◾പുതിയ അധ്യയന വര്‍ഷം ഈ മാസംതന്നെ തുടങ്ങുന്നത് സിബിഎസ്ഇ വിലക്കി. ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാണ് സിബിഎസ്ഇ സ്‌കൂളുകളില്‍ അധ്യയനവര്‍ഷം. കേരളത്തിലടക്കം പല സ്‌കൂളുകളിലും ഏപ്രില്‍ ഒന്നിനു മുന്‍പ് ക്ലാസ് തുടങ്ങാനിരിക്കേയാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
◾ജഡ്ജി നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പ്രതിരോധിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. കൊളിജീയം വ്യവസ്ഥ സുതാര്യമാണ്. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് ഏറെ ശ്രദ്ധയോടെയാണ്. ന്യൂനപക്ഷ അംഗങ്ങളായ കൂടൂതല്‍ പേരെ ജൂഡീഷ്യറിയിലേക്ക് കൊണ്ടുവരണം. ഒരു ജഡ്ജിയെ എന്തുകൊണ്ട് തെരഞ്ഞെടുത്തെന്ന റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നില്‍ വെയ്ക്കുന്നുണ്ട്. സുപ്രീംകോടതി കോളീജിയം യോഗങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ ലഭ്യമാണെന്നും ചീഫ് ജസ്റ്റീസ്. ഒരു ചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾വീണ്ടും കര്‍ഷക പ്രക്ഷോഭം. നാളെ ഡല്‍ഹി രാംലീല മൈതാനിയില്‍ കിസാന്‍ മഹാപഞ്ചായത്ത്. കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണു പരിപാടി. ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു സമരം നിര്‍ത്തിയതാണ്. പക്ഷേ മൂന്നു വര്‍ഷമായിട്ടും വാഗ്ദാനങ്ങളൊന്നും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരകാഹളവുമായി കര്‍ഷകര്‍ സംഗമിക്കുന്നത്. താങ്ങുവില, എംഎസ്പി പാനല്‍ രൂപീകരിക്കല്‍, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണു സമരം.
◾പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ എം എ സലാം അടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെ പന്ത്രണ്ട് ദേശീയ നേതാക്കള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യത്ത് ഇസ്ലാമിക ഭരണത്തിനായി സായുധ കലാപത്തിനു സംഘങ്ങളെ രൂപീകരിച്ചെന്നാണ് ആരോപണം. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എന്‍ഐഎ സമര്‍പ്പിക്കുന്ന അഞ്ചാമത്തെ കുറ്റപത്രമാണിത്.
◾ഭൂകമ്പംമൂലം തകര്‍ന്ന തുര്‍ക്കിയിലെ ജനങ്ങള്‍ക്കു കേരളത്തിന്റെ സഹായമായി 10 കോടി രൂപ അനുവദിച്ചെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഭൂകമ്പബാധിതരായ തുര്‍ക്കി ജനതയെ സഹായിക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ് ഈ തുക.
◾മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരും. കോഴിക്കോടു ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
◾രണ്ടു ദിവസം വേനല്‍മഴയ്ക്കു സാധ്യത. ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്.
◾കേന്ദ്ര സര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ജനജീവിതത്തെ ദുരിതപൂര്‍ണമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് അടക്കമുള്ള ജനകീയ സമരങ്ങളിലുണ്ടാകുന്ന വര്‍ദ്ധിച്ച ജനപങ്കാളിത്തം മുതലാളിത്ത ഭരണകൂടത്തെ ഭയപ്പെടുത്തുന്നുണ്ട്. ഒരുവര്‍ഷം നീണ്ട കര്‍ഷകസമരത്തിന്റെ വിജയവും കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ 21 ദേശീയ പണിമുടക്കുകളും കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയെന്നും പിണറായി വിജയന്‍.
◾അന്തരിച്ച ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപും ദാര്‍ശനികനുമായ മാര്‍ ജോസഫ് പൗവത്തിലിന്റെ സംസ്‌കാര ചടങ്ങുകള്‍ 22 ന് രാവിലെ പത്തിന്. മാര്‍ പൗവത്തിലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ അനുശോചിച്ചു.
◾കോര്‍പ്പറേഷന്റെ ഭാഗം കേള്‍ക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ബ്രഹ്‌മപുരം തീ പിടുത്തത്തിന്റെ പേരില്‍ നൂറു കോടി രൂപ പിഴശിക്ഷ വിധിച്ച് ഉത്തരവിറക്കിയതെന്ന് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. തീപിടിത്തംമൂലമുണ്ടായ നഷ്ടം കണക്കാക്കാതെയാണ് 100 കോടി രൂപ പിഴ വിധിച്ചതെന്നും അനില്‍ കുമാര്‍ കുറ്റപ്പെടുത്തി.
◾ബ്രഹ്‌മപുരം തീ പിടുത്തത്തിനു ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷനു വിധിച്ച 100 കോടി രൂപയുടെ പിഴ ശിക്ഷ ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാതെ മേയറും ഉദ്യോഗസ്ഥരും മന്ത്രിമാരും അടക്കമുള്ളവരില്‍നിന്ന് ഈടാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഒന്നാം പ്രതി. കൊച്ചി കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
◾തിരുവനന്തപുരം ലോ കോളേജില്‍ കെഎസ്യുവിന്റെ കൊടികള്‍ കൂട്ടിയിട്ട് കത്തിച്ച 24 എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കേണ്ടെന്ന് പിടിഎ യോഗം തീരുമാനിച്ചു. വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം നാളെ നടത്തും. പിടിഎ പ്രതിനിധികളും പങ്കെടുക്കും. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 21 അധ്യാപകരെ പത്തു മണിക്കൂര്‍ പൂട്ടിയിട്ടതിന് 60 എസ്എഫ്ഐക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
◾പാലക്കാട് കല്ലേപ്പുള്ളി മില്‍മ പ്ലാന്റില്‍ അമോണിയം വാതക ചോര്‍ച്ച. വാതകം ശ്വസിച്ച് കുട്ടികള്‍ക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായി. നേരിയ തോതില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചെന്നാണ് മില്‍മയുടെ വിശദീകരണം.
◾തലയ്ക്കടിച്ചു കൊലപാതകം നടത്തിയ കേസിലെ പ്രതി റിപ്പന്‍ ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി പരോള്‍ അനുവദിച്ചു. ജയാനന്ദന്റെ ഭാര്യ അഭിഭാഷകയായ മകള്‍ മുഖേനെ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ജയാനന്ദന് 15 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണു ഹൈക്കോടതിയെ സമീപിച്ചത്.
◾ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി കോട്ടയം ഉഴവൂര്‍ കുറിച്ചിത്താനം ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയെ (58) തെരഞ്ഞെടുത്തു. ഏപ്രില്‍ മുതല്‍ ആറു മാസത്തേക്കാണു നിയമനം. ആയുര്‍വേദ ഡോക്ടറാണ്.
◾ആര്‍എസ്എസിനോടുള്ള നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മലപ്പുറത്ത് മുസ്ലിം ലീഗ് എംഎല്‍എയുമായി ചര്‍ച്ച നടത്തിയെന്നും ലീഗിനെ ജനാധിപത്യ പാര്‍ട്ടിയായാണ് കാണുന്നതെന്നും ആര്‍എസ്എസ് നേതാക്കള്‍ കൊച്ചിയില്‍ പറഞ്ഞിരുന്നു. ഇതിനു പിറകേയാണ് മുസ്ലീം ലീഗിന്റെ പ്രതികരണം.
◾കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ ബ്രഹ്‌മപുരം പ്രതിഷേധത്തിനിടെ കോര്‍പറേഷന്‍ സെക്രട്ടറിയെ മര്‍ദ്ദിച്ച കേസില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
◾നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡുമാരെ ആക്രമിച്ച പ്രതിപക്ഷ എംഎല്‍എമാരെ നിയമസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി.
◾പത്തനംതിട്ട വലഞ്ചുഴിയില്‍ കോണ്‍ഗ്രസ് ജാഥയ്ക്കു നേരെ മുട്ടയെറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന ഹാഥ് സേ ഹാഥ് യാത്രക്കെതിരെയാണ് പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞത്. ഡിസിസി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് മുട്ട എറിഞ്ഞതെന്നാണ് ആരോപണം.
◾അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മണപ്പുറം സെന്റ് തെരേസാസ് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വളവില്‍ വീട്ടില്‍ ശരത് - സിനി ദമ്പതികളുടെ മകന്‍ അലന്‍ ( ഉണ്ണിക്കുട്ടന്‍- 11 ) ആണ് മരിച്ചത്.
◾നടി മോളി കണ്ണമാലിയുടെ ജപ്തി ഭീഷണി നേരിടുന്ന പുരയിടം വീണ്ടെടുക്കാന്‍ സഹായിച്ച് ഫിറോസ് കുന്നംപറമ്പില്‍. മോളിയുടെ വീടിന്റെ ആധാരം ഫിറോസ് തിരിച്ചെടുത്തു നല്‍കി.
◾കോട്ടയം പള്ളിക്കത്തോട്ടില്‍ പെട്രോള്‍ പമ്പില്‍ മോഷണം. മൂന്നര ലക്ഷത്തിലേറെ രൂപയും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുമാണ് അപഹരിച്ചത്.
◾കൊല്ലം കുണ്ടറ പെരുമ്പുഴയിലെ ബിവറേജസ് മദ്യശാലയില്‍ മോഷണം. കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ സിസിടിവി ക്യാമറകളുടെ ഉപകരണങ്ങളും അപഹരിച്ചു.
◾കൊല്ലം ചടയമംഗലത്ത് കൊച്ചുമകളുടെ വീട് കത്തിച്ച മധ്യവയസ്‌കന്‍ പിടിയില്‍. നിലമേല്‍ സ്വദേശി അബുബക്കറാണ് അറസ്റ്റിലായത്. സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ്.
◾ജമ്മു കാഷ്മീരിലെ ഡ്യൂട്ടിയില്‍നിന്ന് അവധിയെടുത്തു നാട്ടിലേക്കു ട്രെയിന്‍ മാര്‍ഗം വരികയായിരുന്ന സൈനികന്‍ ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു. മുതുകുളം വടക്ക് സുനില്‍ ഭവനത്തില്‍ സുനില്‍കുമാറാ (42)ണ് മരിച്ചത്. തെലങ്കാനയിലെ വാറംഗലില്‍ ട്രെയിന്‍ എത്തിയപ്പോഴായിരുന്നു മരണം.
◾പശ്ചിമബംഗാളില്‍ നദിയില്‍ സ്വര്‍ണം കണ്ടെത്തിയെന്നു പ്രചരിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണം ശേഖരിക്കാന്‍ ഗ്രാമവാസികളുടെ തിരക്ക്. ബിര്‍ഭും ജില്ലയിലെ ബന്‍സ്ലോയ് നദിയുടെ തീരത്താണ് സ്വര്‍ണം ശേഖരിക്കാനായി ആളുകള്‍ മണ്ണു വാരി അരിച്ചുകൊണ്ട് തിരക്ക് കൂട്ടുന്നത്.
◾ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിനെ പിടികൂടാന്‍ സര്‍വ്വസന്നാഹങ്ങളുമായി പഞ്ചാബ് പൊലീസ്. ഇന്നലെ ജലന്ധറില്‍ പോലീസിന്റെ അറസ്റ്റില്‍നിന്നു തലനാരിഴയ്ക്കാണ് അമൃത് പാല്‍ സിംഗ് രക്ഷപ്പെട്ടത്. ഇയാളുമായി അടുപ്പമുള്ള 78 പേരെ കസ്റ്റഡിയിലെടുത്തു. അമൃത് പാല്‍ സിങ്ങിന്റെ ഫിനാന്‍സ് മാനേജര്‍ ദല്‍ജീത് സിംഗ് കാല്‍സിയും അമൃത്പാലിന്റെ അച്ഛനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
◾കാഷ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ കേരള ഹൈക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ടാം പ്രതി സുപ്രീം കോടതിയില്‍. കളമശേരി സ്വദേശി ഫിറോസാണ് അപ്പീല്‍ സമര്‍പ്പിച്ചത്. തീവ്രവാദ റിക്രൂട്ട്മെന്റില്‍ പങ്കില്ലെന്നാണ് ഇയാളുടെ വാദം.
◾ഓസ്‌കാര്‍ പുരസ്‌കാരം നേടി തിരിച്ചെത്തിയ ആര്‍ആര്‍ആര്‍ സിനിമയുടെ ആഹ്ലാദവുമായി രാം ചരണും മെഗസ്റ്റാര്‍ ചിരഞ്ജീവിയും ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തി.
◾ആസാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാന തുകയായി നല്‍കിയ ചെക്കുകള്‍ പണമില്ലാതെ മടങ്ങി. ബിജെപി ഭരിക്കുന്ന ആസാം സംസ്ഥാന സര്‍ക്കാരിനു വണ്ടിച്ചെക്കുകള്‍ നാണക്കേടായി. തിങ്കളാഴ്ചയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തത്. എട്ട് അവാര്‍ഡ് ജേതാക്കളും ചെക്ക് പണമാക്കാന്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് പണമില്ലാതെ മടങ്ങിയത്.
◾ആഗോള ഭീകരതാ സൂചികയില്‍ തീവ്രവാദം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പാകിസ്ഥാന് ആറാം സ്ഥാനവും ഇന്ത്യക്കു 13 ാം സ്ഥാനവുമാണ്. ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 2022 ല്‍ അഫ്ഗാനിസ്ഥാനില്‍ ഭീകരതയുമായി ബന്ധപ്പെട്ട് 866 പേര്‍ കൊല്ലപ്പെട്ടു.
◾പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദ് കോടതിയില്‍ ഹാജരായി. കോടതി വളപ്പിലും ഇമ്രാന്‍ഖാന്റെ ലാഹോറിലെ വസതിക്കു ചുറ്റും പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കോടതി പരിസരത്തായിരുന്നു വന്‍ സംഘര്‍ഷം അരങ്ങേറിയത്. ഇമ്രാന്റെ വസതിയിലേക്ക് പോലീസ് ഇരച്ചുകയറി റെയ്ഡ് നടത്തി. തടയാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തി. കോടതി പരിസരത്ത് കണ്ണീര്‍വാതകവും പ്രയോഗിച്ചു.
◾അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കള്‍ക്കെതിരെ പോരാടാന്‍ എട്ടു ലക്ഷം യുവാക്കള്‍ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ. ശത്രുക്കളെ പൂര്‍ണമായി തുടച്ചുനീക്കുമെന്നും ഇരു കൊറിയകളെയും ഏകീകരിക്കുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്തെന്നും ഉത്തരകൊറിയ മാധ്യമമായ റോഡോംഗ് സിന്‍മ റിപ്പോര്‍ട്ടു ചെയ്തു.
◾ഇന്ത്യയില്‍നിന്ന് ബംഗ്ലാദേശിലേക്ക് ഡീസല്‍ പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ധനം കൊണ്ടുപോകുന്നതിനുള്ള ചെലവ് ചുരുക്കുന്നതിനും കാര്‍ബണ്‍ ഫൂട്പ്രിന്റ് കുറയ്ക്കുന്നതിനുമാണ് 377 കോടി രൂപയുടെ പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കിയത്.
◾എ.ടി.കെ മോഹന്‍ ബഗാന് നാലാം ഐഎസ്എല്‍ കിരീടം. ആവേശം അലതല്ലിയ ഫൈനലില്‍ ബെംഗളൂരു എഫ്.സിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തകര്‍ത്താണ് മോഹന്‍ ബഗാന്‍ കിരീടം നേടിയത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 2-2 ന് സമനിലയിലായതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചുകൊണ്ട് ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിന് ബാംഗ്ലൂരുവിനെ തോല്‍പിച്ചാണ് മോഹന്‍ബഗാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്.
◾വനിത പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ തോല്‍വി. യു.പി വാരിയേഴ്‌സാണ് മുംബൈ ഇന്ത്യന്‍സിനെ 5 വിക്കറ്റിന് കീഴടക്കിയത്. മുംബൈ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം യു.പി 19.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
◾വനിത പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരുവിന് ഗുജറാത്ത് ജയന്റ്സിനെതിരെ 8 വിക്കറ്റ് വിജയം. ഗുജറാത്ത് ജയന്റ്സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം വെറും 15.3 ഓവറിലാണ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ അടിച്ചെടുത്തത്. 36 ബോളില്‍ 99 റണ്‍സെടുത്ത സോഫി ഡിവൈനാണ് ബാംഗ്ലൂരുവിന് മികച്ച വിജയം സമ്മാനിച്ചത്.
◾രാജ്യത്ത് ഡിജിറ്റല്‍ വായ്പകള്‍ക്ക് സ്വീകാര്യത വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഫിന്‍ടെക് അസോസിയേഷന്‍ ഓഫ് കണ്‍സ്യൂമര്‍ എംപവര്‍മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ ഡിജിറ്റല്‍ വായ്പകളുടെ എണ്ണത്തില്‍ 147 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഡിജിറ്റല്‍ വായ്പകളുടെ എണ്ണം 1.83 കോടി രൂപയായി. കൂടാതെ, ഡിജിറ്റല്‍ വായ്പകളുടെ മൂല്യം 118 ശതമാനം വര്‍ദ്ധനവോടെ 18,540 കോടി രൂപയിലെത്തി. ഡിജിറ്റല്‍ വായ്പകള്‍ക്കെതിരെ നിരവധി തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നതിനാല്‍, റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ വായ്പകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. റിസര്‍വ് ബാങ്കിന്റെ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്, ഇടപാടുകളില്‍ സുതാര്യത വേണമെന്നും, കെവൈസി കാര്യക്ഷമമാക്കണമെന്നും, ഉപഭോക്തൃ സുരക്ഷ മെച്ചപ്പെടുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുതാര്യത കുറവ്, നീതീകരിക്കാനാകാത്ത പ്രോസസിംഗ് ഫീസ്, ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയവയാണ് ഡിജിറ്റല്‍ വായ്പകള്‍ക്കെതിരെ ഉയര്‍ന്ന പരാതി.
◾വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ടീസര്‍ എത്തി. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍, മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന 'മാത്തപ്പന്‍' എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങള്‍ അത്യന്തം നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. നര്‍മ്മവും ഫാന്റസിയും ദൃശ്യ ഭംഗിയും ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഈ ചിത്രം ഒരു പുതിയ അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് നല്‍കുക. സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ഗാനങ്ങള്‍- സന്തോഷ് വര്‍മ്മ, സംഗീതം- രഞ്ജിന്‍ രാജ്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
◾'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് മദനോത്സവം. രതീഷിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബു ആന്റണിയാണ് പോസ്റ്ററില്‍ കാണുന്ന പ്രധാന കഥാപാത്രം. ബാബു ആന്റണിക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, രാജേഷ് മാധവന്‍, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ സന്തോഷ് കുമാറിന്റേതാണ് ചിത്രത്തിന്റെ കഥ. കാഞ്ഞങ്ങാട് ആണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. അജിത് വിനായക ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വളരെ രസകരമായ സോങ് ടീസറിലൂടെയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ നടത്തിയത്.
◾ബജാജ് സിടി110എക്സ് ബൈക്കിന് വിപണിയില്‍ വന്‍ ഡിമാന്‍ഡ്. ബജാജ് സിറ്റി 110എക്സ് ബൈക്ക് ശക്തമായ മൈലേജിനൊപ്പം മികച്ച ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ഈ ബൈക്ക് ലിറ്ററിന് 70 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. മുന്നിലെയും പിന്നിലെയും ടയറുകളില്‍ ഇതിന് ഡ്രം ബ്രേക്കുകള്‍ ലഭിക്കുന്നു. ഇത് റൈഡറെ റോഡില്‍ സുരക്ഷിതമായി തുടരാനും ബൈക്ക് നിയന്ത്രിക്കാനും സഹായിക്കുന്നു. 59,104 രൂപ മുതല്‍ 67,322 എക്‌സ്‌ഷോറൂം വരെ എക്സ്ഷോറൂം വിലയിലാണ് ബൈക്ക് വിപണിയിലുള്ളത്. 11 ലിറ്ററിന്റെ ഇന്ധനടാങ്ക് ബൈക്കിലുണ്ട്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബര്‍ സജ്ജീകരണവും ഉണ്ട്. 115.45 സിസി എന്‍ജിനാണ് ഈ ബൈക്കിന്റെ ഹൃദയം. ഇത് 8.6 പിഎസ് കരുത്തും 9.81 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്നു. മാറ്റ് വൈറ്റ് ഗ്രീന്‍, എബോണി ബ്ലാക്ക്-റെഡ്, എബോണി ബ്ലാക്ക്-ബ്ലൂ പെയിന്റ് കളര്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു.
◾ഇമേജറികളുടെ സൗമ്യമായ നടുക്കങ്ങളിലൂടെയാണ് മാനസിയുടെ കഥകള്‍ പുരോഗമിക്കുന്നത്. ഇടുങ്ങിയ സ്ത്രൈണാനുഭവങ്ങളില്‍നിന്നുള്ള സത്യസന്ധമായ വാതില്‍ തുറക്കലുകളാണ ഈ കഥകള്‍. ഇടനാഴികളിലെ ചതുരക്കളങ്ങള്‍ കവച്ചുവെയ്ക്കുന്നതിന്റെ സാഹസികത തിരിച്ചുപിടിക്കുമ്പോഴാണ് അസംഗമായ അനുരാഗം കഥകളില്‍ കടന്നുവരുന്നത്. സത്വരമായ വിരുദ്ധതകള്‍ വളരെ ആശാസ്യമായിതന്നെ രചനകളില്‍ ഉള്ളടക്കം ചെയ്യുന്ന ക്രാഫ്റ്റിനെ മാനസിയുടെ കഥകള്‍ വിദഗ്ധമായി കയ്യടക്കുന്നു. പുരുഷനോ സമൂഹമോ നിര്‍മ്മിക്കുന്ന കളത്തിന്റെz അതിരുകളില്‍ തളംകെട്ടി നില്ക്കാനാവാതെ ചെളി തെറിപ്പിക്കുന്ന അനിയന്ത്രിതങ്ങളുടെ ഭൂമികയിലേക്ക് കാലെടുത്ത് വെയ്ക്കുകയാണവള്‍. അനിശ്ചിതത്വവും അരക്ഷിതത്വവും നിറഞ്ഞ സ്വയംനിര്‍മ്മിതികളെ സ്നേഹിക്കാനാണ് മാനസിയുടെ സ്ത്രീകഥാപാത്രങ്ങള്‍ ഒരുമ്പെടുന്നത്. 'മഞ്ഞിലെ പക്ഷി'. മാനസി. ഗ്രീന്‍ ബുക്സ്. വില 171 രൂപ.
◾കോവിഡ് 19ന്റെ പാന്‍ഡെമിക്ക് ഘട്ടം അവസാനിക്കുന്നെന്ന് ലോകാരോഗ്യ സംഘടന. ഈ വര്‍ഷത്തോടെ കോവിഡിനെ വെറുമൊരു പകര്‍ച്ചപ്പനിയുടെ ഗണത്തിലേക്ക് ഒതുക്കാന്‍ കഴിയും. സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം വരുമെന്ന് ഡബ്ല്യൂഎച്ച്ഒ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. 'കോവിഡ് 19നെ സീസണല്‍ ഇന്‍ഫ്ളുവന്‍സ പോലെ കാണുന്ന ഒരു സ്ഥിതിയിലേക്ക് നമ്മള്‍ എത്തുകയാണ്. ആരോഗ്യത്തിന് ഭീഷണി തന്നെയാണ്. ഈ വൈറസ് മരണത്തിന് കാരണമാകുകയും ചെയ്യും. പക്ഷെ നമ്മുടെ സമൂഹത്തെയോ ആശുപത്രി പ്രവര്‍ത്തനങ്ങളെയോ തടസ്സപ്പെടുത്തുന്ന ഒന്നായിരിക്കില്ല', മൈക്കല്‍ റയാന്‍ പറഞ്ഞു. കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് ആശ്വാസ വാര്‍ത്ത. കോവിഡ് 19നെ പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി കാണേണ്ട സ്ഥിതി അവസാനിച്ചെന്ന് ഈ വര്‍ഷം പറയാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ജനുവരി 30ന് ചൈനയ്ക്ക് പുറത്ത് 100ല്‍ താഴെ മാത്രമായിരുന്നു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ മാര്‍ച്ച് 11 ആയപ്പോഴേക്കും സ്ഥിതി മാറി. പല രാജ്യങ്ങളിലും കാര്യങ്ങള്‍ കൈവിട്ട് തുടങ്ങിയിരുന്നു. 'ഞങ്ങള്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിര്‍ണായക നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പക്ഷെ എല്ലാവരും അങ്ങനെ ചെയ്തില്ല. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഏകദേശം 70ലക്ഷത്തോളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ കണക്ക് അതിലും മുകളിലാണ്', റയാന്‍ പറഞ്ഞു.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ ഒരു സിംഹാസനം ഉണ്ടാക്കുകയായിരുന്നു. അപ്പോഴാണ് അതുവഴി ഒരു ബുദ്ധസന്യാസി കടന്നുവന്നത്. സിംഹാസനം വളരെ ഭംഗിയുണ്ടെന്നും അതിനായി പരിശ്രമിച്ച എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു എന്നും സന്യാസി പറഞ്ഞു. അയാള്‍ അമ്പരന്നു. താന്‍ ഒറ്റയ്ക്കാണ് ഇതുണ്ടാക്കിയത്, അതിനെന്തിനാണ് എല്ലാവര്‍ക്കും അഭിനന്ദനം? അയാള്‍ ചോദിച്ചു. അതുകേട്ട് സന്യാസി പറഞ്ഞു: എങ്കില്‍ നിങ്ങള്‍ ഈ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചുറ്റികയുടെ പിടി ഊരിമാറ്റൂ.. എന്നിട്ട് ചുറ്റിക ഉപയോഗിക്കൂ.. അതെങ്ങനെ ഉപയോഗിക്കും? അയാള്‍ ചോദിച്ചു. സന്യാസി പറഞ്ഞു: അതെ ചുറ്റികയ്ക്ക് അടിക്കുന്ന ഭാഗം മാത്രം പോര, അതിന് പിന്നില്‍ ബലമുളള പിടിയും ആവശ്യമുണ്ട്. അയാള്‍ക്ക് കാര്യം വ്യക്തമായി. നമ്മള്‍ ചെയ്യുന്ന ഏതൊരു നല്ലകാര്യത്തിന് പിന്നിലും അതിനായി നമ്മളെ പ്രാപ്തരാക്കിയ കുറേ പേര്‍ കാണും. പേരുള്ളവര്‍, പേരറിയാത്തവര്‍, ജീവനുള്ളവ, ജീവനില്ലാത്തവ .. അങ്ങനെ ഒരു ഒരുപാട് സംഗതികള്‍... കൂടുതല്‍ ഉയരത്തിലെത്തുമ്പോള്‍ ചവിട്ടുപടിയായ എല്ലാവരേയും എല്ലാത്തിനേയും ഓര്‍ക്കാന്‍ ശ്രമിക്കാം - ശുഭദിനം