◾കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടി സുപ്രീം കോടതി കൊളീജിയം. ജഡ്ജിമാരുടെ നിയമനം കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് സുപ്രീംകോടതി കൊളീജിയം. ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്ത പേരുകള്‍ അംഗീകരിക്കാതെ പിടിച്ചുവച്ച നടപടി അംഗീകരിക്കാനാവില്ല. അഞ്ച് ജില്ലാ ജഡ്ജിമാരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്ത് പുറപ്പെടുവിച്ച പ്രമേയത്തിലാണ് കൊളീജിയത്തിന്റെ വിമര്‍ശനം. മദ്രാസ് ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ ആര്‍ ജോണ്‍ സത്യന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്തിരുന്നെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
◾മാസപ്പിറവി കണ്ടു, കേരളത്തില്‍ റംസാന്‍ വൃതം ആരംഭിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും ഇന്നു മുതലാണ് റംസാന്‍ നോമ്പ്.
◾കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനത്ത് കൊവിഡ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 172 ല്‍നിന്ന് 210 ആയി വര്‍ധിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം.
◾പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദം വിലക്കുകയാണെന്നും ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ പെരളശ്ശേരിയില്‍ ഇഎംഎസ്, എകെജി അനുസ്മരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ആര്‍എസ്എസിന്റെ കൈപ്പിടിയില്‍ ഒതുക്കുകയാണ്. അദ്ദേഹം കുറ്റപ്പെടുത്തി.
◾കോണ്‍ഗ്രസില്‍ ഡിസിസി, ബ്ലോക്ക് പുനഃസംഘടനക്കായി ഏഴംഗ ഉപസമിതിയെ നിയോഗിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, അഡ്വ. ടി സിദ്ധിക്ക് എംഎല്‍എ, കെ.സി ജോസഫ്, എ.പി അനില്‍ കുമാര്‍ എംഎല്‍എ, ജോസഫ് വാഴക്കന്‍, അഡ്വ കെ ജയന്ത് , അഡ്വ. എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. ജില്ലകളില്‍ നിന്ന് പുനഃസംഘടനാ സമിതി കെപിസിസിക്കു കൈമാറിയ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും ലിസ്റ്റില്‍നിന്ന് അന്തിമ പട്ടിക തയാറാക്കുകയാണ് ഉപസമിതിയുടെ ദൗത്യം.
◾ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് താത്കാലിക വൈസ് ചാന്‍സലര്‍ ചുമതല ഏറ്റെടുത്തതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് കെടിയു വിസി ഡോ സിസ തോമസിന്റെ മറുപടി. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും അധിക ചുമതലയാണ് താന്‍ വഹിക്കുന്നതെന്നുമാണ് വിശദീകരണം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചതിനു പുറമേയാണ് വൈസ് ചാന്‍സലര്‍ ചുമതലയെന്നും ഡോ സിസ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ നടപടി വിലക്കി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.
◾ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ലെങ്കിലും സാങ്കേതിക സര്‍വകലാശാലയിലേക്കു നാമനിര്‍ദേശം ചെയ്ത മുന്‍ എംപി പി.കെ. ബിജു ഉള്‍പെടെ ആറ് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ക്കും തുടരാമെന്ന് സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ ഇക്കാര്യം അറിയിച്ചത്.
◾ബ്രഹ്‌മപുരം വിഷയത്തില്‍ വഴിവിട്ട് കരാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രിയുടെ പങ്കും പരിശോധിക്കണമെന്നും സി ബി ഐ അന്വേഷണം വേണമെന്നും ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. കേരളത്തില്‍ സംഭവിച്ചത് വലിയ ഒരു പരിസ്ഥിതി ദുരന്തമാണ്. അട്ടിമറി അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾പദ്മ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് നാല് മലയാളികളും ഏറ്റുവാങ്ങി. 80 വര്‍ഷമായി ഗാന്ധിയന്‍ ആശങ്ങളുടെ പ്രചാരകനായ കണ്ണൂര്‍ ഗാന്ധി വി പി അപ്പുക്കുട്ടന്‍ പൊതുവാള്‍, ചരിത്രകാരന്‍ സി ഐ ഐസക്, കളരി ഗുരുക്കള്‍ എസ് ആര്‍ ഡി പ്രസാദ്, വയനാട്ടിലെ കര്‍ഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയല്‍ കെ രാമന്‍ എന്നീവര്‍ക്കാണ് പദ്മ പുരസ്‌കാരം സമ്മാനിച്ചത്.
◾ചീഫ് സെക്രട്ടറി വി.പി. ജോയ് ജൂലൈയില്‍ വിരമിക്കും. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ചീഫ് സെക്രട്ടറിയായേക്കും.
◾ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ചന്ദ്രു അയ്യര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസാണ് വിവരം പുറത്തുവിട്ടത്.
◾തൃശൂര്‍ ഒളരി മദര്‍ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ തീപിടുത്തം. ഏഴു കുട്ടികളെയും രണ്ടു ഗര്‍ഭിണികളെയും വേഗത്തില്‍ പുറത്തെത്തിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുട്ടികളുടെ ഐസിയു, ഗൈനക്കോളജി വാര്‍ഡുകളിലാണ് പുക പടര്‍ന്നത്.
◾ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ വന്‍ നാശമുണ്ടാക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ദൗത്യം ഞായറാഴ്ചത്തേക്കു മാറ്റി. ശനിയാഴ്ച മയക്കുവെടി വയ്ക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കുങ്കിയാനകള്‍ എത്താന്‍ വൈകിയതും പ്ലസ് വണ്‍ പരീക്ഷകള്‍ നടക്കുന്നതും മൂലമാണ് തീയതി മാറ്റിയത്. ഞായറാഴ്ച പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും.
◾മൂന്നു ദിവസമായി അവധിയിലായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സുമേഷിനെയാണ് (39) അരിമണി എസ്റ്റേറ്റിലെ ഷെഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
◾അച്ചടക്ക ലംഘനം നടത്തിയ അഞ്ച് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു. മദ്യപിച്ച് സര്‍വ്വീസ് നടത്തിയ രണ്ടു ഡ്രൈവര്‍മാര്‍, ടിക്കറ്റില്‍ തിരിമറി നടത്തിയ കണ്ടക്ടര്‍, അമിതവേഗതയില്‍ അപകടം ഉണ്ടാക്കിയ ഡ്രൈവര്‍, മേലുദ്യോഗസ്ഥര്‍ക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തിയ കണ്ടക്ടര്‍ എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്.
◾കൈക്കൂലി വാങ്ങി അറസ്റ്റിലായ നഗരസഭാ സെക്രട്ടറിയെ രക്ഷിക്കാന്‍ അമ്പതിനായിരം രൂപ മകന്റെ അക്കൗണ്ടിലേക്കു കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈഎഎസ്പി വേലായുധന്‍ നായരുടെ കഴക്കൂട്ടത്തെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തി.
◾കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ തിരൂര്‍ക്കാട്ട് ബൈക്കുകളും ബസും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച സഹപാഠിയെ അറസ്റ്റു ചെയ്തു. തൃശൂര്‍ വന്നുക്കാരന്‍ അശ്വിന്‍ (21)നെയാണ് അറസ്റ്റു ചെയ്തത്. എംഇഎസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായ അല്‍ഫോന്‍സയാണു (22) മരിച്ചത്.
◾ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍നിന്നു പുഴയിലേക്കു ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചാടിയ 17 വയസുകാരന്‍ മരിച്ചു. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. പെണ്‍കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി അഖിലയാണ് രക്ഷപെട്ടത്.
◾വീടിന്റെ ടെറസില്‍നിന്ന് വീണ് നരിപ്പറ്റ മീത്തല്‍വയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരന്‍ തെറ്റത്ത് അനസ് (39) മരിച്ചു. ടെറസില്‍ വീണ തേങ്ങ താഴേക്കിടുന്നതിനിടയില്‍ കാല്‍വഴുതി വീഴുകയായിരുന്നു.
◾വയനാട്ടിലെ മുത്തങ്ങയില്‍ അരക്കിലോയോളം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
◾കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡനത്തിനിരയായ യുവതിയെ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി സന്ദര്‍ശിച്ചു. ഓപ്പറേഷന്‍ സമയത്തും തിരികെ വാര്‍ഡിലേക്കു മാറ്റുമ്പോഴും രോഗികളായ സ്ത്രീകള്‍ക്ക് വനിതാ ജീവനക്കാരുടെ സേവനം ലഭ്യമാക്കണമെന്ന് കമ്മീഷന്‍ പറഞ്ഞു.
◾പീഡനക്കേസ് പ്രതി സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ അലമാരയുടെ ചില്ലില്‍ സ്വയം തല ഇടിച്ചു പരിക്കേല്‍പിച്ചു. അമ്പലവയല്‍ റിസോര്‍ട്ട് പീഡനക്കേസിലെ പ്രതിയായ മീനങ്ങാടി സ്വദേശി ലെനിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സംഭവം. വ്യക്തിവൈരാഗ്യംമൂലം പോലീസ് മര്‍ദിച്ചതാണെന്ന് പ്രതി മാധ്യമങ്ങളോടു വിളിച്ചു പറഞ്ഞു. തമിഴ്നാട് അമ്പലമൂലയില്‍ മൂന്നു പേരെ കൊന്ന കേസിലെ പ്രതിയാണ് ലെനിന്‍.
◾വില്‍പനക്കാരിയില്‍നിന്നു ചുമട്ടുതൊഴിലാളി കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. കഴക്കൂട്ടം ആറ്റിന്‍കുഴി തൈക്കുറുമ്പില്‍ വീട്ടില്‍ ബാബുലാല്‍ എന്ന അമ്പത്തഞ്ചുകാരനാണ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
◾മലപ്പുറം കോട്ടയ്ക്കലില്‍ കാറില്‍ ഉരസിയ ബസ് തടഞ്ഞ് കാര്‍ ഓടിച്ച യുവാവ് ബസിന്റെ താക്കോല്‍ ഊരിക്കൊണ്ടുപോയി. ബസ് യാത്രക്കാരുമായി പെരുവഴിയില്‍ കുടുങ്ങി. എടരിക്കോട് ടൗണില്‍ ഇതോടെ ഗതാഗതക്കുരുക്കായി. സ്പെയര്‍ താക്കോല്‍ എത്തിച്ചാണ് ബസ് കൊണ്ടുപോയത്.
◾ദുബായിലുണ്ടായ വാഹനാപകടത്തില്‍ തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു. പെരുമാലിപടി ഓത്തിക്കല്‍ ജോസഫിന്റെയും ബോബിയുടെയും മകന്‍ ഷിബിന്‍ (30) ആണ് മരിച്ചത്.
◾മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ട്രിപ്പിള്‍ ജീവപര്യന്തവും കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പൂക്കോട്ടുംപാടം സ്റ്റേഷന്‍ പരിധിയിലെ പ്രതിയെയാണു കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം സാധാരണ തടവും അനുഭവിക്കണം.
◾മതില്‍ ചാടിക്കടന്ന് ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. മേഴ്സിന്‍ ജോസ് എന്നയാളാണ് തിരുവനന്തപുരം ശാസ്തമംഗലം ശ്രീരംഗം ലെയ്നില്‍ പിടിയിലായത്.
◾സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലാക്കാമെന്നു പറഞ്ഞു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനു മുതിര്‍ന്ന 48 കാരന്‍ റിമാന്റിലായി. പാലക്കോട്ട് വയല്‍ പുതുക്കുടി സുനില്‍കുമാറി(48)നെയാണ് കോഴിക്കോട് പോക്സോ കോടതി റിമാന്റ് ചെയ്തത്.
◾ഡല്‍ഹിയിലെ ബിട്ടീഷ് ഹൈക്കമ്മീഷണര്‍ ഓഫീസിനു മുന്നിലെ സുരക്ഷ ഇന്ത്യ പിന്‍വലിച്ചു. ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലെ സുരക്ഷ കുറക്കുകയും ചെയ്തു. പഞ്ചാബില്‍ അമൃത്പാല്‍ സിംഗിനെതിരായ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസില്‍ ഖലിസ്ഥാന്‍ വാദികള്‍ അക്രമിച്ചിരുന്നു. ഇവരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് സുരക്ഷ പിന്‍വലിച്ചത്.
◾അദാനി വിവാദത്തിലെ ജെപിസി അന്വേഷണ ആവശ്യം ഉപേക്ഷിച്ചാല്‍, രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യത്തില്‍നിന്നു പിന്മാറാമെന്ന ബിജെപിയുടെ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ്. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യമാണെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
◾ഗുജറാത്തിലെ വംശഹത്യക്കിടെ ബല്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരായ കേസ് പരിഗണിക്കാന്‍ പ്രത്യേക ബഞ്ച് രൂപീകരിക്കുന്ന് സുപ്രീം കോടതി. 11 പ്രതികളെയാണു ബിജെപി സര്‍ക്കാര്‍ മോചിപ്പിച്ചത്.
◾രാജ്യത്ത് ഫൈവ് ജി നെറ്റ് വര്‍ക്ക് അതിവേഗം പ്രചരിക്കുന്നതിനിടെ 6 ജി മാര്‍ഗ്ഗരേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ടെലികോം ടെക്നോളജി അതിവേഗത്തില്‍ നടപ്പാക്കാനുതകുന്ന നിര്‍ദേശങ്ങളാണ് മാര്‍ഗ്ഗരേഖയിലുള്ളത്. 2021 നവംബറില്‍ സ്ഥാപിതമായ 6 ജി ടെക്നോളജി ഇന്നൊവേഷന്‍ ഗ്രൂപ്പാണ് 'ഭാരത് 6 ജി മാര്‍ഗരേഖ' തയ്യാറാക്കിയത്.
◾ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തി. പശ്ചിമ ഡല്‍ഹി മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
◾തമിഴ്നാട് കാഞ്ചീപുരം കുരുവിമലയ്ക്ക് സമീപം പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു. പതിനഞ്ചിലേറെ പേര്‍ക്കു പൊള്ളലേറ്റു. പുറത്ത് ഉണങ്ങാനിട്ട പടക്കങ്ങളിലേക്ക് തീ പടരുകയായിരുന്നു. നരേന്ദ്രകുമാറിന്റെ ഉടമസ്ഥതയിലുള്ള പടക്കശാലയില്‍ നാല്‍പ്പതിലേറെപ്പേര്‍ ജോലി ചെയ്തിരുന്നു.
◾രാജ്യത്തെ 12 വിമാനത്താവളങ്ങള്‍കൂടി കോടീശ്വരനായ ഗൗതം അദാനിയുടെ അദാനി എയര്‍പോര്‍ട്ട്സ് ഏറ്റെടുക്കും. ഈ വര്‍ഷം രാജ്യത്ത് കൂടുതല്‍ വിമാനത്താവളങ്ങള്‍ക്കായി ലേലം വിളിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് അരുണ്‍ ബന്‍സാല്‍ പറഞ്ഞു. ഇതിനകം ആറു വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കരാറാണ് അദാനി എയര്‍പോര്‍ട്ട്സ് നേടിയത്.
◾അടുത്ത വര്‍ഷം തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, പ്രധാനമന്ത്രി നരേന്ദ്ര മോദി 1,780 കോടി രൂപയുടെ പദ്ധതികളുടെ പ്രഖ്യാപനവുമായി നാളെ സ്വന്തം മണ്ഡലമായ വാരാണസിയില്‍. ഏകലോക ക്ഷയരോഗ ഉച്ചകോടിയില്‍ മോദി പ്രസംഗിക്കും. ഉച്ചയ്ക്ക് സമ്പൂര്‍ണാനന്ദ സംസ്‌കൃത സര്‍വകലാശാല ഗ്രൗണ്ടിലാണ് 1780 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കുക.
◾ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനു പിറകേ യുക്രൈയ്നില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം. ജനവാസമേഖലകളിലെ റഷ്യന്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. സപോര്‍ഷിയ മേഖലയിലാണ് പട്ടാപ്പകല്‍ ആക്രമണമുണ്ടായത്. മിസൈല്‍ ആക്രമണ ദൃശ്യങ്ങള്‍ യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
◾റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിമര്‍ശകനായ പോപ് ഗായകനുമായ ദിമ നോവയെ മരിച്ച നിലയില്‍ കണ്ടെത്തി. വോള്‍ഗ നദിയില്‍ മുങ്ങിമരിച്ച നിലയിലാണ് നോവയെ കണ്ടെത്തിയത്.
◾ജപ്പാന്‍ കടലില്‍ ഉത്തര കൊറിയ ക്രൂയിസ് മിസൈലുകള്‍ പ്രയോഗിച്ചു. എത്ര മിസൈലുകള്‍ വിക്ഷേപിച്ചെന്നു വ്യക്തമല്ലെന്നാണ് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി പറയുന്നത്.
◾ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 21 റണ്‍സിന്റെ തോല്‍വി. ഓസ്ട്രേലിയ ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 49.1 ഓവറില്‍ 248 ന് പുറത്തായി. ഇതോടെ ഓസ്ട്രേലിയ പരമ്പര 2-1 ന് സ്വന്തമാക്കി. നാല് വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയയുടെ ആദം സാംപയാണ് കളിയിലെ താരം. മിച്ചല്‍ മാര്‍ഷിനെ പരമ്പരയുടെ താരമായി തിരഞ്ഞെടുത്തു.