◾സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ മുങ്ങുന്നതു തടയാന്‍ ഏപ്രില്‍ ഒന്നു മുതല്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം നടപ്പാക്കും. പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടും ജീവനക്കാര്‍ മുങ്ങുന്നതായി കണ്ടതോടെയാണ് അകത്തേക്കു പ്രവേശിക്കാനും പുറത്തു പോകാനും പഞ്ചു ചെയ്യേണ്ട ആക്സസ് കണ്‍ട്രോള്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. പൊതു ഭരണ സെക്രട്ടറി ജ്യോതി ലാല്‍ ഉത്തരവിറക്കി.
◾സംസ്ഥാന സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ് സമരം വരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് രണ്ടാമത്തെ ആഴ്ചയില്‍ സമരം ചെയ്യാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. നിയമസഭ നേരത്തെ പിരിയാന്‍ തീരുമാനിച്ചത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടിയതാണെന്നും യുഡിഎഫ് വിലയിരുത്തി. അഞ്ച് എംഎല്‍എമാര്‍ സഭയില്‍ സത്യഗ്രഹം ആരംഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ച് സഭ നേരത്തെ പിരിയുകയായിരുന്നു.
◾ലോക ബാങ്കിന്റെ വായ്പ വാങ്ങി കേരളത്തില്‍ വേസ്റ്റ് മാനേജ്മെന്റ് പദ്ധതി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായം നല്‍കാമെന്ന് യോഗത്തില്‍ പങ്കെടുത്ത ലോകബാങ്ക് അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ സര്‍വ്വേ നടത്തും.
◾ദേവികുളം നിയമസഭാ മണ്ഡലത്തില്‍ സിപിഎമ്മിന്റെ എം. രാജ വിജയിച്ച തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിന്‍ 10 ദിവസത്തെ സാവകാശം അനുവദിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ച അതേ ബെഞ്ചു തന്നെ സ്റ്റേ നല്‍കിയത്.
◾ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ സുപ്രീം കോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു.
◾പതിനായിരം രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍നിന്ന് അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈഎസ്പി വേലായുധന്‍ നായര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനില്‍നിന്നാണ് കേസ് ഒതുക്കാന്‍ മകന്റെ അക്കൗണ്ടിലേക്കു പണം വാങ്ങിയത്.
◾ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശമുണ്ടാക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ ശനിയാഴ്ച മയക്കുവെടി വയ്ക്കും. ശനിയാഴ്ച പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. റോഡുകള്‍ അടച്ചിടും. സന്ദര്‍ശനം ഒഴിവാക്കണമെന്ന് ഇടുക്കി കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
◾തിരുവനന്തപുരം ലോ കോളേജിലെ സമവായ ചര്‍ച്ച ഇന്നലെയും പരാജയപ്പെട്ടു. എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ അധ്യാപിക കേസ് പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന് എസ്എഫ്ഐ. എസ് എഫ് ഐ കേസ് പിന്‍വലിച്ചില്ലെങ്കില്‍ തങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന് കെഎസ് യു നിലപാടെടുത്തു. ഇതോടെ ക്ലാസുകള്‍ തത്കാലം പുനരാരംഭിക്കാനാവില്ല.
◾സ്റ്റൈപ്പന്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്മാരും പിജി ഡോക്ടര്‍മാരും അനിശ്ചിത കാല സമരത്തിലേക്ക്. പിജി ഡോക്ടര്‍മാര്‍ക്ക് അഞ്ചു മാസമായി സ്റ്റൈപ്പന്റ് ലഭിക്കുന്നില്ലെന്നാണു പരാതി.
◾കണ്ണൂര്‍ സെന്റ് അഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പദ്ധതിയിലെ അഴിമതിയില്‍ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. ഡിടിപിസി സെക്രട്ടറിയായിരുന്ന സജി വര്‍ഗ്ഗീസ്, കരാര്‍ കമ്പനി ആയ സിംപയോളിന്‍ ടെക്നോളജി, കിറ്റ്കോ ഉദ്യോഗസ്ഥര്‍, കൃപാ ടെല്‍കോം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 3.88 കോടി രൂപയുടെ പദ്ധതി 2016 ലാണ് ഉദ്ഘാടനം ചെയ്തത്.
◾തിരുവനന്തപുരം പെരുമാതുറയില്‍ പതിനേഴുകാരന്റെ ദുരൂഹ മരണം. തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍ റജില ദമ്പതികളുടെ മകന്‍ ഇര്‍ഫാന്‍ (17) ആണ് മരിച്ചത്. ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍നിന്ന് വിളിച്ചു കൊണ്ടുപോയി. ഏഴുമണിയോടെ ഒരാള്‍ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞു. അമിതമായി മയക്കുമരുന്നു നല്‍കിയ നിലയിലായിരുന്നെന്ന് അമ്മ പരാതിപ്പെട്ടു.
◾പാലക്കാട് കല്‍മണ്ഡപത്ത് പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നരലക്ഷം രൂപയും കവര്‍ന്ന കേസില്‍ മുഖ്യപ്രതി വീട്ടുടമയുടെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരന്‍. ഇയാളടക്കം മൂന്നു പേരാണ് പിടിയിലായത്. ജീവനക്കാരനായ പുതുനഗരം സ്വദേശി തൗഫീഖ്, വിമല്‍, ബഷീറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
◾തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് വിഭാഗവും റെയ്ഡ് നടത്തി. ഭര്‍ത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
◾ഇടുക്കി കാഞ്ചിയാറില്‍ വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം. പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ (അനുമോള്‍ - 27 ) യാണു മരിച്ചത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. അനുമോളെ കാണാനില്ലെന്നു പരാതി നല്‍കി മുങ്ങിയ ഭര്‍ത്താവ് ബിജേഷിനെ പോലീസ് തെരയുന്നു.
◾ദാമ്പത്യ പ്രശ്നം പരിഹരിക്കാന്‍ പൂജ നടത്തുകയാണെന്ന മറവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റില്‍. കോമ്പാറ സ്വദേശി കോക്കാട്ട് പ്രദീപി (43)നെയാണ് അറസ്റ്റ് ചെയ്തത്.
◾ഹൃദയാഘാതംമൂലം വിമാനം അടിയന്തരമായി റിയാദിലിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മലയാളിയായ ഉംറ തീര്‍ഥാടകയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഉംറ നിര്‍വഹിച്ച ശേഷം സ്പൈസ് ജറ്റ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലപ്പുറം എടയൂര്‍ നോര്‍ത്ത് ആദികരിപ്പാടി മവണ്ടിയൂര്‍ മൂന്നാം കുഴിയില്‍ കുഞ്ഞിപ്പോക്കരുടെ ഭാര്യ ഉമ്മീരിക്കുട്ടി (55) ആണ് മരിച്ചത്.
◾തിമിംഗലത്തിന്റെ അഴുകിയ ജഡം തൃശൂര്‍ ചാവക്കാട് കടപ്പുറത്ത് കരയ്ക്കടിഞ്ഞു. വൈകിട്ട് അഞ്ചോടെയാണ് പ്രദേശവാസികള്‍ ജഡം കണ്ടത്.
◾ഡല്‍ഹി ബജറ്റ് അവതരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി. അടിസ്ഥാന സൗകര്യവികസനത്തിനും പരസ്യത്തിനും ചിലവാക്കിയ തുകയില്‍ വിശദീകരണം തേടിയാണ് കേന്ദ്രം ബജറ്റ് അവതരണം തടഞ്ഞത്. 22,000 കോടി രൂപ അടിസ്ഥാന വികസനത്തിനും 550 കോടി രൂപ പരസ്യത്തിനും ചെലവാക്കിയെന്ന് അറിയിച്ചതോടെ ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ ബജറ്റ് അവതരണം കേന്ദ്ര സര്‍ക്കാര്‍ തടയുന്നത്.
◾ഉത്തരേന്ത്യയില്‍ ഭൂകമ്പം. ഡല്‍ഹി, ജമ്മു കാഷ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി. ഇന്നലെ രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്.
◾നുണകളില്‍ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ എന്ന് ട്വീറ്റ് ചെയ്ത കന്നഡ നടന്‍ ചേതന്‍ കുമാര്‍ അഹിംസയെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുത്വ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബജ്രംഗദള്‍ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
◾പാര്‍ലമെന്റിനകത്തും പുറത്തും ബിജെപി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി. നിലപാടില്‍ വ്യക്തത വരുത്താന്‍ ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണം. തനിക്ക് സാമാന്യ നീതി നിഷേധിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്പീക്കര്‍ക്ക് രാഹുല്‍ എഴുതിയ കത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടു.
◾ഒളിവില്‍ കഴിയുന്ന ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിന്റെ വിവിധ രൂപങ്ങളിലുള്ള ഫോട്ടോകള്‍ പഞ്ചാബ് പൊലീസ് പുറത്തുവിട്ടു. അമൃത്പാല്‍ മുഖവും വേഷവും മാറ്റിയെന്നു സംശയിച്ചാണ് ഷേവ് ചെയ്ത ഫോട്ടോ സഹിതം പുറത്തിറക്കിയത്. ഇയാളെ കണ്ടെത്താന്‍ ഫോട്ടോകള്‍ സഹായകമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
◾ഖലിസ്ഥാന്‍ വാദി അമൃത്പാല്‍ സിംഗ് പൊലീസില്‍നിന്നു തെന്നിമാറി കാറില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച ജലന്ധറിലെ ടോള്‍ പ്ലാസയില്‍നിന്നും അമൃത്പാല്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നാലു പ്രതികള്‍ ചേര്‍ന്നാണ് അമൃത് പാലിനെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടാന്‍ ഉപയോഗിച്ച ബ്രസ്സ കാര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
◾അമൃത്പാല്‍ സിംഗിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റം ചുമത്തി. പഞ്ചാബ് സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയില്‍ വ്യക്തമാക്കി. അമൃത്പാലിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സര്‍ക്കാരിനെ പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
◾പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം യുഎപിഎ ട്രൈബ്യൂണല്‍ ശരിവച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ അധ്യക്ഷനായ ട്രൈബ്യൂണലാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവച്ചത്.
◾പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. മുന്‍ പഞ്ചാബ് ഡിജിപി, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡിഐജി, എസ്പി എന്നിവര്‍ക്കെതിരെയാണ് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഭഗവന്ത് മന്‍ നിര്‍ദേശിച്ചത്.
◾സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ മെഹുല്‍ ചോക്സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് പുനഃസ്ഥാപിക്കാനുള്ള നടപടി തുടങ്ങിയെന്ന് സിബിഐ. മെഹുല്‍ ചോക്സിയെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടരുമെന്നും സിബിഐ. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന സര്‍ക്കാര്‍ സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.
◾ഇന്ത്യയിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ചക്കിടെ ബുദ്ധജയന്തി പാര്‍ക്കില്‍ ചായയും പാനിപൂരിയും കഴിക്കുന്നതിന്റെ വീഡിയോ പുറത്ത്. മോദിതന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
◾പത്തു കോടി രൂപ തന്നില്ലെങ്കില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയെ അപായപ്പെടുത്തുമെന്ന് ഫോണ്‍ സന്ദേശം. ഗഡ്ഗരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് ജയേഷ് പൂജാരി എന്നു പേരു പറഞ്ഞ് ഒരാള്‍ ഭീഷണിപ്പെടുത്തിയത്. ഫോണ്‍ നമ്പര്‍ മംഗലൂരുവിലെ സ്ത്രീയുടേതാണെന്ന് പോലീസ് കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
◾ഏകീകൃത കളര്‍ കോഡില്‍നിന്നും അമിത നികുതിയില്‍നിന്നും രക്ഷപ്പെടാന്‍ കര്‍ണാടകയിലേക്കു റജിസ്ട്രേഷന്‍ മാറ്റിയ കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ കര്‍ണാടകത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ബെംഗളൂരുവിലെ കോളേജിലെ മലയാളി വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്കു പോയ ബസാണ് നാട്ടുകാര്‍ തടഞ്ഞത്. കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ലൈറ്റുകളും ഗ്രാഫിക്സുകളുമുള്ള ബസ് മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ തടഞ്ഞത്.
◾ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എലിശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച യന്ത്രം നീക്കം ചെയ്യും. യന്ത്രം പ്രവര്‍ത്തിക്കുമ്പോഴുള്ള ശബ്ദംമൂലം ക്ഷേത്രത്തിലെ ദൈവങ്ങള്‍ക്ക് ഉറങ്ങാനാകുന്നില്ലെന്നും യന്ത്രം നീക്കം ചെയ്യണമെന്നും പൂജാരിമാരാണു നിര്‍ദേശിച്ചത്. എലിശല്യംമൂലം ക്ഷേത്രം ഭാരവാഹികള്‍ സ്ഥാപിച്ചതായിരുനനു എലി യന്ത്രം.
◾പതിനഞ്ചുകാരനെ ബലാത്സംഗം ചെയ്ത കേസില്‍ പത്തൊമ്പതുകാരിക്കു പത്തു വര്‍ഷം തടവുശിക്ഷ. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനഞ്ചുകാരനെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ അറസ്റ്റു ചെയ്തത്.
◾ഇ കൊമേഴ്സ് കമ്പനിയായ ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. സാമ്പത്തിക അനിശ്ചിതത്വം കാരണം വരും ദിവസങ്ങളില്‍ ഒമ്പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടും. മൂന്നു മാസത്തിനിടെ 27,000 പേരെയാണ് കമ്പനി പിരിച്ചുവിടുന്നത്.
◾ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതം നാളെ ആരംഭിക്കും. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലാണ് നാളെ റമദാന്‍ നോമ്പിന് തുടക്കമാവുന്നത്.
◾വനിതാ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നാല് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം മുംബൈ 16.3 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
◾വനിതാ പ്രീമിയര്‍ ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. യുപി വാരിയേഴ്‌സ് മുന്നോട്ടുവെച്ച 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയത്തിലെത്തി. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ഡല്‍ഹി ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി. മുംബൈ ഇന്ത്യന്‍സ്-യുപി വാരിയേഴ്‌സ് എലിമിനേറ്ററിലെ വിജയികളായിരിക്കും കലാശപ്പോരില്‍ ഡല്‍ഹിയുടെ എതിരാളികള്‍.
◾ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് ചെന്നൈയിലെ ചെപ്പോക്കില്‍. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയും ജയിച്ചതിനാല്‍ ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.