവെന്നാണ് രേണുകയുടെ പരാതി. മോദി സംസാരിച്ചതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചാണ് മാനനഷ്ടത്തിനു കേസ് കൊടുക്കുമെന്നു വ്യക്തമാക്കിയത്. ഇനി കോടതികള്‍ എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്നു നോക്കാമെന്നും രേണുക ചൗധരി ട്വിറ്ററില്‍ കുറിച്ചു.
◾കര്‍ണാടകത്തില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കലബുറഗി മണ്ഡലത്തില്‍ തോല്‍പിക്കാന്‍ നിര്‍ണായക പങ്കു വഹിച്ച ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി എംഎല്‍സിയായ ബാബുറാവു ചിന്‍ചന്‍സുര്‍ ആണ് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വസതിയില്‍ വച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
◾വിമാനത്തില്‍ ഇരുന്നു മദ്യപിച്ച് വഴക്കുണ്ടാക്കിയ രണ്ടുയാത്രക്കാരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ മഹാരാഷ്ട്രക്കാരായ ജോണ്‍ ഡിസൂസ, ദത്താത്രയ ബാപ്പര്‍ദേക്കര്‍ എന്നിവരാണ് പിടിയിലായത്. ബാഗിലുണ്ടായിരുന്ന മദ്യം ഇരുവരും വിമാനത്തിനകത്തിരുന്ന് മദ്യപിക്കുന്നതു ചോദ്യം ചെയ്ത യാത്രക്കാരനോട് അസഭ്യം വിളിച്ച് വഴക്കുണ്ടാക്കുകയായിരുന്നു.
◾ഉസ്ബെകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് ഉല്‍പ്പാദിപ്പിച്ച മാരിയോണ്‍ ബയോടെക് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി. ഉത്തര്‍പ്രദേശ് ഡ്രഗ്സ് കണ്‍ട്രോളിംഗ് ലൈസന്‍സിംഗ് അതോറിറ്റിയാണു നടപടിയെടുത്തത്. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന മരുന്നുകള്‍ കഴിച്ച കുട്ടികളാണ് മരിച്ചത്.
◾ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിനെ വീട്ടിലൊളിപ്പിച്ചെന്ന് ആരോപിച്ച് ഹരിയാനയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബല്‍ജിത് കൗറിനെയാണ് അറസ്റ്റ് ചെയ്തത്.
◾പിഴയിനത്തില്‍ യാത്രക്കാരില്‍നിന്ന് ഒരു കോടി രൂപയിലധികം പിരിച്ചെടുത്ത വനിതാ ടിക്കറ്റ് ചെക്കറെ പ്രശംസിച്ച് റെയില്‍വേ മന്ത്രാലയം. ദക്ഷിണ റെയില്‍വേയിലെ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടറായ റോസലിന്‍ ആരോഗ്യ മേരിയാണ് ടിക്കറ്റില്ലാത്ത യാത്രക്കാരില്‍നിന്ന് 1.03 കോടി രൂപ ഈടാക്കിയത്.
◾വിദേശത്ത് ഇന്ത്യയുടെ നയതന്ത്രകാര്യാലയങ്ങള്‍ക്കെതിരെ ഖാലിസ്ഥാന്‍ അനുകൂലികളുടെ പ്രകോപനം. ലണ്ടനിലും സാന്‍ഫ്രാന്‍സിസ്‌കോയിലും കോണ്‍സുലേറ്റുകള്‍ക്ക് മുന്നില്‍ വീണ്ടും പ്രകടനം. കോണ്‍സുലേറ്റുകള്‍ക്ക് എതിരായ നീക്കങ്ങളെ അപലപിക്കുന്നതായി അമേരിക്കയും ബ്രിട്ടനും ആവര്‍ത്തിച്ചു
◾സമുദ്രാതിര്‍ത്തി കടന്ന് മീന്‍ പിടിച്ചെന്ന് ആരോപിച്ച് 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. പുതുക്കോട്ട, ജഗതപട്ടണം, കോട്ടപ്പട്ടണം എന്നിവിടങ്ങളില്‍നിന്ന് കടലില്‍ പോയവരാണ് പിടിയിലായത്. ഇവരുടെ രണ്ട് ബോട്ടുകളും ശ്രീലങ്കന്‍ സേന പിടിച്ചെടുത്തു.
◾ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ ബ്ലോക്കിനെതിരേ ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്ത്. ബ്ലോക്കിന്റെ സാമ്പത്തിക ക്രമക്കേടുകളാണ് പുതിയ റിപ്പോര്‍ട്ടില്‍. സ്‌ക്വയര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയാണ് ബ്ലോക്ക്. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയുമാണ് ബ്ലോക്ക് വിപണി മൂല്യം വര്‍ധിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്.
◾യുദ്ധക്കെടുതിയില്‍നിന്ന് കരകയറാനും രാജ്യം പുനര്‍നിര്‍മ്മിക്കാനും ഉക്രൈന് 41,100 കോടി ഡോളര്‍ വേണ്ടിവരുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. പത്തു വര്‍ഷത്തിനകം പുനര്‍നിര്‍മ്മാണത്തിനുള്ള ചെലവാണിത്. നഗരങ്ങളില്‍ തകര്‍ന്നു കിടക്കുന്നവയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ മാത്രം 500 കോടി ഡോളര്‍ ചെലവാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍. വനിതകളുടെ 75 കിലോ വിഭാഗത്തില്‍ ലവ്ലിന ബോര്‍ഗോഹൈനും 50 കിലോ വിഭാഗത്തില്‍ നിഖാത് സരിനും 48 കിലോ വിഭാഗത്തില്‍ നീതു ഘന്‍ഘാസുമാണ് ഇന്ത്യക്കു വേണ്ടി മെഡലുകളുറപ്പിച്ച് ഫൈനലിലെത്തിയത്.
◾സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 'യോനോ' മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഒരു ലക്ഷം കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. 2022 ഡിസംബര്‍ 31 വരെ മാത്രം 71,000 കോടി രൂപയുടെ ഡിജിറ്റല്‍ വായ്പകളാണ് എസ്ബിഐ യോനോ വഴി വിതരണം ചെയ്തത്. യോനോ വഴി പ്രതിദിനം സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുറക്കുന്നുത് വര്‍ധിച്ചിട്ടുണ്ട്. വിവിധ സാമ്പത്തിക സേവനങ്ങള്‍ കൂടാതെ യോനോ ഉപയോക്താക്കള്‍ക്ക് ഫ്‌ലൈറ്റ്, ട്രെയിന്‍, ബസ്, ടാക്‌സി ബുക്കിംഗുകള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് അല്ലെങ്കില്‍ മെഡിക്കല്‍ ബില്‍ പേയ്മെന്റുകള്‍ എന്നിവയ്ക്കുള്ള പണമിടപാട് സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. യോനോ പോലുള്ള ആപ്പുകളുടെ പ്രവര്‍ത്തനച്ചെലവ് കുറവാണ്. അതിനാല്‍ മൊത്തത്തിലുള്ള പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനായി ബാങ്കുകള്‍ അവരുടെ ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിന്റെ ഫലമാണ് ഡിജിറ്റല്‍ ഇടപാടുകളില്‍ വലിയ മുന്നേറ്റം. എസ്ബിഐ യോനോ ആപ്ലിക്കേഷന് സമാനമായി കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കൊട്ടക് 811, ഐസിഐസിഐ ബാങ്കിന്റെ ഐമൊബൈല്‍ പേ ആപ്ലിക്കേഷന്‍ എന്നിവയും വിപണിയില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നുണ്ട്.
◾മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രം 'തടം' ബോളിവുഡില്‍ 'ഗുമ്രാ' എന്ന പേരില്‍ എത്തുന്നു. 2019ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം അരുണ്‍ വിജയ് നായകനായി തമിഴില്‍ ഒരുങ്ങിയതാണ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു 'തടം'. 'ഗുമ്രാ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. മൃണാള്‍ താക്കൂറിനൊപ്പം ചിത്രത്തില്‍ ആദിത്യ കപൂറും പ്രധാന വേഷത്തിലെത്തുന്നു. വര്‍ധന്‍ ഖേട്കറാണ് ചിത്രത്തിന്റെ സംവിധാനം. വിനീത് മല്‍ബോത്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മഗിഴ് തിരുമേനിയുടെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് വര്‍ദ്ധന്‍ കേത്കര്‍, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ്. ഭൂഷന്‍ കുമാര്‍, മുറാദ് ഖേതാനി, കൃഷന്‍ കുമാര്‍, അന്‍ജും ഖേതാനി എന്നിവര്‍ ചേര്‍ന്നാണ് ഗുമ്രാ നിര്‍മിക്കുന്നത്. ശിവ് ആണ് ചിത്രത്തിന്റെ സഹനിര്‍മാണം. ഏപ്രില്‍ ഏഴിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
◾സാമന്ത നായികയാകുന്ന പുതിയ ചിത്രമാണ് 'ഖുഷി'. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ദേവെരകൊണ്ടയാണ് നായകനാകുന്നത്. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. സെപ്തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു പോസ്റ്റര്‍ പുറത്തുവിട്ടാണ് റിലീസ് തിയ്യതി അറിയിച്ചിരിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിന്‍ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. 'ഹൃദയം' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.
◾എന്‍ട്രി ലെവല്‍ കോംപാക്ട് സെഡാന്‍ അമേസിന്റെ വില 12,000 രൂപ വരെ ഉയര്‍ത്താന്‍ ഹോണ്ട കാര്‍സ് ഇന്ത്യയുടെ തീരുമാനം. അടുത്ത മാസം മുതല്‍ നിലവില്‍ വരുന്ന കര്‍ശനമായ മലിനീകരണ മാനദണ്ഡങ്ങള്‍ കാരണം ഉല്‍പാദനച്ചെലവിലുണ്ടായ വര്‍ധനയുടെ ആഘാതം നികത്തുന്നതിനാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. കമ്പനി പറയുന്നതനുസരിച്ച്, മോഡലിന്റെ വ്യത്യസ്ത ട്രിമ്മുകള്‍ അനുസരിച്ച് വില വര്‍ദ്ധനവ് വ്യത്യാസപ്പെടും. ഹോണ്ട കാര്‍സ് ഇന്ത്യയുടെ ഇടത്തരം സെഡാന്‍ സിറ്റിയുടെ വില മാറ്റമില്ലാതെ തുടരും. അതുപോലെ, 2023 ഏപ്രില്‍ 1 മുതല്‍ വാണിജ്യ വാഹനങ്ങളുടെ വില 5 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു.
◾റഷ്യന്‍ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്ന ആന്റണ്‍ ചെഖോവിന്റെ തെരഞ്ഞെടുത്ത പത്ത് കഥകളുടെ വിവര്‍ത്തനമാണിത്. പന്തയം, ലോട്ടറി ടിക്കറ്റ്, സന്തോഷം, ഗ്രാമത്തിലെ ഒരു ദിവസം, നെല്ലിക്ക, ഒരു പേരില്ലാക്കഥ തുടങ്ങിയ കഥകളുടെ സമാഹാരം. ചെഖോവ് എഴുത്തുകളുടെ മുഖമുദ്രയായ ഋജുത്വവും ലാളിത്യവും അതിസാധാരണ പദങ്ങളുടെ വിന്യാസവും യാതൊരു പൊലിമകളുമില്ലാതെ കഥകളിലേക്ക് സന്നിവേശിച്ചിട്ടുണ്ട്. 'ചെഖോവിന്റെ പത്ത് കഥകള്‍'. വിവര്‍ത്തനം - അഫാഫ് നൗറിന്‍. ഗ്രീന്‍ ബുക്സ്. വില 95 രൂപ.
◾മാനസിക സമ്മര്‍ദ്ദം പലരേയും പലരീതിയിലാണ് ബാധിക്കാറുള്ളത്. സമ്മര്‍ദ്ദമുള്ളപ്പോള്‍ ശരീരം പല കാര്യത്തിലും ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. ഈ സമയങ്ങളില്‍ ചിലര്‍ക്ക് സെക്സിനോടുള്ള താല്‍പര്യം കുറയുന്നു. സമ്മര്‍ദ്ദം കുറവുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന അളവിലുള്ള വിട്ടുമാറാത്ത സമ്മര്‍ദ്ദമുള്ളവരില്‍ ലൈംഗിക ഉത്തേജനത്തിന്റെ അളവ് കുറയുന്നു. സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന തലവേദന, നടുവേദന തുടങ്ങിയവ ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമാകും. നിങ്ങള്‍ ഉത്കണ്ഠാകുലരായിരിക്കുമ്പോള്‍ കഴുത്തിലെയും തലയോട്ടിയിലെയും പേശികള്‍ കഠിനമാകുകയോ ചുരുങ്ങുകയോ ചെയ്തേക്കാം. ഇത് തലവേദനയിലേക്ക് നയിച്ചേക്കാം. സ്ട്രെസ് മുഖക്കുരുവിന് കാരണമാകില്ല. എന്നാല്‍ ഇത് ഒരു വ്യക്തിയുടെ ഹോര്‍മോണ്‍ ബാലന്‍സ് മാറ്റുന്നതിലൂടെ അത് ട്രിഗര്‍ ചെയ്യുകയോ വഷളാക്കുകയോ ചെയ്യുന്നതായി പല പഠനങ്ങളും പറയുന്നു. ഒരു വ്യക്തി സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍, ശരീരം കോര്‍ട്ടിസോള്‍ പുറത്തുവിടുന്നു. ഇത് മുഖക്കുരു വഷളാകാന്‍ ഇടയാക്കിയേക്കാം. സമ്മര്‍ദ്ദത്തിന്റെയോ ഉത്കണ്ഠയുടെയോ ഫലങ്ങള്‍ ആദ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്ന് ആമാശയമായിരിക്കാം. സമ്മര്‍ദ്ദകരമായ സമയങ്ങളില്‍ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നു. മന്ദഗതിയിലുള്ള ദഹനം ദഹനനാളത്തിലെ ആമാശയത്തിലെ ആസിഡുകളുടെ വര്‍ദ്ധനവ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ഇത് നെഞ്ചെരിച്ചില്‍, ശരീരവണ്ണം എന്നിവയ്ക്ക് കാരണമാകും. ദൈനംദിന ജീവിതത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം രാത്രിയില്‍ മോശം ഉറക്കത്തിലേക്ക് നയിച്ചേക്കാം. ഇത് ആത്യന്തികമായി മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ആളുകള്‍ സമ്മര്‍ദ്ദത്തിലാകുമ്പോള്‍ ശരീരത്തെ പ്രൈം ചെയ്യുന്ന ഹോര്‍മോണ്‍ അഡ്രിനാലിന്‍ പുറത്തുവിടുന്നു. ഉത്കണ്ഠയോ സമ്മര്‍ദ്ദമോ പോലുള്ള വികാരങ്ങളോട് ശരീരം പ്രതികരിക്കുമ്പോള്‍ കക്ഷത്തിലും ഞരമ്പിലും തലയോട്ടിയിലും കാണപ്പെടുന്ന അപ്പോക്രൈന്‍ ഗ്രന്ഥികള്‍ വിയര്‍പ്പ് സൃഷ്ടിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
തനിക്ക് ധാരാളം മന്ത്രിവിദ്യകള്‍ അറിയാം, താന്‍ വലിയവനാണ്. തനിക്ക് എന്തും സൃഷ്ടിക്കാന്‍ സാധിക്കും. ഇതായിരുന്നു അയാളുടെ പ്രഖ്യാപനം. ഇത് കേട്ട് ഒരിക്കല്‍ ദൈവം അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അയാള്‍ ദൈവത്തോട് പറഞ്ഞു: ഇനി താങ്കളുടെ ആവശ്യമില്ല. താങ്കള്‍ മുന്‍പ് ആദിയില്‍ ചെയ്തകാര്യം എനിക്ക് ഇപ്പോള്‍ ചെയ്യാന്‍ സാധിക്കും. നീ മണ്ണുകുഴച്ച് ശ്വാസമൂതിയല്ലേ മനുഷ്യനെ സൃഷ്ടിച്ചത്. എനിക്കും അതറിയാം. ശരി, ആ വിദ്യ കാണിച്ചുതരുമോ? : ദൈവം ചോദിച്ചു. അയാള്‍ ദൈവത്തെയും കൂട്ടി ഒരു പാടത്തെത്തി. ചെളികുഴച്ച് മനുഷ്യരൂപമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ദൈവം പറഞ്ഞു: ഞാനുണ്ടാക്കിയ മണ്ണ് നീ എടുക്കരുത്. നീ തന്നെയുണ്ടാക്കിയ മണ്ണ് വേണം എടുക്കാന്‍... ഇത് കേട്ട് അയാള്‍ തോല്‍വി സമ്മതിച്ച് തലകുനിച്ചു. മറ്റുള്ളവരെ തോല്‍പ്പിക്കാനിറങ്ങുന്നവരെല്ലാം മറക്കുന്ന ചില സത്യങ്ങളുണ്ട്. ആരും ആരുടേയും സഹായമില്ലാതെയല്ല വളര്‍ന്നത്. ആരാണ് വലുത്, ആര്‍ക്കാണ് മികവ് കൂടുതല്‍ തുങ്ങിയ അനാരോഗ്യ ചിന്തകളിലൂടെ വളരുന്നവര്‍ക്ക് എപ്പോഴും ആരെയെങ്കിലും തോല്‍പ്പിച്ചുകൊണ്ടിരിക്കണം. അതിലൂടെ ലഭിക്കുന്ന മനഃസുഖത്തെ മാത്രമാണ് അവര്‍ വിജയമായി തിരഞ്ഞെടുക്കുക. സ്വയം പര്യാപ്തത ഒരു സാങ്കല്പികത മാത്രമാണ്. സ്വന്തമാകുന്നതൊന്നും സ്വന്തമല്ല. പണമുള്ളതുകൊണ്ടോ, കഴിവുള്ളതുകൊണ്ടോ മാത്രം വന്നുചേരുന്നു എന്നേയുള്ളൂ. ആര്‍ക്കും അവകാശം പറയാനില്ലാത്ത വായുവും വെളളവും ഉപയോഗിച്ചാണ് നമ്മള്‍ ജീവന്‍ പോലും നിലനിര്‍ത്തുന്നത്. പരസ്പരബഹുമാനത്തോടെ നിലനില്‍ക്കുക എന്നതാണ് ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടാനുളള മാര്‍ഗ്ഗം. ആരും അനിവാര്യരല്ല.. ആരെയും ഒഴിവാക്കാനുമാകില്ല. .. നമുക്ക് പരസ്പരം മാനിക്കാം... - ശുഭദിനം.