പ്രഭാത വാർത്തകൾ2023 / മാർച്ച് 20 / തിങ്കൾ

◾നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കില്‍ സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭ സമാധാനപരമായി ചേരണമെന്നാണ് പ്രതിപക്ഷവും ആഗ്രഹിക്കുന്നത്. എന്നാല്‍ പൂച്ചക്കുട്ടികളെ പോലെ നിയമസഭയിലിരിക്കാന്‍ കഴിയില്ലെന്ന് സതീശന്‍ വ്യക്തമാക്കി. ഇന്നു രാവിലെ സഭാ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ നടക്കുന്ന കൂടിയാലോചനയില്‍ സമവായം ആയില്ലെങ്കില്‍ ഇന്നും നിയമസഭാ നടപടികള്‍ അലങ്കോലമാകും.

◾ഡല്‍ഹി പോലീസിന്റെ നോട്ടീസിനു പത്തു ദിവസത്തിനകം മറുപടി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. വലിയൊരു ചോദ്യാവലിതന്നെ പോലീസ് രാഹുലിനു നല്‍കിയിട്ടുണ്ട്. 45 ദിവസം മുമ്പു നടത്തിയ പ്രസംഗത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പോലീസ് തെരയുന്നത്. സമാനമായ ഒരു യാത്ര ഭരണകക്ഷി നേതാക്കള്‍ നടത്തി ഇങ്ങനെ പറഞ്ഞെങ്കില്‍ ഇങ്ങനെ ചോദ്യങ്ങള്‍ ഉന്നയിക്കുമോയെന്നും രാഹുല്‍ പൊലീസിനോട് ചോദിച്ചു.

◾ദേശീയ ഹരിത ട്രൈബ്യൂണല്‍ ചുമത്തിയ 100 കോടി രൂപ പിഴ ഒഴിവാക്കാനുള്ള നിയമസാധ്യതകള്‍ തേടി കൊച്ചി കോര്‍പ്പേറഷന്‍. വിധിയ്ക്കതിരെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കും. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുടെ അഭിപ്രായം തേടി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും പിഴ കണക്കാക്കുന്നതില്‍ ശാസ്ത്രീയ പഠനം നടത്തിയിട്ടില്ലെന്നുമാണ് കോര്‍പ്പറേഷന്റെ വാദം.


സപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ തളിപ്പറമ്പ് പൊലീസ് എടുത്ത കലാപ, ഗൂഢാലോചന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലാണ് ഇരുവര്‍ക്കുമേതിരെ ജാമ്യമില്ല വകുപ്പുകളനുസരിച്ചു കേസെടുത്തത്. സ്വപ്നക്കെതിരെ വിജേഷ് പിള്ള നല്‍കിയ പരാതി ക്രൈം ബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റ് അന്വേഷിക്കുന്നുണ്ട്.

◾രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ 1071 പേര്‍ രോഗബാധിതരായി. കേരളത്തില്‍ 163 പേര്‍ക്കു രോഗം ബാധിച്ചു. ജാഗ്രത വേണമെന്നു വീണ്ടും മുന്നറിയിപ്പ്.

◾സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമനടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ആര്‍ എസ് പി നേതാവ് എന്‍ കെ.പ്രേമചന്ദ്രന്‍ എംപി. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ മാനനഷ്ട കേസിനു വക്കീല്‍ നോട്ടീസ് അയച്ചു. പിണറായി മൗനം പാലിക്കുന്നത് ആരോപണം സമ്മതിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

◾കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപി യെ വിജയിപ്പിക്കുമെന്ന തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടി എല്ലാക്കാലവും മോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു.

◾സംസ്ഥാനത്ത് യുഡിഎഫിനെതിരേ സര്‍ക്കാര്‍ ഇത്രയേറെ കടന്നാക്രമണങ്ങള്‍ നടത്തിയിട്ടും ശക്തമായ പ്രക്ഷോഭം നടത്താനുള്ള ആലോചനകള്‍ക്കു യോഗംപോലും വിളിക്കുന്നില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

◾ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോടല്ല, യുഡിഎഫില്‍ അഭിപ്രായം പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലാ മാസവും യുഡിഎഫ് യോഗം ചേരുന്നുണ്ട്. വിമര്‍ശനങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

◾ബ്രഹ്‌മപുരത്ത് തീയും വിഷപ്പുകയും അണയ്ക്കാന്‍ നിര്‍ബന്ധപൂര്‍വം കസ്റ്റഡിയിലെടുത്ത് പണിയെടുപ്പിച്ച ജെസിബി ഡ്രൈവര്‍മാര്‍ക്കു മതിയായ കൂലി നല്‍കിയില്ലെന്ന് ആരോപണം. ജെസിബി ഡ്രൈവര്‍മാര്‍ക്ക് പ്രതിദിന കൂലിയായി നല്‍കിയ 1,500 രൂപ അപര്യാപ്തമാണെന്നാണ് ആരോപണം. അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്തത് പ്രദേശത്തു മുറിയെടുത്തു താമസിച്ചും ഹോട്ടല്‍ ഭക്ഷണം എത്തിച്ചുമാണ്. കിട്ടിയ പണം അതിനുപോലും തികഞ്ഞില്ലെന്നാണ് പരാതി.

◾പിഡിപി നേതാവ് അബ്ദുല്‍ നാസിര്‍ മദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്റോള്‍ ചെയ്തു. അഭിഭാഷകനായ വിവരം ഫോട്ടോയും കുറിപ്പും സഹിതം മദനി ഫേസ് ബുക്കില്‍ പങ്കുവച്ചു. നിരന്തര നീതി നിഷേധത്തിന്റെ ഒട്ടധികം എപ്പിസോഡുകളുടെ നടുവിലൂടെ എന്റെ മകന്‍ ന്യായാന്യായങ്ങളെ വേര്‍തിരിക്കുവാനുള്ള കറുത്ത ഗൗണ്‍ ഇന്ന് അണിഞ്ഞുവെന്നാണ് മദനി ഫേസ്ബുക്കില്‍ കുറിച്ചത്.

◾സഹകരണ സംഘത്തില്‍ ജോലി വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി രജിത്താണ് ആത്മഹത്യ ചെയ്തത്. പണം തട്ടിയെന്ന് ആരോപിച്ച് 2021 ല്‍ രജിത്ത് ചിറയന്‍കീഴ് പൊലീസില്‍ പരാതിയും നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

◾സാമൂഹ്യ മാധ്യമങ്ങളിലുള്ള കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ക്കെതിരേ സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരേ കോണ്‍ഗ്രസിലെ യുവനേതാക്കള്‍. ആക്രമണത്തിന് ഇരയായവരുടെ ഫോട്ടോയും പോസ്റ്റുകളും പങ്കുവച്ചാണ് നേതാക്കളായ വി.ടി. ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി. സരിന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയത്. സിപിഎം സൈബര്‍ ക്രിമിനലുകള്‍ക്കു ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണെന്നാണ് ആരോപണം.

◾മൂവാറ്റുപുഴ ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം. ഹയര്‍ സെക്കന്ററി ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് മോഷണം നടന്നത്. മേശയിലുണ്ടായിരുന്ന പണം നഷ്ടമായെങ്കിലും അലമാരയില്‍ പൂട്ടി സൂക്ഷിച്ച ചോദ്യപേപ്പര്‍ നഷ്ടപ്പെട്ടില്ല.

◾പ്രഥമ കേരള മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ 25 ാം ചരമവാര്‍ഷികം സിപിഎം ആചരിച്ചു. തിരുവനന്തപുരം ഏകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പതാകയുയര്‍ത്തി. എകെ ബാലന്‍, എം സ്വരാജ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. നിയമസഭയ്ക്ക് മുന്നിലെ ഇഎംഎസ് സ്‌ക്വയറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പ ചക്രമര്‍പ്പിച്ചു.

◾പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഹാഥ് സെ ഹാഥ് യാത്രയ്ക്കുനേരെ മുട്ടയെറിഞ്ഞ ഡിസിസി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിനെ പാര്‍ട്ടിയില്‍നിന്നു സസ്പെന്റ് ചെയ്തു.

◾അട്ടപ്പാടി വയലൂരില്‍ 150 കിലോ മാനിറച്ചിയുമായി ഒരാളെ വനം വകുപ്പ് പിടികൂടി. കള്ളമല സ്വദേശി റെജിയേയാണ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപ്പെട്ടു. വനം വകുപ്പ് പെട്രോളിംഗിനിടെ വെടിയൊച്ച കേട്ടപ്പോള്‍ വനത്തില്‍ തെരച്ചില്‍ നടത്തിയാണ് പ്രതിയെ പിടികൂടിയത്.

◾ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയില്‍നിന്നു രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് മാലോത്ത് സ്വദേശിയായ കൊന്നക്കാട് കുന്നോലാ വീട്ടില്‍ ബിജേഷ് സ്‌കറിയ (30), ചെന്നൈ പൊന്നമള്ളി തിരുവള്ളൂര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന മുഹമ്മദ് മുഹൈ യുദ്ദീന്‍ (39) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസില്‍ അടുത്ത മാസം പകുതിയോടെ വിധി പ്രസ്താവിക്കും. കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി 2017 മാര്‍ച്ച് 20 ന് രാത്രിയാണ് കൊല്ലപ്പെട്ടത്. അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍.

◾പാലക്കാട് കല്‍മണ്ഡപത്തില്‍ പട്ടാപ്പകല്‍ അന്‍സാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യ ഷെഫീനയെ കെട്ടിയിട്ട് 57 പവനും ഒന്നര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ നാലു പേര്‍ പിടിയില്‍. പാലക്കാട് സ്വദേശികളായ സുരേഷ്, വിജയകുമാര്‍, റോബിന്‍, പ്രദീപ് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

◾രാജ്യത്തെ ജനാധിപത്യ സംവിധാനത്തിലുള്ള ആശങ്കകളാണ് ലണ്ടനില്‍ നടന്ന സംവാദത്തില്‍ പങ്കുവച്ചതെന്ന് രാഹുല്‍ ഗാന്ധി. തന്നെ രാജ്യവിരുദ്ധനായി ചിത്രീകരിക്കുന്നതു ഗൂഡോദ്ധേശ്യത്തോടെയാണ്. മറ്റൊരു രാജ്യത്തോട് ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ജി 20 ഉച്ചകോടി ഒരുക്കങ്ങള്‍ ആലോചിക്കാന്‍ ചേര്‍ന്ന പാര്‍ലമെന്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് രാഹുല്‍ നിലപാട് അറിയിച്ചത്.

◾രാഹുല്‍ ഗാന്ധിയെതേടി ഡല്‍ഹി പൊലീസ് വീട്ടിലെത്തിയത് രാഷ്ട്രീയ വിരോധം തീര്‍ക്കാനെന്ന് കോണ്‍ഗ്രസ്. തന്നെ കണ്ട സ്ത്രീകളുടെ വിവരങ്ങള്‍ രാഹുല്‍ വ്യക്തമാക്കണമെന്ന വിചിത്രമായ ആവശ്യമാണ് പൊലീസിനുള്ളത്. ഭാരത് ജോഡോ യാത്രക്കിടെ ലക്ഷക്കണക്കിന് ആളുകളെ കണ്ടിട്ടുണ്ട്. അവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിശൂന്യതയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

◾ഡല്‍ഹി രാംലീല മൈതാനിയില്‍ കര്‍ഷക സംഘടനകളുടെ കിസാന്‍ മഹാപഞ്ചായത്ത് ഇന്ന്. ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ മൂന്നു വര്‍ഷമായിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ സമരത്തിനിറങ്ങുന്നത്. താങ്ങുവില നിശ്ചയിക്കാന്‍ കര്‍ഷകര്‍ ഉള്‍പെട്ട പാനല്‍ രൂപീകരിക്കുക, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.

◾കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ബുധനാഴ്ച പുറത്തിറക്കുമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ. കോലാറില്‍നിന്ന് മത്സരിക്കേണ്ടെന്ന് സിദ്ധരാമയ്യയോടു ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചെന്നാണു വിവരം. സുരക്ഷിത സീറ്റായ വരുണയില്‍നിന്നു സിദ്ധരാമയ്യ മത്സരിക്കാനാണ് സാധ്യത.

◾ഒടിടി പ്ലാറ്റ്ഫോമുകളില്‍ അസഭ്യ കണ്ടന്റുകള്‍ വര്‍ധിക്കുന്നതു തടയുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് താക്കൂര്‍. ക്രിയേറ്റിവിറ്റിയുടെ പേരില്‍ എന്തും അനുവദിക്കില്ല. നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അനുരാഗ് താക്കൂര്‍ മുന്നറിയിപ്പു നല്‍കി.

◾ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ സിക്കുകാര്‍ അതിക്രമിച്ചു കയറി ഇന്ത്യന്‍ പതാക വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ഖലിസ്ഥാന്‍ വിഘടനവാദി അമൃത്പാല്‍ സിംഗിനെതിരേ പഞ്ചാബ് പൊലീസ് നടത്തുന്ന വേട്ടയില്‍ പ്രതിഷേധിച്ചാണ് അതിക്രമം. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ഡല്‍ഹിയിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം യുകെ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ആവശ്യപ്പെട്ടു.

◾വ്യായാമത്തിന്റെ ഭാഗമായി റോഡരികിലൂടെ ജോഗിംഗ് നടത്തുകയായിരുന്ന ടെക് കമ്പനിയുടെ സിഇഒയായ യുവതി നിയന്ത്രണം വിട്ട് അമിത വേഗത്തിലെത്തിയ കാറിടിച്ചു മരിച്ചു. രാജലക്ഷ്മി വിജയ് ആണു മരിച്ചത്. മുംബൈ വര്‍ളി മില്‍ക് ഡയറിക്കു സമീപം നടന്ന അപകടത്തില്‍ കാറോടിച്ച സുമേര്‍ മെര്‍ച്ചന്റ് എന്ന 23 കാരനെ പ്രദേശത്തുണ്ടായിരുന്നവര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.

◾മെട്രോ നിര്‍മ്മാണ പരിസരത്തു ബാഗില്‍ യുവതിയുടെ ശരീരാവശിഷ്ടങ്ങള്‍. തെക്കു കിഴക്കന്‍ ഡല്‍ഹയിലെ സരായ് കാലേ ഖാനിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

◾ബംഗ്ലാദേശില്‍ ദേശീയ പാതയിലെ കൈവരി ഇടിച്ചു തെറിപ്പിച്ച് റോഡരികിലെ കുഴിയിലക്കു ബസ് വീണ് 19 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. ഷിബ്ചാര്‍ ജില്ലയിലെ തെക്കന്‍ മേഖലയിലാണ് അപകടമുണ്ടായത്.

◾ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് നാണംകെട്ട പത്ത് വിക്കറ്റ് തോല്‍വി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ഇന്ത്യയെ 117 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ വെറും 11 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യത്തിലെത്തി. 66 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും 51 റണ്‍സെടുത്ത ട്രാവിസ് ഹെഡും ഇന്ത്യന്‍ ബൗളിംഗിനെ നിഷ്പ്രഭമാക്കിയപ്പോള്‍ 5 വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയുടെ നടുവൊടിക്കാന്‍ നേതൃത്വം നല്‍കിയത്. ഇന്ത്യന്‍ ഏകദിനക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടുകളിലൊന്നാണ് ഈ തോല്‍വി.

◾ആഗോള സ്വര്‍ണ ഇ.ടി.എഫുകളിലെ നിക്ഷേപം നിറം മങ്ങുമ്പോഴും, മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ. ആഗോള തലത്തില്‍ തുടര്‍ച്ചയായ പത്താം മാസമാണ് സ്വര്‍ണ ഇ.ടി.എഫുകളിലെ നിക്ഷേപം ഇടയുന്നത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് സ്വീകരിച്ച നടപടി സ്വര്‍ണ ഇ.ടി.എഫുകളിലെ നിക്ഷേപത്തെ വന്‍ തോതിലാണ് ബാധിച്ചത്. അടിസ്ഥാന പലിശ നിരക്ക് കുത്തനെ കൂട്ടുകയും, ഡോളറിന്റെ മൂല്യവും ട്രഷറി ബോണ്ട് യീല്‍ഡും കുതിച്ചുയരുകയും ചെയ്തതാണ് സ്വര്‍ണ ഇ.ടി.എഫുകളുടെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കാന്‍ കാരണം. ആഗോള തലത്തില്‍ നിക്ഷേപം വന്‍ തോതില്‍ കൊഴിയുന്നുണ്ടെങ്കിലും, ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്. ഫെബ്രുവരിയിലെ കണക്കനുസരിച്ച്, സ്വര്‍ണ ഇ.ടി.എഫുകളിലെ നിക്ഷേപം 3.30 കോടി ഡോളര്‍ ഉയര്‍ന്ന് 250 കോടി ഡോളറില്‍ എത്തി. ഇതോടെ, മൊത്തം 38 ടണ്‍ നിക്ഷേപമാണ് ഇന്ത്യന്‍ ഇ.ടി.എഫുകളില്‍ ഉള്ളത്. അതേസമയം, യുകെ, അമേരിക്ക, ചൈന, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഫെബ്രുവരിയില്‍ കനത്ത നഷ്ടമാണ് നേരിട്ടത്.