*പ്രഭാത വാർത്തകൾ*_```2023 | മാർച്ച് 2 | വ്യാഴം |`

◾ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സര്‍ക്കാര്‍ തളളി. ഹൈക്കോടതിയുടെയും ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം 56 തന്നെയായി തുടരും. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചിഫ് സെക്രട്ടറിയാണ് മറുപടി നല്‍കിയത്.

◾ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. ത്രിപൂരയില്‍ ബിജെപിയും നാഗാലാന്‍ഡില്‍ ബിജെപി സഖ്യവും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫല പ്രവചനം.

◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസിനെ തിരുവനന്തപുരത്തുതന്നെ നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍. സിസയെ ഇന്നലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. പകരം നിയമനം നല്‍കിയിട്ടില്ല. സിസ തോമസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

◾സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്കും ലഭ്യമാക്കി. 1,382 പിജി ഡോക്ടര്‍മാരുടെ സേവനമാണ് മറ്റ് ആശുപത്രികളില്‍ ലഭ്യമാക്കുന്നത്. ആശുപത്രികളില്‍നിന്നു മെഡിക്കല്‍ കോളജിലേക്കു റഫറല്‍ ചെയ്യുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറയണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

◾കേരളം വീണ്ടും ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു. ടെണ്ടര്‍ വിളിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ബെറ്റ് ലീസ് വ്യവസ്ഥയിലാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തിരുന്നത്. കഴിഞ്ഞ ജനുവരിയിലും ഹെലികോപ്റ്ററിനായി ടെണ്ടര്‍ വിളിച്ചിരുന്നു. നേരത്തെ വാടകയ്ക്കെടുത്തെങ്കിലും ആകെ പറന്നത് 10 പ്രാവശ്യത്തില്‍ താഴെയായിരുന്നു. 22.21 കോടി രൂപയാണ് വാടകയായി നല്‍കിയത്.

◾ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍. സംസ്ഥാനംവിട്ട് റായ്പൂരിലേക്കു പോയതു ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് ആരോപിച്ച് പൊലീസ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് എല്‍ദോസ് കോടതിയുടെ അനുമതി തേടാതെ പോയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ഹൈക്കോടതിയില്‍ ജസ്റ്റിസ് മേരി ജോസഫ് പരിഗണിക്കുന്ന കേസുകളുടെ എണ്ണം ഇരുപതായി വെട്ടിക്കുറച്ചതിനെതിരേ ചീഫ് ജസ്റ്റിസിനെ എതിര്‍ കക്ഷിയാക്കി ഹര്‍ജി. ഹൈക്കോടതി അഭിഭാഷകന്‍ യശ്വന്ത് ഷേണായി ആണ് ഹര്‍ജിക്കാരന്‍. ജഡ്ജിമാര്‍ പരിഗണിക്കേണ്ട ഹര്‍ജികളുടെ എണ്ണത്തിനു മാനദണ്ഡം വേണം. ഓരോ ബഞ്ചും 50 ഹര്‍ജികളെങ്കിലും പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇതേസമയം, പരാതിക്കാരനായ യശ്വന്ത് ഷേണായിക്കെതിരേ അപമര്യാദയായി പെരുമാറിയതിനു ഹൈക്കോടതി കേസെടുത്തു. ജസ്റ്റിസ് മേരി ജോസഫിന്റെ പരാതിയിലാണു ഹൈക്കോടതി ക്രിമിനല്‍ കോടതിയലക്ഷ്യത്തിനു കേസെടുത്തത്.

◾വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം നടപ്പാക്കിയെന്നു കേരളം റിപ്പോര്‍ട്ടു നല്‍കി. 68 പേരുടെ പെന്‍ഷനാണ് വര്‍ധിപ്പിച്ചു നല്‍കിയത്. ഇതോടെ ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാകും.

◾രോഗിയില്‍നിന്നു കോഴ വാങ്ങിയ രണ്ടു ഡോക്ടര്‍മാര്‍ വിജിലന്‍സ് പിടിയില്‍. ചാവക്കാട് താലുക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ പ്രദീപ് വര്‍ഗീസ്സ് കോശി, അനസ്തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്. ഡോ പ്രദീപ് മൂവായിരം രൂപയും, ഡോ. വീണ രണ്ടായിരം രൂപയുമാണ് വാങ്ങിയത്. പൂവ്വത്തൂര്‍ സ്വദേശി ആഷിക് നല്‍കിയ പരാതിയിലാണു നടപടി.

◾വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയ്ക്കു വീടു നിര്‍മ്മിച്ചു നല്‍കണമെന്ന അപേക്ഷയുമായി ബിജെപി വയനാട് ജില്ലാ അധ്യക്ഷന്‍ കെ പി മധു കല്‍പറ്റ നഗരസഭാ സെക്രട്ടറിക്കു കത്തു നല്‍കി. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയ്ക്ക് വീടും സ്ഥലവും നല്‍കണമെന്നാണ് ആവശ്യം. 52 വയസായ തനിക്ക് സ്വന്തമായി വീടില്ലെന്നു രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞതിനെ പരിഹസിച്ചാണ് കത്ത്.

◾പയ്യന്നൂരില്‍ പെരുമ്പ മാതമംഗലം റോഡ് വീതികൂട്ടാന്‍ 51 വീട്ടുകാരുടെ സ്ഥലം കൈയേറിയ സിപിഎം പ്രവര്‍ത്തകരുടെ നടപടിയെ ന്യായീകരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. സ്ഥലം കൈയേറ്റത്തിനെതിരേ കോടതി ഉത്തരവു സമ്പാദിച്ചിട്ടുണ്ടെങ്കിലും പൊതുആവശ്യത്തിന് എല്ലാവരും സഹകരിക്കണമെന്നാണ് ജയരാജന്‍ പ്രതികരിച്ചത്.  

◾നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരേ വീണ്ടും ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ റിമാന്‍ഡു പ്രതിയെന്നു പരിഹസിച്ച് മുന്‍മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ. ബാലന്‍. മൊഴി മാറ്റിപ്പറയുന്ന റിമാന്‍ഡ് പ്രതിയുടെ ആരോപണത്തിനു മുഖ്യമന്ത്രി മറുപടി പറയണമെന്നു പറയുന്നത് സാമന്യ ബോധത്തിനു നിരക്കുന്നതല്ലെന്നാണ് ബാലന്റെ അധിക്ഷേപം. ചട്ട പ്രകാരം അനുവദിക്കാന്‍ കഴിയാത്ത വിഷയമായിട്ടും പ്രമേയം സ്പീക്കര്‍ അനുവദിച്ചത് മാന്യതയും ഔദാര്യവുമാണെന്നും ബാലന്‍.

◾യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) യാണ് മരിച്ചത്. കോഴിക്കോട് പാലാഴിയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റിലാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ഥിയാണ്. കണിയാമ്പറ്റ പരേതനായ പള്ളിയാല്‍ ഷൗക്കത്തിന്റെയും ആമിനയുടെയും മകളും ഫരീദ് താമരശേരിയുടെ ഭാര്യയുമാണ്.

◾സ്‌കൂള്‍ കലോത്സവ നടത്തിപ്പില്‍ വീഴ്ച വരുത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത. സബ് ജില്ലാതല സ്‌കൂള്‍ കലോത്സവ അപ്പീല്‍ കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍.എസ് സുരേഷ് ബാബുവിനെതിരെയാണ് നടപടിക്കു ശുപാര്‍ശ. ഒപ്പനയില്‍ മത്സരിച്ചവരുടെ പരാതി കലോത്സവ മാനുവലിനു വിരുദ്ധമായി തീര്‍പ്പാക്കിയതിനെ ചോദ്യം ചെയ്ത് പട്ടം ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണു ലോകായുക്തയ്ക്കു പരാതി നല്‍കിയത്.

◾പാചക വാതക വില വര്‍ധവനില്‍ പ്രതിഷേധിച്ച് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ ട്രെയിന്‍ തടയല്‍ സമരവുമായി ഡിവൈഎഫ്ഐ. കായംകുളം പാസഞ്ചര്‍ ട്രെയിനിനു മുന്നില്‍ നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.

◾ഹരിപ്പാട് ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കംമൂത്ത് ഗ്രാമപഞ്ചായത്ത് ഹാളില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ അടിപിടി. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയെ പരിക്കുകളോടെ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാറും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ അനീഷ് എസ് ചേപ്പാടും തമ്മിലാണ് അടിപിടിയുണ്ടായത്.

◾ഹരിപ്പാട് പള്ളിപ്പാട് കോട്ടയ്ക്കകം ശ്രീ നരിഞ്ചില്‍ ക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി മോഷണം. 51,000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്.

◾സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തമിഴ് കവര്‍ച്ചാസംഘം കോഴിക്കോട്ട് അറസ്റ്റിലായി. കേരളം, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ബസുകള്‍, ആരാധനാലയങ്ങള്‍, മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന സംഘമാണു പിടിയിലായത്. തമിഴ്നാട് ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45), മകള്‍ സന്ധ്യ (25), എന്നിവരാണ് അറസ്റ്റിലായത്.

◾കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് 24 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍ക്കോട് സ്വദേശി മുഹമ്മദ് ഷിഹാബുദ്ധീനില്‍ നിന്നാണ് 439 ഗ്രാം സ്വര്‍ണം പിടിച്ചത്.

◾അനധികൃത മദ്യ വില്പന നടത്തിയെന്ന് ആരോപിച്ച് യുവാവിനെ എക്‌സൈസ് പിടികൂടി. അര്‍ത്തുങ്കല്‍ ആയിരം തൈപള്ളിപ്പറമ്പില്‍ ടോണിയെ (ഷെറിനെ -25) ആണ് വീട്ടില്‍ സൂക്ഷിച്ച മൂന്നു ലിറ്റര്‍ മദ്യവുമായി അറസ്റ്റു ചെയ്തത്. മദ്യം വിറ്റു കിട്ടിയ പണമെന്ന പേരില്‍ വീട്ടില്‍നിന്ന് 3000 രൂപയും എക്സൈസ് കണ്ടെടുത്തു.

◾കൊച്ചിയില്‍ 140 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടി. കങ്ങരപ്പടി സ്വദേശി ഷമീമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാംത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് 62 വര്‍ഷം കഠിന തടവ്. ഭാര്യയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച മകളെയാണ് നിരവധി കേസുകളിലെ പ്രതിയായ രണ്ടാനച്ഛന്‍ തട്ടികൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ പൊലീസിനുനേരെ പ്രതി ബോംബെറിഞ്ഞ് രക്ഷപ്പെട്ടെങ്കിലും പിന്നീടു പിടിയിലായി.

◾നഗ്നനായി നടന്ന് മോഷണം നടത്തിയെന്ന കേസില്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയ മോഷ്ടാവ് മറ്റൊരു മോഷണക്കേസില്‍ പിടിയില്‍. വാട്ടര്‍ മീറ്റര്‍ കബീര്‍ എന്ന് വിളിക്കുന്ന ഗൂഡല്ലൂര്‍ സ്വദേശി കബീറാണ് മലപ്പുറത്ത് പിടിയിലായത്.

◾നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് 17 ശതമാനം ശമ്പളവര്‍ധന പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇടക്കാലാശ്വാസമായാണ് ഈ വര്‍ധന. ഏഴാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പുതിയ ശമ്പള സ്‌കെയില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. ശമ്പള വര്‍ധന ആവശ്യപ്പെട്ട് അഞ്ചു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരിക്കേയാണ് ശമ്പളം വര്‍ധിപ്പിച്ചത്.

◾ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ആദായനികുതി വകുപ്പു റെയ്ഡ് നടത്തിയ സംഭവത്തില്‍ നീരസം പ്രകടിപ്പിച്ച് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജയിംസ് ക്ലെവര്‍ലി. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മറുപടി നല്‍കി. ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ബിബിസി റെയ്ഡ് ചര്‍ച്ചയായത്.

◾പശ്ചിമ ബംഗാളില്‍ 22 സര്‍വകലാശാലകളിലെ 20 വൈസ് ചാന്‍സലര്‍മാര്‍ രാജിവച്ചു. യുജിസി മാനദണ്ഡം പാലിക്കാതെ വിസിയായി നിയമിക്കപ്പെട്ടവരെ നീക്കം ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നയപരമായി ഇടപെട്ടാണ് എല്ലാവരേയും രാജിവയ്പിച്ചത്. മാനദണ്ഡം പാലിച്ച് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു വൈസ്ചാന്‍സലര്‍മാരെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

◾ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ 3000 ക്ഷേത്രങ്ങള്‍ പണിയുന്നു. ഹിന്ദു മതം സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. ഇതിനായി തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് 10 ലക്ഷം രൂപ ഓരോ ക്ഷേത്രത്തിനായും നീക്കിവച്ചിട്ടുണ്ട്. 1330 ക്ഷേത്രങ്ങളുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു.

◾കോണ്‍ഗ്രസ് നേതാവ് മണിശങ്കരയ്യരുടെ മകളുടെ നേതൃത്വത്തിലുള്ള എന്‍ജിഒയുടെ വിദേശ സംഭാവനാ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിനെതിരേയാണു നടപടി. വിദേശ നാണ്യ വിനിമയ നിയന്ത്രണനിയമം ലംഘിച്ചെന്ന് ആരോപിച്ചാണു നടപടി.

◾തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡിക്കുനേരെ ചീമുട്ടയും തക്കാളിയും എറിഞ്ഞു. ഭൂപാല്‍ പള്ളിയില്‍ റാലിക്കിടെയാണ് അജ്ഞാത സംഘം മുട്ടയെറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് ബിആര്‍എസ് - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും ചേരിതിരിഞ്ഞ് കല്ലേറുമുണ്ടായി.

◾ബെംഗളുരു മുന്‍ സിറ്റി പൊലീസ് കമ്മീഷണറും ആം ആദ്മി പാര്‍ട്ടി അംഗവുമായിരുന്ന ഭാസ്‌കര്‍ റാവു ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാനാധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ അംഗത്വം നല്‍കി.

◾ലാരിസ നഗരത്തില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്രീസിലെ ഗതാഗത മന്ത്രി കോസ്റ്റാസ് രാജിവച്ചു.

◾മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 47 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഓസ്ട്രേലിയന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ തകര്‍ന്നടിഞ്ഞ് 109 റണ്‍സിന് ഒന്നാമിന്നിംഗ്സ് അവസാനിപ്പിച്ചു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തിട്ടുണ്ട്. ഓസ്ട്രേലിയയുടെ നാല് വിക്കറ്റുകളും വീഴ്ത്തിയത് രവീന്ദ്ര ജഡേജ ജഡേജയാണ്.

◾ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗസിലെ നാല് വിക്കറ്റും വീഴ്ത്തിയ രവീന്ദ്ര ജഡേജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ തികച്ചു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 വിക്കറ്റുകളും 5000 റണ്‍സും തികയ്ക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ജഡേജ ഇടംപിടിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന് ശേഷം ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ജഡേജ.

◾ഫെബ്രുവരിയിലെ ജി.എസ്.ടി പിരിവില്‍ വര്‍ധന. 1,49,557 കോടിയായാണ് ജി.എസ്.ടി പിരിവ് വര്‍ധിച്ചത്. 12 ശതമാനം ഉയര്‍ച്ചയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോഴാണ് വളര്‍ച്ച. 2022 ഫെബ്രുവരിയില്‍ ജി.എസ്.ടി വരുമാനം 1,33,026 കോടിയായിരുന്നു. തുടര്‍ച്ചയായ 12-ാം മാസവും ജി.എസ്.ടി പിരിവ് 1.4 ലക്ഷം കോടിയില്‍ തന്നെ തുടരുകയാണെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. സി.ജി.എസ്.ടി 27,662 കോടിയും ഐ.ജി.എസ്.ടി 75,069 കോടിയും എസ്.ജി.എസ്.ടി 34,915 കോടിയുമാണ് പിരിച്ചെടുത്തത്. 11,931 കോടി സെസായും പിരിച്ചു. മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ ജി.എസ്.ടി പിരിച്ചെടുത്തത്. 22,349 കോടി രൂപയാണ് മഹാരാഷ്ട്രയുടെ നികുതി വരുമാനം. കര്‍ണാടക 10,809 കോടിയും ഗുജറാത്ത് 9,574 കോടിയും പിരിച്ചെടുത്തു. ജനുവരിയിലെ ജി.എസ്.ടി പിരിവ് 1.56 ലക്ഷം കോടിയായിരുന്നു. ഇതുവരെയുള്ളതില്‍ രണ്ടാമത്തെ വലിയ പിരിവായിരുന്നു ഇത്. 2022 ഏപ്രിലില്‍ പിരിച്ചെടുത്ത 1.68 ലക്ഷം കോടിയാണ് പിരിവിലെ റെക്കോര്‍ഡ്. നേരത്തെ സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. 16,982 കോടിയാണ് കൈമാറിയത്.

◾അവഞ്ചേഴ്സ് സംവിധായകരായ റൂസോ സഹോദരങ്ങള്‍ ഒരുക്കുന്ന ആക്ഷന്‍-സ്പൈ ത്രില്ലര്‍ സിറ്റഡല്‍ സീരിസ് ഏപ്രില്‍ 28-ന് റിലീസ് ചെയ്യും. റിലീസ് ദിവസം ആദ്യ രണ്ട് എപ്പിസോഡുകള്‍ പ്രീമിയര്‍ ചെയ്യും. തുടര്‍ന്ന് മെയ് 27വരെ എല്ലാ വെള്ളിയാഴ്ച്ചകളിലും ആഴ്ചതോറും പുതിയ എപ്പിസോഡ് പുറത്തിറങ്ങും. റിച്ചാര്‍ഡ് മാഡനും പ്രിയങ്ക ചോപ്ര ജോനാസും സ്റ്റാന്‍ലി ടുച്ചിയും ലെസ്ലി മാന്‍വില്ലെയും സീരിസില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സീരിസില്‍ നാദിയ സിന്‍ഹ് എന്ന ഏജന്റായാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുക. സ്വതന്ത്ര ആഗോള ചാരസംഘടനയായ സിറ്റാഡലിന്റെ പതനത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഏജന്റ് ആണ് നാദിയ. റൂസോ ബ്രദേഴ്സ് സൃഷ്ടിച്ച സയന്‍സ് ഫിക്ഷന്‍ സ്പൈ ത്രില്ലറിന് വിവിധ രാജ്യങ്ങളില്‍ ഒന്നിലധികം സ്പിന്‍ഓഫുകള്‍ ഉണ്ടാകും. അതില്‍ ഒരു രാജ്യം ഇന്ത്യയാണ്. വരുണ്‍ ധവാന്‍, സമാന്ത റൂത്ത് പ്രഭു എന്നിവരാണ് അതില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഫാമിലി മാന്‍ ഒരുക്കിയ രാജ് ആന്‍ഡ് ഡികെയാണ് സീരിസിന്റെ ഇന്ത്യന്‍ സ്പിന്‍ഓഫ് സംവിധാനം ചെയ്യുന്നത്.

◾പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ കപില്‍ ശര്‍മ നായകനായെത്തുന്ന 'സ്വിഗാറ്റോ' സിനിമയുടെ ട്രെയിലര്‍ എത്തി. നന്ദിത ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷഹാന ഗോസ്വാമിയാണ് നായിക. സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ് ആയ സ്വിഗാറ്റോയിലെ തൊഴിലാളിയായാണ് കപില്‍ ശര്‍മ ചിത്രത്തിലെത്തുന്നത്. ഗുല്‍ പങ്, സയാനി ഗുപ്ത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം പ്രീമിയര്‍ ചെയ്തിരുന്നു. മാര്‍ച്ച് 17ന് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യും.

◾ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 2023 അല്‍കാസര്‍ എസ്യുവി രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ മൂന്നു വരി എസ്യുവിയുടെ ബുക്കിംഗും കമ്പനി ആരംഭിച്ചു. പുതിയ മോഡലിന് 25,000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനിലോ അംഗീകൃത സിഗ്നേച്ചര്‍ ഹ്യുണ്ടായ് ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം. പുതിയ അല്‍കാസറിന് പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കുമെന്ന് ഹ്യുണ്ടായ് സ്ഥിരീകരിച്ചു. പുതിയ 1.5 ലിറ്റര്‍ ടി-ജിഡിഐ 4സിലിണ്ടര്‍ എഞ്ചിന്‍, 2023 മാര്‍ച്ച് 21-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന പുതിയ തലമുറ വെര്‍ണയ്ക്കും കരുത്ത് പകരും. ഹ്യുണ്ടായിയില്‍ ഉടനീളമുള്ള 1.4ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് പകരമാണ് പുതിയ എഞ്ചിന്‍ വരുന്നത്. ക്രെറ്റ ലൈനപ്പില്‍ നിന്ന് ഹ്യുണ്ടായ് ഇതിനകം 1.4 എല്‍ ടര്‍ബോ എഞ്ചിന്‍ നീക്കം ചെയ്തിട്ടുണ്ട്. 2023 ഹ്യുണ്ടായ് അല്‍കാസര്‍ നിലവിലുള്ള മോഡലിന് സമാനമാണ്. കൂടുതല്‍ കാര്യക്ഷമതയ്ക്കായി ഒരു സംയോജിത സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ ഉപയോഗിക്കുന്ന ഐഡില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് ഗോ ഫംഗ്ഷനുമായാണ് എസ്യുവി വരുന്നത്.

◾സെല്‍ഫിഷ് ജീനിലൂടെ പ്രശസ്തനായ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ മറ്റൊരു പ്രശസ്ത കൃതി. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ദൈവം എന്ന സര്‍വോന്നതനായ അധികാരത്തെയും മതത്തെയും പരിണാംമസിദ്ധാന്തത്തിന്റെയും തുടര്‍ന്നുവന്ന കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ വിമര്‍ശനാത്മകമായി കാണുകയാണ് ഡോക്കിന്‍സ്. തന്റെ സ്വതസിദ്ധമായ നര്‍മ്മത്തിലൂടെയും സൂക്ഷ്മനിരീക്ഷണത്തിലൂടെയും ശാസ്ത്രീയമായ തെളിവുകളിലൂടെയും ദൈവവാദക്കാരുടെയും സൃഷ്ടിവാദക്കാരുടെയും ഓരോ വാദങ്ങളെയും പൊളിച്ചടുക്കുകയാണ് ഈ കൃതിയില്‍. 'ദൈവവിഭ്രാന്തി'. ഡിസി ബുക്സ്. വില 580 രൂപ.

◾വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് ചര്‍മ സംരക്ഷണവും. ചൂടും വെയിലും പൊടിയും അധികം ഏല്‍ക്കുന്ന സമയമായതിനാല്‍ ചര്‍മ്മത്തെയും അത് സാരമായി ബാധിക്കും. വേനല്‍കാലത്തെ ചര്‍മ്മ സംരക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് സണ്‍സ്‌ക്രീന്‍. കടുത്ത വെയില്‍ ചര്‍മ്മത്തില്‍ പതിക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത പോലും വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് മൂലം ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാനും സാധ്യതയുണ്ട്. അതുകൊണ്ട് പുറത്തു പോകുമ്പോഴെല്ലാം സണ്‍സ്‌ക്രീന്‍ പുരട്ടുക. കുറഞ്ഞത് എസ്പിഎഫ് 30 ഉള്ള സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ശ്രദ്ധിക്കുക.ഇത് ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുന്ന അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കും. വേനല്‍ക്കാലത്ത് പല കാരണങ്ങളാല്‍ നമ്മുടെ ചര്‍മ്മം പെട്ടന്ന് വരണ്ടുപോകും. അതുകൊണ്ട് തന്നെ ലൈറ്റ് മോയ്സ്ചറൈസര്‍ തെരഞ്ഞെടുക്കുന്നത് ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും ചര്‍മ്മം വരളുന്നത് ഒഴിവാക്കാനും സഹായിക്കും. ചൂടുള്ള ദിവസങ്ങളില്‍ കനത്ത മേക്കപ്പ് ഒഴിവാക്കുക. വേനല്‍കാലത്ത് വിയര്‍പ്പ് കൂടുതലായിരിക്കും. വിയര്‍പ്പ് മൂലം മേക്കപ്പ് നാശമാകാനും സാധ്യതയുണ്ട്. ലൈറ്റ് മേക്കപ്പാണ് വേനല്‍ക്കാലത്ത് ഏറ്റവും നല്ലത്. ചര്‍മ്മസംരക്ഷണത്തെ പോലെ തന്നെ ധരിക്കുന്ന വസ്ത്രത്തിലും ശ്രദ്ധകൊടുക്കണം. ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ധരിക്കുന്ന വസ്ത്രം വലിയ പങ്ക് വഹിക്കുന്നു. അയഞ്ഞതും ഇരുണ്ട നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഗുണം ചെയ്യും. തൊപ്പിയും സണ്‍ഗ്ലാസുകളും ധരിക്കുന്നതും നല്ലതാണ്. കഠിനമായ വേനല്‍ക്കാലത്ത് മുഖത്ത് അടിഞ്ഞുകൂടിയ വിയര്‍പ്പും അഴുക്കും വൃത്തിയാക്കണം. എന്നാല്‍ എപ്പോഴും മുഖം കഴുകുന്നതിനെ വിദഗ്ധര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ സ്വാഭാവിക ഈര്‍പ്പം നീക്കും. ചര്‍മ്മത്തെ സംരക്ഷിക്കുന്ന പ്രകൃതിദത്തമായ ഈര്‍പ്പമുള്ള ഘടകങ്ങള്‍ ശരീരം ഉത്പാദിപ്പിക്കുന്നുണ്ട്. ഇടയ്ക്കിടെ മുഖം കഴുകുന്നത് ചര്‍മ്മത്തെ വരണ്ടതാക്കും.

*ശുഭദിനം*

കഴിഞ്ഞ ഒരാഴ്ചയായി ആ അധ്യാപകന്‍ ക്ലാസ്സെടുത്തിരുന്നത് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെക്കുറിച്ചായിരുന്നു. അവസാന ക്ലാസ്സില്‍ അദ്ദേഹം കുട്ടികളോട് ചോദിച്ചു: മഹാനായ അലക്‌സാണ്ടറെ കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടോ? അപ്പോള്‍ ഒരു കുട്ടി ചോദിച്ചു: സാര്‍, ഈ വെള്ളക്കുതിരയെക്കുറിച്ച് വിശദീകരിച്ചതു മുഴുവന്‍ എനിക്ക് മനസ്സിലായി. ആ കുതിരപ്പുറത്തിരിക്കുന്നയാളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? ... കേള്‍ക്കുന്നവര്‍ എന്തു മനസ്സിലാക്കി എന്നതാണ് പറയുന്നവര്‍ എന്ത് പ്രസ്താവന നടത്തി എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം. പറയുന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവും ബോധ്യവും ഇല്ലാത്തവരുടെ വാക്കുകളാണ് എപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നത്. വേണ്ടതെല്ലാം ഞാന്‍ പറഞ്ഞു എന്ന് അവകാശവാദമുന്നയിക്കുന്നവര്‍ പറഞ്ഞതെല്ലാം കേട്ടവര്‍ക്ക് മനസ്സിലായോ എന്ന തെളിവെടുപ്പുകൂടി നടത്തണം. പറയുന്നത് ഒന്നും മനസ്സിലാക്കുന്നത് മറ്റൊന്നും ആകുമ്പോഴാണ് ആശയവിനിമയത്തിലും ബന്ധത്തിലും വിടവുകള്‍ രൂപപ്പെടുന്നത്. തനിക്കറിയാവുന്ന ഭാഷയില്‍ സംസാരിക്കുന്നതിനെ നമുക്ക് പാണ്ഡിത്യമെന്ന് പറയാം. എന്നാല്‍ അപരന് മനസ്സിലാകുന്ന
 ഭാഷയില്‍ സംസാരിക്കുന്നതാണ് വിവേകം കൊണ്ട് അര്‍ത്ഥമാക്കുന്നത്. തലച്ചോറുകൊണ്ടും ഹൃദയംകൊണ്ടും നമുക്ക് സംസാരിക്കാന്‍ സാധിക്കും. പക്ഷേ, നാവുകൊണ്ട് പറയുന്നതെല്ലാം കാതിന് മനസ്സിലാകണമെങ്കില്‍ ഉച്ചാരണം വ്യക്തമായാല്‍ മാത്രം പോരാ.. ഹൃദയത്തുടിപ്പുകള്‍ കൂടി അതിനോട് ഇണങ്ങിച്ചേരണം... നമുക്കും ഹൃദയം കൊണ്ട് സംസാരിക്കാന്‍ ശ്രമിക്കാം - *ശുഭദിനം.*